Share The Article

hartal
വാര്‍ത്തകളെ വിശ്വസിക്കാമെങ്കില്‍ ബി.ജെ.പി പ്രഖ്യാപിച്ച ഇന്നത്തെ ( 2015 ജനുവരി 27) ഹര്‍ത്താല്‍ പൊതുവെ സമാധാന പരം ആയിരുന്നു. കേന്ദ്രത്തിലെ അധികാര ലബ്ധിയുടെ ഒരു സ്വാഭാവിക അഹങ്കാരം ചിലരെങ്കിലും പ്രതീക്ഷിച്ചതുപോലെ ഹര്‍ത്താലില്‍ ഉണ്ടാകാത്തത് ആശ്വാസകരം. ഒരു പ്രതിഷേധ രീതി എന്ന നിലയില്‍ ഹര്‍ത്താലിനോട് എതിര്‍പ്പില്ല. പക്ഷെ അത് സമാധാനപരമായിരിക്കണം. ജനാധിപത്യപരമായിരിക്കണം. ഹര്‍ത്താല്‍ എന്നതില്‍ അല്പം ഭയപ്പെടുത്തലും ജനാധിപത്യ വിരുദ്ധതയും നിയമ വിരുദ്ധതയും ഉണ്ടെന്നത് കാണാതിരിക്കുന്നില്ല. അതുകൊണ്ടു തന്നെ കടുത്ത പ്രതിഷേധങ്ങള്‍ പ്രകടിപ്പിക്കാനാകണം ഹര്‍ത്താലുകള്‍. തൊട്ടതിനും പിടിച്ചതിനും ഹര്‍ത്താല്‍ നടത്തിയാല്‍ ഹര്‍ത്താലിന്റെ വില പോകും.

പണ്ടത്തെ പോലെ റോഡ് നീളെ പാറകളും മറ്റും പറക്കി വച്ച് റോഡ് ബ്ലോക്ക് ചെയ്യുന്ന രീതിയ്ക്ക് ഇപ്പോള്‍ കുറവുണ്ട്. മുന്‍കാലത്ത് പോലീസുകാര്‍ക്ക് ഹര്‍ത്താല്‍ ദിവസം ഈ പാറകള്‍ പറക്കി മാറ്റാനേ സമയമുണ്ടായിരുന്നുള്ളൂ. തെന്നിയോ തെറിച്ചോ ഓടുന്ന വാഹനങ്ങള്‍ക്കു നേരെ പതിയിരുന്ന് കല്ലെറിയുന്ന സമ്പ്രദായത്തിനും കുറവു വന്നിട്ടുണ്ട്. അതും ആശ്വാസകരമാണ്. ഇപ്പോള്‍ ഹര്‍ത്താലുകള്‍ ആര് ആഹ്വാനം ചെയ്താലും ആളുകള്‍ അത് പൊതുവെ സ്വീകരിച്ച് ഒരു അവധി ദിവസമായി അഘോഷിക്കുന്നതായാണ് കാണുന്നത്. ഈ സമര രൂപം വേണോ വേണ്ടയോ എന്ന നിലയില്‍ നടന്ന ചര്‍ച്ചകള്‍ ആയിരിക്കാം ഒരു പക്ഷെ ഹര്‍ത്താലുകളുടെ കാര്‍ക്കശ്യത്തെ കുറച്ചിട്ടുള്ളതെങ്കില്‍ അത് നല്ലതുതന്നെ. പക്ഷെ പൊതുവില്‍ സി.പി.ഐ.എമ്മും ഇടതുപക്ഷവും ഹര്‍ത്താല്‍ നടത്തുമ്പോഴാണ് പൊതുവെ ഹര്‍ത്താല്‍ വിരുദ്ധ ശബ്ദങ്ങള്‍ കൂടുതല്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. മാധ്യമങ്ങളും ഹര്‍ത്താല്‍ വിരുദ്ധ പ്രചരണം ആഘോഷിക്കുക ഇടതുപക്ഷം ഹര്‍ത്താല്‍ നടത്തുമ്പോഴാണ്.

