Share The Article

1

കൊട്ടിഘോഷിച്ച് നടത്തിയ പ്രധാനമന്ത്രി ജന്‍ ധന്‍ യോജന കേവലം ഗിമിക്കായി മാത്രം ഒതുങ്ങുന്നു. സാധാരണക്കാരെ ലക്ഷ്യമാക്കി തുടങ്ങിയ പദ്ധതി പാതി വഴിയില്‍ കിതയ്ക്കുകയാണ്. പൊതുമേഖലാ ബാങ്കുകളില്‍ വന്‍ ആനുകൂല്യങ്ങളൊടെ സീറോ ബാലന്‍സ് അക്കൗണ്ട് എന്ന വാഗ്ദാനമായിരുന്നു ധന്‍ യോജന പദ്ധതിയിലൂടെ മോദി ഗവണ്മെന്റ് മുന്നോട്ട് വെച്ചത്. എന്നാല്‍ പദ്ധതി നടത്തിപ്പ് താറുമാറായതോടെ പ്രശ്‌നങ്ങളില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഇടപ്പെട്ടിരിക്കുകയാണ്.

10 കോടി ധന്‍ യോജന ബാങ്ക് ആക്കൗണ്ടുകള്‍ തുറന്നെന്ന് പ്രധാനമന്ത്രി മോദി വാദിക്കുമ്പോള്‍ തുറന്ന ഭൂരിപക്ഷം അക്കൗണ്ടുകളും മാറാല പിടിച്ചു തുടങ്ങി.

എന്താണ് പ്രധാനമന്ത്രി ധന്‍ ജന്‍ ധന്‍ യോജന ?

ഒരു കുടുംബത്തില്‍ ചുരുങ്ങിയത് ഒരു ബാങ്ക് അക്കൗണ്ടെങ്കിലും ഉണ്ടായിരിക്കണമെന്ന ലക്ഷ്യത്തോടെ 2014 ല്‍ ഭാരതത്തിലാരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ജന്‍ ധന്‍ യോജന (പി.എം.ജി.ഡി.വൈ). 2014 ഓഗസ്റ്റ് 28 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനംചെയ്തത്. ആദ്യ ദിവസത്തില്‍ തന്നെ ഒന്നരക്കോടി ബാങ്ക് അക്കൗണ്ടുകള്‍ പുതുതായി തുറന്നിരുന്നു. പദ്ധതിയുടെ ആദ്യഘട്ടം 2014 ഓഗസ്റ്റിലാരംഭിച്ച് 2015 ഓഗസ്റ്റില്‍ അവസാനിക്കും. രണ്ടാംഘട്ടം 2015ല്‍ തുടങ്ങി 2018ല്‍ അവസാനിക്കും.

ജന്‍ ധന്‍ യോജനയുടെ ലക്ഷ്യം

രാജ്യത്തെ 50 ശതമാനം ജനങ്ങള്‍ക്ക് മാത്രമാണ് ബാങ്ക് അക്കൗണ്ടുകളുള്ളത്. അതില്‍ തന്നെ കേവല 20 ശതമാനത്തിന് മാത്രമേ ബാങ്കുകളില്‍ നിന്ന് പണം കടമായി ലഭിക്കുന്നുമുള്ളു . ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളെ ബാങ്കിംഗ് മേഖലയിലേക്ക് എത്തിക്കുക എന്നതാണ് ധന്‍ യോജനയുടെ പരമ പ്രധാന ലക്ഷ്യം. സാമ്പത്തിക തൊട്ടുകൂടായ്മ ഇല്ലായ്മ ചെയ്യുകയും സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കുന്നതുമായ  പദ്ധതിയെന്നാണ് ഇതിനെ ഗവന്മേന്റ്റ് വിലയിരുത്തുന്നത്. പാവപ്പെട്ടവരില്‍ പാവപ്പെട്ടവരെപ്പോലും ബാങ്കിങ് സേവനങ്ങളുടെ പരിധിയില്‍ കൊണ്ടുവന്നു സാമ്പത്തിക വികസനത്തില്‍ പങ്കാളികളും ഗുണഭോക്താക്കളുമാക്കാനുള്ള പദ്ധതി പ്രകാരം 10.19 കോടി കുടുംബങ്ങള്‍  പദ്ധതിയില്‍ പങ്കാളികളാകും. ഇതോടെ  ബാങ്കിങ്, ഇന്‍ഷുറന്‍സ് മേഖലകള്‍ക്കു തുറന്നുകിട്ടുന്നതു സാന്നിധ്യവും പ്രസക്തിയും വ്യാപകമാക്കാനുള്ള വലിയ അവസരമായി ഇതിനെ മാറ്റുക എന്നതായിരുന്നു ലക്ഷ്യം .

