ക്രിയാത്മക വ്യക്തികളുടെ കറുത്ത മുഖങ്ങള്‍

നമുക്ക് ക്രിയാത്മകതയുള്ള ആളുകളോട് എന്നും ആരാധനയാണ്. അത് സമൂഹത്തിലെ ഏതു മേഖലയില്‍ ആയിരുന്നാലും ശരി അങ്ങിനെ ചിന്തിക്കുന്നതാണ് നമുക്ക് ഇഷ്ടം. അതാതു മേഖലകളില്‍ വിജയികള്‍ ആവുന്ന വ്യക്തികളെ നമ്മള്‍ ആരാധിക്കുന്നു. അവരുടെ അപദാനങ്ങള്‍ പാടുന്നു. ഇവര്‍ ഈ സ്തുതിഗീതങ്ങള്‍ക്ക് അര്ഹരാണോ? എന്നെങ്കിലും, എന്തെങ്കിലും അനീതികള്‍ ഇവര്‍ ചെയ്യുന്നുണ്ടോ? അല്ലെങ്കില്‍ ചെയ്തിട്ടുണ്ടോ? ഇല്ല എന്ന് വിചാരിക്കാനാവും നമ്മുടെ പ്രാര്‍ത്ഥന. എന്നാല്‍ സംഗതി അങ്ങിനെയല്ല എന്നാണു പുതിയ കണ്ടെത്തലുകള്‍. ഇന്ന് സമൂഹത്തിലെ എല്ലാ മേഖലകളിലും ഉന്നത സ്ഥിതികളില്‍ എത്തപ്പെട്ടു നില്‍ക്കുന്നവരെല്ലാം അത്ര പുണ്യവാളന്മാര്‍ ഒന്നും അല്ല. അവര്‍ക്കെല്ലാം ഒരു വ്യത്യസ്തമായ മുഖം കൂടി ഉണ്ട്. അത് നമുക്കൊരിക്കലും മാതൃകയാക്കാന്‍ കഴിയുന്ന മുഖങ്ങള്‍ അല്ല. കള്ളത്തിന്റെയും ചതികളുടെയും മുഖങ്ങള്‍ ആണ് അവ.

ഈയിടെ ഒരു സൈക്കോളജി ജേര്‍ണലില്‍ പബ്ലിഷ് ചെയ്ത ഒരു പഠനത്തിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. സൃഷ്ടിപരമായ കഴിവുളവര്‍ക്ക് അവരുടെ തെറ്റുകളെ മറ്റുള്ളവരെക്കാളും ഫലപ്രദമായ രീതിയില്‍ വിശദീകരണങ്ങള്‍ നല്‍കി ന്യായീകരിക്കുവാന്‍ കഴിയും.സ്റ്റീവ് ജോബ്‌സിനെപ്പറ്റി നമുക്കെല്ലാം നല്ല അഭിപ്രായം ആണല്ലോ ഉള്ളത്. എന്നാല്‍ അദ്ദേഹം സെന്‍സര്‍ ചെയ്ത ചില ചിത്രങ്ങള്‍ ഇവിടെ കാണാം. അതുപോലെ തന്നെ അദ്ദേഹത്തിന്റെ മറ്റു ചില പ്രവര്‍ത്തികള്‍ ഇവിടെയും, ഇവിടെയും വായിക്കുക.സ്റ്റീവ് ജോബ്‌സ് എന്ന ആരാധ്യനായ ഈ വ്യക്തി ഇങ്ങിനെ പെരുമാറും എന്ന് ആരും പ്രതീക്ഷിക്കുന്നില്ല. അപ്പിളിലെ അദ്ധേഹത്തിന്റെ കറുത്ത മുഖം അനാവരണം ചെയ്യുന്ന പല ലേഖനങ്ങളും വന്നിട്ടുണ്ട്. അതില്‍ ചിലതാണ് മുകളില്‍ കൊടുത്തത്.

ക്രിയാത്മകത പുലര്‍ത്തുന്നവര്‍ മറ്റുള്ളവരെ ചതിക്കുന്ന സ്വഭാവം വച്ച് പുലര്‍ത്തുന്നവര്‍ ആയിരിക്കും.

ഇതാണ് ഈ പഠനങ്ങളില്‍ കണ്ട ഒരു പ്രധാന കാര്യം. ഏതെങ്കിലും ഒരു മേഖലയിലെ ഉന്നത സ്ഥാനത്തില്‍ എത്തിയ ഒരു വ്യക്തി തന്റെ തൊട്ടടുത്ത എതിരാളിയെ ഏതെങ്കിലും ഒരു സാഹചര്യത്തില്‍ ഒരിക്കലെങ്കിലും ചതിച്ചിട്ടുണ്ടാവാം. ഇക്കാര്യം നമ്മള്‍ ഏതു മേഖലയിലും ഇന്ന് കണ്ടു വരുന്നു. രാഷ്ട്രീയം , സിനിമ, സാഹിത്യം എന്നീ മേഖലകള്‍ നോക്കുക. അവിടെയെല്ലാം ഇത് നിങ്ങള്‍ കാണുന്നുണ്ടോ?പരാജയപ്പെടുന്ന മനുഷ്യരെ ആരും അറിയുന്നില്ല. വിജയികള്‍ മാത്രമേ ചിത്രത്തില്‍ വരുകയുള്ളു. ക്രിയാത്മക വ്യക്തികള്‍ തെറ്റ് ചെയ്താലും അവര്‍ക്ക് അതിനെ ന്യായീകരിക്കുവാന്‍ മതിയായ കാരണങ്ങള്‍ ഉണ്ടാവും. ആ കാരണങ്ങള്‍ അറിയുന്ന സാധാരണക്കാര്‍ അതിനെ അറിയാതെ അംഗീകരിക്കുകയും ചെയ്യും. അതാണ് അവരുടെ മിടുക്ക്.

