ടൂര്‍ ഗൈഡ്: ബഹുഭാഷാ പണ്ഡിതര്‍

10

1

16-ആം നൂറ്റാണ്ടിലെ 1569, മുഗള്‍ ചക്രവര്‍ത്തിയായ അക്ബര്‍ ഉണ്ടാക്കിയതാണ്. അന്ന് അദ്ദേഹത്തിന് 26 വയസ്സേയുള്ളൂ, എന്തിനാണ് ഉണ്ടാക്കിയതെന്ന് വെച്ചാല്‍.. ചരിത്രകഥയില്‍ തുടങ്ങി, നമ്മള്‍ അത് മുഴുകി വരുമ്പോഴേക്കും, മലയാള സീരിയല്‍ പോലെ സസ്‌പെന്‍സ്സില്‍ നിറുത്തും പിന്നീട് അവരുടെ റേറ്റിനെ കുറിച്ചായിരിക്കും പറയുക. ഏതൊരു സ്മാരകക്കെട്ടിടം സന്ദര്‍ശിക്കുമ്പോഴും കാണുന്ന ചില രംഗങ്ങളാണിത്. പിന്നീടങ്ങോട്ട് കാണുന്ന ഏതൊരു തദ്ദേശനിവാസി ചെറുപ്പക്കാര്‍ക്കെല്ലാം പറയാനുള്ളത് ഇങ്ങനത്തെ ചില കാര്യങ്ങളായിരിക്കും. കഥയും റേറ്റും തമ്മിലുള്ള ബന്ധം മനസ്സിലാക്കി വരുമ്പോഴാണ്, അയാള്‍ ഒരു ഗൈഡ് ആണെന്ന് നമ്മുക്ക് മനസ്സിലാവുക.

ചിലര്‍ സ്മാരകത്തിനെക്കുറിച്ചുള്ള പാണ്ഡിത്യം പറഞ്ഞായിരിക്കും അവര്‍ നമ്മളെ ആകര്‍ഷിക്കുക. അല്ലെങ്കില്‍ സര്‍ക്കാരിന്റെ അംഗീകാരത്തോടു കൂടിയുള്ളവരാണ് എന്ന് പറഞ്ഞ് ഫോട്ടോയുള്ള കാര്‍ഡ് കാണിക്കും. അതുകൊണ്ടുള്ള ഗുണങ്ങളെപ്പറ്റിയും വിവരിക്കുന്നുണ്ടാവും നമ്മളില്‍ നിന്ന് അനുകൂലമായ ഒരു മറുപടി കിട്ടാതെ ആകുമ്പോള്‍ സ്വന്തം ജീവിതപ്രാരാബന്ധങ്ങളെ കുറിച്ചായിരിക്കും പറയുക അപ്പോഴേക്കും പ്രതിഫലത്തിന്റെ കാര്യത്തിലും ഗണ്യമായ വ്യത്യാസം ഉണ്ടാകും. നമ്മള്‍ പ്രവേശകവാടത്തിന്റെ അടുത്ത് എത്തുമ്പോഴേക്കും ഏകദേശം പത്ത് പതിനഞ്ച് ആളുകളായിരിക്കും, ‘ഗൈഡ്’ എന്ന പേരില്‍ നമ്മള്‍ക്ക് ചുറ്റും എത്തുക.

എന്തു ചെയ്യണമെന്നറിയാതെ നമ്മളും പ്രതീക്ഷയോടെ നമ്മളെ നോക്കിനില്‍ക്കുന്ന ഒരു പറ്റം ചെറുപ്പക്കാരും. നമ്മളോട് വര്‍ത്തമാനം പറയുമ്പോഴും അവരുടെ കണ്ണുകള്‍ പുതിയ ഇടപാടുകാരെ തപ്പുന്നത് കാണാം.അവരുടെ മുഖത്ത് നോക്കി ‘No’ പറയാനൊരു വിഷമം. ഒരു മുടന്തന്‍ ന്യായം എന്ന മട്ടില്‍ പറയാനുള്ളത് ‘ ഞങ്ങള്‍ക്ക് ഹിന്ദി അറിഞ്ഞുകൂടാ ഇംഗ്ലീഷില്‍ വിവരിച്ചു തരണം. ചിലര്‍ ‘ ഗുഡ്‌മോണിംഗ് / വെല്‍ക്കം ….എന്നീ വാക്കുകളില്‍ തുടങ്ങുമെങ്കിലും പിന്നിട് കൂടുതല്‍ പറയാന്‍ കഴിയാതെ തിരിച്ച് ഹിന്ദിയില്‍ തന്നെ എത്തും. അവരുടെ ഭാഷയില്‍ ഞങ്ങള്‍ . മദിരാശികള്‍ ആയതിനാല്‍ പറയുന്നതില്‍ കാര്യമുണ്ടെന്ന് എല്ലാ ഗൈഡുമാര്‍ക്കും തോന്നികാണും. അങ്ങനെയാണ് അവരുടെ ഒരു കൂട്ടുകാരനെ കൂട്ടി കൊണ്ട് വന്നത്.

