Share The Article

university

എക്കാലത്തെയും പോലെ വിദ്യാഭ്യാസ മേഖലയിലെ ഏതൊരു ചെറിയ മാറ്റവും കേരള സമൂഹത്തില്‍ ഇഴകീറി ഇപ്പോഴും പരിശോധിക്കാറുണ്ട്. എത്ര പുരോഗമനപരമായ മാറ്റം ആണെങ്കില്‍ കൂടിയും സംശയത്തിന്റെ ദൃഷ്ടിയിലെ മലയാളികള്‍ അത് നോക്കി കാണാറുള്ളൂ. മലയാളിയുടെ പൊതുബോധവുമായി കെട്ടുപിണഞ്ഞ് കിടക്കുന്ന പൊതുവിദ്യാഭ്യാസ രംഗത്തേക്ക് സ്വകാര്യ സര്‍വ്വകലാശാലകള്‍ എന്ന പുതിയൊരാശയം കൂടി കടന്നുവരികയാണ്. പേര് സൂചിപ്പുക്കുന്നത് പോലെ തന്നെ സ്വകാര്യമായ ഉടമസ്ഥതയില്‍ സ്ഥാപിക്കപ്പെടുന്ന സര്‍വ്വകലാശാലകളാണ് അവ. ചാന്‍സലറും,അധ്യാപകരും,കോഴ്‌സും,ഫീസും,വിദ്യാര്‍ത്ഥികളും ഉള്‍പ്പടെ ആരാകണമെന്ന് പണം മുടക്കുന്നവന്‍ തീരുമാനിക്കുന്ന അവസ്ഥ.

എന്തുകൊണ്ട് സ്വകാര്യ സര്‍വ്വകലാശാലകള്‍ ?

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ ഗുണനിലവാരം മികച്ചതാണെന്ന് ആരും വാദത്തിന് പോലും സമ്മതിക്കില്ല. ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാന്‍ എന്ന പ്രഥമോദ്യേശത്തോട് കൂടിയാണ് സ്വകാര്യ സര്‍വ്വകലാശാലകള്‍ എന്ന ആശയം കേരളത്തിലേക്ക് കെട്ടിയിറക്കപ്പെടുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലെന്ന കാരണവും സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് പിന്തുണയേകുന്നു. ഇതല്ലാതെ മറ്റൊരു കാരണവും സ്വകാര്യ സര്‍വ്വകലാശാലകളുടെ ആവശ്യത്തിന് കാരണമായി അതേക്കുറിച്ച് പഠനം നടത്തിയ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉന്നയിച്ചിട്ടില്ല. കേരളം ഒഴികെയുള്ള മുഴുവന്‍ സംസ്ഥാനങ്ങളിലും സ്വകാര്യ സര്‍വ്വകലാശാലകള്‍ ഉണ്ട്. പശ്ചിമ ബംഗാളിലും, ത്രിപുരയിലും പോലും സ്വകാര്യ സര്‍വ്വകലാശാലകള്‍ ഉണ്ടെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ എടുത്ത് പറയുന്നു. രാജ്യത്തെമ്പാടും 207 സ്വാകാര്യ സര്‍വ്വകലാശാലകള്‍ ഉണ്ടെന്നും അവയെല്ലാം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കൗണ്‍സില്‍ അവകാശപ്പെടുന്നുണ്ട്. 10 വര്‍ഷം വിദ്യാഭ്യാസ സ്ഥാപനം നടത്തി പരിചയമുള്ള കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കെല്ലാം സ്വകാര്യ സര്‍വ്വകലാശാലകള്‍ തുടങ്ങാനാകും. നഗരങ്ങളില്‍ 20 ഏക്കറും,ഗ്രാമ പ്രദേശത്ത് 30 ഏക്കറും കൈവശം ഉണ്ടായാല്‍ മാത്രം മതി.

