Share The Article
12

മഞ്ഞിന്റെ തളിരണിഞ്ഞ മൂന്നാറിലേക്ക് ആയിരുന്നു യാത്ര പ്ലാന്‍ ചെയ്തത് .പക്ഷെ അവസാന നിമിഷത്തില്‍ അമ്മ ചതിച്ചു ..അയ്യോ സ്വന്തം അമ്മയല്ല ,പുരട്ചി തലൈവി ജയലളിത എട്ടിന്റെ പണി തന്നത്. തമിഴ് വംശജര്‍ കൂടുതല്‍ ഉള്ള മൂന്നാര്‍ ഭാഗത്ത് വാഹനങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന ഇന്റെലിജെന്‌സ് റിപ്പോര്‍ട്ട് (അരൂരുകാരന്‍ അഷ്‌റഫും ടാക്‌സി ഡ്രൈവര്‍ സൈഫുക്കയും ) വിശ്വസിച്ചതിനാലും നമ്മുടെ സ്വന്തം ഗടി ലാന്‍സറിന്റെ മുന്‍ ഗ്ലാസ്സിനു വില കൂടുതല്‍ ആയതിനാലും മൂന്ന് മണിക്കൂര്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷം കുട്ടിക്കാനം,വാഗമണ്‍ എന്ന തിരുമാനത്തില്‍ അവസാനം എത്തിചേര്‍ന്നു.സഹയാത്രികരായ ഗുല്‍മോഹറിനും ജിത്തുവിനും ഒപ്പം കൊച്ചി ഇടപ്പള്ളിയില്‍ നിന്നും യാത്ര ആരംഭിക്കുമ്പോള്‍ സമയം വൈകുന്നേരം 6 മണി. വൈറ്റില്ലയിലെ നീണ്ട ബ്ലോക്ക് കടന്നു ചന്നം പിന്നം പെയ്യുന്ന മഴക്കിടയിലൂടെ കുണ്ടും കുഴിയും ചാടി കടന്ന് തൃപ്പുണിത്തറ വഴി കുട്ടിക്കാനം ലക്ഷ്യമാക്കി യാത്ര .കേട്ടറിവ് മാത്രം തുണ .പിന്നെ ജി.പി.എസ് ചേട്ടനും . ഈ വാഹനത്തിന്റെ ഐശ്വര്യം ജി.പി.എസ് എന്ന് എഴുതി തൂക്കിയ പോലെ ജിത്തുവിന്റെ സോണി ഫോണ്‍ ഡാഷ് ബോര്‍ഡില്‍ ഉറപ്പിച്ചു . ഇ യാത്രയുടെ മുഴുവന്‍ ഇടവഴികളുടെയും സൂത്രധാരന്‍ അദേഹമായിരുന്നു.തൃപ്പുണിത്തറ കഴിഞ്ഞാല്‍ പിന്നെ കുണ്ടും കുഴികളും ഇല്ലാത്ത മനോഹരമായ വഴി സൗത്ത് പറവൂര്‍ എത്തി കുറച്ചു കൂടി മുന്നോട്ടു പോയി ഇടത്ത് തിരിഞ്ഞു യാത്ര തുടര്‍ന്ന് കാഞ്ഞിരമറ്റം എത്തുമ്പോള്‍ സമയം എട്ടു മണി . വഴി വക്കിലെ തട്ട്കടകളിലെ നൂറു വാള്‍ട്ട് ബള്‍ബിന്റെ വെളിച്ചത്തില്‍ ഉയരുന്ന ആവി സകലവിധ നിയന്ത്രങ്ങളും കളഞ്ഞപ്പോള്‍ വല്ലതും കഴിച്ചു മാത്രമേ മുന്നോട്ട് ഉള്ളു എന്ന തിരുമാനത്തില്‍ വണ്ടി നിര്‍ത്തി .

