Share The Article

El-Colacho

സ്‌കാന്‍ഡിനേവിയയിലെ ധ്രുവക്കൊള്ളക്കാരെ പറ്റിയും അവരുടെ ഒറ്റക്കണ്ണിനെ പറ്റിയും ഞാന്‍ ചെറുപ്പകാലത്തു നിരന്തരം പേടി സ്വപ്നങ്ങള്‍ കാണാറുണ്ടായിരുന്നു. അവരാണു കടല്‍ ഭരിക്കുന്ന കൊള്ളക്കാരായി തീരുകയെന്നു ഞാന്‍ ഒരു കാരണവുമില്ലാതെ വിശ്വസിച്ചു. അവരുടെ കവിളിനു മീതെ കോറി വരഞ്ഞ കത്തിയുടെ അടയാളം അവരുടെ മുഖത്തെ ക്രൂരമാക്കി. അവരുടെ പുരികക്കൊടികളില്‍ നിന്റെ രഹസ്യമറുകു ഞാന്‍ കണ്ടെത്തി …ഞാന്‍ ഭയപ്പെട്ടു. ഞാന്‍ ചുമരിലേക്കു മുഖം ചേര്‍ത്തു രഹസ്യമായി എന്റെ വിരല്‍ ഈമ്പി…

എന്റെ കൌമാരകാലത്തു ഞാന്‍ സ്‌കാണ്ടിനേവിയന്‍ പഴങ്ങള്‍ ധാരാളമായി തിന്നുവാന്‍ ആരംഭിച്ചു…കറുത്തവയും നീലയുമായ വിവിധ ബെറിപ്പഴങ്ങള്‍ എന്റെ കണ്ണുകളെ കറുപ്പിച്ചു.സ്‌റ്റ്രോബെറിയും ഹിബെറിയും എന്റെ ചുണ്ടുകളെ ഊത നിറമാക്കി.ചെറിപഴങ്ങളുടെ രഹസ്യതവിട്ടു നിറം എന്റെ മുലച്ചുണ്ടുകള്‍ കടമെടുത്തു…ഷാറൊണിന്റെ ഗന്ധം എന്നെ ഉന്മത്തയാക്കി.നൊര്‍ഡിക് കറന്റ് പഴങ്ങള്‍ എന്റെ ഉടല്‍വാസനയില്‍ പ്രേമം കലര്‍ത്തീ.

യൌവ്വനകാലത്താണു ആപ്പിള്‍ ഫോണിലെ മഞ്ഞുയാത്രാക്കളികള്‍ എനിക്കു പ്രിയങ്കരമായതു…നോര്‍ഡിക് പച്ചകുത്തലുകളെ ഓര്‍മ്മിപ്പിക്കുന്ന മൈലാഞ്ചി വരകളുള്ള വലതു കയ്യാല്‍ ഞാന്‍ മഞ്ഞിലൂടെ രഹസ്യയാത്രകള്‍ ആരംഭിച്ചു.സ്‌കാന്‍ഡിനെവിയന്‍ ഭൂദേശത്തെ അടയാളപ്പെടുത്തുന്ന ബട്ടനുകളില്‍ എന്റെ കൈ വിറച്ചു..മഞ്ഞിനടിയില്‍ പുതഞ്ഞ നിധികള്‍ കാലില്‍ തട്ടിയെനിക്കു.വിചിത്രജാതി പക്ഷികള്‍ എന്നെ കൊത്തി പറന്നു.നടപ്പാതയില്‍ വീഴാനാരംഭിച്ച ഐസ് ,കണ്ണാടിചില്ലുപോലെ എനിക്കു മീതേ പൊതിഞ്ഞു പറ്റി.എന്റെ ഉടുപ്പുകള്‍,എന്റെ പാദുകങ്ങള്‍ എന്റെ ആഭരണങ്ങള്‍ കണ്ണാടി പോല്‍ മനോഹരമായി. പെന്‍ഗ്വിനുകള്‍ എന്നെ താഴ്വാരത്തിലെ മഞ്ഞു തടാകങ്ങളിലേക്കു നിസ്സാരമായി ഉന്തിയിട്ടു.ഞാനൊരു മഞ്ഞുപാവയെന്നു അവര്‍ ആക്രന്ദിച്ചു.

