Share The Article

വായിച്ചറിഞ്ഞ കെ ടി എന്‍ കൊട്ടൂരില്‍ നിന്നും ഇന്ന് ഞാന്‍ കണ്ട കെ ടി എന്നിലേക്കുള്ള ദൂരം രണ്ട് മിഴികള്‍ക്കിടയിലെ അന്തരം പോലെയാണ്. രണ്ടും നമ്മുക്ക് നല്‍കുന്നത് ഒരേ കാഴ്ചയാണ് , ഒരേ അനുഭവമാണ് ! പക്ഷെ രണ്ടും രണ്ടാണ് , എന്നത് യാഥാര്‍ത്യം ..

ടി പി രാജീവന്റെ എഴുത്തും ജീവിതവും വായിക്കുന്നതിനും നാളുകള്‍ക്കു മുന്‍പ് , കാലാപാനിയൊക്കെ കണ്ട നാളുകള്‍ക്കു ശേഷം , എപ്പോഴോ തോനിയ ഒരു ചോദ്യം ഇതായിരുന്നു … ‘ഒരു ഗാന്ധി മാത്രമായിരുന്നോ ഈ നാടിനു വേണ്ടി പോരാടിയിരുന്നത് ?.. മറ്റുള്ളവരുടെ വേദനയും സമര്‍പ്പണവും എന്തേ നമ്മള്‍ അറിയാതെ പോയി ?…’
ചരിത്രം പലപ്പോഴും അങ്ങനെയാണ് അത് ചുരുക്കം ചില ആളുകളില്‍ മാത്രമായി ഒതുങ്ങി പോകും, നഷ്ടങ്ങള്‍ ഏറ്റുവാങ്ങിയ അനേകായിരങ്ങളുടെ ഒരു അടയാളപ്പെടുത്തലുകളും ബാക്കി വെയ്ക്കാതെ …കൊട്ടൂരിന്റെ ജീവിതത്തിലൂടെ ടി പി രാജീവന്‍ പറയാന്‍ ശ്രമിച്ചതും .. ചരിത്രത്തില്‍ മുങ്ങി താണുപോയ ആ ജീവിതങ്ങളെ കുറിച്ചായിരുന്നു…..

പലപ്പോഴും നോവല്‍ സിനിമയാക്കുമ്പോള്‍ സംഭവിക്കുന്ന സ്ഥിരം പാളിച്ചകളില്‍ നിന്ന് ഒരു പരിധിവരെ അകലം പാലിക്കാന്‍ രഞ്ജിത്തിന് കഴിഞ്ഞിട്ടുണ്ട് …തന്റെ വായനയെ ദൃശ്യങ്ങളായി മനസ്സില്‍ പതിപ്പിക്കാന്‍ സാധിക്കുമ്പോള്‍ മാത്രമേ ഒരു നല്ല നോവല്‍ സിനിമയാകുകയുള്ളൂ ,രഞ്ജിത് അവിടെ വിജയിച്ചിരിക്കുന്നു എന്ന് നിസ്സംശയം പറയാം …
വായിച്ചറിഞ്ഞ കോട്ടൂരിനെ സംവിധായകന്‍ തന്റെ കാഴ്ചപ്പാടിലൂടെ അവതരിപ്പിച്ചപ്പോള്‍ ദുല്‍ഖര്‍ കൊട്ടൂരായി മാറുകയായിരുന്നു ,ദുല്‍ഖറിന്റെ ഏറ്റവും മികച്ച പ്രകടനമായി ഞാനിലെ കഥാപാത്രത്തെ വ്യാഖ്യാനിക്കാം.. ..വായനയിലൂടെ ഞാന്‍ അറിഞ്ഞ അല്ലെങ്കില്‍ ഞാന്‍ കാണാന്‍ ആഗ്രഹിച്ച കോട്ടൂരിനെ ദുല്‍ഖര്‍ കാട്ടിത്തരികയായിരുന്നു ..
എന്തുകൊണ്ട് ഇത്രയുംനാള്‍ ഈ നടനെ മലയാള സിനിമാലോകം ശ്രദ്ധിച്ചില്ല എന്ന ചോദ്യം രണ്‍ജി പണിക്കര്‍ നമ്മെ കൊണ്ട് വീണ്ടും ചോദിപ്പിക്കുന്നു .. സിനിമയുടെ ഒഴുക്കും താളവും അതിന്റെ പൂര്‍ണ്ണതോതില്‍ പ്രേക്ഷകനില്‍ അനുഭവഭേധ്യമാക്കാന്‍ ബിജബാലിന് തന്റെ സംഗീതത്തിലൂടെ സാധിച്ചിട്ടുണ്ട് .

ചുരുക്കം പറഞ്ഞാല്‍ ,എന്നെ സംബന്ധിച്ചിടത്തോളം അക്ഷരങ്ങളില്‍ ഞാന്‍ കണ്ട എഴുത്തും ജീവിതവും അഭ്രപാളിയില്‍ രഞ്ജിത് കൂട്ടിയിണക്കുകയായിരുന്നു …

നന്ദി രഞ്ജിത്ത് …