നല്ല ചൂടന്‍ പുട്ടും ബീഫും മുന്നിലേക്ക് എത്തിയപ്പോള്‍ മുന്‍പ് ആരോ പറഞ്ഞു കേട്ട യാത്രക്കിടയില്‍ വെജിറ്റെറിയനെ കഴിക്കാവൂ അല്ലെങ്കില്‍ വയറിനു പണി കിട്ടും എന്ന ഉപദേശത്തിനു വലിയൊരു പുച്ഛം എറിഞ്ഞു കൊടുത്ത് വയറു നിറയെ പുട്ടും ബീഫും തട്ടി യാത്ര പുനരാരംഭിച്ചു .കാഞ്ഞിര മറ്റത്ത് നിന്നും 34 കിലോമീറ്റര്‍ ഓടി ഉഴവൂര്‍ എത്തിയപ്പോള്‍ നമ്മുടെ ലാന്‍സര്‍ ചേട്ടന് ഒരു വൈക്ലബ്യം .അരികെ ഒതുക്കി നിര്‍ത്തി വണ്ടി കേടു വന്നാല്‍ ഒന്നും അറിയിലെങ്കിലും ബോണറ്റു ഉയര്‍ത്തി വെറുതെ നോക്കണം എന്ന സിനിമ ഡയലോഗ് ഓര്‍മ്മ വന്നത് കൊണ്ട് എല്ലാം വിശദമായി നോക്കി. ഒന്നും മനസിലാക്കാതെ നാട്ടിലെ ബാല്യ കാല സുഹൃത്തായ മഹേഷിനെ പാതി ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി കാര്യം പറഞ്ഞപ്പോള്‍ തപാലില്‍ നീന്തല്‍ പഠിപ്പിക്കുന്ന പോലെയെങ്കിലും ഗുട്ടന്‍സ് പിടികിട്ടി. ക്ലച്ച് ഓയില്‍ തീര്‍ന്നിരിക്കുന്നു .മഴയത്ത് എന്നെ നോക്കി നിന്ന സഹ യാത്രികര്‍ രണ്ടുപേരും ഇവനോട് എന്ത് പറയാനാ എന്ന അര്‍ത്ഥത്തില്‍ നനഞ്ഞു കൊണ്ട് നടന്നു പോയി എവിടെയൊക്കെയോ നടന്നു ഒപ്പിച്ചു കൊണ്ട് വന്ന ഓയില്‍ ഒഴിച്ച് വീണ്ടും യാത്ര .പാലയില്‍ എത്തുമ്പോള്‍ സമയം 12 കഴിഞ്ഞിരിക്കുന്നു .അവിടെ നിന്നും 36 കിലോമീറ്റര്‍ യാത്ര ചെയ്തു മുണ്ടക്കയത്തു എത്തുമ്പോള്‍ സമയം പുലര്‍ച്ചെ 1.15 . മുണ്ടക്കയം റസ്റ്റ് ഹൗസില്‍ ആണ് പ്രാദേശിക ലേഖകന്‍ ആയ സ്‌നേഹിതന്‍ വഴി താമസം ശരിയാക്കിയിരിക്കുന്നത് .കേരളത്തിലെ മിക്കവാറും എല്ലാ റസ്റ്റ് ഹൗസുകളെയും പോലെ പ്രേത ഭവനം എന്ന് ഒറ്റ നോട്ടത്തില്‍ തോന്നിപ്പിക്കുന്ന കെട്ടിടം .വലിയ സൗകര്യങ്ങള്‍ ഒന്നുമിലെങ്കിലും വൃത്തി ഉള്ള മുറികള്‍ അതി രാവിലെ യാത്ര തുടങ്ങണം എന്നതിനാലും കൂടെ ഉള്ള ദുഷ്ട്ടന്മാര്‍ ആരും ഡ്രൈവ് ചെയ്യില്ല എന്ന കാരണത്താല്‍ കട്ടില്‍ കണ്ടതും ഉറക്കം തുടങ്ങി

(മുണ്ടക്കയം റെസ്റ്റ് ഹൗസ്)