പിന്നീട് സ്‌കാന്‍ഡിനേവിയന്‍ വസന്തവും കൊണ്ടു നീ കയറി വന്നു.അലസനായ സഞ്ചാരി.ഒറ്റക്കയ്യന്‍.കണ്ണുകളില്‍ പൌരസ്ത്യമായ ഊര്‍ജ്ജത്തൊടെ കിഴക്കന്‍ സൂര്യന്‍ പ്രകാശിച്ചു.ഞാന്‍ അസ്തപ്രജ്ഞയായി..സ്വബോധം നശിച്ചവളും പരിഭ്രാന്തയും ആയി..നീലനിറമുള്ളതും പ്രേമം കലങ്ങിയതുമായ നിന്റെ നോട്ടത്തിന്റെ അപകടങ്ങളെ പറ്റി എനിക്കു ധാരണകള്‍ ഉണ്ടായിരുന്നു.മനോഹരമായ കണ്‍പീലികള്‍ അഹങ്കാരികളായ പടയാളികള്‍ എന്നെ പോരിനു വിളിച്ചു കൊണ്ടേയിരുന്നു..എന്റെ സാഹസികത, ..മൃതപ്പെടുന്നെങ്കില്‍ വൈദ്യുതിയുടെ മാരകമായ ചെമ്പു കമ്പിയില്‍ തൊട്ടു വേണമെന്ന അത്യാര്‍ത്തി..സമുദ്രാഴങ്ങളിലെ നീലത്തിമിംഗലങ്ങളുടെ ദഹനരസോഷ്ണത്തില്‍ വേവണമെന്ന എന്റെ ആസക്തി…നിന്റെ കണ്ണുകളിലെകാന്തികത ഒരു കൊക്ക പോലെ എന്നെ പ്രലോഭിപ്പിച്ചു… ആഴകൊക്ക.. മരണക്കെണിയുടെ ആഴകൊക്ക..വന്യതയുടെ നീള കൊക്ക..
ഗുരുത്വാകര്‍ഷണത്തിന്റെ ഭ്രാന്തന്‍ കൊക്ക
നീ ഒരു ചൂണ്ട പ്രിയനേ..
നെ ഒരു ചൂണ്ടക്കാരന്‍ പ്രിയനേ…

നമ്മള്‍ ഇരുവരും ഉറങ്ങുക നൊര്‍ഡിക് സൂര്യന്റെ പ്രപഞ്ച കിരണങ്ങളിലെന്നു നീ എന്നോടു പറഞ്ഞൂ…..
നമ്മുടെ ആദ്യപകലുകള്‍ ധ്രുവസൂര്യരശ്മികളില്‍ കിടന്നു തിളങ്ങിക്കൊണ്ടെന്നു ലജ്ജയില്ലാത്തവനേ നീ എന്നോടു എന്തിനു പറഞ്ഞു…???
എനിക്കു ഭയം തോന്നി…ഞാന്‍ നിന്നെ ഭയത്തോടെ നോക്കി…
പൈന്‍ മരങ്ങളെയും തണുപ്പിന്റെ കുത്തുസൂചികളെയും പറ്റി പറയാന്‍ ഞാന്‍ ആളല്ല.ഞാന്‍ അവയെ കണ്ടിട്ടേ ഇല്ല.മഞ്ഞൂപാറകളെ പറ്റിയോ പ്രേമം പോലെ ഇടിഞ്ഞൂ വീണു പാത മറക്കുന്ന മഞ്ഞൂകാലത്തെ പറ്റിയോ എനിക്കൊന്നും തന്നെ അറിയുമായിരുന്നില്ല.നോര്‍ഡിക് സൂര്യനെ പോലെ അതും എനിക്കു അപരിചിതം തന്നെ.

‘നോര്‍ഡിക് സണ്‍ നോര്‍ഡിക് സണ്‍ നോര്‍ഡിക് സണ്‍’
ഞാനൊരു വിഡ്ഡിയെ പോലെ പിറുപിറുത്തു..

