ഗതി കെട്ടാല്‍ അമ്മ മകനെയും കൊല്ലും !

01

ഒരു ക്രിസ്മസ് ദിനത്തിന്റെ തലേദിവസം മദ്യപിച്ചു ബോധമില്ലാതെയാണ് അയാള്‍ വീട്ടിലീക്ക് കയറി വന്നത്.ക്രിസ്മസ് വന്നതിന്റെ സന്തോഷത്തില്‍ സ്വന്തം അച്ഛനെ കാത്തിരുന്ന മക്കളും,ഭര്‍ത്താവിനെ കാത്തിരുന്ന ഭാര്യയും അയാളുടെ അവസ്ഥ കണ്ടു നെഞ്ചു പൊട്ടി വിങ്ങി,ഈ അവസ്ഥ ആദ്യമായിട്ട് അല്ലെങ്കിലും നല്ലൊരു ദിവസമായിട്ടു അയാള്‍ അങ്ങനെ ചെയ്തു കണ്ടപ്പോള്‍ അവരുടെ സങ്കടം ഇരട്ടിച്ചു.

മദ്യപാനം മാത്രമായിരുന്നില്ല അയാളുടെ വിനോദം,മദ്യപിച്ചു വന്നതിനു ശേഷം മക്കളെയും ഭാര്യയെയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യും.അന്നും അതിനു മാറ്റമുണ്ടായില്ല,മര്‍ദ്ദിക്കുക മാത്രമല്ല കുട്ടികള്‍ക്ക് നേരെ പടക്കം കത്തിച്ചു എറിയുകയും ചെയ്തു.ഗത്യന്തരമില്ലാതെ ഭാര്യ അടുത്തുള്ള ഭര്‍ത്താവിന്റെ അമ്മയും കുടുംബവും താമസിക്കുന്ന വീട്ടില്‍ പോയി അഭയം തേടി.

‘അമ്മെ അയാള് ഇനും കുടിച്ചു ബോധമില്ലാതെയാണ് വന്നിരിക്കുന്നത്,എന്നേം മക്കളെയും ഒരുപാട് തല്ലി.’

അത് കേട്ട് ആ മാതൃ ഹൃദയം വേദനിച്ചു,ഇങ്ങനെ ഒരു മകന്‍ സ്വന്തം വയറ്റില്‍ പിറന്നു പോയതില്‍ അവര്‍ പരിതപിച്ചു.

‘മോള് വാ ഞാന്‍ അവനോടു പറയാം,ഞാനും വരാം വീട്ടിലേക്കു’അങ്ങനെ ആ അമ്മ മരുമകളെയും പെരക്കുട്ടികളെയും കൂട്ടി മകന്റെ അടുത്ത് ചെന്നു,പക്ഷെ അപ്പോഴേക്കും അയാള്‍ ഉറക്കം ആയിരുന്നു.

പിറ്റേ ദിവസം ക്രിസ്മസ്,എല്ലാ വീട്ടുകാരും സന്തോഷമായി ആ സുദിനം കൊണ്ടാടുമ്പോള്‍ ഈ വീട്ടില്‍ മാത്രം മൂകമായ ഒരന്തരീക്ഷം തലം കെട്ടി നിന്നു.അന്നും പതിവ് തെറ്റിക്കാതെ അയാള്‍ വൈകിട്ട് മദ്യപിച്ചു ലക്ക് കെട്ടു വന്നു കുട്ടികളെയും ഭാര്യയേയും മര്‍ദിക്കാന്‍ തുടങ്ങി.അവസാനം സഹി കെട്ട് ഭാര്യയും കുഞ്ഞും വീണ്ടും ഭര്‍ത്താവിന്റെ വീട്ടില്‍ അഭയം പ്രാപിക്കുന്നു.

ആ മകളുടെയും കുട്ടികളുടെയും അവസ്ഥ കണ്ടു സഹിക്ക വയ്യാതെ ആ അമ്മ ഇതിനൊരു തീരുമാനം ഉണ്ടാക്കുവാന്‍ മകന്റെ വീട്ടിലേക്കു ചെന്നു.നോക്കിയപ്പോള്‍ മകന്‍ പതിവ് പോലെ താണ്ടവം കഴിഞ്ഞു നല്ല ഉറക്കത്തില്‍.

ആ അമ്മയുടെ കണ്ണുകള്‍ ചുറ്റിലും എന്തോ പരതി,അവരുടെ കണ്ണില്‍ ആ വീട്ടില്‍ പട്ടി കുഞ്ഞിനെ കെട്ടിയിടുന്ന ഒരു കയര്‍ തടഞ്ഞു.പിന്നെ ഒട്ടും ആലോചിച്ചില്ല,പത്തു മാസം ചുമന്നു,പെറ്റു വീണപ്പോള്‍ തലോടിയ കൈകള്‍ കൊണ്ട് തന്നെ ആ മകന്റെ കഴുത്തില്‍ കയര്‍ വരിഞ്ഞു മുറുക്കി കൊല ചെയ്തു.

ഒരിക്കലും ആ അമ്മയ്ക്ക് സ്വന്തം മക്കളോട് ഇങ്ങനെയൊക്കെ ചെയ്യേണ്ടി വരുമെന്ന് സ്വപനത്തില്‍ പോലും കരുതിട്ടുണ്ടാവില്ല.പക്ഷെ മക്കള്‍ ഇങ്ങനെ ആയാല്‍ ചെയ്തു പോകും..

ഇത് കഴിഞ്ഞ ദിവസം നമ്മുടെ നാട്ടില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി എഴുതിയതാണ്,മദ്യപിക്കുന്നവരെ ഉപദേശിക്കാനോ അവരെ നന്നാക്കനൊ എനിക്ക് ആഗ്രഹം ഉണ്ട് പക്ഷെ നടക്കില്ലാത്തത് കൊണ്ട് അതിനെ കുറിച്ച് പറയുന്നില്ല.എങ്കിലും ഇതുപോലെ ഉള്ളവര്‍ സ്വയമൊന്നു ചിന്തിക്കുന്നത് നല്ലതായിരിക്കും.

ഗതി കെട്ടാല്‍ …ആ അമ്മയ്ക്ക് ദൈവം പൊറുത്തു കൊടുക്കട്ടെ