ക്രിയാത്മകതയുള്ള വ്യക്തികള്‍ക്ക് മനുഷ്യ സ്‌നേഹമില്ല(?)

സൃഷ്ടിയില്‍ മനസ്സ് കേന്ദ്രീകരിക്കുന്നവരില്‍ പലപ്പോഴും മനുഷ്യ സ്‌നേഹം കുറവായിരിക്കുമെന്ന് കരുതപ്പെടുന്നു. സ്വന്തം കാര്യം ആയിരിക്കും ഇവര്‍ പലപ്പോഴും ചിന്തിക്കുന്നത്. മനുഷ്യന്റെ അവസ്ഥകളെപ്പറ്റി അറിയാമെങ്കിലും അതിനു ഇക്കൂട്ടര്‍ അധികമായി പ്രാധാന്യം കൊടുക്കാറില്ല. എപ്പോഴും തന്റെ കാര്യം എങ്ങിനെയെങ്കിലും സാധിച്ചെടുക്കണം എന്ന ചിന്ത ഭരിക്കുന്നതിനാല്‍ മറ്റുള്ളവരുടെ പ്രയാസങ്ങള്‍ അറിയാമെങ്കിലും ഒന്നും അറിയില്ല എന്ന രീതിയില്‍ ഇവര്‍ പെരുമാറും. മനുഷ്യ സ്‌നേഹം ഇല്ലാത്ത അവസ്ഥകളില്‍ ഇവരെ കണ്ടെങ്കില്‍ നിങ്ങള്‍ ഒരിക്കലും അത്ഭുതപ്പെടരുത്.

ക്രിയാത്മകതയുള്ള ആളുകള്‍ ലഹരി സാധനങ്ങള്‍ക്ക് അടിമകള്‍ ആണോ?

ജീവിതം തന്നെ ഒരു ലഹരി ആണെന്നിരിക്കേ പല മനുഷ്യരും ലഹരികള്‍ക്ക് അടിമകള്‍ ആണ്. എന്താണ് ലഹരി എന്നതിന് ശരിയായ ഒരു നിര്‍വചനം ഇനിയും വരണം. സൃഷ്ടി പരമായി ചിന്തിക്കുന്നവര്‍ക്ക് പല കാര്യങ്ങളും ചിലപ്പോള്‍ പ്രിയങ്ങള്‍ ആയിരിക്കും. അവയെ ലഹരികള്‍ എന്ന് പറയാമോ? ലൈംഗിക കാര്യങ്ങളില്‍ അമിത താത്പര്യമുള്ള പല ക്രിയാത്മക വ്യക്തികളും കാണാം. അതില്‍ ആണും പെണ്ണും തീര്‍ച്ചയായും ഉണ്ടാവാം. ഇന്ന് സമൂഹത്തില്‍ ലഹരി സാധനങ്ങള്‍ എന്ന് കരുതുന്ന വസ്തുക്കളില്‍ അടിമകളായ പല ആളുകളും നമ്മുടെ ഇടയിലെ പ്രമുഖരായ സൃഷ്ടി കര്‍ത്താക്കള്‍ അല്ലേ?

ക്രിയാത്മകതയുള്ളവര്‍ക്ക് സത്യസന്ധതയുണ്ടോ?

എന്നും സത്യ സന്ധത പുലര്‍ത്തുന്നവര്‍ക്ക് ജീവിതത്തിലെ അത്യുന്നത സ്ഥിതികളില്‍ എത്തപ്പെടുവാന്‍ കഴിയുമോ? മനുഷ്യന് യഥാര്‍ത്ഥത്തില്‍ ഈ സത്യ സന്ധത എന്ന കാര്യം ആവശ്യമുണ്ടോ? നമുക്ക് അതും ഈ കാലയളവില്‍ ചിന്തിക്കേണ്ടുന്ന ഒരു കാര്യം തന്നെയാണ്.

ക്രിയാത്മകതയുള്ളവരെ നമ്മള്‍ വെറുക്കണമോ?

ഇങ്ങിനെയൊക്കെ ആണെങ്കിലും നമ്മുടെ റോള്‍ മോഡലുകള്‍ ആയ സൃഷ്ടി കര്‍ത്താക്കളെ നമ്മള്‍ വെറുക്കണമോ? വെറുക്കുകയും സ്‌നേഹിക്കുകയും ചെയ്യുക എന്നത് ആര്‍ക്കും ആരെയും ഒരു പരിധിവരെയെങ്കിലും പഠിപ്പിക്കുവാന്‍ കഴിയുന്ന കാര്യം അല്ലല്ലോ. അപ്പോള്‍ അതിനെ അതിന്റെ വഴിക്ക് തന്നെ വിടുക.

എല്ലാ മനുഷ്യരും ഇങ്ങിനെ ആണോ?

എല്ലാ മനുഷ്യരും ഒരിക്കലും ഒരുപോലെ അല്ല. നമ്മളില്‍ നല്ലവരും മോശപ്പെട്ടവരും തീര്‍ച്ചയായും കാണും. എല്ലാ മനുഷ്യരിലും എന്നും നല്ലതും മോശവും ഉണ്ട്. അതില്‍ ഏതിനെ നമ്മള്‍ ഉള്‍ക്കൊള്ളുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഒരാള്‍ മറ്റൊരാളെ വിലയിരുത്തുക. ഒരു കൊലപാതകിക്കും അയാളുടെതായ ഒരു ന്യായീകരണം കാണില്ലേ?

SHARE