ചെങ്കടല്‍ ശോഭയോടെ ഇടത് സര്‍ക്കാരിന് തുടക്കം.

pinarayi-vijayan-photo-4

ലസ്ഥാനം പൂര്‍ണ്ണമായും ചുവപ്പണിഞ്ഞ ഒരുപകലിനൊടുവില്‍ അധികാരത്തിന്റെ ഇടത് സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെട്ടു. ജനസാഗരത്തെ സാക്ഷിയാക്കി പിണറായി വിജയന്റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ രൂപീകൃതമായി. എ.കെ.ജി. സെന്ററില്‍ 2 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് മന്ത്രിമാരുടെ വകുപ്പുകള്‍ ധാരണയായത്. അണികളുടെ അണമുറിയാത്ത ആവേശത്തില്‍ സെന്‍ട്രല്‍ സ്റ്റേഡിയം അക്ഷരാര്‍ത്ഥത്തില്‍ ചെങ്കടലായി. രാവിലെ മുതല്‍ സ്റ്റേഡിയത്തിലേയ്ക്ക് പ്രവര്‍ത്തകരുടെ പ്രയാണമാരംഭിച്ചിരുന്നു. ഏകദേശം രണ്ടുമണിയോടെ സെന്‍ട്രല്‍ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു. കാത്തിരിപ്പുകള്‍ക്കൊടുവില്‍ നിയുക്തമന്ത്രിമാരും, എംഎല്‍എമാരും വിശിഷ്ടാതിഥികളും എത്തിച്ചേര്‍ന്നതോടെ അണികളും ജനക്കൂട്ടവും ആവേശത്തിമിര്‍പ്പിലായി. മുദ്രാവാക്യങ്ങളുടെ ഇടിമുഴക്കങ്ങള്‍ക്കിടയില്‍ മൂന്നരമണിയോടെ ഇടത് സര്‍ക്കാരിന്റെ സമരനായകനും നിയുക്ത മുഖ്യമന്ത്രിയുമായ പിണറായി വിജയനുമെത്തി. വി.എസ്.അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി, കുഞ്ഞാലിക്കുട്ടി, സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട്, ദേവഗൗഡ തുടങ്ങിയ പ്രമുഖര്‍ മുന്‍നിരയില്‍ സ്ഥാനം പിടിച്ചു. മമ്മൂട്ടി, ദിലീപ്, മധു, കെ.പി.എ.സി.ലളിത, മധുപാല്‍ തുടങ്ങിയ താരനിരകളും, മതനേതാക്കളും, സാംസ്‌കാരിക പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതോടെ ആവേശം ഇരട്ടിയായി. 3.55 ന് ഗവര്‍ണ്ണര്‍ ചിദംബരം എത്തിച്ചേര്‍ന്നതോടെ സത്യപ്രതിഞ്ജാ ചടങ്ങുകള്‍ ആരംഭിച്ചു. ആഹ്ലാദത്താല്‍ ഇളകിമറിയുന്ന ചെങ്കടല്‍ സാക്ഷിയാക്കി പിണറായി വിജയനും നിയുക്ത മന്ത്രിമാരും സത്യപ്രതിഞ്ജ ചെയ്ത് സ്ഥാനമേറ്റെടുത്തു. ചടങ്ങുകള്‍ പൂര്‍ത്തിയായതോടെ സുരക്ഷാക്രമീകരണങ്ങള്‍ ഭേദിച്ച ജനക്കൂട്ടം ആവേശലഹരിയില്‍ വിപ്ലവാഭിവാദ്യങ്ങള്‍ മുഴക്കി ചടങ്ങ് വന്‍ ആഘോഷമാക്കിത്തീര്‍ത്തു. വലിയ പ്രതീക്ഷകളുടെ ഭാരമേകി അങ്ങനെ ഇടത് സര്‍ക്കാര്‍ ഭരണച്ചെങ്കൊടിയേറി.