Share The Article

2ലളിതമായ ഭാഷയിലൂടെ ഒരു ഏറനാടന്‍ ഗ്രാമത്തിലെ നിഷ്‌കളങ്കരായ കുറെ മനുഷ്യരുടെ ജീവിതം വരച്ചിടുകയാണ് ‘ഞങ്ങളും മാറി‘ എന്ന കഥയിലൂടെ അഷ്‌റഫ് സാല്‍വ. ലളിതസുന്ദരമായ ആഖ്യാനശൈലിയിലൂടെ കഥാകാരന്‍ കഥയ്ക്ക് മുമ്പേ വായനക്കാരെ കഥാപശ്ചാത്തലമായ ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.

‘ഇഞ്ഞ് ഇന്ന് ഇല്യ, നാളെ അസറിനോടടുക്കുമ്പം കാക്കാം ‘

ആയിശാത്ത എല്ലാവരും കേള്‍ക്കാന്‍ പാകത്തില്‍ ഒരല്പം ഒച്ച ഉയര്‍ത്തി തന്നെ പറഞ്ഞു. ഓരോരുത്തരായി എഴുന്നേറ്റു മുറിവിട്ടു പുറത്തിറങ്ങി. ആയിശാത്താക്ക് വല്ല ദിവ്യജ്ഞാനം ഉണ്ട് എന്ന വിശ്വാസം സ്വയമോ അവിടെ കൂടിയിരുന്ന മറ്റുള്ളവര്‍ക്കോ ഇല്ല. എങ്കിലും കഴിഞ്ഞ ആറുമാസത്തിനിടക്ക് അയമു കാക്കയുടെ സ്ഥിതി ഇത്ര മോശമായി കണ്ടിട്ടില്ലാത്തതിനാല്‍ ഇന്നലെ രാത്രി മുതല്‍ ആ മരണസമയത്തെ സാക്ഷിയാകാന്‍ കൂടി നിന്ന ഞങ്ങള്‍ക്ക് അതൊരു ആശ്വാസ വാക്കായിരുന്നു’

ഇവിടം മുതല്‍ വായനക്കാര്‍ ഗ്രാമവിശേഷങ്ങള്‍ അറിഞ്ഞുതുടങ്ങുകയാണ്. പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും സുഖദുഃഖങ്ങള്‍ പങ്കിട്ടും ജാതിമത വേലിക്കെട്ടുകള്‍ ഇല്ലാതെ ജീവിച്ചുപോന്ന, നന്മകളാല്‍ സമൃദ്ധമായ ഒരു ശുദ്ധഗ്രാമത്തിന്റെ നിര്‍മ്മലമായ ഉള്‍ത്തടങ്ങളിലേക്ക് മാറ്റത്തിന്റെ ഉഷ്ണക്കാറ്റ് വീശിത്തുടങ്ങുന്നതിനെ കഥാകാരന്‍ എഴുതിത്തെളിഞ്ഞ കയ്യടക്കത്തോടെ കഥയില്‍ സന്നിവേശിപ്പിച്ചിരിക്കുന്നത് കൗതുകമുള്ള വായനാനുഭവമാണ്.

പിന്നീടു കഥ വായിക്കുകയല്ല. കഥയ്‌ക്കൊപ്പം വായനക്കാരും സഞ്ചരിക്കുകയാണ്. തെറ്റിദ്ധാരണ മൂലം തകര്‍ന്നുപോയ ഒരു പ്രമാണി കുടുംബത്തിന്റെ തുടര്‍വിശേഷങ്ങളാണ് കഥയെ മുന്നോട്ടുനയിക്കുന്നത്.

‘നാട്യപ്രധാനം നഗരം ദരിദ്രം, നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം’ എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്നവരാണ് മാണിക്കാട്ടുകാര്‍. അവിടെ നടക്കുന്ന മരണത്തിലും ജനനത്തിലുമൊക്കെ ഗ്രാമീണര്‍ ജാതിമതഭേദമില്ലാതെ ഒന്നിച്ചു പങ്കുകൊള്ളുന്നു. ‘നാല് കണ്ടം കൊയ്യാനും മെതിയ്ക്കാനും ഉള്ള അയമു കാക്കാന്റെ വീട്ടില് ആ കൂടി നിന്നോര്‌ക്കെല്ലാം കഞ്ഞി വെക്കാന്‍ അരി ഇല്ലാഞ്ഞിട്ടല്ല , കല്പറ്റയിലേക്ക് കെട്ടിച്ച അയമുകാക്കന്റെ ഇളയ പെങ്ങള്‍ കദിയാമന്റെ ദുബായിക്കാരനായ മോന്‍ അതിനു തുനിയാഞ്ഞിട്ടുമല്ല, എല്‍.പി സ്‌കൂള്‍ അധ്യാപകനായ വേലുകുട്ടി മാസ്റ്റര്‍ക്ക് അതൊരു പ്രയാസമായി തോന്നാതിരുന്നതും തന്റെ ബാധ്യതയായി ഏറ്റെടുത്തതും ഞങ്ങള്‍ അങ്ങിനെ ആയതു കൊണ്ടാണ്’ എന്ന വരികളില്‍ക്കൂടി കഥാകാരന്‍ ആ നാട്ടിലെ മതസാഹോദര്യവും സൗഹാര്‍ദ്ദവും ഇവിടെ പറഞ്ഞുപോകുന്നു.

