Share The Article

ഒരാളെ പ്രേമിച്ചു തുടങ്ങുമ്പോള്‍ ഇതുവരെ ചെയ്യാത്ത പലതും ചെയ്യേണ്ടി വരും എന്ന് ഇതിനു മുമ്പ് പറഞ്ഞ മഹാന്‍ ആരായാലും പുള്ളിയെ ഒന്ന് നമിക്കണം. കാരണം പുള്ളി പറഞ്ഞതിന് ശേഷം മറ്റു പലരേം പോലെ ഞാനും അങ്ങനെയൊക്കെ ആയി തുടങ്ങുകയായിരുന്നു. കോളേജില്‍ ഒരു ഉദയെ സൂര്യനെ പോലെ വെളിച്ചം വിതറി നടന്ന ഞാന്‍ ഒരു കാര്‍മേഘമായി രൂപം കൊള്ളുകയായിരുന്നു. (ക്ഷമിക്കുക, പ്രണയിച്ചു തുടങ്ങുമ്പോള്‍ സാഹിത്യ ഉപയോഗവും വല്ലാതെ കൂടുമെന്ന് വേറേതോ മഹാന്‍ പറഞ്ഞിട്ടുണ്ട്!)

കാന്റീനില്‍ കയറി സകല പാത്രത്തിലും കയ്യിട്ടു വാരി സായൂജ്യമടഞ്ഞിരുന്ന ഞാന്‍ ഭക്ഷണം കഴിക്കല്‍ അവളുടെ കൂടെ മാത്രമായി. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ അവളുടെ കണ്ണുകളില്‍ പ്രണയ പരവശനായി ഞാന്‍ നോക്കും. തിരിച്ചു പാത്രത്തില്‍ നോക്കുമ്പോള്‍ ബിരിയാണി നിന്നിടത്തു മുള്ളാണി പോലും കാണില്ല. അത് കഴിഞ്ഞു ബില്‍ കൊടുക്കാന്‍ നോക്കുമ്പോള്‍ അവള്‍ പ്രണയ പരവശയായി എന്‍റെ കണ്ണിലേക്കു നോക്കും. കാന്റീന്‍ മാനേജര്‍ എന്‍റെ കീശയിലേക്ക്‌ നോക്കും. ഞാന്‍ അവളെ വീണ്ടും നോക്കും. ഞാന്‍ ബില്‍ കൊടുക്കുന്നത് വരെ അവള്‍ പ്രണയവിവശയായി എന്നെ തന്നെ നോക്കിയിരിക്കും. ബില്‍ കൊടുത്തു കഴിഞ്ഞാല്‍ അവള്‍ കാന്റീനിലെ ചില്ല് കൂട്ടിലേക്ക് നോക്കും. അത് കാണുമ്പോള്‍ ഞാന്‍ സകല ജീവനുമെടുത്തു പുറത്തേക്കു നടക്കും. മനസില്ല മനസ്സോടെ അവളും!

സയന്‍സ് പഠിക്കുന്നവര്‍ക്ക് ഇംഗ്ലീഷ് എന്ന വിഷയം കൂടി പഠിക്കണോ എന്ന് ചോദിക്കുന്നവരോട്  “ഏയ്‌.. ഇല്ലെന്ന തോന്നുന്നത്” എന്ന് പറഞ്ഞിരുന്ന ഞാന്‍ സയന്‍സ് പഠിക്കുന്നവര്‍ ഏറ്റവും കൂടുതല്‍ ഇരിക്കേണ്ടത് ഇംഗ്ലീഷ് ക്ലാസ്സിലാണെന്നു പറയുന്ന അവസ്ഥ വരെയായി. കാരണം ഞാന്‍ പ്രണയിച്ച ‘പിശാശു’ സ്ഥിരമായി ഇംഗ്ലീഷ് ക്ലാസ്സില്‍ കേറും.. ഫൂ..!

അങ്ങനെ എന്നിലെ മാറ്റങ്ങള്‍ കണ്ടു വിഷണ്ണനായി ഇരിക്കുന്ന എന്‍റെ മുന്നിലേക്ക്‌ വായ്‌ നിറയെ ചിരിയുമായി പ്രകാശ് പ്രത്യക്ഷപ്പെട്ടു.

“എല്ലാം ഉണ്ടാക്കി വെച്ചിട്ട് കിളിക്കുന്നോ??” അവനോടു ദേഷ്യത്തോടെ ചോദിച്ചു..
“എന്തുണ്ടാക്കി വെച്ചെന്ന്..”
“വെറുതെ എല്ലാ പെണ്‍കുട്ടികള്‍ക്കും സ്നേഹം പങ്കു വെച്ച് നടന്ന എന്നില്‍ പ്രണയത്തിന്റെ വിഷവിത്തു വിതച്ചത് നീയല്ലേടാ പട്ടി..”
“ആഹ്.. അതാണോ കാര്യം? എന്ന നീ പേടിക്കേണ്ട.. ആ വിഷവിത്തു വൈകാതെ കരിഞ്ഞുണങ്ങി കൊള്ളും..”
ഒന്നും മനസിലാകാതെ ഞാന്‍ സംശയത്തോടെ അവനെ നോക്കി..
“നീ എന്താ ഉദ്ദേശിച്ചത്??”
“നിന്നേം നോക്കി ഒരുത്തന്‍ ആരോമല്‍ ചേകവര്‍ നിക്കുന്നത് പോലെ വാളും പിടിച്ചു പുറത്തു നില്‍പ്പുണ്ട്..”
“അതിനു ഞാനാര്‌ ചന്തുവോ??? ”
“വെറും ചന്തുവല്ലടാ.. ചതിയന്‍ ചന്തു..”
“കാര്യം എന്താന്ന് വ്യക്തമായി പറയെടാ തെണ്ടി..”
“ഇവളെ പ്രേമിക്കാന്‍ വേണ്ടി, മറ്റൊരുവന് വേണ്ടി ഒരുത്തിയെ ലൈന്‍ ആക്കി കൊടുക്കാം എന്ന് പറഞ്ഞത് നീ മറന്നോ?? അവനാ കാത്തിരിക്കുന്നത്…”