വാതായനത്തിനു അരികിലൂടെ ഇരച്ചു വന്ന തണുപ്പ് വളരെ നേരത്തെ തന്നെ ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി പ്രാഥമിക കര്‍മങ്ങള്‍ക്ക് ശേഷം മഞ്ഞിനിടയിലുടെ മുന്നോട്ടു നടന്ന് മുണ്ടക്കയം ബസ് സ്റ്റാന്ടില്‍ നിന്നും ഒരു കട്ടന്‍ ചായയും കുടിച്ച് മഞ്ഞിന്‍ പാളികളെ തുളച്ചു കൊണ്ട് മുണ്ടക്കയത്തു നിന്നും വിട പറയുമ്പോള്‍ സമയം 6 മണി .കുട്ടിക്കാനം ആണ് ആദ്യ ലക്ഷ്യം പുലര്‍കാലത്ത് ഉള്ള യാത്ര ഒരു പ്രത്യേക സുഖം നല്കുന്നു .പുലര്‍കാലത്തിന്റെ ഉത്സാഹം സഹയാത്രികരിലും തെളിഞ്ഞു കാണാനുണ്ട്. യാത്ര തുടര്‍ന്ന് കുറച്ചു കഴിയുമ്പോള്‍ റോഡിനു ഒരു വശം കുത്തനെ ഇറക്കമായി കാണാനാകും . ദൂരെ മലകളില്‍ തൊട്ടു നീങ്ങുന്ന കോടമഞ്ഞിനാല്‍ ദൃശ്യം സുന്ദരം. അതൊരു മനോഹരമായ കാഴ്ചയാണ് .തീരരുത് എന്ന് ആഗ്രഹിക്കുന്ന കാഴ്ച .യാത്ര തുടരുമ്പോള്‍ ഇടതു ഭാഗത്ത് കാണാം ‘നിന്നുമുള്ളി പാറ’ വെള്ളച്ചാട്ടം. ആ പേര് അത്ര ബോധ്യപെടാത്തതിനാല്‍ ആകാം അവിടെ ഉള്ള ബോര്‍ഡില്‍ എല്ലാം പേര് മാറ്റി ഇപ്പോള്‍ ‘വളഞ്ഞങ്ങാനം’ എന്നാക്കിയിരിക്കുന്നു .മനോഹരമായ വെള്ളച്ചാട്ടം ..

(‘നിന്നുമുള്ളി പാറ’ വെള്ളച്ചാട്ടം.)

കണ്ണീര്‍ തുള്ളി പോലെ പരിശുദ്ധമായ വെള്ളം …മലമുകളില്‍ നിന്നും ഉതിര്‍ന്നു വീഴുന്ന ആ തെളിനീരില്‍ ഒന്ന് കുളിച്ചിട്ടു പോകാന്‍ തണുത്ത കാറ്റു മാടി വിളിച്ചു കൊണ്ടേ ഇരിക്കുന്നു .ഒന്നും നോക്കിയില്ല ഒരു കുളി അങ്ങ് പാസാക്കി .എല്ല് തുളക്കുന്ന തണുപ്പ് എങ്കിലും അത് തരുന്ന ഉണര്‍വ് ഏതൊരു സഞ്ചാരിയും വീണ്ടും ആഗ്രഹിക്കുന്നതാണ് .കുളിക്കാന്‍ സുരക്ഷിതമായ സ്ഥലം ഒരുക്കിയിട്ടുണ്ട് .എന്നാലും വൃത്തിയുടെ കാര്യം എല്ലാ വിനോദ സഞ്ചാര കേന്ദ്രം പോലെ തന്നെ .വെള്ള ചാട്ടത്തിനു സമീപം തന്നെ നാലഞ്ചു ചെറിയ ചായ കടകള്‍ ഉണ്ട് .തണുപ്പത്ത് കട്ടന്‍ ചായയും പരിപ്പ് വടയും കഴിച്ചു കൊണ്ട് യാത്ര പുനരാരംഭിക്കുമ്പോള്‍ സൂര്യന്‍ തല പൊക്കി തുടങ്ങിയിരിക്കുന്നു.