 

വിദഗ്ദ സമതിയുടെ പ്രധാന നിര്‍ദേശങ്ങള്‍

എന്‍ജിനീയറിങ്, മെഡിക്കല്‍ പോലുള്ള പ്രത്യേക വിഷയങ്ങളിലോ ഒന്നില്‍ കൂടുതല്‍ വിഷയങ്ങളില്‍ കേന്ദ്രീകരിച്ചോ സര്‍വകലാശാലകള്‍ ആകാം. പുതിയ പഠനമേഖലകളും വിദഗ്ധസമിതി നിര്‍ദേശിച്ചിട്ടുണ്ട്. അക്കൗണ്ടിങ് ആന്‍ഡ് സസ്റ്റെയിനബിള്‍ ബിസിനസ്, ആക്ചൂറിയല്‍ സയന്‍സസ്, അപൈ്‌ളഡ് ബേസിക് സയന്‍സസ്, ഓട്ടോമൊബൈല്‍ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് ഡിസൈന്‍ എന്‍ജിനീയറിങ്, ഏവിയേഷന്‍ സയന്‍സ്, ബയോ മെഡിക്കല്‍ എന്‍ജിനീയറിങ്, ബിഹേവിയറല്‍ ഇക്കണോമിക്‌സ്, ബിസിനസ് എന്റര്‍പ്രണര്‍ഷിപ് ആന്‍ഡ് ഇന്നൊവേഷന്‍സ്, സൈബര്‍ സെക്യൂരിറ്റി, ഡിജിറ്റല്‍ ജേണലിസം ആന്‍ഡ് വിഷ്വല്‍ ആര്‍ട്‌സ്, എന്റര്‍ടൈന്‍മെന്റ് ഇന്‍ഡസ്ട്രി റിലേറ്റഡ് സ്റ്റഡീസ്, എന്‍വയണ്‍മെന്റ് ആന്‍ഡ് വേസ്റ്റ് മാനേജ്‌മെന്റ് സ്റ്റഡീസ്, ഇന്‍േറണല്‍ സെക്യൂരിറ്റി സ്റ്റഡീസ് തുടങ്ങിയവയാണ് നിര്‍ദേശിക്കപ്പെട്ട പഠനമേഖലകള്‍. സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത ഏജന്‍സികള്‍, സഹകരണ സംഘങ്ങള്‍, കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയവക്ക് സ്വകാര്യ സര്‍വകലാശാലകള്‍ക്കായി അപേക്ഷ സമര്‍പ്പിക്കാം. വിദ്യാഭ്യാസമേഖലയില്‍ ചുരുങ്ങിയത് പത്ത് വര്‍ഷമെങ്കിലും പ്രവര്‍ത്തന പരിചയമുണ്ടാകണം.
സ്വകാര്യ സര്‍വകലാശാലകളുടെ കോഴ്‌സുകള്‍ക്ക് അംഗീകാരം നല്‍കാന്‍ സംസ്ഥാനത്തെ ഇതര സര്‍വകലാശാലകളും പി.എസ്.സിയും നടപടിയെടുക്കണം. ഗവര്‍ണര്‍ക്ക് നല്‍കുന്ന വിസിറ്റര്‍ പദവിക്ക് താഴെ ഏജന്‍സി ശിപാര്‍ശ ചെയ്യുന്ന വ്യക്തിയെ ചാന്‍സലറായി നിയമിക്കും. രണ്ട് പ്രോ ചാന്‍സലര്‍മാരുണ്ടാകും. വി.സിക്ക് താഴെ രണ്ട് പി.വി.സിമാരുമുണ്ടാകും. കോര്‍ട്ട്, എക്‌സിക്യൂട്ടിവ് കൗണ്‍സില്‍, അക്കാദമിക് കൗണ്‍സില്‍, റിസര്‍ച് ആന്‍ഡ് ഇന്നൊവേഷന്‍ കൗണ്‍സില്‍ എന്നിവയാകും സര്‍വകലാശാലയുടെ ഭരണ, അക്കാദമിക സമിതികള്‍.
സര്‍വകലാശാല തുടങ്ങാന്‍ നഗരപരിധിയില്‍ 20 ഏക്കറും ഗ്രാമീണമേഖലയില്‍ 30 ഏക്കറും വേണം. 5000 ചതുരശ്ര അടിയില്‍ കുറയാത്ത കെട്ടിട സൗകര്യമുണ്ടാകണം. ചുരുങ്ങിയത് അഞ്ച് പഠനവിഭാഗങ്ങള്‍ ഉണ്ടാകണം. സര്‍ക്കാറിന്റെയും ഏജന്‍സിയുടെയും പേരില്‍ സംയുക്തമായി 20 കോടിയുടെ സ്ഥിരനിക്ഷേപവും 30 കോടിയുടെ പ്രവര്‍ത്തനഫണ്ടും ഉണ്ടാകണം. ബാഹ്യ സ്‌പോണ്‍സര്‍മാരെ അനുവദിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സര്‍വകലാശാലയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട്, അഞ്ച് വര്‍ഷത്തെ വികസനപദ്ധതി, കോഴ്‌സുകളുടെയും ഫീസിന്റെയും വിശദാംശങ്ങള്‍, കാമ്പസില്‍ ഏര്‍പ്പെടുത്തുന്ന സൗകര്യങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച റിപ്പോര്‍ട്ടും സര്‍ക്കാറിന് സമര്‍പ്പിക്കണം. വിദ്യാര്‍ഥി പ്രവേശത്തില്‍ സംവരണ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അധ്യാപകര്‍ ഉള്‍പ്പെടെ ജീവനക്കാരുടെ നിയമനത്തില്‍ മെറിറ്റ് പിന്തുടരാനുമാണ് നിര്‍ദേശം.

