നിങ്ങള്‍ക്ക് ഒരു നല്ല രാഷ്ട്രീയക്കാരന് ആവണം എന്നുണ്ടെങ്കില്‍ ഈ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാവുന്നതാണ്.
1. നല്ല വേഷം ധരിക്കുക, വൃത്തിയായി നടക്കുക.
ജനം എപ്പോഴും കാണാന്‍ ഒരു ലുക്ക് ഉള്ളവരെ അംഗീകരിക്കും. വേഷം ഒരു പ്രധാന കാര്യം ആവുന്നതിവിടെയാണ്. മുഖം അല്പം ഓഞ്ഞിരുന്നാലും വേണ്ടില്ല,നല്ല കോസ്റ്റ്യൂം ധരിക്കുക. നല്ലത് പോലെ ഇസ്തിരി ഇട്ട വേഷം തന്നെ ആവണം ധരിക്കേണ്ടത്. സിനിമയിലെ വില്ലന്മാര്, ബാര്‍ മുതലാളിമാര്‍ തുടങ്ങിയവരെ പോലെ ആണല്ലോ എല്ലാ രാഷ്ട്രീയക്കാരും ഇന്ന് കാണപ്പെടുന്നത്. അതിനാല്‍ സിനിമ കാണുമ്പോള്‍ വില്ലന്മാരുടെയും ബാര്‍ മുതലാളിമാരുടെയും വേഷങ്ങള്‍ ശ്രദ്ധിക്കുക.
2. ബിനാമികളെ എപ്പോഴും കരുതി വയ്ക്കുക.
കൈക്കൂലി എല്ലാം സ്വന്തം പേരില്‍ നിക്ഷേപം നടത്തിയാല്‍ അപകടമാവും. ഭൂമി ഇടപാടുകളും മറ്റു രഹസ്യ ഇടപാടുകളും നടത്തുവാന്‍ ബിനാമികള്‍ ഉണ്ടായേ കഴിയൂ. ഈ അടുത്ത കാലത്ത് നടന്ന ഇടപാടുകള്‍ നിങ്ങള്‍ ശ്രദ്ധിച്ചു കാണുമല്ലോ. വിദേശത്ത് ഉള്ള ബിനാമികള്‍ ആവും കൂടുതല്‍ നല്ലത്. വിദേശത്ത് ബിസിനസ്സ് നിക്ഷേപങ്ങളും നടത്താം.
3. മാഫിയാ ബന്ധം ഉണ്ടാക്കിയെടുക്കുക
എല്ലാ തരത്തിലുള്ള മാഫിയകളുമായും ബന്ധം സ്ഥാപിക്കുക. മത മാഫിയകള്‍, മണല്‍ മാഫിയകള്‍, മദ്യ മാഫിയകള്‍, മധുരാക്ഷി മാഫിയകള്‍, ‘മ’ പ്രസിദ്ധീകരണ മാഫിയകള്‍, മയക്കു മരുന്ന് മാഫിയകള്‍ തുടങ്ങിയവയെ ഇക്കൂട്ടത്തില്‍ പെടുത്താം. ഇത്തരം മാഫിയകളുമായി ബന്ധമില്ലാതവര്ക്ക് രാഷ്ട്രീയത്തില്‍ ശോഭിക്കുവാന്‍ കഴിയില്ല.
4.എല്ലാ രാഷ്ട്രീയക്കാരുമായും ബന്ധം സ്ഥാപിക്കുക.
എല്ലാ രാഷ്ട്രീയക്കാരും സുഹൃത്തുക്കളാണ്. അല്ലാതെ നിങ്ങള്‍ വിചാരിക്കുന്നത് പോലെ അവര്‍ തമ്മില്‍ യാതൊരു ശത്രുതയും ഇല്ല. എല്ലാം ഒരു അഡ്ജസ്റ്റ്മെന്റ് ആയതിനാല്‍ മറ്റു രാഷ്ട്രീയക്കാരുടെ സ്നേഹം പിടിച്ചു പറ്റുക. അവരെ അറിഞ്ഞു സഹായിച്ചാല്‍ അവര്‍ നിങ്ങളെയും സഹായിക്കും.
5. ജനങ്ങളെ കഴുതകളായി മാത്രം കാണുക, ടി വി യില്‍ മുഖം വരുത്തുവാന്‍ നോക്കുക.
ജനങ്ങള്‍ക്ക് ഓര്‍മ്മ കുറവാണ്. അവര്‍ എല്ലാം പെട്ടെന്ന് മറന്നോളും. നിങ്ങള്‍ അഴിമതി കാണിച്ചോ മറ്റ് വാണിഭങ്ങള്‍ കാണിച്ചോ നിരന്തരം ടെലിവിഷന്‍ ചര്‍ച്ചകളില്‍ വന്നുവെന്ന് കരുതി ഒരിക്കലും ഭയപ്പെടരുത്. നിങ്ങളെ അതുവഴി ആളുകള്‍ തിരിച്ചറിയും. എന്തിനാണ് നിങ്ങള്‍ ടി.വി യില്‍ വന്നത് എന്ന കാര്യം ആരും ഓര്‍ക്കുകയും ഇല്ല.