Share The Article

 

Untitled-1

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്കിത് നല്ലകാലമാണ്. 28 വര്‍ഷത്തിനുശേഷം ഇന്ത്യ ലോര്‍ഡ്‌സില്‍ ടെസ്റ്റ് വിജയം നേടിയതിനു പുറമേ ധോണി രാജ്യത്തെ ഏറ്റവും മൂല്യമുള്ള അത്‌ലറ്റായും മാറിയിരിക്കുന്നു. ഫോബ്‌സ് മാസികയാണ് ധോണിയെ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ളതും ലോകത്തെ കായിക താരങ്ങളില്‍ ഏറ്റവും മൂല്യമുള്ള അഞ്ചാമത്തെയാളുമായി തെരഞ്ഞെടുത്തിരിക്കുന്നത്. ലോകത്തെ ഏറ്റവും മൂല്യമുള്ള കായിക താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം ടടെന്നീസ് താരം റോജര്‍ ഫെഡററും ഗോള്‍ഫ് താരമായ ടൈഗര്‍ വുഡ്‌സും പങ്കിടുന്നു.

ഫീസ് ഇനത്തിലും പരസ്യങ്ങളിലൂടെയും മറ്റും ലഭിക്കുന്ന വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ‘മൂല്യം’ നിര്‍ണയിച്ചിരിക്കുന്നത്. ഫോബ്‌സിന്റെ കണക്കുകളനുസരിച്ച് ഫെഡററും വുഡ്‌സും 2013ല്‍ 46 മില്യണ്‍ ഡോളര്‍വീതം സമ്പാദിച്ചിട്ടുണ്ട്. ധോണിയാകട്ടെ 21 മില്യണും സമ്പാദിച്ചു. നാലാം സ്ഥാനക്കാരിയായ ടെന്നീസ് റാണി മരിയ ഷറപ്പോവയെക്കാള്‍ രണ്ട് മില്യണ്‍ ഡോളര്‍ മാത്രം കുറവായിരുന്നു ധോണിയുടെ സമ്പാദ്യം. ബാസ്‌കറ്റ്‌ബോള്‍ താരം ലീബോണ്‍ ജെയിംസ് (27 മില്യണ്‍), ഫില്‍ മിക്കെല്‍സണ്‍ (2 മില്യണ്‍) എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഫുട്‌ബോള്‍ താരങ്ങളായ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും അര്‍ജന്റീന താരം ലയണല്‍ മെസിയും കഴിഞ്ഞ വര്‍ഷം സമ്പാദിച്ചത് 13 മില്യണ്‍ ഡോളര്‍ വീതമായിരുന്നു.

എ ടി പി വേള്‍ഡ് ടൂര്‍ വെബ്‌സൈറ്റിലുള്ളതനുസരിച്ച് ഫെഡററുടെ പേര് സംഘാടകര്‍ക്ക് ഒരു മില്യണ്‍ ഡോളറിനു തുല്യമാണെന്നു പറയുന്നു. ഫെഡററുടെ നൈക്ക്മായുള്ള 10 വര്‍ഷത്തെ കരാറിലൂടെ ആകെ 100 മില്യണ്‍ ഡോളര്‍ ലഭിക്കുമെന്ന് കണക്കുകൂട്ടുന്നു. 17 ഗ്രാന്‍ഡ്‌സ്‌ലാം കിരീടങ്ങള്‍ നേടിയെന്ന റെക്കോഡ് സ്വന്തമായുള്ള ഫെഡററും 14 പ്രധാനപ്പെട്ട ഗോള്‍ഫ് കിരീടങ്ങള്‍ നേടിയിട്ടുള്ള ടൈഗര്‍ വുഡ്‌സും കായിക മൂല്യത്തിന്റെ കാര്യത്തില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്നു.ഉസൈന്‍ ബോള്‍ട്ട്(20 മില്യണ്‍ ഡോളര്‍), കോബി ബ്രയാന്റ്(ബാസ്‌കറ്റ്‌ബോള്‍19 മില്യണ്‍), ന ലി(ടെന്നീസ് 15 മില്യണ്‍), ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലയണല്‍ മെസി(13 മില്യണ്‍) എന്നിവരാണ് ആറുമുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളിലുള്ളവര്‍.