കുരിശ്.. ആ പിശാചു ഇതുവരെ ചത്തില്ലേ??
കുറച്ചു കഴിഞ്ഞപ്പോള്‍ ആരോമല്‍ ചേകവര്‍ അകത്തേക്ക്..
“എന്തായി എന്റെ കാര്യം??”
വന്ന ഉടനെ അവനെന്നോട് ചോദിച്ചു.
“നീ ഒരു പത്തു ദിവസം കൂടി എനിക്ക് സമയം തരണം.. അതിനുള്ളില്‍ ഞാന്‍ എല്ലാം ശരി ആക്കാം…”
“ഉറപ്പാണോ???”
“മിക്കവാറും.. ”
“അതെന്താ ഒരു മിക്കവാറും.. ??”
“മനുഷ്യന്റെ കാര്യമല്ലേ.. അത് കൊണ്ട് പറഞ്ഞതാ.. അതിരിക്കട്ടെ. നിനക്കെത് പെണ്ണിനെയാ ലൈന്‍ ആക്കേണ്ടത്??”
“നിന്‍റെ ക്ലാസ്സില്‍ തന്നെ പഠിക്കുന്ന കുട്ടിയാ..പേര് ഷംന ”
അവന്‍ കുട്ടിയെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ എന്നോട് പറഞ്ഞു..
എല്ലാം കേട്ട് കഴിഞ്ഞു എന്‍റെ പ്രസ്താവന..
“ഉം.. ഓക്കേ.. എല്ലാം ഇനി ഞാനേറ്റു.. കളരി പരമ്പര ദൈവങ്ങളാണേ,മലയാറ്റൂര്‍ അമ്മൂമ്മയാണേ സത്യം, ഇന്നേക്ക് പത്താം നാള്‍ അവള്‍ വീണിരിക്കും ”
“എവിടെ വീണിരിക്കും എന്നു??” സംശയം പ്രകാശിന്..
“കുളിമുറിയില്‍..!!! ”

കാര്യമായി മനുഷ്യന്‍ ശപഥം ചെയ്യുമ്പോഴ അവന്‍റെ ഒരു സംശയം.
“നിന്‍റെ ഈ ആത്മവിശ്വാസം എനിക്കിഷ്ടപ്പെട്ടു.. പക്ഷെ അവസാനം തോറ്റു മടങ്ങരുത്.. ആഹ്..”
ആരോമല്‍ ചേകവര്‍ അത് പറഞ്ഞത് എനിക്കിഷ്ടപ്പെട്ടില്ല.. അതുകൊണ്ട് തന്നെ ഞാന്‍ ഒന്ന് കൂടി ചന്തുവായി..
“ചന്തുവിനെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല മക്കളെ.. ജീവിതത്തില്‍ ചന്തുവിനെ തോല്‍പ്പിച്ചിട്ടുണ്ട്..പലരും ,പലവട്ടം….
കോളേജിലെക്ക് പോക്കറ്റ്‌ മണി ചോദിച്ചപ്പോള്‍ കൈ മലര്‍ത്തിയ അച്ഛനെന്നെ ആദ്യം തോല്‍പ്പിച്ചു….
കൊണ്ട് വന്ന ഫുഡ്‌ പങ്കുവെച്ചപ്പോള്‍ എന്‍റെ സുഹൃത്തുക്കളും എന്നെ തോല്‍പ്പിച്ചു.

ബിരിയാണിക്കും നെയ്ച്ചോറിനുമൊപ്പിച്ചു സ്നേഹം തൂക്കി നോക്കിയപ്പോള്‍ മോഹിച്ച പെണ്ണും എന്നെ തോല്‍പ്പിച്ചു..
അവസാനം…. അവസാനം, കാശില്ലെന്ന സത്യം മനസിലാക്കാത്ത കാന്റീന്‍ മൊയലാളി ജമാലിക്കയും എന്നെ തോല്‍പ്പിച്ചു..
തോല്‍വികള്‍ ഏറ്റു വാങ്ങാന്‍ ചന്തുവിന്‍റെ ജീവിതം പിന്നെയും ബാക്കി… പക്ഷെ സൌഹൃദം കൊണ്ടും പ്രണയം കൊണ്ടും ചതിയന്‍ ചന്തുവിനെ തോല്‍പ്പിക്കാന്‍ ആണായി പിറന്നവന്‍ ആരുമില്ല.. ആരുമില്ല..
ക്ലാസ്സില്‍ പോ മക്കളെ.. ക്ലാസ്സില്‍ പോ…”
വലിച്ചൂരിയ പേന പാന്റിന്റെ പോക്കെറ്റില്‍ തന്നെ കയറ്റി വെച്ച് ചന്തു മുന്നോട്ടു..

ഇനി എന്‍റെ ഉണ്ണിയാര്‍ച്ചയെ ഒന്ന് കാണണം.. അനുഗ്രഹം വാങ്ങണം..

ഉണ്ണിയാര്‍ച്ചയെ കണ്ടു..പത്തു ദിവസം ഞാന്‍ അവളുടെ കൂടെ ഉണ്ടാവില്ലെന്ന സത്യം മനസിലാക്കിയ അവള്‍ നെഞ്ച് പൊട്ടി കരഞ്ഞു..
എന്നോടുള്ള സ്നേഹം കൊണ്ടല്ല കരയുന്നത് എന്നെനിക്കറിയാം.. പത്തു ദിവസം ഇനി ആരു ഫുഡ്‌ മേടിച്ചു കൊടുക്കും എന്ന വേദന കൊണ്ട്..
പത്തു ദിവസമെങ്കിലും പഴയ ഞാന്‍ ആകാമല്ലോ എന്ന സന്തോഷത്തില്‍ ഞാന്‍ പ്രകാശിനെയും കൂട്ടി അങ്കതട്ടിലേക്ക്..

