0 Shares 57 Views

ജീവന്റെ കണ്ണീര്‍ ….!!!

01

തിരക്കുള്ളപ്പോഴെല്ലാം അങ്ങിനെയാണ് പതിവ് . വിശ്രമമില്ലാതെ ജോലി സ്ഥലത്ത് തന്നെ ഭക്ഷണവും ലഘു വിശ്രമവും വീണ്ടും ജോലിയും . കാലത്ത് അഞ്ചുമണിക്ക് തുടങ്ങി ജോലി തീരും വരെ അങ്ങിനെ തുടരും . ചിലപ്പോള്‍ ഇരുപതു മണിക്കൂര്‍ വരെ തുടര്‍ച്ചയായി . അന്‍പതുഡിഗ്രിക്കുമേല്‍ ഉള്ള പൊള്ളുന്ന ചൂടില്‍ ഒരു പുല്‍ക്കൊടിയുടെ പോലും തണല്‍ പോലുമില്ലാത്ത ജീവനില്ലാത്ത മരുഭൂമിയില്‍ . അങ്ങിനെയുള്ള സന്ദര്‍ഭങ്ങളില്‍ ഓഫീസ് മുറിക്കുള്ളില്‍ നിന്നും പുറത്തിറങ്ങി അവര്‍ക്കൊപ്പം ഞാനടക്കമുള്ള സിനിയര്‍ സ്റ്റാഫും ഉണ്ടാകും സഹായത്തിന് …!

അന്നും അതുപോലൊരു തിരക്കുപിടിച്ച ദിവസമായിരുന്നു . തലേന്ന് നടന്ന ഒരു അപകടത്തെ തുടര്‍ന്ന് ഉണ്ടായ നാശ നഷ്ടങ്ങള്‍ നികത്താനുള്ള തിരക്കുപിടിച്ച ജോലികള്‍ . ഏകദേശം ഒരു പത്തുമണിയായിക്കാണും അപ്പോള്‍ . എല്ലാവര്‍ക്കും വിശക്കുന്നു എന്ന് പറഞ്ഞപ്പോള്‍ ഭക്ഷണം വരുത്തി , അത് അവിടെയിരുന്ന് കഴിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുകയായിരുന്നു. അവിടെ, കൂറ്റന്‍ പൈപ്പുകളുടെയും യന്ത്രങ്ങളുടെയും മറവില്‍ പൊള്ളിക്കുന്ന സൂര്യനു താഴെ , അതിനേക്കാള്‍ പൊള്ളുന്ന മണലില്‍ , ഉള്ള സൌകര്യത്തില്‍ ആഘോഷത്തോടെ ….!

ഏകദേശം അന്‍പതോളം പേരുണ്ട് എന്റെ ആ ഗ്രൂപ്പില്‍ . കൂടുതലും ഭാരതീയരും പിന്നെ ഫിലിപ്പീന്‍സുകാരും നേപ്പാളുകാരും ബാക്കി സിറിയക്കാരും യെമനികളുമാണ് കൂട്ടത്തില്‍ . തരാതരം പോലെ രുചിക്കനുസരിച്ചുള്ള ഭക്ഷണം കിട്ടാനുള്ള സൌകര്യമൊന്നും ഇല്ലാത്ത അവിടെ കുടിക്കാന്‍ കിട്ടുന്നതുപോലും പൊള്ളുന്ന വെള്ളമാണ് . കിട്ടിയ ഭക്ഷണം എല്ലാവരും കൂടി പങ്കിട്ടെടുത്ത് സന്തോഷത്തോടെ കഴിക്കാന്‍ ഇരിക്കവേ , ഞങ്ങളും അവര്‍ക്കൊപ്പം ചേര്‍ന്നു . കാലത്തുമുതലേ ഒന്നും കഴിക്കാത്തതിനാല്‍ നല്ല വിശപ്പുണ്ടായിരുന്നതുകൊണ്ട് ഞങ്ങള്‍ക്കുവേണ്ടി അവര്‍ മാറ്റി വെച്ചിരുന്നത് ഞാനും ആര്‍ത്തിയോടെ കഴിക്കാന്‍ തുടങ്ങി …!