(സഹയാത്രികരോടൊപ്പം നിന്നു മുള്ളിപ്പാറ വെള്ള ചാട്ടത്തിനു താഴെ)

കുന്നുകളില്‍ തട്ടി സൂര്യപ്രകാശം പല വഴിക്ക് പറക്കുന്നു .കോട മഞ്ഞിന്റെ പുതപ്പ് മെലെ മാറ്റി . കുട്ടിക്കാനം ലക്ഷ്യമാക്കി ലാന്‍സര്‍ കുതിക്കുമ്പോള്‍ ഒരു സൈഡില്‍ നിന്നും വിശപ്പ് എല്ലാരേയും തളര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു .മുണ്ടക്കയത്തു നിന്നും 22 കിലോമീറ്റര്‍ ഓടി കുട്ടിക്കാനത്ത് എത്തുമ്പോള്‍ പ്രതീക്ഷകള്‍ എല്ലാം തകിടം മറഞ്ഞു പോകും .മനസ്സില്‍ ഉണ്ടായിരുന്ന പ്രതീക്ഷിച്ച ഒരു കാഴ്ച അല്ല കുട്ടിക്കാനം തരുന്നത് .മനോഹരമായ ഒരു കോളേജും കുറച്ചു കടകളും മാത്രമുള്ള ഒരു ജംഗ്ഷന്‍ മാത്രമാണ് കുട്ടിക്കാനം .പ്രഭാത ഭക്ഷണം അവിടുന്ന് തന്നെ ആകാം എന്ന തിരുമാനത്തില്‍ ഹോട്ടല്‍ തിരഞ്ഞു എത്തിയത് കുട്ടനാട് .കുട്ടിക്കാനത്ത് കുട്ടനാട് എന്ന പേരില്‍ ഒരു സുഖ കുറവ് തോന്നിയെങ്കിലും ഭക്ഷണം നന്നായത് കൊണ്ടും വില കുറവ് കൊണ്ടും ആ സുഖ കുറവ് എങ്ങോ പോയി മറഞ്ഞു .

പരുന്തന്‍ പറയാണ് അടുത്ത ലക്ഷ്യം. മെഗാ സ്റ്റാര്‍ മമ്മൂട്ടി നായകനായ നസ്രാണി അടക്കം ഒരു പാട് സിനിമകള്‍ക്ക് ലൊക്കേഷന്‍ ആയ സ്ഥലം .കുട്ടിക്കാനത്ത് നിന്നും 11.5 കിലോ മീറ്റര്‍ അകലെ ആണ് പരുന്തന്‍ പാറ .കുട്ടിക്കാനത്ത് നിന്നും 7 കിലോമീറ്റര്‍ യാത്ര ചെയ്ത് വലതു വശം തിരിഞ്ഞു കുത്തന്നെ മല കയറിയാല്‍ പരുന്തന്‍ പാറ എത്തി ചേരും

(പരുന്തന്‍ പാറ )

വിശാലമായ പുല്‍മേട് ..ഇടക്കിടക്ക് ഉയര്‍ന്നും താഴ്ന്നും കിടക്കുന്ന പച്ച പട്ടു വിരിച്ച മലനിരകള്‍ നടുക്ക് കൂടെ നീണ്ടു കിടക്കുന്ന കോണ്‍ക്രീറ്റ് പാത .ഒരു വശത്ത് അഗാധമായ കൊക്ക അതിലേക്കു നിണ്ടു കിടക്കുന്ന പരുന്തന്‍ പാറ .കാറ്റിന് വല്ലാത്ത ശക്തിയുണ്ട് അതിനാല്‍ ചില ഭാഗങ്ങളില്‍ വളരെ സൂക്ഷിച്ചു നില്‍ക്കേണ്ടി വരും .കോണ്‍ക്രീറ്റ് പാതയിലുടെ പാഞ്ഞു വരുന്ന ജീപ്പുകളില്‍ തുങ്ങി നീങ്ങുന്നവരുടെ മുഖത്ത് നിസംഗത മാത്രം.

ഒരു ഭാഗം ഇരുമ്പ് കമ്പി ഇട്ടു മണ്‍ കട്ട പതിച്ച വഴിയിലൂടെ പരുന്തന്‍ പാറ ലക്ഷ്യമാക്കി നടക്കാന്‍ ആരംഭിച്ചു .പകുതി വഴിയില്‍ ആ പാത അവസാനിച്ചു .പിന്നെ കുത്തന്നെ ഉള്ള ചരകല്ല് നിറഞ്ഞ മണ്‍ പാത .ദൂരെ നിന്നു തന്നെ കാണാം കൊക്കയിലേക്ക് നീണ്ടു കിടക്കുന്ന വലിയ ഒറ്റ പാറ .