പോകുന്ന വഴിയില്‍ ആരോമല്‍ ചേകവര്‍ വീണ്ടും വഴി തടഞ്ഞു.
“ആക്ച്വലി എന്താ നിന്‍റെ പ്ലാന്‍??” അവന്‍ എന്നോട് ചോദിച്ചു..
“ആദ്യം അവളെ ഒന്ന് പഠിക്കണം.. എന്നിട്ടവളുമായി ചങ്ങാത്തം കൂടണം..”
“ഉം.. കൊള്ളം.. എന്നിട്ട്??”
“എന്നിട്ടെന്താ..അവള്‍ എന്‍റെ നല്ല സുഹൃത്തായാല്‍ ഞാന്‍ അതില്‍ കേറി പിടിച്ചു നിന്‍റെ പ്രണയം അവതരിപ്പിക്കും..”
അത് കേട്ടതും അവനൊന്നു ഞെട്ടി..
“ആഹാ.. അങ്ങനെ കേറി പിടിച്ചു കൊണ്ടുള്ള അവതരിപ്പിക്കല്‍ ഒന്നും വേണ്ട..നീ ആള് കൊള്ളാമല്ലോ..”
‘ഒരുപമ പറഞാല്‍ മനസിലാകാത്ത ഇവനെവിടന്നു വരുന്നെടാ’ എന്നര്‍ത്ഥത്തില്‍ ഞാന്‍ പ്രകാശിനെ നോക്കി..പ്രകാശ്‌ എന്നെ രൂക്ഷമായി നോക്കുന്നു..
പിന്നെ ഒന്നും പറയാന്‍ നിക്കാതെ ഞാന്‍ പ്രകാശിനെയും കൂട്ടി ക്ലാസ്സിലേക്ക്..
“എന്നാലും നീ അത് പറഞ്ഞത് ശരിയായില്ല.. ” പ്രകാശ്‌ പറഞ്ഞു..
“എന്ത് പറഞ്ഞത്??” ഒന്നും മനസിലാവാതെ ഞാന്‍ പ്രകാശിനെ നോക്കി..
“ഒരു കാമുകനോട് അവന്‍റെ കാമുകിയെ കേറി പിടിക്കും എന്നൊക്കെ പറയുന്നത് ഭയങ്കര മോശമാ..”
എന്‍റെ കര്‍ത്താവേ.. !!!!!!!!!!!!! ഞാനെന്ത ഇവനോട് പറയേണ്ടത്..
ഇല്ല.. ഒന്നും പറയുന്നില്ല.. നമിക്കുന്നു.. നമോ നമഹ…!!!!!

അങ്ങനെ ഞാനും പ്രകാശും ക്ലാസ്സിലെത്തി..
അവന്‍ പറഞ്ഞ പെണ്‍കുട്ടിയുടെ അരികില്‍ ഞങ്ങളെത്തി..
“ഇത്രേം നല്ല പെണ്‍കുട്ടിയെ ആ വൃത്തികെട്ടവന് ലൈന്‍ ആക്കി കൊടുക്കുക എന്നൊക്കെ പറയുന്നത് വലിയ ക്രൂരത ആണല്ലോടാ…”
ഞാന്‍ പ്രകാശിനോട് പറഞ്ഞു..
“ഈ ക്രൂരത നീ അവളോട ചെയ്തില്ലേല്‍ ആരോമല്‍ ചേകവര്‍ അതിലും വലിയ ക്രൂരത നിന്നോട് ചെയ്യും..”
“ആഹ്.. ഏതായാലും ഒന്ന് ട്രൈ ചെയ്തു നോക്കാം..ഒത്താല്‍ അവനു കിട്ടുന്നത് ഒരു പെണ്ണ്.. ”
“ഒത്തില്ലേല്‍ നിനക്ക് നഷ്ടപ്പെടുന്നതും ഒരു പെണ്ണ്..”
“കരിനാക്ക് വളക്കാതെടാ ചെറ്റേ….”