മുമ്പ് എല്‍.ഡി.എഫിന്റെ ഒരു ക്ലിഫ് ഹൗസ് ഉപരോധത്തിനിടയില്‍ ചെന്ന് ബഹളമുണ്ടാക്കി വാര്‍ത്താ പ്രാധന്യം നേടിയ സന്ധ്യ എന്ന സ്ത്രീയ്‌ക്കെതിരെ ഈയുള്ളവന്‍ രൂക്ഷ വിമര്‍ശനം നടത്തിയിട്ടുണ്ട്. ‘പൊതുജനം സന്ധ്യ’ എന്നാണ് അവരെ വിശേഷിപ്പിച്ചതു തന്നെ. അവരുടെ പ്രതിഷേധത്തിന് അഞ്ചു ലക്ഷം രൂപാ പാരിതോഷികം പ്രഖ്യാപിച്ച കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയെയും ഈയുള്ളവന്‍ കണക്കിനു വിമര്‍ശിച്ചിരുന്നു. കാരണം കോണ്‍ഗ്രസ്സുകാരിയായ സന്ധ്യ എന്ന ആ സ്ത്രീയുടെ അന്ധമായ ഇടതുപക്ഷവിരോധത്തിന്റെ ഉള്‍പ്രേരണയാലാണ് അവര്‍ ക്ലിഫ് ഹൗസിന്റെ മുമ്പില്‍ വച്ച് അന്ന് ആ സീന്‍ ഉണ്ടാക്കിയത് എന്ന് ആര്‍ക്കും തോന്നിപ്പോകുന്ന വിധത്തിലായിരുന്നു അവരുടെ പെരുമാറ്റം. ആദരണീയരായ ഇടതുപക്ഷ നേതാക്കന്മാരോട് അവര്‍ തട്ടിക്കയറിയ ഭാഷ വളരെ മോശമായിരുന്നു. പ്രതിഷേധമായിരുന്നില്ല; നേതാക്കള്‍ക്കു നേരെ അധിക്ഷേപമാണ് അവര്‍ ചൊരിഞ്ഞത്.

രാഷ്ട്രീയമായ ഉള്‍പ്രേരണയാലുള്ള പ്രതിഷേധമായിരുന്നു അന്ന് അവരുടേതെന്നതുകൊണ്ടാണ് അവര്‍ക്കു നേരെ നമ്മള്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തിയതും. എന്നാല്‍ ഇന്നത്തെ ബി.ജെ.പി ഹര്‍ത്താലിനെതിരെയും ആ സന്ധ്യയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഒരു പ്രതിഷേധം നടന്നതായി കണ്ടു. റെയില്‍ വേസ്റ്റേഷനില്‍ വന്നിറങ്ങി വാഹനമില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് അവര്‍ വാഹന സൗകര്യം ഒരുക്കിക്കൊടുത്തതായും വാര്‍ത്തയില്‍ കണ്ടു. അന്ന് എല്‍.ഡി.എഫിന്റെ ഉപരോധത്തിനിടയില്‍ ചെന്നു കയറി പ്രതിഷേധിക്കാന്‍ കാട്ടിയ ധൈര്യം മറ്റു വല്ല പാര്‍ട്ടിക്കാരോ പ്രത്യേകിച്ച് ഹിന്ദുമുസ്ലിം വര്‍ഗീയ സംഘടനകളോ നടത്തുന്ന സമരത്തിനിടയില്‍ ചെന്നു കയറി കാണിക്കുമോ എന്നും അന്ന് ഈയുള്ളവന്‍ ചോദ്യം ഉന്നയിച്ചിരുന്നു.

എന്നാല്‍ ഇന്ന് ഫാസിസ്റ്റ്അക്രമ സ്വഭാവമുള്ള ബി.ജെ.പി നടത്തിയ ഹര്‍ത്താലിനെതിരെയും പരസ്യമായി പ്രതിഷേധിക്കാന്‍ അവര്‍ കാട്ടിയ ധൈര്യത്തെ മാനിക്കുന്നു. പക്ഷെ നളെ കോണ്‍ഗ്രസ്സുകാര്‍ ഹര്‍ത്താലോ ഉപരോധമോ മറ്റോ നടത്തുമ്പോഴും ഇതുപോലെ പ്രതിഷേധിക്കുകയാണെങ്കില്‍ അവരുടെ ആതാര്‍ത്ഥതയെ അംഗീകരിക്കും. അല്ലാതെ തനിക്ക് ഇഷ്ടപ്പെടാത്തവര്‍ ആരും ഹര്‍ത്താലും ഉപരോധവും മറ്റു സമരങ്ങളുമൊന്നും നടത്തിക്കൂടെന്നതാണ് സന്ധ്യയുടെ മനസിലിരിപ്പെങ്കില്‍ ഇനിയും വിമര്‍ശനങ്ങളുണ്ടാകും. ഉപരോധം ഹര്‍ത്താല്‍ ഇത്യാദികളൊക്കെ വേണോ വേണ്ടയോ എന്നതിനെ സംബന്ധിച്ച് അഭിപ്രായം പറയാനൊക്കെ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. അത് സന്ധ്യയ്ക്കുമുണ്ട്. പക്ഷെ അത് ഏതെങ്കിലും ഒരു കൂട്ടരോടുള്ള അസഹിഷ്ണുത പ്രകടിപ്പിക്കാനാകരുത്!