സ്വകാര്യ സര്‍വകലാശാലകള്‍ക്ക് ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിക്കാന്‍ അക്കാദമിക്കാര്‍ ഉള്‍പ്പെട്ട സമിതിക്ക് സര്‍ക്കാര്‍ രൂപംനല്‍കണം.

സര്‍ക്കാര്‍ തിടുക്കം ദുരൂഹം തന്നെ.!

സ്വകാര്യ സര്‍വ്വകലാശാലകള്‍ സൃഷ്ടിക്കാനുള്ള സര്‍ക്കാര്‍ നീക്കം ദുരൂഹമാണ്. അതിവേഗമുള്ള തീരുമാനങ്ങള്‍ തന്നെയാണ് അത് സൃഷ്ടിക്കുന്നതും. കേരള വിദ്യാഭ്യാസ രംഗത്തിന്റെ അടുക്കള വാതില്‍ പൊളിച്ചുകൊണ്ടാണ് സ്വകാര്യ സര്‍വ്വകലാശാലകള്‍ മുമ്പിലേക്കെത്തുന്നത്. കേവലം മൂന്ന് മാസം മുമ്പ് പഠനം ആരംഭിച്ച സമതി അത് കഴിഞ്ഞ ദിവസം അത് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന് കൈമാറുകയും, അതിന്റെ തൊട്ടുപിറ്റേന്ന് കൗണ്‍സില്‍ എക്‌സിക്യുട്ടീവ് ചേര്‍ന്ന് അതിന് അംഗീകാരം നല്‍കുകയും, അതിന്റെ തൊട്ടുപിറ്റേന്ന് റിപ്പോര്‍ട്ട് ഗവണ്മെന്റിന് സമര്‍പ്പിക്കുകയും ചെയ്യുന്ന സൂപ്പര്‍ സോണിക് വേഗത. ഗവണ്മെന്റിനെത്തിയ റിപ്പോര്‍ട്ട് തൊട്ടടുത്ത ക്യാബിനറ്റ് അജണ്ടയില്‍ ഉള്‍പ്പെടുക കൂടി ചെയ്തതോടെ ഈ വേഗത സംശയം ഉണര്‍ത്തുകയാണ്. കൂടാതെ വിദ്യാഭ്യാസ മന്ത്രി തന്നെ സ്വകാര്യ സര്‍വ്വകലാശാലകള്‍ കേരളത്തിന് യോജിച്ചതല്ലെന്ന് പറയുന്നു.