കൂട്ടുകാരന്‍ ഞങ്ങളെയൊക്കെ ആശ്ചര്യഭരിതനാക്കികൊണ്ട് ഇംഗ്ലീഷ്, ഏത് രാജ്യത്തിന്റെ, അമേരിക്ക,ആസ്‌ട്രേലിയ, ലണ്ടന്‍ ………ഉച്ചാരണത്തിലാണ് വിവരിക്കേണ്ടത് എന്ന ചോദ്യത്തിലാണ്. വെറും നാട്യം എന്നാണ് മനസ്സില്‍ കരുതിയതെങ്കിലും ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് ഉച്ചാരണ രീതിയിലുള്ള വ്യത്യാസം കാണിച്ചു തന്നു.ഇംഗ്ലീഷില്‍ വിവരിച്ചാല്‍ മതിയോ അതോ മറ്റ് ഏതെങ്കിലും വിദേശഭാഷയില്‍ വിവരിക്കണോ എന്നതായിരുന്നു അടുത്ത ചോദ്യം !

ഞങ്ങളുടെ സംഘത്തിലെ ഒരു കുട്ടി ഫ്രഞ്ച്, മൂന്നാം ഭാഷയായിട്ട് സ്‌കൂളില്‍ പഠിക്കുന്നത്.അതുകൊണ്ട് ഫ്രഞ്ചിലും വിവരിക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടു.അതോടെ ഇംഗ്ലീഷില്‍ ഞങ്ങളോടും ഫ്രഞ്ചില്‍ അവനോടുമായിട്ടായിരുന്നു വിവരണം.രണ്ടു ഭാഷയും വളരെ അനായാസമായി കൈകാര്യം ചെയ്യുന്നത് കാണാന്‍ കൌതുകം തോന്നി.അവനോട് ചോദിക്കുന്ന പല ചോദ്യങ്ങള്‍ക്കും ഭാരതത്തില്‍ നില്‍ക്കുമ്പോള്‍ എങ്ങനെ ആ ഭാഷയില്‍ മറുപടി പറയും എന്ന ചിന്താകുഴപ്പത്തിലാണ് അവന്‍ ! അവന് അതേ രീതിയില്‍ മറുപടി പറയാന്‍ അറിഞ്ഞുകൂടാ എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ …

ഗൈഡ്, പിന്നീടങ്ങോട്ടുള്ള സമയവും ഫ്രഞ്ചില്‍ മാത്രമല്ല മറ്റു ഭാഷകളിലുള്ള നൈപുണ്യം കാണിച്ചു തരുകയായിരുന്നു. അവിടെ വന്നിട്ടുള്ള 2 ജര്‍മ്മന്‍ വിദേശികളോട് ആ ഭാഷയില്‍ സംസാരിച്ച് ഞങ്ങളെ അതിശയിപ്പിച്ചു.വേറെയും 56 ഭാഷകള്‍ അറിയാമെന്നാണ് പറഞ്ഞത്.

സ്വാഭാവികമായും അവന്റെ കഴിവില്‍ മതിപ്പ് തോന്നിയ ഞങ്ങള്‍, ഇത്രയും ഭാഷകളില്‍ എങ്ങനെ പ്രവീണനായി എന്ന ചോദ്യത്തിന്, ഇവിടെ വരുന്ന വിനോദസഞ്ചാരികളുടെ അടുത്ത് നിന്ന് പഠിച്ചതാണ് കൂട്ടത്തില്‍ ഒരു സ്വാകാര്യം പോലെ പറഞ്ഞു ‘ എന്റെ വിദ്യാഭ്യാസം എന്ന് പറഞ്ഞാല്‍ ‘Thumbs Up’ കാണിച്ചു തന്നു.ആകെ കണ്ണും തള്ളി വായും തുറന്ന നില്‍ക്കുന്ന ഞങ്ങളോട് അവന്‍ തന്നെ വിവരിച്ചു തന്നു, എഴുതാനും വായിക്കാനൊന്നും അറിഞ്ഞുകൂടാ, ഒപ്പിനു പകരം തള്ളവിരല്‍ അടയാളമാണ് ഉപയോഗിക്കാറുള്ളത്!

എല്ലാം കേട്ട് ആശ്ചര്യഭരിതായി നില്ക്കുന്ന ഞങ്ങളോട് യാത്ര പറഞ്ഞ് അദ്ദേഹം അടുത്ത കസ്റ്റമറെ തപ്പി പോയി. ഒരു പക്ഷേ ആ സ്മാരകത്തേക്കാളും ഞങ്ങളെ കൂടുതല്‍ ആകര്‍ഷിച്ചത് അദ്ദേഹത്തിന്റെ ബഹുഭാഷാപാണ്ഡിത്യം ആണ്.

ഉത്തര്‍പ്രദേശിലെ ‘ ഫത്തേര്‍പൂര്‍സിക്രി ഫോര്‍ട്ട് ‘ സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടായ ഒരു അനുഭവം ആണിത്. സാധാരണക്കാരായ മനുഷ്യരില്‍ നിന്ന് നമ്മളെ അതിശയിപ്പിക്കുന്ന രീതിയിലുള്ള ആ കഴിവുകള്‍ പല അവസരങ്ങളിലെന്ന പോലെ ഒരു പ്രാവശ്യവും കൂടി തൊട്ടറിഞ്ഞ അവസരം !

Write Your Valuable Comments Below