ദൂരെ നിന്നും കാണുമ്പോള്‍ തന്നെ ഒരു ആന്തല്‍ മനസ്സില്‍ ഉണ്ടായെങ്കിലും .പേടി കാണിച്ചാല്‍ കൂടെ ഉള്ളവന്‍മാര്‍ കൊന്നു കൊല വിളിക്കും എന്ന കാരണത്തില്‍ രണ്ടും കല്പ്പിച്ചു നടന്ന് തുടങ്ങി . വഴിയിലെ ഇറക്കം വല്ലാതെ ഭയപ്പെടുത്തുമെങ്കിലും തണുപ്പുള്ള കാറ്റില്‍ ആയാസം എല്ലാം പറന്നു പോകുന്നു . സമതല പ്രദേശത്തു എത്തി ചേര്‍ന്നാല്‍ പെട്ടന്ന് മാറ്റം ദ്രിശ്യമാകും ..നീണ്ട പുല്ലുകള്‍ക്കിടയിലൂടെ ചെറിയ ദൂരമെങ്കിലും നീണ്ടു കിടക്കുന്ന പാത .കാറ്റു വന്നു പതിക്കുമ്പോള്‍ നീണ്ട പുല്‍ തലപ്പുകള്‍ നാണം കൊണ്ടന്ന പോലെ തല താഴ്ത്തുന്നു . വീണ്ടും ഒരു ചെറിയ ഒരു പാറയിലേക്ക് ഇറങ്ങി അടുത്ത പാറയിലേക്ക് ഏന്തി പിടിച്ചു കയറിയാല്‍ പരുന്തന്‍ പാറയുടെ മുകളില്‍ എത്തും. അവിടെ അങ്ങ് എത്തി കഴിഞ്ഞാല്‍ എവെരെസ്റ്റ് കീഴടക്കിയ ഒരു സുഖമാണ്

പരുന്തന്‍ പാറക്കു മുകളില്‍ നിന്നു താഴോട്ട് നോക്കുക എന്നത് വലിയ ഒരു സാഹസമാണ്. അങ്ങനെ നോക്കുമ്പോഴാണ് എത്ര മുകളില്‍ ഏകനായാണ് നില്ക്കുന്നത് എന്ന് മനസിലാകുക.കനത്ത കാറ്റു ഉള്ളതിനാല്‍ തന്നെ മുകളില്‍ ഉള്ള നില്പ്പ് അത്ര സുഖമുള്ള പരിപാടിയും ആയിരുന്നില്ല .കുറച്ചു നേരം വിശ്രമിച്ചു തിരിച്ചു കയറാന്‍ ആരംഭിച്ചു .മുകളിലേക്ക് നോക്കിയാല്‍ തല കറങ്ങും .പിടിച്ചത്തിനെക്കാള്‍ വലുതാണ് മടയില്‍ ഉള്ളത് എന്ന് തോന്നുന്ന അവസ്ഥ .തിരിച്ചു നടക്കാന്‍ ഉള്ള ദൂരവും ഉയരവും പേടിപ്പിക്കും ..പക്ഷെ വിചാരിച്ച അത്ര ആയാസകരമല്ല തിരിച്ചുള്ള കയറ്റം .മുകളിലേക്ക് കയറുമ്പോള്‍ തണുത്ത കാറ്റു വീശി അടിക്കുന്നതിനാല്‍ വലിയ പ്രശ്‌നമില്ല .ഒറ്റ ശ്രമത്തില്‍ കയറണം എന്ന ആവേശത്തില്‍ ഒന്ന് പയറ്റി നോക്കിയെങ്കിലും മൂന്ന് പേരും പരാജയപെട്ടു .ഇരുന്നും വടി കുത്തിയും അവസാനം മുകളില്‍ എത്തി .അല്‍പ്പ നേരം കിതപ്പ് മാറ്റിയ ശേഷം യാത്ര തുടരാന്‍ തീരുമാനിച്ചു .