സമയം പിന്നെയും മുന്നോട്ടു..
ഇപ്പോള്‍ അവള്‍ക്കരികില്‍ ആരുമില്ല.. ഞാന്‍ അവളുടെ അടുത്തേക്ക് ചെന്ന്..
“ഹായ്.. എന്‍റെ പേര് ഫായിസ്..നമ്മള്‍ രണ്ടു പേരും ഒരേ ക്ലാസില പഠിക്കുന്നത്..”
ഹോ.. സ്വന്തം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയെ ഇങ്ങനെ പരിചയപ്പെടേണ്ടി വരുന്ന എന്‍റെ തലവര എന്നല്ലാതെ വേറെന്തു പറയാന്‍…
“ഉം.. ഞാന്‍ കണ്ടിട്ടുണ്ട്” അവളുടെ മറുപടി
“ഓഹോ.. അപ്പൊ കാന്റീനില്‍ സ്ഥിരമായി വരാറുണ്ട് അല്ലെ.. അത് പറ..”
“എന്താ ക്ലാസ്സില്‍ കേറാതിരിക്കുന്നത് ???” അവളുടെ ചോദ്യം..
“അസ്ഥാനത്ത് കുരു ഉള്ളത് കൊണ്ട് കൂടുതല്‍ നേരെ ഇരിക്കാന്‍ പറ്റില്ല എന്ന് പറയെടാ…&%^*&” അവളുടെ ചോദ്യം തീരെ ഇഷ്ടപ്പെടാത്തത് കൊണ്ട് പ്രകാശ്‌ എന്‍റെ ചെവിയില്‍ പറഞ്ഞു..
ഞാന്‍ അവന്റെ കാലില്‍ ചവിട്ടി.. അവന്‍ ഊമയായി..
“എന്താ ക്ലാസ്സില്‍ കേറാതിരിക്കുന്നത് എന്ന്???” അവള്‍ ചോദ്യം ഒന്നുകൂടി ആവര്‍ത്തിച്ച്‌..
എന്‍റെ തലയ്ക്കു മുകളില്‍ ബള്‍ബ്‌ കത്തി.. അവളുടെ മനസ് കീഴടക്കാന്‍ പറ്റിയ അവസരം..
എന്‍റെ കണ്ണ് നിറഞ്ഞു.. പിന്നെ വിറയാര്‍ന്ന സ്വരത്തില്‍ സംസാരിച്ചു തുടങ്ങി..
“കുടുംബ പ്രാരാബ്ദം.. അത്ര തന്നെ..”
അവള്‍ കണ്ണ് മിഴിച്ചു,കൂടെ പ്രകാശും.. ഞാന്‍ അത് ശ്രദ്ധിക്കാതെ വീണ്ടും പറഞ്ഞു തുടങ്ങി..
“കെട്ടുപ്രായം കഴിഞ്ഞ പെങ്ങള്‍…”
“നാലാം ക്ലാസ്സില്‍ പഠിക്കുന്ന ഇളയുമ്മയുടെ മോളാണോടാ കെട്ടുപ്രായം കഴിഞ്ഞിരിക്കുന്നത്??”
പ്രകാശ്‌ പതിയെ ചെവിയില്‍ ചോദിച്ചു.. ഞാന്‍ അത് കാര്യമാക്കാതെ വീണ്ടും തുടര്‍ന്നു..
“ജപ്തി നോട്ടീസ് വന്നിരിക്കുന്ന വീടിന്റെ ഉമ്മറത്ത്‌ തളര്‍ന്നിരിക്കുന്ന എന്‍റെ വീട്ടുകാര്‍…അവര്‍ക്കിടയില്‍ നിന്നും വരുന്ന ഞാന്‍ എങ്ങനെയാണു കുട്ടീ ക്ലാസ്സില്‍ കേറുന്നത്..????”
അവള്‍ ഒന്നും മിണ്ടിയില്ല.. പക്ഷെ പ്രകാശ് എന്‍റെ ചെവിയില്‍ മിണ്ടി..
“ക്ലാസ്സില്‍ കേറാതിരുന്നാല്‍, നാലാം ക്ലാസ്സില്‍ പഠിക്കുന്ന പെങ്ങളെ കെട്ടിച്ചയക്കാന്‍ ലോണ്‍ തരും എന്ന്, ജപ്തി നോട്ടീസ് അയച്ചു ബാങ്കുകാര്‍ പറഞ്ഞോ??” അവന്‍ ചോദിച്ചു..
ഞാന്‍ വീണ്ടും അവനു നേര്‍ക്ക്‌ കണ്ണ് മിഴിച്ചു.. അവന്‍ വീണ്ടും ഊമയായി..
ഞാന്‍ പിന്നെയും തുടര്‍ന്നു..
“രാത്രി ഞാന്‍ ചായ വില്‍ക്കാന്‍ ടൌണില്‍ പോകും.. അത് കഴിഞ്ഞു ഓട്ടോ ഓടിക്കാന്‍ പോകും..”
“എഹ്.. ഓട്ടോ ഒക്കെ ഓടിക്കുമോ??”
കര്‍ത്താവെ.. “നമ്മള്‍” സിനിമ ചതിച്ചു.. ഓട്ടോ വേണ്ടായിരുന്നു.. അതല്പം ഓവര്‍ ആയി.. അത് കൊണ്ട് തന്നെ ഞാന്‍ പെട്ടെന്ന് തിരുത്തി..
“ഞാന്‍ ഓട്ടോ ഓടിക്കില്ല.. മറ്റുള്ളവര്‍ ഓട്ടോ ഓടിക്കുന്ന സ്ഥലത്ത് പോയി ഞാന്‍ ചായ വിക്കും.. അങ്ങനെയ ഞാന്‍ എന്‍റെ കുടുംബം പോറ്റുന്നെ.”
എന്‍റെ വേദന നിറഞ്ഞ വാക്കുകള്‍ കെട്ടു അവള്‍ കരഞ്ഞു പോയി.. എന്തിനേറെ പറയുന്നു,എനിക്ക് ചായ കുടിക്കാനല്ലാതെ വേറൊന്നും അറിയില്ല എന്നറിയുന്ന പ്രകാശിന്റെ കണ്ണ് വരെ നിറഞ്ഞു.. അഭിനയിക്കുന്നതില്‍ ഞാനൊരു മഹാന്‍ തന്നെ.. ഓ.. രോമാഞ്ചം …!!!!!!!!!
അങ്ങനെ ലോകത്തിലെ മറ്റെല്ലാം പെണ്‍കുട്ടികളെ പോലെ അവളും ഞാന്‍ കുഴിച്ച സെന്റിമെന്റ് കുഴിയില്‍ വീണു.. ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആയി,,
ഞാന്‍ എന്‍റെ നെഞ്ചില്‍ തട്ടി എന്നെ തന്നെ അഭിനന്ദിച്ചു..
“വെല്‍ഡണ്‍ മൈ ബോയ്‌.. വെല്‍ഡണ്‍…” ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തിയായിരിക്കുന്നു..
പ്രേമിച്ച പെണ്ണിനെ ഒരു ദിവസം പോലും കാണാതിരുന്നാല്‍ “വിരഹം മൂത്ത് പ്രാന്താകും” എന്ന് പറഞ്ഞവന്‍ ആരെടാ???
രണ്ടു ദിവസം എന്‍റെ ഉണ്ണിയാര്‍ച്ചയെ കാണാതിരുന്നിട്ടും, എന്‍റെ പേഴ്സ്-ലെ കാശ് പോലെ തന്നെ എന്‍റെ സന്തോഷത്തിനും ഒരു കുറവില്ലല്ലോ.. ഞാനോര്‍ത്തു..
ഇനിയിപ്പോ ഉണ്ണിയാര്‍ച്ചയെ ഞാന്‍ യദാര്‍ത്ഥത്തില്‍ പ്രണയിക്കുന്നില്ലേ..???
ഹേയ്.. അങ്ങനെയാവാന്‍ വഴിയില്ല..

ആ രണ്ടു ദിവസം കൊണ്ട് ഞാനും ശംനയും നല്ല സുഹൃത്തുക്കളായി..
ഇനി അവളോട്‌ എനിക്കെന്തും പറയാം എന്നുള്ള അവസ്ഥ..

അടുത്ത ദിവസം.. ഞാന്‍ ക്ലാസ്സിലേക്ക്..
അവള്‍ എന്നെയും കത്ത് നില്‍പ്പുണ്ട്..
“നമുക്ക് കാന്റീനില്‍ പോയാലോ???”
എന്നെ കണ്ട ഉടനെ അവള്‍ ചോദിച്ചു..
‘കര്‍ത്താവെ,ചതിച്ചു.. അടുത്ത ഉണ്ണിയാര്‍ച്ച ഇതാ ഇവിടെ പിറന്നിരിക്കുന്നു.. എന്നെ കാത്തോളണേ..എന്‍റെ പേഴ്സ് കാത്തോളണേ..അതിലുള്ള ആരുടെയൊക്കെയോ കാശ് കാത്തോളണേ.. !!!’ ഞാന്‍ മനമുരികി പ്രാര്‍ത്ഥിച്ചു..

അങ്ങനെ ഞങ്ങള്‍ കാന്റീനിലെക്ക് ..
കാന്റീനില്‍ കാലെടുത്തു വെച്ചതും കാന്റീന്‍ മൊയലാളി ജമാലിക്ക പുച്ച ഭാവത്തില്‍ എന്നെ നോക്കി..
‘സകല പത്രത്തിലും കയ്യിട്ടു വാരാന്‍ വന്നിരിക്കുന്ന *#@[email protected]^&*’ എന്നര്‍ത്ഥത്തില്‍..
പെട്ടെന്ന് എന്‍റെ പിറകില്‍ ഒരു പെണ്ണിനെ കണ്ട ജമാലിക്കയുടെ മുഖം സുമോ ഗുസ്തിക്കാരനെ കണ്ട കൊതുകിനെ പോല്‍ പ്രസന്നമായി..
‘ഇനി ഇവന്‍റെ കാര്യം അവളേറ്റോളും ‘ എന്ന് കരുതിയാവണം..

