Share The Article

1

മന്ത്രിമാര്‍ വരെ ഗാര്‍ഹിക പീഡന കേസുകളില്‍ പ്രതികളായി കാണപ്പെടുമ്പോള്‍ എന്താണ് ഈ ഗാര്‍ഹിക പീഡന നിയമം എന്നത് അല്‍പ്പമായി എങ്കിലും നാം അറിഞ്ഞിരിക്കേണ്ടതാണ്.

ഈ നിയമത്തിന്റെ പൂര്‍ണമായ പേര് ഗാര്‍ഹിക പീഡനത്തില്‍ നിന്നുള്ള സ്ത്രീ സംരക്ഷണ നിയമം എന്നാണ്.(Protection of women from Domestic violence Act 2005) 2005 ലെ ഈ ആക്റ്റിന്റെ ചട്ടങ്ങള്‍ 2006ല്‍ നിലവില്‍ വന്നു.

നിലവിലുണ്ടായിരുന്ന മറ്റ് സ്ത്രീ സംരക്ഷണ നിയമങ്ങള്‍ പോലെ ഈ നിയമവും സ്ത്രീകളെ പീഡനങ്ങളില്‍ നിന്ന് രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ തയാര്‍ ചെയ്യപ്പെട്ടതാണ്.ജമ്മു കാശ്മീര്‍ ഒഴികെ ഇന്ത്യയില്‍ മറ്റെല്ല സ്ഥലങ്ങളും ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നു.

ഈ നിയമത്തില്‍ പീഡിക്കപ്പെട്ട ആള്‍ എന്ന് ഉദ്ദേശിക്കുന്നത് ആര്‍ക്കെതിരെയാണോ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടത് ആ വ്യക്തിയുമായി ഗാര്‍ഹിക ബന്ധമുള്ള സ്ത്രീ എന്നാണ്.

ഗാര്‍ഹിക ബന്ധമെന്നാല്‍ വിവാഹത്താലോ രക്തബന്ധത്താലോ വിവാഹ സ്വാഭാവത്തിലുള്ള ബന്ധത്താലോ ദത്തെടുക്കലിലൂടെയോ ബന്ധപ്പെട്ട് എപ്പോഴെങ്കിലും വീട് പങ്ക് പറ്റിക്കൊണ്ട് ഒരുമിച്ച് താമസിക്കുകയോ താമസിച്ചിരിക്കുകയോ ചെയ്തിട്ടുള്ള വ്യക്തികള്‍ തമ്മിലുള്ള ബന്ധം എന്നാണ്.

സ്ത്രീയായ നിങ്ങള്‍ താമസിക്കുന്ന അതേ വീട്ടില്‍ താമസിക്കുന്ന ഒരാള്‍ ആ വീട്ടില്‍ വെച്ച് നിങ്ങളെ ഉപദ്രവിച്ചാല്‍ ആ ഉപദ്രവം ശാരീരികമായാലും ലൈംഗികമായാലും കേവലം വാക്ക് കൊണ്ടായാലും സാമ്പത്തികമായാലും നിങ്ങള്‍ ഗാര്‍ഹിക പീഡനത്തിനു ഇരയായി എന്ന കാഴ്ചപ്പാടില്‍ പ്രസ്തുത നിയമത്തിന്റെ സംരക്ഷണം ആവശ്യപ്പെടാന്‍ നിങ്ങളെ അര്‍ഹയാക്കും.

ശാരീരിക ഉപദ്രവമെന്നാല്‍ മര്‍ദ്ദനവും അടിയും ഇടിയും കടിയും ഉന്തലും തൊഴി മുതലായതും സമാനമായത് ഏതും ഉള്‍പ്പെടും.

ലൈംഗിക ഉപദ്രവമെന്നാല്‍ അശ്ലീല സിനിമകളോ ലൈംഗിക പരമായ ചിത്രങ്ങളോ അതു പോലുള്ള മറ്റ് വസ്തുക്കളോ കാണാന്‍ ആഗ്രഹം ഇല്ലാത്ത നിങ്ങളെ അതിനായി നിര്‍ബന്ധിക്കുക, നിങ്ങളെ നിര്‍ബന്ധിച്ച് ലൈഗിക ബന്ധത്തിനു ഇരയാക്കുക, നിങ്ങളെ തരം താഴ്ത്തുന്ന വിധത്തിലോ അന്തസിനു ഹാനി വരത്തക്ക വിധത്തിലോ ലൈംഗിക സ്വാഭാവമുള്ള തരത്തില്‍ പെരുമാറുക, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യല്‍ തുടങ്ങിയവ എല്ലാം ഉള്‍പ്പെടും.