ഒരു വലിയ വിനോദ സഞ്ചാര കേന്ദ്രമായി വളരാന്‍ ആവശ്യമായ എല്ലാ സൗന്ദര്യവും ഉണ്ടെങ്കിലും കുടുംബം ആയി വരുന്നവര്‍ക്കും മറ്റും സുരക്ഷിതത്വം ഒരുക്കുന്നതിലും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യങ്ങള്‍ ഇല്ല എന്നതും വലിയ കുറവ് തന്നെയാണ് .ചില ഭാഗങ്ങളില്‍ പൊട്ടിയ മദ്യ കുപ്പികളാല്‍ നടത്തം പോലും അസാധ്യം ആകുന്നു .അല്‍പ്പ സമയത്തെ വിശ്രമത്തിന് ശേഷം യാത്ര പുനരാരംഭിക്കുമ്പോള്‍ ഇത് വരെ പല ഭാഗങ്ങളിലും യാത്ര ചെയ്‌തെങ്കിലും നന്നായി ആസ്വദിക്കാന്‍ കഴിഞ്ഞ ഒരു സ്ഥലം എന്ന രീതിയില്‍ പരുന്തന്‍ പാറ മനസ്സില്‍ എവിടെയൊക്കയൊ അടയാളപ്പെടുത്തി കഴിഞ്ഞിരുന്നു .

ഇനി യാത്ര കട്ടപ്പനയിലെക്കാണ് .മറ്റൊരു ചാനലിലെ പ്രൊഡ്യുസര്‍ കൂടി ആയ സ്‌നേഹിതന്‍ ജോസഫ് കട്ടപ്പനയുടെ വീടാണ് ലക്ഷ്യം .വരണം എന്ന കൂറെ നാളത്തെ നിര്‍ബന്ധം ഇന്നത്തോട് നിര്‍ത്തുക എന്ന ലക്ഷ്യവുമായി ആണ് യാത്ര .പരുന്തന്‍ പാറയിലേക്ക് പോയ വഴി തന്നെ മടങ്ങി കുട്ടിക്കാനത്തു വന്നു വലതു തിരിഞ്ഞു വാഗമണ്‍ വഴി ആണ് കട്ടപ്പന യാത്ര നിശ്ചയിച്ചിരിക്കുന്നത് .കുട്ടിക്കാനത്ത് നിന്നും ഏല്ലപ്പാറ, കോലാഹലമേട് വഴി വാഗമണ്‍ എത്തുമ്പോള്‍ മീറ്ററില്‍ 25 കിലോമീറ്റര്‍ പിന്നിട്ടിരുന്നു . വാഗമണ്‍ സ്ഥിരം യാത്ര കേന്ദ്രം ആയതിനാലും .സ്ഥിരം വിനോദ സഞ്ചാര കേന്ദ്രങ്ങളോട് കൂടെയുള്ളവര്‍ക്കും താല്പ്പര്യം ഇല്ലാത്തതിനാലും വാഗമണില്‍ നിന്നും ഉച്ച ഭക്ഷണം കഴിച്ചു കട്ടപ്പനയിലെക്ക് യാത്ര തുടര്‍ന്നു .

സ്ഥിരം വഴി ഒഴിവാക്കി ഉള്‍ വഴികളെ ആശ്രയിച്ചു കൊണ്ട് ഗ്രാമീണ വഴികളിലൂടെ പൊടി പറത്തി ഒരു യാത്ര .വാഗമണില്‍ നിന്നും ആനവിലാസം റോഡിലൂടെ ഉള്ള കട്ട പ്പനയിലെക്ക് ഉള്ള യാത്ര മനോഹരമാണ് .മടക്കു മടക്കായി കിടക്കുന്ന റോഡിലുടെ ഉള്ള യാത്ര ചിലപ്പോഴൊക്കെ കുതിര സവാരിയെ ഓര്‍മ്മപ്പെടുത്തി കൊണ്ടിരിക്കുന്നു.മുന്നിലായി നാലു ബൈക്കിലായി ഒരു എട്ടങ്ക സംഘം പാറി പറക്കുന്നു . ഒരു ഹില്‍ വ്യൂ പോയന്റില്‍ കാര്‍ നിരത്തി അവരോടു അല്‍പ്പ നേരം കത്തി വച്ച ശേഷം യാത്ര തുടരുമ്പോള്‍ കൊല്ലത്തു നിന്നും വന്ന അവരുടെ ആ കൂട്ട്‌കെട്ടിന്റെ മനോഹരമായൊരു ചിത്രം ക്യാമറയില്‍ പതിഞ്ഞിരുന്നു .