ജമാലിക്കയുടെ മുഖത്ത് നോക്കി ചിരിച്ചു കാണിച്ചു,മനസ്സില്‍ തെറിയഭിശേഖം നടത്തി..
“ക്രൂരന്‍,ദുഷ്ടന്‍,കഷ്മലന്‍,പണ്ടാരക്കാലന്‍,&%^*$(%$*…….(എക്സട്ര… എക്സട്ര) ”
ഹോ.. എന്തൊരു സമാധാനം!!!!..

“ഫായിസിനെന്താ കഴിക്കാന്‍ വേണ്ടത്..” അവള്‍ ചോദിച്ചു..
‘ചോദ്യം കേട്ടാല്‍ തോന്നും അവളുടെ തറവാട്ടില്‍ നിന്നും എടുത്തു തരാനാ ചോദിക്കുന്നതെന്ന്.. ‘ മനസ്സില്‍ പറഞ്ഞു..
എന്തായാലും നീരസം പുറത്തു കാട്ടാതെ ഞാന്‍ മറുപടി മൊഴിഞ്ഞു.
“ഉപ്പു സോഡാ മതി..”
“അതെന്തു പറ്റി ഉപ്പുസോഡാ???” അവള്‍ ചോദിച്ചു..
“ആഹ്…ദഹിക്കാന്‍ അതാ നല്ലത്.. ”
“എനിക്കൊരു ബിരിയാണി..”
ഞാന്‍ ചിരിച്ചു കാണിച്ചു..”ഒന്ന് മതിയോ??” എന്നര്‍ത്ഥത്തില്‍..
ബിരിയാണി അവളുടെ മുന്നില്‍..
എന്‍റെ മുന്നില്‍ പതക്കുന്ന ഉപ്പുസോഡ….
ഉപ്പിനു പകരം ഇവന്മാര്‍ സോപ്പ് പൊടിയാണ് ഉപയോഗിക്കുന്നത് എന്ന് തോന്നുന്നു.. അത്രമാത്രം പത.. ഹെന്റമ്മോ..
അവളുടെ ബിരിയാണി എന്നെ മാടി വിളിക്കുന്നത്‌ പോലെ..
‘ഏതായാലും കാശ് കൊടുക്കണം.. അങ്ങനെയെങ്കില്‍ വയറു നിറച്ചിട്ട്‌ കുറച്ചു കാശ് കൂടുതല്‍ കൊടുത്താല്‍ പോരെ??’ ഞാന്‍ ചിന്തിച്ചു..
ചിന്തകള്‍ കാട് കയറുന്നതിനു മുമ്പ് ഞാന്‍ വിളിച്ചു പറഞ്ഞു..
“ഒരു ബിരിയാണി കൂടി..”
എനിക്ക് മുന്നിലും ഇപ്പോള്‍ ബിരിയാണി..
നിമിഷ നേരം കൊണ്ട് എന്‍റെ ബിരിയാണി പാത്രം നഗ്നനായി..
നാവുണ്ടായിരുന്നേല്‍ പ്ലേറ്റ് പോലും വിളിച്ചു പറഞ്ഞേനെ,
“ഇനി നക്കരുത്‌. പ്ലീസ്… എനിക്ക് ഇക്കിളിയാവുന്നു.. ”

ഞങ്ങള്‍ എഴുന്നേറ്റു.. മനസില്ലാ മനസ്സോടെ ബില്‍ കൌണ്ടറിലേക്ക്..
അവിടെ നിറഞ്ഞ ചിരിയുമായി ജമാലിക്ക..
ഞാനും ചിരിച്ചു കാണിച്ചു, മനസ്സില്‍ നേരത്തെ പറഞ്ഞ തെറി ഒന്ന് കൂടി ആവര്‍ത്തിച്ചു..
“ക്രൂരന്‍,ദുഷ്ടന്‍,കഷ്മലന്‍,പണ്ടാരക്കാലന്‍,&%^*$(%$*…….(എക്സട്ര… എക്സട്ര)”
വീണ്ടും സമാധാനം..

“എത്രയായി..???” പതറുന്ന ശബ്ദത്തില്‍ ഞാന്‍ ചോദിച്ചു..
“തൊണ്ണൂറു രൂപ” പതറാത്ത ശബ്ദത്തില്‍ ജമാലിക്കയുടെ മറുപടി..
പിന്നെ അവിടെ നടന്ന സംഭവം എന്നെയും ജമാലിക്കയെയും ഒരു പോലെ അത്ഭുദപ്പെടുത്തി..
അവള്‍ കാശ് കൊടുത്തിരിക്കുന്നു..!!!!
ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കുമോ ഇങ്ങനെ ഒരു സംഭവം???
എനിക്കെന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല..
ഇത് സ്വപ്നമോ അതോ യാദാര്‍ത്ത്യമോ ???
ഞാന്‍ എന്‍റെ കയ്യില്‍ തന്നെ നുള്ളി നോക്കി..
എന്നിട്ടും വിശ്വാസം വരാതെ വഴിയെ പോയി സഫീറിനെ ഒരു കാര്യവുമില്ലാതെ നുള്ളി നോക്കി..
“ഡിഷ്യും..”
മുഖത്തിന്‌ തന്നെ ഒന്ന് കിട്ടിയപ്പോള്‍ ഉറപ്പായി..
ഞാന്‍ കാണുന്നത് സ്വപ്നമല്ല.. യാദാര്‍ത്ഥ്യം തന്നെ..
അവള്‍ ബില്‍ കൊടുത്തിരിക്കുന്നു എന്ന യാദാര്‍ത്യവുമായി ഞാന്‍ പൊരുത്തപ്പെട്ടു….
“എന്നാല്‍ നമുക്ക് പോകാം..” കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു..
“എങ്ങോട്ട്?” ഞാന്‍ ചോദിച്ചു..
“ക്ലാസ്സിലോട്ട്… ”
“അയ്യേ.. ഞാന്‍ വരില്ല..”
“അതെന്താ???”
“എനിക്കിഷ്ടമല്ലന്നേ.. ഞാന്‍ ഇന്റര്‍വെല്‍ ടൈം ആകുമ്പോള്‍ അങ്ങോട്ട്‌ വന്നേക്കാം.. അപ്പോള്‍ കാണാം..”
“ഉം.. ശരി..” അതും പറഞ്ഞു അവള്‍ ക്ലാസ്സിലേക്ക് പോയി..
ഞാന്‍ വീണ്ടും കാന്റീനിലെക്ക്, കയ്യിട്ടു വാരാന്‍……

