Share The Article

chirakodinja-kinavukal-malayalam-movie-first-look76

മലയാളത്തില്‍ പുതുമ ഉണ്ടാകുന്നില്ല, വെറൈറ്റി വേണമെങ്കില്‍ അങ്ങ് തമിഴിലേക്കും ഉഗാണ്ടയിലേക്കും നോക്കു എന്നും പറഞ്ഞു നെഞ്ചത്തടിച്ചു കരയുന്നവര്‍ തീര്‍ച്ചയായും ഓടി പോയി ടിക്കറ്റ് എടുത്തു കണ്ടിരിക്കേണ്ട ചിത്രമാണ് ചിറകൊടിഞ്ഞ കിനാവുകള്‍ .

സിനിമയുടെ ടൈറ്റില്‍ എഴുതി കാണിക്കുന്നതു മുതല്‍ അവസാനിക്കുന്നിടത്ത് വരെ ഇത്ര അധികം പുതുമ കൊണ്ട് വന്ന സിനിമ മലയാളത്തില്‍ വേറെ ഉണ്ടായിട്ടില്ല എന്ന് പറയാം. ഈ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഗോഡ് ഫാദര്‍ മുതല്‍ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി വരെയുള്ള സിനിമകള്‍ നമ്മുടെ മനസ്സിലേക്ക് കടന്നുവരും.മലയാള സിനിമയുടെ ഒരു കോക്ക് ടെയില്‍ എന്ന് ഈ സിനിമയെ വിശേഷിപ്പിക്കാം.

സിനിമയിലെ അണിയറ പ്രവര്‍ത്തകരുടെ അപ്പൂപ്പന്മാര്‍ക്ക് വരെ നന്ദി വെക്കുന്ന പ്രവണതയെ കളിയാക്കിക്കൊണ്ട് കാശ് മുടക്കി തിയേറ്ററില്‍ ഇരിക്കുന്ന പ്രേഷകന് നന്ദി എഴുതി കാണിച്ചത് മുതല്‍ തുടങ്ങുന്നു കയ്യടിക്കാനുള്ള അവസരം.

നോവലിസ്റ്റ് അംബുജാക്ഷന്‍ ചിറകൊടിഞ്ഞ കിനാവുകള്‍ ന്യൂ ജനറേഷന്‍ സ്‌ക്രിപ്റ്റ് ആക്കി ഒരു സംവിധകനെയും നിരമാതാവിനെയും  പറഞ്ഞു കേള്‍പ്പിക്കുന്നിടതാണ് സിനിമ തുടങ്ങുന്നത്

പിന്നീടങ്ങോട്ട് സിനിമയെ ഫോളോ ചെയ്യുന്ന പ്രേഷകന് പൊട്ടിച്ചിരിക്കാനുള്ള ഒരു വലിയ വിരുന്നൊരുക്കിയിട്ടുണ്ട് സംവിധായകന്‍.

മെഡിക്കല്‍ സയന്‍സിനു ചെയ്യാന്‍ കഴിയാവുന്നതൊക്കെ ഞാന്‍ ചെയ്തു എന്ന് പറയുന്ന ഡോക്ടര്‍,വരിക്കാശ്ശേരി മനയിലെ സ്ഥിരം മാടമ്പി , നായകന്റെ കൂട്ടുകാരന്‍ ആയ പോലീസ് കമ്മിഷണര്‍,  നായകന്റെ മണ്ടന്‍ ആയ കൂട്ടുകാരന്‍, പണക്കാരന്‍ ആയ ഡാഡി, തുടങ്ങി അങ്ങനെ ക്ലീഷേക്കാരുടെ ഒരു നീണ്ട ലിസ്റ്റ് തന്നെ ഉണ്ട് സിനിമയില്‍..

ചാകോച്ചനും റിമ കല്ലിങ്ങലും ജോയ് മാത്യു വും ഉള്‍പ്പടെ കുറച്ചു നേരം മാത്രം വന്നു പോകുന്ന സൈജു കുറുപ്പും മാഫിയ ശശിയും വരെ അവരവരുടെ റോളുകളില്‍ തിളങ്ങി.

മലയാള സിനിമയെ നന്നായി നിരീക്ഷിക്കുന്ന തിരക്കഥാകൃതുക്കള്‍ക്കും ഒരു മിനുട്ട് പോലും ബോറടിപ്പിക്കാതെ ആദ്യ സിനെമയോരുക്കിയ സംവിധായകനും മലയാള സിനിമയുടെ വാഗ്ദാനങ്ങള്‍ ആണ്.

പക്ഷെ സിനിമ ലക്ഷ്യം വെയ്ക്കുന്ന പ്രേഷകരുടെ എണ്ണം വളരെ കുറവാണെന്നത് സിനിമയുടെ ബോക്‌സ് ഓഫീസ് ഭാവിയെ ബാധിക്കും എന്ന് തോന്നുന്നു. പല രംഗങ്ങള്‍ക്കും തിയേറ്ററില്‍ പൊട്ടിച്ചിരിക്കുന്നത് ഞാന്‍ അടങ്ങുന്ന ചെറിയ ഒരു വിഭാഗം പ്രേഷകര്‍ ആയിരുന്നു. എല്ലാവര്ക്കും എല്ലാം മനസ്സിലായികൊള്ളണം എന്നും ഇല്ല .

ഉദാഹരണത്തിന് , ഇതില്‍ ലാലു അലക്‌സ് സ്വത്ത് വിവരങ്ങള്‍ അവതരിപ്പിച്ച ശേഷം ഇതില്‍ കൂടുതല്‍ വേണമെങ്കില്‍ 2 മിനുട്ട് സമയം തന്നാല്‍ മതി എന്ന് പറയുന്നുണ്ട് . അപ്പൊ സ്വാഭാവികമായും ആറാം തമ്പുരാനിലെ സായി കുമാറിന്റെ 250 കോടിയുടെ കണക്കാണ് ഓര്‍മ്മ വരിക .

പക്ഷെ എല്ലാവര്ക്കും അങ്ങനെ ഓര്‍മ്മ വന്നുകൊള്ളണം എന്നില്ല.
എന്തായാലും മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത സ്പൂഫ് സിനിമ ഒരുക്കിത്തന്ന അണിയറപ്രവര്‍ത്തകര്‍ക്ക് നന്ദി.

നിങ്ങള്‍ ഒരു നല്ല സിനിമാ ആസ്വാദകന്‍ ആണെങ്കില്‍, സിനിമയെ നിരീക്ഷിക്കുന്ന ആളാണെങ്കില്‍ , ഒരിക്കലും മിസ്സ് ആക്കരുത് ഈ സിനിമ