കട്ടപ്പനയില്‍ എത്തുമ്പോള്‍ സമയം 5 മണി . പല ചാനല്‍ മുതലാളിമാരോടും ഇ പണി പോയാല്‍ എനിക്ക് സ്വന്തം പറമ്പില്‍ തൂമ്പ എടുത്ത് കിളക്കാന്‍ അറിയാം എന്ന് മുഖത്തു നോക്കി പറഞ്ഞു ഇറങ്ങി പോന്ന ധീര വിപ്ലവകാരി ജോസഫ് ഏലം പറിച്ചു ക്ഷിണിച്ച കോലത്തില്‍ സ്‌കൂട്ടിയുമായി കാത്ത് നില്പ്പുണ്ടായിരുന്നു .അടുത്ത കടയില്‍ കയറി ഒരു കോഴിയുടെ തല അരിഞ്ഞു പീസ് പീസ് ആക്കി ബാഗിലാക്കി അങ്ങേരുടെ വീട്ടിലേക്ക് .ഒരു കുന്നിന്‍ മുകളില്‍ ഏലത്തിനും കോക്കോക്കും പിന്നെ പേരറിയാത്ത കുറെ കൃഷികള്‍ക്കും ഇടയില്‍ ഒരു കൊച്ചു വീട് . ജോസഫേട്ടന്റെ അപ്പച്ചന് ഒരു കാര്യം ചെയ്യാമായിരുന്നു .വീട് പണിതപ്പോള്‍ വീട് ഇങ്ങു താഴെ വക്കാമായിരുന്നു .കയറ്റം കഠിനം തന്നെ . ജോസഫേട്ടന്റെ അമ്മ ഉണ്ടാക്കി തന്ന നാരങ്ങ വെള്ളം കുടിച്ച് ഇരിക്കുമ്പോള്‍ സഹ യാത്രികനായ ഉമ്മര്‍ ഗുല്‍മോഹര്‍ സ്ഥിരം ഏര്‍പ്പാടായ തിരുവന്തപുരത്തു കൂടി പോകുന്ന പണി കൊച്ചിയില്‍ നിന്നു വണ്ടി വിളിച്ചു പോയി നെഞ്ചത്ത് വാങ്ങുന്ന പരിപാടി ഇവിടെയും ഒപ്പിച്ചു .കുറച്ചു ഏലം ഉണക്കാന്‍ കൊടുകണം എന്ന ജോസെഫേട്ടന്റെ വെറും വാക്ക് അവനങ്ങ് ഏറ്റെടുത്തു .അവസാനം 70 കിലോ ഏലം ഉണക്കാന്‍ കൊടുത്ത് തിരിച്ചെത്തുമ്പോള്‍ ഇരുളു വീണു തുടങ്ങിയിരുന്നു . വീടിനടുത്ത് കൂടി ഒഴുക്കുന്ന തോട്ടിലെ തണുത്ത വെള്ളത്തില്‍ മുങ്ങി നിവര്‍ന്നു തിരിച്ചെത്തുമ്പോള്‍ അമ്മച്ചി വച്ച കുരുമുളകിട്ട നല്ല സൂപ്പര്‍ ചിക്കെന്‍ കറി ഭക്ഷണ ടേബിളില്‍ കാത്തിരിക്കുന്നു .ഭക്ഷണത്തിനു ശേഷം അല്‍പ്പം വിശ്രമിച്ച ശേഷം തിരിച്ചു വരവിനുള്ള സഞ്ചി മുറുക്കി .രാത്രി യാത്ര വേണ്ട എന്ന ജോസഫേട്ടന്റെ അപ്പച്ചന്റെ വാക്കിനെ രാവിലെ ജോലിക്ക് തിരികെ കയറണം എന്ന മറു വാക്കില്‍ ഒതുക്കി യാത്ര പറഞ്ഞു പടിയിറങ്ങി .തിന്ന ഇറച്ചി എല്ലിന്റെ ഇടയില്‍ കുത്തുന്നതിനാലും രാവിലെ ജോലിക്ക് കയറുക എന്ന അത്യാവശ്യമായതിനാലും പറന്നു വരുന്നതിനിടയില്‍ 20 കിലോ മീറ്റെര്‍ കഴിഞ്ഞപ്പോള്‍ നമ്മുടെ ലാന്‍സര്‍ മോന്റെ ടയര്‍ വെടി തിര്‍ന്നു .വണ്ടി ഓടിക്കുക എന്നതില്‍ കവിഞ്ഞു വണ്ടിയെ കുറിച്ച് ഒരു ചുക്കും ചുണാമ്പും അറിയാത്ത ഞാനും അത് പോലും അറിയാത്ത സഹയാത്രികരും കുറെ നേരം കണ്ണില്‍ നോക്കി നിന്ന ശേഷം അവസാനം ഒരു തിരുമാനത്തില്‍ എത്തി . ജോസഫേട്ടനെ വിളിച്ചു വരുത്തുക .അങ്ങനെ നട്ട പാതിരക്ക് ജോസഫേട്ടന്‍ പ്രത്യക്ഷപെട്ടു കൂടെ ഒരു കൂട്ടുക്കാരനുമായി, അവസാനം ട്ടയര്‍ എല്ലാം മാറ്റി കഴിഞ്ഞപ്പോള്‍ സമയം പുലര്‌ച്ചെ 1.10 .രാത്രി യാത്ര വേണ്ടെന്ന ജോസഫെട്ടന്റെയും സ്‌നേഹിതന്റെയും വാക്കുകള്‍ കളിയാക്കി തള്ളി എങ്കിലും അടുത്ത വാചകമായ റോഡില്‍ ആന ശല്യം ഉണ്ടാകും എന്നതില്‍ മൂന്ന് പേരും കാറ്റു പോയ ബലൂണായി . സൈക്കിളില്‍ നിന്നും വീണ ചിരി ചിരിച്ച് കട്ടപ്പനക്ക് മടങ്ങി ഹോട്ടല്‍ മുറി എടുത്ത് തങ്ങി ..