കാന്റീനില്‍ എന്നെയും കത്ത് ആരോമല്‍ ചേകവരും പ്രകാശും..
“നീ എന്താ അവളോട്‌ പറയാതിരുന്നത്???” എന്നെ കണ്ട ഉടനെ ആരോമല്‍ രോഷാകുലനായി ചോദിച്ചു
“എന്തോന്ന്???”
“എന്‍റെ പ്രണയം..”
“എടേ.. കുറച്ചൂടി സമയം താടേയ്‌.. ‘പണയം’ അത്ര പെട്ടെന്ന് പറയാന്‍ പറ്റുന്ന കേസ് അല്ലല്ലോ.. സമയോം സാഹചര്യവുമൊക്കെ വരുമ്പോള്‍ ഞാന്‍ പറഞ്ഞോളാം..” ഞാന്‍ പറഞ്ഞു..
“എപ്പോ വരും??”
“ആര്??”
“ഈ സമയോം സാഹചര്യോം…”
“ഇന്നേക്ക് ഒരാഴ്ചക്കുള്ളില്‍ ഞാന്‍ പറഞ്ഞിരിക്കും.. ഇത് സത്യം.. സത്യം.. സത്യം.. ഈ ഇരിക്കുന്ന പ്രകാശ്‌ ആണേ സത്യം..”
അതും പറഞ്ഞു ഞാന്‍ പുറത്തേക്കു.. പ്രകാശ്‌ എന്‍റെ പിറകില്‍ ഓടി വന്നു..
“ടാ.. നിനക്കപ്പോ അവളോട്‌ പ്രണയം പറയാനുള്ള പരിപാടിയൊന്നുമില്ല അല്ലെ??” അവന്‍ ചോദിച്ചു..
“അതെന്താ നീ അങ്ങനെ ചോദിച്ചത്??”
“അല്ല.. നീ എന്നെ പിടിച്ചു സത്യം ചെയ്തപ്പോള്‍ അതേകദേശം എനിക്ക് മനസ്സിലായി..”
“ഇതാ നിന്‍റെ കുഴപ്പം.. ബുദ്ധിയില്ലേലും ഇത് പോലുള്ള കാര്യം പെട്ടെന്ന് മനസിലാക്കും.. പക്ഷെ ഇത് അത് പോലല്ല.. അടുത്ത വെള്ളിയാഴ്ച ഞാന്‍ അവളോട്‌ പറഞ്ഞിരിക്കും.. വീണ്ടും സത്യം.. സത്യം.. സത്യം.. നീയാണെ സത്യം..”
അതും പറഞ്ഞു ഞാന്‍ സ്ലോ മോഷനില്‍ ക്ലാസ്സിലേക്ക്..

അടുത്ത വെള്ളിയാഴ്ച… ജീവിതത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ ഒരു ദിവസം..
രാവിലെ കുളിച്ചൊരുങ്ങി കാമ്പസിലേക്ക്‌..
കാമ്പസില്‍ കാലു കുത്തിയതും ഒരു രൂപം എന്നെ നോക്കി പുഞ്ചിരി തൂകി..
ചുവന്ന പാന്റും ചുവന്ന ഷര്‍ട്ടും പിന്നെ കയ്യില്‍ ഒരു ചുവന്ന റോസാ പൂവുമായി ഒരു അവശ രൂപം.. നമ്മുടെ കഥാ നായകന്‍, ആരോമല്‍ ചേകവര്‍..
“എന്തുവാടാ ഇത്.. നിന്നെ ആരേലും പിടിച്ചു ചാവ് കടലില്‍ മുക്കിയെടുത്തോ?? മൊത്തം ഒരു ചുവപ്പ് മയം..”
“ഇന്ന് നീയെന്‍റെ പ്രണയം തുറന്നു പറയുന്ന ദിവസമല്ലേ.. ചുവപ്പ് പ്രണയത്തിന്‍റെ നിറമാ..”
“ഇത് കണ്ടാല്‍ ചുവപ്പ് വട്ടിന്‍റെ നിറമാണെന്നേ ആരും പറയൂ.. ഏതായാലും ഞാന്‍ പോയി അവളോട്‌ പറഞ്ഞിട്ട് വരാം.. നീ ഇവിടെ നിക്ക്..”
“അത് വേണ്ട.. അവള്‍ മറുപടി പറയുന്നത് എനിക്ക് കൂടി കേള്‍ക്കണം.. അവളുടെ വാക്കുകള്‍ മറഞ്ഞു നിന്ന് കേട്ട് എനിക്ക് തരംഗ പുളകിതനാവണം… ”
“എന്താവണമെന്ന്???”
“അതൊക്കെ ഒരു സംഭവമാ.. അത് ഞാന്‍ നിന്നോട് പിന്നെ പറയാം…”
“നീ തല്‍ക്കാലം തരംഗ പുളകിതനാവണ്ട.. അങ്ങനെയവേണ്ട സമയമാകുമ്പോള്‍ നിന്നെ ഞാന്‍ വിളിക്കാം.. ”
മനസില്ലാ മനസ്സോടെ അതവന്‍ സമ്മതിച്ചു..
പ്രകാശിനെയും കൂട്ടി ഞാന്‍ ക്ലാസ്സിലേക്ക്..
ക്ലാസ്സിലെതും മുമ്പ് അവളെന്‍റെ മുന്നില്‍ ..
വിറയാര്‍ന്ന കാലുകളോടെ, ഞാന്‍ അവളിലേക്ക്‌ നടന്നടുത്തു..
“ഷംനാ.. എനിക്കൊരു കാര്യം പറയാനുണ്ട്..”
“എന്താ??”
“ഞാനൊരു സത്യം പറഞ്ഞാല്‍ നീ പിണങ്ങുമോ???”
(അയ്യേ.. പൈങ്കിളി.. എന്നാലും കുഴപ്പമില്ല.. ഒരു നല്ല കാര്യത്തിനല്ലേ.. ഞാനങ്ങു സഹിച്ചു…)
“എന്താടാ??”
“അത്…അത്.. എനിക്ക്.. എനിക്ക്…”
“നിനക്ക്..???”
“എനിക്ക്..”
“നിനക്ക്???”
“എനിക്ക്…”
” ‘എനിക്ക്’ ‘എനിക്ക്’ എന്ന് ഇമ്പോസിഷന്‍ പറഞ്ഞു കളിക്കാതെ വന്ന കാര്യം പറയെടാ പട്ടി…” പ്രകാശ്‌ എന്‍റെ ചെവിയിലായ് പറഞ്ഞു..
പിന്നെ ഞാനൊന്നും നോക്കിയില്ല.. ശരീരത്തില്‍ അവിടെയും ഇവിടെയുമൊക്കെ ചിതറി കിടക്കുന്ന സകല ധൈര്യവും മനസ്സില്‍ ആവാഹിച്ചു ഞാനാ സത്യം വിളിച്ചു പറഞ്ഞു..
“എനിക്ക് ശംനയെ ഒരുപാടിഷ്ടമാണ്.. ഐ ലവ് യു..!!!!”
ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കി..
അവള്‍ ഞെട്ടിയില്ല.. പക്ഷെ എന്‍റെ കൂടെയുണ്ടായിരുന്ന പ്രകാശ്‌ ഞെട്ടി.. വീണ്ടും വീണ്ടും ഞെട്ടി..
“ഞെട്ടിയത് മതിയെടാ പട്ടി…” അവന്റെ ഞെട്ടല്‍ കണ്ടു ഞെട്ടിയ ഞാന്‍ പറഞ്ഞു..
“ചതിയന്‍ ചന്തു.. !!!” അവന്‍ തിരിച്ചടിച്ചു..
ഞാന്‍ അത് കേള്‍ക്കാതെ അവളുടെ മറുപടിക്കായ് കാതോര്‍ത്തു..
നാണത്തോടെ അവള്‍ മറുപടി പറഞ്ഞു തുടങ്ങി..
“എനിക്കും!!!…”
“നിനക്കും??? ”
“എനിക്കും!!!…”
“നിനക്കും??? ”
“എനിക്കും ഫായിസിക്കയെ ഒരുപാടിഷ്ടമാണ്..”
അത് കേട്ടതും എന്നില്‍ രോമാഞ്ചം.. നാണത്താല്‍ ഞാന്‍ കാലുകള്‍ കൊണ്ട് കളം വരച്ചു..!!!