മോദിയുടെ വാഗ്ദാനങ്ങള്‍ 

* 5000 രൂപയുടെ ഓവര്‍ഡ്രാഫ്റ്റ് സൗകര്യം

* ഒരു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് ആനുകൂല്യമുള്ളതുമായ അക്കൗണ്ടുകളായിരിക്കും ഇവ.

*  റുപ്പി കാര്‍ഡ്  എന്ന പേരില്‍ പുതിയൊരു ഡെബിറ്റ് കാര്‍ഡുകൂടി നല്‍കും.

* റുപ്പേ കാര്‍ഡില്‍ ഒരുലക്ഷം രൂപവരെ അപകട ഇന്‍ഷുറന്‍സ്

* കുറഞ്ഞ ചെലവില്‍ അടിസ്ഥാന ഇന്‍ഷുറന്‍സ്

* സ്വാവലംബന്‍ വാര്‍ധക്യ പെന്‍ഷന്‍

* 30,000 രൂപയുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ്

പദ്ധതിയുടെ നിലവിലെ അവസ്ഥ

ജനുവരി 10 കണക്കുകള്‍ പ്രാകാരം 11.07 കോടി അക്കൗണ്ടുകള്‍ പദ്ധതി പ്രാകാരം തുറന്നു കഴിഞ്ഞു. എന്നാല്‍ കേവലം 8,698 കോടി രൂപ മാത്രമാണ് ഈ അക്കൗണ്ടുകളിലെല്ലാം കൂടി നിക്ഷേപം. ഭൂരിപക്ഷം അക്കൗണ്ടുകളുംസീറോ ബാലന്‍സില്‍തന്നെ തുടരുന്നു. കൃത്യമായി പറഞ്ഞാല്‍ 80 ശതമാനം ആക്കൗണ്ടുകളിലും നയാ പൈസയില്ല. നിലവില്‍ ബാങ്ക് അക്കൗണ്ടുകളുള്ള വ്യക്തികള്‍ തന്നെയാണ് പദ്ധതി പ്രകാരവും പുതിയ അക്കൗണ്ടുകള്‍ തുടങ്ങിയിരിക്കുന്നത്. ഇത്രയേറെ സൗജന്യങ്ങള്‍ ലഭിക്കുമെങ്കില്‍ പിന്നെ അവരെന്തിന് മടിക്കണം.

സംഗതികളുടെ പോക്കില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറും അതൃപതനാണ്. ‘ ഒരു പദ്ധതി നടത്തുമ്പോള്‍ അത് ലക്ഷ്യം വച്ച പാതയിലൂടെ തന്നെയാണ് മുന്നോട്ട് പോകുന്നതെന്ന് ഉറപ്പു വരുത്തണം. ആളുകളെ ബാങ്കിംഗിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം അല്ലാതെ അക്കൗണ്ടുകളുടെ എണ്ണം കൂട്ടുകയല്ല.’ രഘുറാം രാജന്‍ പരയുന്നു. പധതി പ്രാകാരം തുടങ്ങിയ 30 ശതമാനം അക്കൗണ്ടുകളും വ്യാജമെന്നാണ് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ എസ്എസ് മുദ്ര കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

പദ്ധതി പ്രകാരം അക്കൗണ്ടുകള്‍ തുറക്കാന്‍ ബാങ്ക് അധികൃതര്‍ നിരുത്സാഹപ്പെടുത്തുന്നതും പദ്ധതിയെ പിന്നോട്ടടിച്ചിട്ടുണ്ട്. പ്രമുഖ ബാങ്കുകളില്‍ ജന്‍ ധന്‍ യോജന അക്കൗണ്ടുകള്‍ തുറക്കാന്‍ അധികൃതര്‍ വിസമ്മതിക്കുന്നതിന്റെ വീഡിയോ തെഹല്ക്ക പുറത്തു വിട്ടു കഴിഞ്ഞു.

വാല്കഷണം : മോദി അങ്കിള്‍ ആദ്യം 15 ലക്ഷം തരാന്നു പറഞ്ഞു പറ്റിച്ചതു ഞങ്ങള്‍ ക്ഷമിച്ചു. ഈ 5000 കൂടി പറ്റിച്ചാല്‍ സംഗതി കലിപ്പാകുമേ അങ്കിള്‍

 

തിരുവനന്തപുരം കേരള ലോ അക്കാദമിയിലെ അഞ്ചാം വര്‍ഷ നിയമബിരുദ വിദ്യാര്‍ത്ഥിയാണ് ലേഖകന്‍. പൊതുപ്രവര്‍ത്തകന്‍, സംവാദകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയന്‍ . നിലവില്‍ ലോ സ്റ്റുഡന്റ്സ് അസോസിയേഷന്‍റെ സംസ്ഥാന സെക്രട്ടറിയാണ്.