Share The Article


2011 ഡിസംബര്‍ ഒന്‍പതിന്റെ തണുപ്പുള്ള രാത്രയില്‍ കോട്ടയം ജില്ലയിലെ ഉള്‍ഗ്രാമത്തിലെ വീട്ടിലേക്കൊരു ഫോണ്‍ കാള്‍ വരുന്നു ..കല്‍ക്കട്ടയിലെ എ.എം ആര്‍ ഐ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന രമ്യയുടെതായിരുന്നു അത് .രണ്ടാഴ്ച്ച കഴിഞ്ഞു വരാനിരിക്കുന്ന ക്രിസ്തുമസ്സ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ വരുന്നതും ,വീട്ടു വിശേഷങ്ങളുമൊക്കെ പങ്കുവെച്ചു അവസാനിപ്പിച്ച ഫോണ്‍ കാളിനു ശേഷം ആ സാധു കുടുംബത്തിനെ തേടി വന്നത് താങ്ങും തണലുമായ അവരുടെ മകളുടെ ഓര്‍ക്കാപ്പുറത്തുണ്ടായ ദേഹവിയോഗ വാര്‍ത്തയായിരുന്നു.

ഇക്കഴിഞ്ഞ ഡിസംബര്‍ ഒന്‍പതിന് കൊല്‍ക്കട്ടയിലെ എ എം ആര്‍ ഐ .ഹോസ്പിറ്റലില്‍ നടന്ന ദുരന്തം,നിര്‍ദ്ധന കുടുംമ്പത്തിന്റെ താങ്ങും തണലുമായ മലയാളി സിസ്റ്റര്‍ മാരായ പി കെ ,വിനീതയും ,രമ്യ രാജപ്പനും ,ദുരന്തത്തില്‍ പെട്ട എട്ടു പേരെ രക്ഷിച്ചശേഷം മരണത്തിന് കീഴടങ്ങിയത് ആരും മറക്കാനാടിയില്ല . അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ ഹെഡ് ലൈന്‍ ന്യൂസ്‌ ആയിരുന്നു അന്ന് ആ വാര്‍ത്ത , കേരളത്തിന്‍റെ അഭിമാനമായി രക്തസാക്ഷിത്വം വരിച്ച ഈ മാലാഖക്കുട്ടികളുടെ സഹപാഠികള്‍ ഇന്നൊരു സമരത്തിലാണ് .സാധാരണ പനി വന്ന രോഗി മുതല്‍ എയിഡ്സ് രോഗികളെ വരെ വേണ്ടത്ര മുന്‍കരുതല്‍ ഇല്ലാതെയും സ്വന്തം ആരോഗ്യംപോലും വകവെക്കാതെയും എട്ടു മുതല്‍ പതിനഞ്ചു മണിക്കൂര്‍ വരെ തുടര്‍ച്ചയായി യാതൊരു നീരസവും കൂടാതെ ഡ്യൂട്ടി ചെയ്യുന്ന ഈ വെള്ളരി പ്രാവുകള്‍ നമ്മുടെയൊക്കെ നിത്യ ജീവിതത്തില്‍ ചെയ്യുന്ന സേവനം എത്ര വലുതാണ്‌ ..,,തികച്ചും ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി നടത്തുന്ന സമരം ഗുണ്ടകളെ വരെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു ,,,മൊബൈല്‍ ഫോണില്‍ പാട്ടുമിട്ട് എട്ടു മണിക്കൂര്‍ ജോലി ചെയ്തു വൈകുന്നേരം അഞ്ഞൂറും അറുന്നൂറുംഉറുപ്പിക കൂലി വാങ്ങി പോകുന്ന അന്യ സംസ്ഥാനക്കാര്‍ വിലസുന്ന ദൈവത്തിന്റെ നാട്ടില്‍ നഴ്സുമാര്‍ മിനിമം വേതന വര്‍ധനക്ക് വേണ്ടി നടത്തുന്ന ഈ പോരാട്ടം ,ഒരു പാര്‍ട്ടിക്കൊടി ചരിഞ്ഞാല്ലോ ഒരു തെരുവ് പട്ടി ചത്താലോ ഹര്‍ത്താലുമായി വരുന്ന രാഷ്ട്രീയ പാര്‍ട്ടികളെന്തേ ഏറ്റെടുക്കുന്നില്ല? , നിസ്സാരമായ സംഭവങ്ങള്‍ പോലും ഊതിപ്പെരുപ്പിച്ച് മണിക്കൂറുകള്‍ ചര്‍ച്ച നടത്തുന്ന ന്യൂസ്‌ ചാനലുകളില്‍ ഈ വാര്‍ത്തകള്‍ വെറും ടൈം അഡ്ജസ്റ്റ് ചെയ്യാനുള്ള സ്ക്രോള്‍ ന്യൂസ്‌ മാത്രമാണ് .