പെട്ടെന്നെന്തോ മുരള്‍ച്ച.. പ്രകാശാവും..
ഞാന്‍ അവനിലേക്ക്‌ നോക്കി.. അല്ല.. അവനല്ല..
അവനു ചലനമേ ഇല്ല.. പിന്നെയല്ലേ മുരള്‍ച്ച.. പിന്നെ അതാര്..???
ചുവരിന്റെ അപ്പുറത്ത് നിന്നാണെന്ന് തോന്നുന്നു.. ഞാന്‍ അങ്ങോട്ട്‌ നോക്കി..
എന്‍റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാനായില്ല..
കയ്യില്‍ റോസാപൂ ചമ്മന്തിയുമായി ചുവന്ന ഒരു ജന്തു എന്നിലേക്ക്‌ ഓടി വരുന്നു..
കാവിലമ്മേ.. ഇതവന്‍ തന്നെ.. ആരോമല്‍.. എന്‍റെ തല എടുക്കാനുള്ള വരവാ..

“ഇക്കാക്ക്‌ ഇപ്പൊ എന്ത് തോന്നുന്നു???”
കാര്യമറിയാതെ അവള്‍ നാണത്തോടെ എന്നോട് ചോദിച്ചു..
“എന്താ??”
“ഞാന്‍ ഇഷ്ടമാന്നു പറഞ്ഞ ഈ നിമിഷം ഇക്കാക്ക്‌ എന്ത് തോന്നുവെന്നു..??”
“എനിക്കോടാന്‍ തോന്നുന്നു..” എന്നിലേക്ക്‌ ഓടിയടുക്കുന്ന ആരോമലിനെ നോക്കിയാണ് ഞാന്‍ മറുപടി പറഞ്ഞത്..
“ഓടാനോ??”
“അതെ.. ഓടാന്‍.. നിനക്കെന്നോട് ഇഷ്ടമാണെന്ന് പറയുന്ന ദിവസം ക്യാമ്പസ്സിനു ചുറ്റും രണ്ടു റൌണ്ട് ഓടിക്കോളം എന്നൊരു നേര്‍ച്ചയുണ്ടായിരുന്നു.. നേര്‍ച്ച കഴിഞ്ഞു ഞാന്‍ ജീവിച്ചിരിപ്പുണ്ടെല്‍ ഉച്ചക്ക് കാണാം… ”
അതും പറഞ്ഞു ഞാന്‍ ജീവനും കൊണ്ടോടി.. എന്‍റെ തൊട്ടു പിറകിലായ്‌ പ്രകാശ്‌.. അതിന്‍റെ പിറകിലായ്‌ ചുവന്ന രൂപി..
“എത്ര മനോഹരമായ ആചാരം..എത്ര മനോഹരമായ നേര്‍ച്ച.. ” അവള്‍ മനസ്സില്‍ വിചാരിച്ചു കാണും..

അല്ലേലും ഓട്ടത്തില്‍ ഞാന്‍ പണ്ടേ വീക്കാ…
ഇന്നിപ്പോ ഓടിയില്ലേല്‍ വീക്കാ..
എന്തായാലും ഗ്രൌണ്ട് വരെ ഓടാന്‍ കഴിഞ്ഞു.. അവിടെ പിടിക്കപ്പെട്ടു..
ഇനി എന്തും സംഭവിക്കാം..
“അളിയാ.. തല്ലരുത്.. എല്ലാം പറഞ്ഞു തീര്‍ക്കാം..”
ചന്തുവിന്‍റെ കിതപ്പോടെയുള്ള ദീനരോദനം..
“അതേടാ.. തീര്‍ക്കാം.. നിന്നെ ഇന്ന് തന്നെ തീര്‍ക്കാം.. ചതിയാ..”
“ചതിയന്‍ ചന്തുവിന്‍റെ കൊടും ക്രൂരതകളെ കുറിച്ച് നിനക്കെന്തറിയാം??” ഞാന്‍ വീണ്ടും ചന്തുവാകാന്‍ ശ്രമിച്ചു.. പക്ഷെ ഇത്തവണ ആരോമല്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല..
“ഫാ.. നിര്‍ത്തെടാ പട്ടി.. ഇന്നെല്ലാം ഞാന്‍ അറിയിച്ചു തരാം..”
ആരോമല്‍ ചേകവരുടെ രോഷം അണപൊട്ടിയൊഴുകി..
വെട്ടും കുത്തും എത്ര കിട്ടി എന്നെണ്ണാന്‍ പറ്റിയില്ല..
എന്തായാലും അടിയേറ്റു വീണവനെ പിന്നേം അടിക്കരുത് എന്ന യുദ്ധ സമവാക്യം അവന്‍ പാലിച്ചു.. മാന്യനായ പോരാളി..
അത്കൊണ്ട് തന്നെ ഞാന്‍ ചത്തില്ല..