തലേ ദിവസത്തെ ക്ഷീണത്താല്‍ അതി രാവിലെ 10 മണിക്ക് എഴുന്നേറ്റ് റബറിന്റെ നാട്ടില്‍ നിന്നും ഒരു ചൈനീസ് ഇറക്കു മതി ടയറും വാങ്ങി 131 കിലോമീറ്റര്‍ ഓടി കൊച്ചി ഇടപ്പള്ളിയില്‍ മടങ്ങി എത്തുമ്പോള്‍ തന്നെ അടുത്ത യാത്ര പ്ലാനിംഗ് തുടങ്ങി ഇരുന്നു..

Advertisements
മലപ്പുറം ജില്ലയിലെ വെന്നിയുരില്‍ ഭൂജാതനായി ........വീട്ടുകാരുടെ പണം ആര്‍ഭാടമായി ചിലവാക്കി പൂര്‍ത്തിയാക്കാത്ത പഠനം .....സുന്ദരന്‍ ,സുമുഖന്‍ എന്നോക്കെ സ്വന്തമായി വിശ്വസിക്കുന്നു ...പക്ഷെ വെറെ ആരും അത് വിശ്വസിക്കുന്നില്ല എന്ന ഉത്തമബോധ്യം...ഇപ്പോള്‍ ഡല്‍ഹിയിലെ തണുപ്പില്‍ നിന്നും വിരമിച്ച് കേരളത്തില്‍ കൊച്ചിയിൽ മാധ്യമപ്രവര്‍ത്തനം എന്ന #@[email protected][email protected]%@@ ചെയ്യുന്നു . വിവാഹിതൻ, സുന്ദരി ആയ ഭാര്യ സ്വന്തമായി ഉള്ളവൻ എന്നാലും .....പെണ്‍കുട്ടികളുടെ വായില്‍ നോക്കി ജിവിതം ഹോമിക്കുന്നു ......എല്ലാം ക്യാമറ കണ്ണിലുടെ കാണാന്‍ ശ്രമിക്കുന്നവന്‍