നാട്ടിലെ കാരണവരായ അയമുക്കാന്റെ മരണത്തിന്റെ മൂന്നാംനാള്‍ ആത്മഹത്യ ചെയ്ത നിര്‍ദ്ധന കുടുംബത്തിലെ മൈമൂന എന്ന പെണ്‍കുട്ടിയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വന്ന വരത്തനിലൂടെ, അല്ലെങ്കില്‍ നഗരവാസിയിലൂടെയാണ് മാറ്റത്തിന്റെ കാറ്റ് ആദ്യമായി ഗ്രാമത്തിലേക്ക് വീശിത്തുടങ്ങുന്നത്. പുരോഗമനം തൊട്ടുതീണ്ടിയിട്ടില്ലാത്ത ആ ഉള്‍ഗ്രാമത്തില്‍ ആദ്യമായി പോലീസ് വരുന്നതും പോസ്റ്റ്‌മോര്‍ട്ടം നടക്കുന്നതും അങ്ങനെയാണ്.

സ്വാഭാവികമരണമായി അത് തീര്‍പ്പ് കല്‍പ്പിച്ചെങ്കിലും ഉള്ളില്‍ സംശയത്തിന്റെ നെരിപ്പോടുമായി ജീവിച്ച ഒസ്സാത്തി കുഞ്ഞാമിയില്‍നിന്നും രഹസ്യം പുറത്തുവരുന്നതോടെ അതൊരു കൊടുങ്കാറ്റായി മാറാന്‍ അധികസമയം വേണ്ടിവന്നില്ല.

തുടര്‍ന്നങ്ങോട്ട് ഗതിവേഗം പ്രാപിക്കുന്ന കഥ ഒരു പ്രമാണി കുടുംബത്തെ തന്നെ ഗ്രാമത്തില്‍ നിന്നും കടപുഴക്കി എറിയുന്നു. സംഭവബഹുലമായ തുടര്‍ഭാഗങ്ങളില്‍ക്കൂടി മൈമൂനയുടെ മരണത്തിലെ ദുരൂഹത അനാവരണം ചെയ്യുന്നതുവരെ വായനക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്നവിധം കഥാകാരന്‍ വായനക്കാരെ ആകാംക്ഷയില്‍ തന്നെ പിടിച്ചിരുത്തുന്നു.

ഏറെക്കാലം മനസ്സില്‍ രഹസ്യമായി സൂക്ഷിച്ച മൈമൂനയുടെ മരണത്തിലെ സംശയം ഒസ്സാത്തി കുഞ്ഞാമിത്ത പ്രകടിപ്പിക്കുന്നത് മാസങ്ങള്‍ കഴിഞ്ഞ് നാട്ടിലെ പ്രമാണിയായ ബാപ്പുട്ടി ഹാജിയുടെ വീട്ടില്‍നിന്നാണ്. ‘പിന്നെയും കാലം കുറെ കഴിഞ്ഞതിനുശേഷം, ബാപ്പുട്ടി ഹാജിയുടെ ഏകമകന്‍ ഗഫൂര് കുവൈത്തില്‍നിന്ന് ടെലിവിഷന്‍ കൊടുത്തയച്ച അന്ന് വൈകുന്നേരം ഞങ്ങള്‍ മാനിക്കാട്ടുകാര്‍ എല്ലാരും കൂടി ഇരുന്നു അത് കണ്ടു കൊണ്ടിരിക്കുമ്പോള്‍ ഏതോ സിനിമയില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്ത പെണ്ണ് ഗര്‍ഭിണിയായിരുന്നു എന്ന് പോലീസ് സര്‍ജന്‍ കോടതിയില്‍ സാക്ഷി ബോധിപ്പിക്കുന്നത് കേട്ടുകൊണ്ടാണ് ബാപ്പുട്ടി ഹാജിയുടെ മോള്‍ പെറ്റു കിടക്കുന്ന മുറിയില്‍ നിന്ന് തല പുറത്തേക്കിട്ടു കുഞാമിത്ത ചോദിച്ചത്

‘ന്നട്ടെ ന്തേ മ്മളെ മൈമൂനത്തിനെ പോസ്റ്റ് നോട്ടം നോക്കിയ ലാക്കിട്ടര്‍ മാരാരും ഓള്‍ക്ക് വയറ്റില് ഉള്ളത് പറയാഞ്ഞത്’

കഥ പ്രധാന വഴിത്തിരിവിലേയ്ക്കുവന്നത് ഈയൊരു സംശയം മറനീക്കി പുറത്തുവന്നപ്പോഴായിരുന്നു. സ്വാഭാവികമായും മാണിക്കാട്ടുകാര്‍ ആ നാട്ടിലെ പ്രമാണിയായ ബാപ്പുട്ടി ഹാജിയെ സംശയിക്കുന്നു. തുടര്‍ന്നുണ്ടാവുന്ന ആ കുടുംബത്തിന്റെ തകര്‍ച്ച വായനക്കാരിലും വേദനയുളവാക്കുന്നുണ്ട്. എന്നാല്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ഹാജിയോട് അനുകമ്പ ജനിപ്പിക്കുന്നുമില്ല. അപ്രതീക്ഷിതമായ പര്യവസാനം കഥയെ മികവുറ്റതാക്കുന്നു. കൈകാര്യം ചെയ്ത വിഷയം പാളിപ്പോകാതെ അടക്കത്തോടെ പറയുന്നതില്‍ വിജയിച്ചിരിക്കുന്നു അഷ്‌റഫ് സല്‍വ ഈ കഥയിലൂടെ എന്ന് നിസ്സംശയം പറയാം.