കഴിച്ചുകൊണ്ടിരിക്കെ നാട്ടില്‍ നിന്നും വന്ന ഒരു ഫോണ്‍ എടുത്ത് സംസാരിച്ചുകൊണ്ട് ഞാന്‍ അപ്പുറത്തേക്ക് മാറിനിന്നു . സംസാരിക്കുന്നതിനിടയില്‍ ചുറ്റും നോക്കവെയാണ് അപ്പുറം ദൂരെ മാറിയിരിക്കുന്ന അയാളെ കണ്ടത് . ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും പ്രായം ചെന്ന ആ സിറിയക്കാരനെ എവിടെ വെച്ചും തിരിച്ചറിയാമായിരുന്നു ഞങ്ങള്‍ക്ക് . നീണ്ടു വെളുത്ത താടിയും കുഴിഞ്ഞ കണ്ണുകളും എല്ലുകള്‍ പുറത്തുകാണുന്ന ശരീരവുമുള്ള നീണ്ടുമെലിഞ്ഞ അയാള്‍ എല്ലായ്‌പോഴും എല്ലാവരോടും സ്‌നേഹത്തോടും ബഹുമാനത്തോടും കൂടി മാത്രമേ പെരുമാറിയിരുന്നുള്ളൂ …!

ഭരണകൂട ഭീകരതയ്‌ക്കെതിരെ സംസാരിച്ച അയാളെ അയാളുടെ നാട്ടില്‍നിന്നും നാടുകടത്തിയതായിരുന്നു . അതുകൊണ്ടുതന്നെ അയാള്‍ക്ക് നാട്ടിലേയ്ക്ക് തിരിച്ചുപോകാന്‍ പറ്റില്ല. ചെന്നാലും പോലീസ് പിടിച്ച് ജയിലിലാക്കും . അയാള്‍ക്ക് നാട്ടില്‍ എട്ട് മക്കളും ഭാര്യയും അമ്മയും അച്ഛനും സഹോദരിമാരും ഒക്കെ അടങ്ങുന്ന വലിയൊരു കുടുംബമുണ്ട്. ദാരിദ്ര്യം നിറഞ്ഞ അയാളുടെ കുടുംബം ജീവിക്കുന്നത് അയാളുടെ വരുമാനം കൊണ്ടും . …!

അയാളെ പൊന്നുപോലെ സ്‌നേഹിക്കുന്ന അയാളുടെ മക്കളോട് അയാള്‍ക്കൊന്നു സംസാരിക്കാന്‍ പോലും പറ്റാറില്ല ഇപ്പോള്‍. ജനിച്ചപ്പോള്‍ മുതല്‍ ഇളയകുട്ടി അയാളുടെ നെഞ്ചില്‍കിടന്നെ ഉറങ്ങാറുള്ളൂ . അവള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് അയാളെ പോലിസ് കൊണ്ടുപോയത് . കച്ചവടം നടത്തി നല്ല നിലയില്‍ കുടുംബം നടത്തിയിരുന്ന അയാള്‍ക്കിനി ആ കുടുംബത്തെ കാണാന്‍ കൂടി കഴിയുമോ എന്നറിയില്ല . വല്ലപ്പോഴും അയാളുടെ ഭാര്യയോ മക്കളോ ഇങ്ങോട്ട് വിളിക്കുംപോഴാണ് അയാള്‍ അവരുടെ വിവരം അറിയുന്നത് . മടികൂടാതെ വിശ്രമമില്ലാതെ ഏതു പണിയും ചെയ്യുന്ന അയാള്‍ ആ ഫോണ്‍ വരുമ്പോള്‍ എല്ലാം നിര്‍ത്തി ആ വാക്കുകള്‍ക്ക് കാതോര്‍ക്കും …!

അങ്ങകലെ പൈപ്പ് ഇടാനെടുത്ത വലിയ കുഴിക്കരുകില്‍ അതിലേക്ക് കാലും നീട്ടി ഇരിക്കുകയായിരുന്നു അയാള്‍ അപ്പോള്‍ . കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ചുട്ടുപഴുത്ത ആ മരുഭൂമിയുടെ കണ്ണെത്താത്ത അങ്ങേ അറ്റത്തേയ്ക്ക് നോക്കിക്കൊണ്ട് . അങ്ങിനെയുള്ള അയാളുടെ ആ ഇരിപ്പിലെ പന്തികേട് എനിക്ക് പെട്ടെന്ന് മനസ്സിലായി . അയാള്‍ക്കരികില്‍ ചേര്‍ന്നിരുന്ന് ഞാന്‍ അയാളെ ചേര്‍ത്തുപിടിച്ചു . ഒന്നും പറയാതെ അയാള്‍ എന്നെ ഒന്ന് നോക്കി . പിന്നെ പറഞ്ഞു ഇന്നലത്തെ കലാപത്തില്‍ അയാളുടെ കുടുംബം ഇല്ലാതായെന്ന് . എന്നിട്ട് ആ വലിയ കുഴിയ്ക്കുള്ളിലേക്ക് ചാടിയിറങ്ങി മലര്‍ന്നു കിടന്നു. കണ്ണടച്ചുകൊണ്ട് ….!!!

Write Your Valuable Comments Below