“മാധ്യമങ്ങളെ കണ്ണ് തുറക്കൂ” എന്ന പ്ലക്കാര്‍ഡുമായി എറണാകുളത്തെ ഒരു പ്രമുഖ ഹോസ്പിറ്റലിന് മുമ്പില്‍ ഇവര്‍ സമരം ചെയ്യുന്ന ചിത്രം കാണാനിടയായി ,,അണ്ണാഹസാരെ യുടെ സമരം ഒരു പരിധി വരെ അധികാരികള്‍ക്ക് മുമ്പിലും ജനശ്രദ്ധയിലും കൊണ്ട് വരാന്‍ പത്രമാധ്യമങ്ങളും,ദൃശ്യമാധ്യമങ്ങളും ,സോഷ്യല്‍ നെറ്റ് വര്‍ക്കുകളും വഹിച്ച പങ്കു ചെറുതല്ല ,,ആ ഒരു പ്രതീക്ഷയിലാവം അവരാ പ്ലക്കാര്‍ഡുടുയര്‍ത്താന്‍ കാരണം ..ചെറിയ തലവേദനയ്ക്ക് പോലും ആയിരങ്ങള്‍ ഫീസായി വാങ്ങുന്ന ആശുപത്രി മുതലാളി മാരുടെ മുമ്പില്‍ ഈ മാലാഖമാര്‍ നടത്തുന്ന സമരം എന്തെ ഇടതനും വലുതനും കാണാതെ പോകുന്നു ,,അല്ലങ്കിലും ആശുപത്രികള്‍ മറ്റെന്തിനെക്കാളും ലാഭം കൊയ്യുന്ന ബിസിനസ്സ് ആണല്ലോ അപ്പോള്‍ പിന്നെ ,ഇവര്‍ക്കൊക്കെ ആ അകിടിന്‍ ചുവട്ടിലെ പണമെന്ന ചോരയിലെ കൌതുകം കാണൂ ..

ഒരു മണിക്കൂര്‍ ഓപ്പറേഷന്‍ ചെയ്തു ലക്ഷങ്ങള്‍ പോക്കറ്റിലാക്കി കൈ കഴുകി ഡോക്റ്റര്‍മാര്‍ പോകുമ്പോള്‍ അതേരോഗിയെ ദിവസങ്ങള്‍ പരിചരിക്കുന്ന സിസ്റ്റര്‍മാരുടെ ജീവിതമെന്തേ ഇവര്‍ കണ്ടില്ലെന്നു നടിക്കുന്നു ? ചാനല്‍ ചര്‍ച്ചയില്‍ ഒരു ഹോസ്പിറ്റല്‍ മുതലാളി പറഞ്ഞത് ,വേണമെങ്കില്‍ രോഗികളുടെ ഫീസ്‌ വര്‍ദ്ധിപ്പിച്ചു വേതനം കൂട്ടാമെന്നാണ് .സമൂഹത്തിനോട് ഒരു പ്രതിബദ്ധതയുമില്ലാത്ത ,,ശവത്തിനെപ്പോലും “കച്ചവടം” ചെയ്യുന്ന ഇവരില്‍ നിന്നും കൂടുതല്‍ വല്ലതും പ്രതീക്ഷിച്ച പൊതു ജനമാണ് വിഡ്ഢികള്‍ ..കൃത്യ നിര്‍വ്വഹണത്തിലെ പിഴവിന്റെ പേരില്‍ ഏതെങ്കിലും രോഗിയോ ബന്ധുക്കളോ ഒന്ന് തറപ്പിച്ചു നോക്കിയാല്‍ മിന്നല്‍ പണിമുടക്ക്‌ നടത്തി രോഗികളെ പെരുവഴിയിലാക്കുന്ന ‘ഐ. എം. എ.’ പോലും ഇവര്‍ക്കെതിരെ എസ്മ പ്രയോഗിക്കണം എന്ന് പറയുന്നതിലെ യുക്തി മനസ്സിലാകുന്നില്ല ..