നിങ്ങളുടെ ആത്മാഭിമാനത്തെ ബാധിക്കത്തക്ക വിധത്തില്‍ പരിഹസിക്കുക, പെണ്‍കുട്ടികളെ മാത്രം പ്രസവിക്കുന്നു അതായത് ആണ്‍കുട്ടി ഇല്ലാ എന്ന കാരണത്താല്‍ പരിഹസിക്കുക, നിങ്ങളുടെ സ്വഭാവത്തെ പറ്റി ആക്ഷേപിച്ച് പറയുക, സ്ത്രീധനം കൊണ്ട് വരാത്തതിനു ആക്ഷേപിക്കുക, നിങ്ങളുടെ ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കുക, നിങ്ങള്‍ക്ക് ഇഷ്ടമുള്ള ആളെ വിവാഹം ചെയ്യുന്നതിനു സമ്മതിക്കാതിരിക്കുകയും ഇഷ്ടമില്ലാത്ത ആളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുക, ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുക തുടങ്ങിയവ എല്ലാം വാക്കാലുള്ള ഉപദ്രവത്തിന്റെ ഉദാഹരണങ്ങളാണ്.

സ്ത്രീയെന്ന നിലയില്‍ നിങ്ങളെയും നിങ്ങളുടെ കുട്ടികളെയും സംരക്ഷിക്കാന്‍ എതിര്‍കക്ഷി ബാദ്ധ്യസ്തനായിട്ടും അയാള്‍ അപ്രകാരം ചെയ്യാതിരിക്കല്‍, നിങ്ങള്‍ക്കും കുട്ടികള്‍ക്കും ഭക്ഷണവും വസ്ത്രവും തരാതിരിക്കല്‍, ഒരു തൊഴില്‍ എടുക്കുന്നതിനു നിങ്ങളെ അനുവദിക്കാതിരിക്കുക, അഥവാ ഒരു തൊഴില്‍ നിങ്ങള്‍ ചെയ്യുമ്പോള്‍ അതില്‍ നിന്നും നിങ്ങള്‍ക്ക് കിട്ടിയ ശമ്പളം നിങ്ങളുടെ അനുവാദമില്ലാതെ എടുത്ത് കൊണ്ട് പോവുക, താമസിക്കുന്ന വീട്ടില്‍ നിന്നും ഇറങ്ങി പോകാന്‍ ആവശ്യപ്പെടുക, നിങ്ങളെ അറിയിക്കാതെയും നിങ്ങളുടെ സമ്മതമില്ലാതെയും നിങ്ങളുടെ സ്ത്രീധനമോ മറ്റെന്തെങ്കിലും വിലപിടിപ്പുള്ള വസ്തുക്കളോ വില്‍ക്കുകയോ പണയം വെക്കുകയോ ചെയ്യുക, വൈദ്യുതി ബില്‍ തുടങ്ങിയവ അടക്കാതിരിക്കുക തുടങ്ങിയവ എല്ലാം സാമ്പത്തിക പീഡനത്തിന്റെ ഉദാഹരണങ്ങളാണ്.

ഈ വക ഉപദ്രവങ്ങള്‍ പീഡനമായി അനുഭവപ്പെടുന്ന ഏതൊരു സ്ത്രീക്കും ഈ നിയമത്തില്‍ വിശദീകരിക്കുന്ന പരിഹാരം ആവശ്യപ്പെട്ട് അവര്‍ താമസിച്ചിരുന്ന സ്ഥലത്തിന്റെ അധികാരപരിധിയുള്ള ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഒരു അഭിഭാഷകന്‍ മുഖേനെ നിര്‍ദ്ദിഷ്ട ഫോമില്‍ കേസ് ഫയല്‍ ചെയ്യാം. മുമ്പ് ഈ വക പരാതികള്‍ സര്‍ക്കാര്‍ നിയമിച്ചിട്ടുള്ള പ്രൊട്ടക്ഷന്‍ ആഫീസര്‍ മുമ്പാകെ ഫയല്‍ ചെയ്ത് ആ ഉദ്യോഗസ്തന്റെ റിപ്പോര്‍ട്ട് സഹിതമായിരുന്നു കോടതിയില്‍ ഫയല്‍ ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ നേരിട്ട് തന്നെ കോടതിയില്‍ അഭിഭാഷകന്‍ മുഖേനെ പരാതി ഫയല്‍ ചെയ്തു വരുന്നതായി കാണപ്പെടുന്നുണ്ട്.സര്‍ക്കാരിനാല്‍ അംഗീകരിക്കപ്പെട്ട സന്നദ്ധ സംഘടനകളെയും ഈ വിഷയത്തില്‍ സഹായത്തിനു നിങ്ങള്‍ക്ക് സമീപിക്കാം.