നിലവില്‍ സ്വകാര്യസര്‍വകലാശാല ആവശ്യപ്പെട്ടിരിക്കുന്നത് തൃശൂര്‍ അതിരൂപത മാത്രമാണ്. ഇവര്‍ക്കുവേണ്ടി വിദ്യാഭ്യാസമന്ത്രിയെ മറികടന്നുകൊണ്ട് ആണ് ഇതേക്കുറിച്ച് പരിശോധിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശം നല്‍കിയത്.ഉത്തര്‍പ്രദേശ് ആസ്ഥാനമായ ഒരു പ്രമുഖ സ്വകാര്യ സര്‍വകലാശാലയുടെ സ്വാധീനം ഇതിന് പിന്നിലുണ്ടെന്ന സംശയവും പറഞ്ഞു കേള്‍ക്കുന്നു.സ്വകാര്യ സര്‍വകലാശാലയെക്കുറിച്ച് പഠിച്ച ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ വൈസ് ചെയര്‍മാന്‍ ടി.പി. ശ്രീനിവാസന്‍ നോയിഡയിലെ ‘അമിറ്റി’എന്ന സ്വകാര്യ സര്‍വകലാശാലയുടെ ഭാഗമായിരുന്നുവെന്നതാണ്. അംബാസിഡര്‍ സ്ഥാനത്തുനിന്നും വിരമിച്ചയുടന്‍ തന്നെ അദ്ദേഹം ഇവരുടെ കീഴിലുള്ള സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ചിന്റെ ഡയറക്ടര്‍ ജനറലായി സ്ഥാനമേറ്റെടുത്തിരുന്നു. ഇപ്പോഴും അവരുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടെന്ന് വിദ്യാഭ്യാസവകുപ്പ് വൃത്തങ്ങള്‍ പറയുന്നു. അതുകൊണ്ടുതന്നെ ഇത്തരത്തിലൊരു റിപ്പോര്‍ട്ട് തിടുക്കപ്പെട്ട് രൂപീകരിച്ചതിന് പിന്നില്‍ ‘അമിറ്റി’യുടെ സമ്മര്‍ദ്ദമുണ്ടോയെന്ന സംശയവും ഉന്നതവിദ്യാഭ്യാസ വകുപ്പിലുണ്ട്. മാത്രമല്ല, വേണ്ട രീതിയിലുള്ള ഒരു പഠനവും ഇത്തരം റിപ്പോര്‍ട്ട് തയാറാക്കുന്നതിന് മുമ്പ് നടത്തിയിട്ടുമില്ല.

എന്തുകൊണ്ട് സ്വാകാര്യ സര്‍വ്വകലാശാലകള്‍ എതിര്‍ക്കപ്പെടണം?

സ്വാകാര്യം എന്ന് കേള്‍ക്കുന്നതെല്ലാം എതിര്‍ക്കപ്പെടുന്ന പതിവ് രീതികൊണ്ടല്ല ഈ ആശയത്തെ തള്ളിക്കളയേണ്ടത്. കേരളത്തിന്റെ മണ്ണില്‍ ഒട്ടും യോജിക്കുന്നതല്ല സ്വാകാര്യ സര്‍വ്വകലാശാലകള്‍ എന്നത് തന്നെയാണ് കാരണം. രാജ്യത്തെമ്പാടുമുള്ള സ്വാകാര്യ സര്‍വ്വകലാശാലകള്‍ പൊതുസമൂഹത്തില്‍ സംശയങ്ങള്‍ നിരന്തരം ജനിപ്പിക്കുകയാണ്.സ്വകാര്യ സര്‍വകലാശാലകളുടെ ഭൂമിശാസ്ത്രപരമായ അധികാരപരിധിയിലും ഫീസ് ചുമത്തുന്നതിലും നിയന്ത്രണം വ്യവസ്ഥ ചെയ്യാതെയാണ് നിലവിലെ വിദഗ്ധസമിതി റിപ്പോര്‍ട്ട്. യു.ജി.സി മാര്‍ഗരേഖപ്രകാരം സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അധികാരപരിധി നിശ്ചയിക്കാത്തതും റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.വിവരസാങ്കേതികവിദ്യ അടിസ്ഥാനപ്പെടുത്തിയുള്ള ഓണ്‍ലൈന്‍, ബ്രോഡ് കാസ്റ്റിങ് വിദ്യാഭ്യാസംകൂടി പരിധിയില്‍ കൊണ്ടുവരാം. ഭാവിയില്‍ സ്വകാര്യ സര്‍വകലാശാലകള്‍ക്ക് സംസ്ഥാനത്തിനുപുറത്ത് ഇന്‍ഫര്‍മേഷന്‍, രജിസ്‌ട്രേഷന്‍, കൗണ്‍സലിങ് കേന്ദ്രങ്ങള്‍ തുറക്കാനുള്ള സാധ്യതയും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