അല്പം കഴിഞ്ഞപ്പോള്‍ ഞാന്‍ എണീറ്റു..
“അളിയാ.. നീ എന്നോട് ക്ഷമി.. അവളോട്‌ ഇത്രേം നാള് ഇടപെട്ടപ്പോ എനിക്ക് സത്യായും അവളെ ഇഷ്ടമായി പോയി.. അവള്‍ക്കെന്നെയും.. ഇനി ഞാന്‍ നിന്‍റെ സ്നേഹം തുറന്നു പറഞ്ഞിട്ടും കാര്യമൊന്നുമുണ്ടാവില്ല എന്നറിഞ്ഞത് കൊണ്ടാ ഞാന്‍ പറയാതിരുന്നത്.. ” ഞാന്‍ കുമ്പസരിച്ചു തുടങ്ങി..
“നീ ഒരക്ഷരം മിണ്ടരുത്.. കൊന്നു കളയും നിന്നെ ഞാന്‍..”
“ഞാന്‍ ഏതക്ഷരം മിണ്ടാതിരുന്നിട്ടും കാര്യമില്ല.. നിനക്ക് വേണമെങ്കില്‍….!!! ” ഞാന്‍ പകുതിക്ക് വെച്ച് നിര്‍ത്തി…
“വേണമെങ്കില്‍….???”
“വേണമെങ്കില്‍…!!!!” വീണ്ടും നിര്‍ത്തി..
ഞാന്‍ നിര്‍ത്തിയിടത്ത് നിന്നും പ്രകാശ്‌ തുടര്‍ന്നു..
“നിനക്ക് വേണമെങ്കില്‍ ഇവന്‍റെ ഉണ്ണിയാര്‍ച്ചയെ നീ എടുത്തോ എന്ന്..”
ഞാന്‍ അത്ഭുതത്തോടെ പ്രകാശിനെ നോക്കി.. ‘നീ എത്ര മഹാന്‍.. എന്‍റെ മനസ് നീ വായിച്ചല്ലോ’ എന്നര്‍ത്ഥത്തില്‍..
പ്രകാശ്‌ എന്നേം തിരിച്ചു നോക്കി.. ‘നിന്നെ ഞാന്‍ ഇന്നും ഇന്നലെയും കാണാന്‍ തുടങ്ങിയതല്ലല്ലോ ‘ എന്നര്‍ത്ഥത്തില്‍..
“അതേടാ.. ഞാന്‍ കാര്യമാ പറഞ്ഞത്.. നീ വേണേല്‍ അവളെ എടുത്തോ..” ഞാന്‍ പറഞ്ഞു..
“അതിനു അവള്‍ സമ്മതിക്കുമോ???”
‘അവളല്ലേല്‍ അവളുടെ അനിയത്തി എന്ന വിശാല ചിന്താഗതിയില്‍ ‘ ചിന്തിക്കുന്നത് കൊണ്ട് തന്നെ അവന്‍ തിരിച്ചു ചോദിച്ചു…
“സമ്മതിക്കും.. ഇല്ലേല്‍ ഞാന്‍ സമ്മതിപ്പിക്കും.. ഉറപ്പാ..”
“ഈ കഴിഞ്ഞ ഉറപ്പു പോലോതെ ഉറപ്പു തന്നെയാണോ??”
“അല്ല…. ഇത് ശരിക്കുള്ള ഉറപ്പു.. ”
ഞാന്‍ വാക്ക് കൊടുത്തു..
അവന്‍ സമാധാനത്തോടെ തിരിച്ചു പോയി..
“നീ സകല കാമുകന്മാര്‍ക്കും ഒരു മാതൃകയാണെടാ.. !!! എന്നാലും നിന്‍റെ ഉണ്ണിയാര്‍ച്ച ഇവനെ പ്രേമിക്കാന്‍ സമ്മതിക്കുമോ??” പ്രകാശ്‌ ചോദിച്ചു..
“ഒരു ചിക്കന്‍ ബിരിയാണി വാങ്ങിച്ചു കൊടുത്താല്‍ അവനെയല്ല നിന്നെ പോലും അവള്‍ പ്രേമിക്കും.. പിന്നാ…”
“കാന്റീനില്‍ ചിക്കന്‍ ബിരിയാണി ഒരുപാടു ചിലവാകുന്ന ലക്ഷണങ്ങള്‍ കാണുന്നുണ്ട്..”
“അതെന്താ നീ അങ്ങനെ പറഞ്ഞത്..??”
“അല്ല.. നീ വേറൊരുത്തിയെ കാണുമ്പോള്‍ ഇപ്പോള്‍ കിട്ടിയവളെയും ഇത് പോലെ വിടത്തില്ല എന്നെന്താ ഉറപ്പു???”
“അതില്ല.. കാരണം അവളെ ഞാന്‍ സ്നേഹിച്ചത് ഒരു ടൈം പാസ്സിന് വേണ്ടി മാത്രമായിരുന്നു.. പക്ഷെ ഇവളെ സ്നേഹിക്കുമ്പോള്‍ ടൈം ഒരിക്കലും പാസ്‌ ചെയ്യരുതേ എന്ന് മാത്രമാ ഞാന്‍ ആഗ്രഹിക്കുന്നത്..ഇനിയാണ് യദാര്‍ത്ഥ പ്രണയം തുടങ്ങുന്നത്…”
“ഉവ്വുവ്വേ..”
“സത്യായിട്ടും.. ചതിയന്‍ ചന്തു ഇനി ചതിക്കാത്ത ചന്തു ആകാന്‍ പോകുന്നു.. ഇത് സത്യം.. സത്യം.. സത്യം.. നീയാണെ സത്യം…”
“കാവിലമ്മേ.. എന്നെ കാത്തോളണേ….”അവന്‍ മനമുരികി പ്രാര്‍ത്ഥിച്ചു..
“ആരെങ്കിലുമൊക്കെ ആയി നിന്ന കാത്താല്‍ മതിയായിരുന്നു…” ഞാനും മനമുരുകി പ്രാര്‍ത്ഥിച്ചു..

കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ കണ്ണൂരില്‍ നിന്നും പുറപ്പെടുന്ന വണ്ടിയില്‍ കയറിയാല്‍ മതി..