നാടൊട്ടുക്കും ഡെങ്കിപ്പനിയും പകര്‍ച്ച വ്യാധിയും പടര്‍ന്നു പിടിച്ചു ജനം നെട്ടോട്ടമോടുന്ന സമയത്തില്‍ പോലും മിന്നല്‍ പണിമുടക്ക്‌ നടത്തി “മുങ്ങിയ” ഡോക്ടര്‍മാര്‍ക്ക് ഇവര്‍ ചെയ്യുന്ന ജനാധിപത്യ സമരത്തോട് പുറം തിരിഞ്ഞു നില്‍ക്കാന്‍ എന്തു എത്തിക്സ് ആണുള്ളത് ? കേരളത്തില്‍ ഏകദേശം ഏഴു ലക്ഷത്തോളം നഴ്സുമാര്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക് ,ഇവരില്‍ കേരളത്തില്‍ ജോലിചെയ്യുന്നത് വെറും എണ്‍പതിനായിരത്തില്‍ താഴെ മാത്രമാണ്, മിനിമം വേതനം വാങ്ങുന്നതോ വെറും ഏഴു ശതമാനവും .!!ബാക്കിയുള്ളവര്‍ക്ക് കൂടി ഇത് നല്‍കാനുള്ള ഉത്തരവാദിത്വമെങ്കിലും സര്‍ക്കാര്‍ കാണിക്കണം വിദേശ രാജ്യങ്ങളില്‍ ഏറ്റവും ഡിമാന്ടുള്ളത് ഇന്ത്യന്‍ സിസ്റ്റര്‍മാര്‍ക്കാണ് ,അവിടെ അവരുടെ സേവനം ബന്ധപ്പെട്ടവര്‍ ആദരവോടെയാണ് കാണുന്നത് ..തൊഴിലിടങ്ങളില്‍ വേണ്ടത്ര സുരക്ഷിതത്തമില്ലാതെ ജോലി ചെയ്യുന്ന ഈ വിഭാഗം സമരം ചെയ്യുന്നത് തികച്ചും ന്യായമായ ആവശ്യങ്ങള്‍ക്കാണ് .അത് കൊണ്ട് തന്നെ പൂര്‍ണ്ണമായും ജന പിന്തുണ ഇവര്‍ക്കുണ്ടാവാണം.. കോഴ്സും ട്രയിനിങ്ങും കഴിഞ്ഞിറങ്ങിയ ഒരു നേഴ്സ് ആശുപത്രിയില്‍ ആയിരം രൂപ മാസശമ്പളത്തിനാണ് ജോലിയില്‍ പ്രവേശിക്കുന്നത് ..വേദനിക്കുന്ന കോടീശ്വരന്‍മാരോട് ഒരു അപേക്ഷ മാത്രം ,ഇത്രയും “വലിയ” ശമ്പളം നല്‍കി ദയവുചെയ്ത് ഇവരെ അപമാനിക്കരുത് .!!

ഈ ലേഖനം ഇവിടെയും വായിക്കാം