2005 ല്‍ തന്നെ ഛത്തീസ്ഗഡിലെ ഒരു സ്വകാര്യ സര്‍വ്വകലാശാലക്കെതിരെ സുപ്രീം കോടതി വിധി തന്നെ ഉണ്ടായിരുന്നു. 7 കല്‍പിത സര്‍വ്വകലാശാലകള്‍ അടച്ചുപൂട്ടണമെന്ന സുപ്രീംകോടതി നിരീക്ഷണവും നിയമക്കുരുക്കില്‍ പെട്ടുകിടക്കുന്നു. ഹിമാചല്‍ പ്രദേശിലെ സ്വകാര്യ സര്‍വ്വകലാശാലകളെക്കുറിച്ചുള്ള പരാതികളും കോടതി പരിഗണനയിലാണ്. അത്രയേറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ആശയം എങ്ങനെയാണ് കേരളത്തിന് പാകമാകുക.? ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശമാണെങ്കില്‍ എന്തുകൊണ്ട് നിലവിലെ സര്‍വ്വകലാശാലകള്‍ മെച്ചപ്പെടുത്തുന്നില്ല. പ്രമുഖ സര്‍വ്വകലാശാലകളുടെ ക്യാമ്പസുകളെ എന്തുകൊണ്ട് അത്തരത്തില്‍ ഉയര്‍ത്തിക്കൊണ്ട് വന്നുകൂടാ.. നിലവിലുള്ള സര്‍വ്വകലാശാലകളുടെ ദയനീയാവസ്ഥ മാറ്റിയതിന് ശേഷമല്ലേ പുതിയവ സൃഷ്ടിച്ച് അത് വളര്‍ത്തിയെടുക്കേണ്ടത്?

 

2001 ല്‍ സ്വാശ്ര്യയ കോളെജുകള്‍ അനുവദിച്ചതിന് ശേഷമുള്ള അവസ്ഥ കൂടി ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. 30 ശതമാനം പോലും വിജയ ശതമാനമില്ലാത്ത കച്ചവടസ്ഥാപങ്ങളായി അവ രൂപം പ്രാപിച്ചത് കോടതി തന്നെ ചൂണ്ടിക്കാട്ടിയതാണ്.

മറ്റൊന്ന് സ്വയംഭരണ കോളെജുകള്‍. ഏറെ എതിര്‍ക്കപ്പെട്ടിട്ടും സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച സ്വയംഭരണത്തിന്റെ റിസള്‍ട്ട് പോലും എത്തി തുടങ്ങിയിട്ടില്ല. കഴിഞ്ഞ വര്‍ഷത്തോടെ ആരംഭിച്ച സ്വയംഭരണ കോളെജുകള്‍ പലതും വിദ്യാര്‍ത്ഥി വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറയാതെ വയ്യ. മെറിറ്റുകള്‍ അട്ടിമറിച്ചും, സംഘടനാ സ്വാതന്ത്ര്യം നിരോധിച്ചും,ഫീസുകള്‍ കുത്തനെ ഉയര്‍ത്തിയും അവ സ്വയംഭരണം ആഘോഷിക്കുകയാണ്.

അങ്ങനെ പാളിയ നയങ്ങളെല്ലാം ചോദ്യ ചിഹ്നങ്ങളായി നില്‍ക്കവേ അതിനേക്കാള്‍ പ്രത്യാഘാതം സൃഷ്ടിക്കുന്ന പുതിയ നയങ്ങള്‍ എങ്ങനെയാ അംഗീകരിക്കപ്പെടേണ്ടത്? ആരാണ് സ്വാകാര്യ സര്‍വ്വകലാശാലകള്‍ നിയന്ത്രിക്കുക? എന്ത് സാമൂഹിക നീതിയാണ് അവ് നല്‍കുക? എന്ത് ആത്യന്തികമായ നേട്ടമാണ് ഇവ സൃഷ്ടിക്കുക. ?

ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയിട്ടാകാം സ്വകാര്യ സര്‍വ്വകലാശാലകളെ കേരളത്തിലേക്ക് കെട്ടിയിറക്കുന്നത്.

തിരുവനന്തപുരം കേരള ലോ അക്കാദമിയിലെ അഞ്ചാം വര്‍ഷ നിയമബിരുദ വിദ്യാര്‍ത്ഥിയാണ് ലേഖകന്‍. പൊതുപ്രവര്‍ത്തകന്‍, സംവാദകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയന്‍ . നിലവില്‍ ലോ സ്റ്റുഡന്റ്സ് അസോസിയേഷന്‍റെ സംസ്ഥാന സെക്രട്ടറിയാണ്.