കേസിന്റെ സ്വഭാവം ഫയല്‍ ചെയ്യപ്പെടുമ്പോള്‍ സിവില്‍ ആണെങ്കിലും വിധിക്ക് ശേഷം പരിഹാരം എതിര്‍ കക്ഷിയാല്‍ നിറവേറ്റപ്പെടാതെ വരുന്ന പക്ഷം ക്രിമിനല്‍ വിഭാഗമായി മാറുകയും വിധി അനുസരിക്കാതിരുന്നാല്‍ ചിലപ്പോള്‍ തടവ് ശിക്ഷ വരെ അനുഭവിക്കേണ്ടതായും വരുന്നു.

ഈ നിയമം നിലവില്‍ വരുന്നതിനു മുമ്പ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ചെലവിനു കിട്ടാന്‍ സി.ആര്‍.പി.സി.125 പ്രകാരം കോടതിയില്‍ കേസ് ഫയല്‍ ചെയ്യണമായിരുന്നു. സ്ത്രീധനമാവശ്യപ്പെട്ട് ഭര്‍ത്താവും ബന്ധുക്കളും പീഡിപ്പിക്കുമ്പോള്‍ സെക്ഷന്‍ 498എ പ്രകാരം പീഡിപിച്ചവര്‍ക്കെതിരെ മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമായിരുന്നു. സ്ത്രീധനമായി കൊടുത്ത തുക തിരികെ കിട്ടാനും എതിര്‍ കക്ഷി വാങ്ങി കൊണ്ട് പോയ സ്വര്‍ണാഭരണങ്ങളുടെ വില കിട്ടാനും കേസുകള്‍ കുടുംബ കോടതിയിലും ഫയല്‍ ചെയ്യേണ്ടിയിരുന്നു.എന്നാല്‍ ഇപ്പോള്‍ ഭൂരിഭാഗം അഭിഭാഷകരും മുകളില്‍ കാണിച്ച പരിഹാരങ്ങള്‍ക്കായി ഗാര്‍ഹിക പീഡന നിയമം മാത്രമാണ് ഉപയോഗിച്ച് വരുന്നത്.ചിലര്‍ 498എ പ്രത്യേകമായും ഫയല്‍ ചെയ്യാറുണ്ട്.

പ്രസ്തുത നിയമത്തിന്റെ ഒരു ചെറു വിവരണം എന്റെ അറിവില്‍ വന്നത് മാത്രമാണിവിടെ കുറിച്ചിട്ടത്. പക്ഷേ ഈ വക കേസുകള്‍ കൈകാര്യം ചെയ്യുന്നവരുമായി ബന്ധപ്പെടുമ്പോള്‍ നിയമങ്ങളുടെ ദുരുപയോഗം എന്ന ദൂഷ്യം ഈ നിയമത്തേയും ബാധിച്ചിരിക്കുന്നു എന്ന് മനസിലാക്കാന്‍ കഴിയും. നന്മ ലക്ഷ്യമാക്കി ഒരു നിയമം സൃഷ്ടിക്കപ്പെടുമ്പോള്‍ അത് തിന്മക്കായി ഉപയോഗിക്കപ്പെടുന്നത് നീതിയല്ല.