എന്റെ പൊന്നുക്കുട്ടീ…
നൊര്‍ഡിക് സൂര്യാംശുവിനു എന്തു നിറമായിരിക്കും എന്നു ഞാന്‍ കൌതുകപ്പെടുന്നു.ഓറഞ്ച് പഴത്തിന്റെ വഴുക്കുന്ന തോല്‍നിറമോ നാരങ്ങാ വെട്ടത്തിന്റെ മധുരമാദക നിറമോ അതുമല്ലെങ്കില്‍ അതൊരു സാന്ധ്യകാല ചെമ്പകപ്പൂ!വിന്റെ പഴുത്ത മഞ്ഞ നിറമോ ജനതകളെ ഓര്‍മ്മിപ്പിക്കുമായിരിക്കും…

ആ അരിവെയില്‍ പ്രേമരശ്മികളില്‍
രണ്ടു സര്‍പ്പങ്ങളെ നാം പുനര്‍ജീവിപ്പിക്കയില്ലേ?
രാജയും റാണിയുമായ രണ്ടു പ്രേമ സര്‍പ്പങ്ങള്‍?
വെമ്പാലയുടെ ക്രൌര്യമുള്ള സീല്‍ക്കാരികളായ രണ്ടുഗ്രസര്‍പ്പങ്ങള്‍?

നിന്റെ ശ്വാസവായുവിനു വിഷപ്പുകയില്‍ നീറുന്ന പുകയിലയുടെ ഗന്ധമായിരിക്കും എന്റേതിനു ആദിമമായ പ്രേമ ഗന്ധവും
തൊലിയുടെ മീതേ പ്രേമത്തിന്റെ വഴുക്കുന്ന സ്‌നിഗ്ധകവുമായി നാം മഞ്ഞു വീണു കിടക്കുന്ന ഭൂച്ചെരുവില്‍
അനന്തകാലത്തോളം പുണര്‍ന്നു കിടക്കും..

മഞ്ഞിന്റെ വെള്ളയിരുളിലും സാന്ധ്യമുഖത്തിലും ചാന്ദ്രവെട്ടത്തിലും
നാം കടുംകെട്ടു പോലെ മുറുകും…
പ്രഭാതം വരും.. നൊര്‍ഡിക് സൂര്യ പ്രഭ അതിന്റെ പിറവിയിലും രോഷത്തിലും നമ്മെ ഒറ്റുകൊടുക്കും
നമ്മെ പൂണ്ടു പുറ്റായ് മാറിയ മഞ്ഞുപഞ്ഞിക്കൂട്ടങ്ങളെ പതിയെ
ഉരുക്കും…ജലത്തിന്റെ സ്പര്‍ശത്താല്‍ നമ്മെ ഉണര്‍ത്തും
നമ്മുടെ ഉടലുകള്‍ സ്വര്‍ണ്ണരേഖ പോലെ വെളുത്ത മഞ്ഞു പരവതാനിയില്‍ പുളഞ്ഞങ്ങനെ കിടക്കും..
ധ്രുവസൂര്യന്റെ രശ്മികള്‍ക്കും നമ്മുടെ തണുപ്പായിരിക്കേണ്ടെ ഒറ്റക്കയ്യാ..
കിഴുക്കാംതൂക്കായ മലകളില്‍ തട്ടി ചിതറുമ്പോള്‍ സ്വാഭാവികമായും അവക്കു വെള്ളി നിറമായിരിക്കേണ്ടെ? എങ്കിലും മഞ്ഞ ചെമ്പകപൂവിന്റെ നിറമുള്ള രശ്മികള്‍ ചെറു വിരലുകള്‍ നീട്ടി,ഞാന്‍ നിന്നെ കട്ടെടുത്ത പോലെ അതിന്റെ നിറത്തെയും കട്ടെടുക്കും ..
നൊര്‍ഡിക്ക് സൂര്യന്‍,എന്റെ ഓമന പൊന്നുക്കുട്ടീ നിന്റെ പേരു പോലെ പൊന്‍നിറം വിതറും..
പ്രകാശഭരിതമായ പ്രേമത്തിന്റെ ധ്രുവാകാശത്തില്‍ ദക്ഷിണായനസൂര്യന്‍ ലജ്ജപൂണ്ട് നമ്മുടെ പേരുകള്‍ കോറിയിടുകയും അതിലജ്ജ പൂണ്ട മഞ്ഞുപാളികള്‍ അവ മറച്ചു പിടിക്കയും ചെയ്യും..