Share The Article

01

അപൂര്‍വ്വമായൊരു പ്രതിഭാസത്തെ കുറിച്ചാണ് നമ്മളിവിടെ ചര്‍ച്ച ചെയ്യുവാന്‍ പോകുന്നത്. ഒന്ന്, കേവലം രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് ഒക്ടോബര്‍ ആദ്യവാരത്തിലാണ് പാട്ടുകേള്‍ക്കാനായ് ഒരു ‘ടേപ്പ് റെക്കോര്‍ഡര്‍’ പോലുമില്ലാത്ത, ദാരിദ്ര്യം കൊടികുത്തിയ പൊട്ടിപ്പൊളിഞ്ഞ ചുമരുകളുള്ള ഒരു വീട്ടിലെ അടുക്കള ഭാഗത്ത് നിന്നും ഒരു തന്റെ മകനെയും ഒക്കത്തിരുത്തി തനിക്കു നേരെ ചൂണ്ടിയ ഒരു മൊബൈലിലേക്ക് നോക്കി പാടിയ പാട്ട് ചന്ദ്രലേഖ അടൂര്‍ എന്ന് പേരുള്ള ആ യുവതിയെ യൂട്യൂബില്‍ താരമാക്കി മാറ്റുന്ന കാഴ്ചയാണ് നമ്മള്‍ പിന്നീടു കണ്ടത്. സത്യത്തില്‍ ഒരു വര്‍ഷം മുന്‍പാണ് ഈ വീഡിയോ റെക്കോര്‍ഡ്‌ ചെയ്യപ്പെട്ടതെങ്കിലും രണ്ടു മാസങ്ങള്‍ക്ക് മുന്‍പാണ് ആ വീഡിയോ ശ്രദ്ധിക്കപ്പെടുന്നതും വൈറലാകുന്നതും.

യൂട്യൂബില്‍ നിന്നും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആ വാര്‍ത്ത‍ ഏറ്റെടുക്കുകയും തങ്ങളാണ് ആദ്യം നല്‍കിയത് എന്ന് പറയാന്‍ മത്സരിക്കുകയും പിന്നീടു ഫേസ്ബുക്കിലൂടെ സാധാരണ ജനം അതേറ്റെടുത്ത് വൈറലാക്കി മാറ്റുന്ന കാഴ്ചയും നമ്മള്‍ കണ്ടു. യാതൊരു വിധത്തിലുള്ള റിയാലിറ്റി ഷോകളിലും പങ്കെടുക്കാതെ പെട്ടെന്ന് ഒരു ദിനം ഉയര്‍ന്നു വന്ന ചന്ദ്രലേഖ ഇന്ന് ചാനലുകളില്‍ ചാനലുകളിലേക്ക് താരമായി വളര്‍ന്നു പന്തലിച്ചു കൊണ്ടിരിക്കുകയാണ്. മലയാളികള്‍ ഏറ്റവും ആദരിക്കുന്ന ഒരു ഗായികയായി മാറിയിരിക്കുകയാണ് ചന്ദ്രലേഖ ഇപ്പോള്‍ . അവരുടെ വളര്‍ച്ച കാണണമെങ്കില്‍ ഫേസ്ബുക്ക് പേജ് നോക്കിയാല്‍ മതി, ദിവസങ്ങള്‍ കൊണ്ടാണ് ഒന്നര ലക്ഷം ലൈക്കുകള്‍ ആ പേജ് നേടിയെടുത്തത്.

ചന്ദ്രലേഖയുടെ പോലെ തന്നെയാണ് ഡല്‍ഹിയില്‍ മാജിക് കാണിച്ച ആം ആദ്മി പാര്‍ട്ടിയുടെയും വളര്‍ച്ച. ഒരു വര്‍ഷത്തോളം അഴിമതിക്കെതിരെയും ജന ലോക്പല്‍ ബില്‍ പാസാക്കുന്നതിന് വേണ്ടിയും സമരം നടത്തിയ അവരെ അധികമാരും മൈന്‍ഡ് ചെയ്തിരുന്നില്ല. എന്നാല്‍ അവര്‍ കൃത്യമായ റൂട്ട് വര്‍ക്കിലായിരുന്നു എന്നറിയാന്‍ നമുക്ക് ഡല്‍ഹി തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വന്നു. എത്ര മാത്രം ശക്തമായ പ്രവര്‍ത്തനങ്ങള്‍ ചെയ്താണ് അവര്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ തറ പറ്റിച്ചത് എന്നറിയാന്‍ കോണ്‍ഗ്രസിന്റെ പതനം തന്നെയാണ് സാക്ഷി. സാധാരണ ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് കൊണ്ട് അവരുടെ പ്രശ്നങ്ങള്‍ പരിഹരിച്ചും പരിഹരിക്കാന്‍ കഴിയാത്തത് സമരങ്ങളിലൂടെ മറ്റും നേടിയെടുത്തും യുവ മനസ്സുകളില്‍ അവര്‍ കയറി കൂടുകയായിരുന്നു.

ചന്ദ്രലേഖക്ക് യൂട്യൂബ് വീഡിയോ ആണ് രക്ഷയായതെങ്കില്‍ ആം ആദ്മിക്ക് ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലമാണ് അവരെ വന്‍ വളര്‍ച്ചയിലേക്ക് എത്തിച്ചിരിക്കുന്നത്. നമ്മുടെ കൊച്ചു കേരളത്തില്‍ അടക്കം സോഷ്യല്‍ മീഡിയ തുറന്നാല്‍ ആം ആദ്മിയല്ലാതെ മറ്റൊന്നും കാണാനില്ല എന്ന് തന്നെ പറയാം.

മലയാളികള്‍ എന്നും മനസ്സുകളില്‍ നന്മയുള്ളവര്‍ ആണ്. എന്തിനെയും നോക്കി പഠിച്ചു മാത്രമേ അവര്‍ ഒരു തീരുമാനം എടുക്കുകയുള്ളൂ. അതില്‍ ഒരു തര്‍ക്കവും ഇല്ല. അതാണ് ആം ആദ്മി കേരള ഘടകത്തിന്റെ മുന്നിലുള്ള വെല്ലു വിളിയും ആം ആദ്മിക്ക് കേരളത്തില്‍ ലഭിച്ച വേരോട്ടവും അവരുടെ കേരള ഘടകത്തിന്റെ ഫേസ്ബുക്ക് പേജിനു ലഭിച്ച വന്‍ വളര്‍ച്ചയും നിരീക്ഷിക്കുമ്പോള്‍ നമുക്കൊരു കാര്യം ബോധ്യമാകും, മലയാളികള്‍ ആം ആദ്മിയെ നെഞ്ചിലേറ്റിയിരിക്കുന്നു. ലോകത്തില്‍ ആദ്യമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ കൊണ്ട് വന്ന ചരിത്രമുള്ള മലയാളികള്‍ ഇനി മറ്റൊരു ചരിത്രം സൃഷ്ടിക്കുവാന്‍ ഒരുങ്ങുകയാണ് എന്ന് വേണം കരുതുവാന്‍ . കള്ളവും ചതിയുമില്ലാത്ത മാവേലി നാട്ടില്‍ ജീവിച്ചിരുന്ന ഒരു പാരമ്പര്യം നമുക്ക് ഉണ്ടായിരുന്നു എന്നാണല്ലോ ഐതിഹ്യം!

സിനിമ, രാഷ്ട്രീയം എന്നിവ ലഹരിയാക്കിയ കേരളത്തിലെ ഒരു പാവം ബ്ലോഗ്ഗര്‍