സ്ത്രീയെ ഉപദ്രവിക്കുന്നതിനെതിരെ നിയമങ്ങള്‍ സൃഷ്ടിച്ച് മതിയായ സംരക്ഷണം അവള്‍ക്ക് നല്‍കേണ്ടത് സമൂഹത്തിന്റെ ചുമതലയില്‍ പെട്ടതാണ്.സമൂഹത്തിന്റെ കെട്ടുറപ്പിന് അത് ആവശ്യവുമാണ്.എന്നാല്‍ ഭസ്മാസുരന് വരം കിട്ടിയത് പോലെ നിയമത്തിന്റെ ഉപയോഗം എന്റെ സംരക്ഷണത്തിനാണ്, മറ്റവനെ തുലക്കാനല്ല എന്ന ബോധം മനസില്‍ ഇല്ലായെങ്കില്‍ നിയമത്തെ അവിടെ ഉപയോഗിക്കുകയല്ലാ ദുരുപയോഗം ചെയ്യുകയാണ് എന്ന് തിരിച്ചറിയുക. ദാമ്പത്യബന്ധ പൊരുത്തക്കേടുകള്‍ സംബന്ധമായ നല്ല ശതമാനം കേസുകളിലും ഇണയെ തോല്പിക്കുക എന്ന ലക്ഷ്യം മാത്രമാണ് കണ്ട് വരുന്നത്.ആ ഇണയുമായി എത്രയോ കാലം അതിയായ സ്‌നേഹത്തില്‍ കഴിഞ്ഞ് വന്നിരുന്നെന്നും ആ സ്‌നേഹബന്ധത്തില്‍ തങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടായി എന്നും ആ കുട്ടികള്‍ ഇപ്പോഴും നമ്മിലൊരാളോടൊപ്പം വളര്‍ന്ന് വരുന്നു എന്നും ആ കുട്ടികളുടെ ജനനത്തിന്റെ പ്കുതി പങ്ക് ഇപ്പോള്‍ എന്റെ ശത്രു ആയ ആ ഇണയാണെന്നും ആ ഇണയും ഞാനുമായി ചേന്നപ്പോഴാണ് അവര്‍ ജന്മം കൊണ്ടതെന്നും ആവശ്യമെങ്കില്‍ എന്റെ കുട്ടികളെ കരുതി വിട്ട്‌വീഴ്ച ചെയ്യണമെന്നും ആരും ചിന്തിക്കാറില്ല.ഈ നിയമം ദുരുപയോഗം ചെയ്ത് എങ്ങിനെ എതിര്‍ഭാഗത്തെ തോല്‍പ്പിക്കാം എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് മനസില്‍. വാശി! പക! ദേഷ്യം! കേസിന് ആസ്പദമായ പരാതികള്‍ പരിഹരിക്കാന്‍ മനസില്ലാത്ത എതിര്‍ കക്ഷി ആണെങ്കില്‍ കേസിന്റെ താപനില ഉയര്‍ന്ന് തന്നെ നില്‍ക്കും.ചിലപ്പോള്‍ വെറും നിസ്സാരമായതും ഒരാള്‍ മനസ് വെച്ചാല്‍ അണഞ്ഞ് പോകുന്നതുമായ കൊച്ച് കൊച്ച് പ്രശ്‌നങ്ങള്‍എന്ന് പറയാറില്ലേ ആ വക കാരണങ്ങള്‍ ആയിരിക്കും ആഴത്തിലിറങ്ങി പരിശോധിച്ചാല്‍ കാണാന്‍ കഴിയുക, ആ വക നിസ്സാര കാരണങ്ങള്‍ പോലും വാശി മൂത്ത് പറഞ്ഞ് തീര്‍ക്കാതെ കോടതി വരാന്തകളില്‍ ജന്മം പാഴാക്കുന്നവര്‍ നിരവധിയാണ്. മനുഷ്യരുടെ ഈ വക സ്വഭാവ വിശേഷങ്ങള്‍ കണക്കിലെടുത്താണ് കോടതിയില്‍ തന്നെ കൗണ്‍സിലിംഗും രമ്യതയിലെത്തിച്ച് കേസ് തീര്‍ക്കുക എന്ന ലക്ഷ്യത്തോടുള്ള ലീഗല്‍ സര്‍വീസ് ആക്റ്റ് പ്രകാരമുള്ള അദാലത്തുകളും സ്ഥാപിച്ചീരിക്കുന്നത്. പക്ഷേ വിട്ട്‌വീഴ്ച ചെയ്ത് കാര്യങ്ങള്‍ പറഞ്ഞ് തീര്‍ക്കുക എന്ന ആഗ്രഹം മനസില്‍ ഇല്ലായെങ്കില്‍ കൗണ്‍സിലിംഗുകളും അദാലത്തുകളും ഫലപ്രദമാവാറില്ലല്ലോ.

ഷെരീഫ് കൊട്ടാരക്കര

സമൂഹത്തിന്റെ ഒരു ഭാഗം പീഡിപ്പിക്കപ്പെടുകയും പീഡിത വിഭാഗത്തിന്റെ സംരക്ഷണത്തിനായി നിയമ നിര്‍മ്മാതാക്കള്‍ നിയമം പടച്ച് വിടുകയും ചെയ്യുമ്പോള്‍ ആ നിയമങ്ങള്‍ ശരിയായ വിധത്തില്‍ ഉപയോഗിക്കപെടുന്നു എന്ന ഉറപ്പിലേക്കായി ദുരുപയോഗത്തിനെതിരായുള്ള നിര്‍ദ്ദേശങ്ങളും അത് ലംഘിച്ചാലുളള ഭവിഷ്യത്തും പ്രസ്തുത നിയമങ്ങളില്‍ ഉള്‍ക്കൊള്ളിക്കേണ്ടത് സമൂഹത്തിന്റെ എല്ലാ വിഭാഗത്തോടുമുള്ള നീതി മാത്രമായിരിക്കും.

വളരെ ഏറെ എഴുതി; കുറച്ചു മാത്രം വെളിച്ചം കണ്ടു; ഇപ്പോഴും എഴുത്തു തുടരുന്നു, കാരണം എനിക്കു എഴുതാതിരിക്കാനാവില്ലല്ലോ. എന്റെ മനസ്സില്‍ ഇപ്പോഴും സ്വപ്നങ്ങള്‍ നിറഞ്ഞു നില്‍ക്കുകയാണല്ലോ!