Share The Article

1414093899_1414093899_h2410kസോഷ്യല്‍ മെസേജിംഗ് ആപ്ലിക്കേഷന്‍ ആയ വാട്‌സ് ആപ്പ് ഒരു യുവതി കാരണം വിമര്‍ശന വിധേയമാകുന്ന ഈ കാലത്ത് വാട്‌സ് ആപ്പ് കൊണ്ട് ഒരമ്മയ്ക്ക് മകനെ തിരികെ ലഭിച്ച വാര്‍ത്ത കേട്ടാലോ ? വാട്‌സ് ആപ്പ് കൊണ്ട് ചില ഉപയോഗങ്ങളും ഉണ്ടെന്നു നമുക്ക് മനസിലാകുന്നത് അപ്പോഴാണ്. നാലു വര്‍ഷമായി നഷ്ടപ്പെട്ടിരുന്നുവെന്നു കരുതിയ മകനെ വാട്‌സ് ആപ്പിലൂടെ തിരിച്ചു കിട്ടിയതിലുള്ള സന്തോഷമാണ് രതീഷ് നിവാസില്‍ അരുണ്‍കുമാറിന്റെ മാതാവിന്.

ഇക്കഴിഞ്ഞ ദിവസമാണ് രാജകുമാരിയില്‍ അമിതമായി മദ്യപിച്ച് നടുറോഡില്‍ കിടന്ന ഒരാളെ രാജാക്കാട് പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. തുടര്‍ന്ന് പോലിസ് ചോദ്യം ചെയ്തപ്പോള്‍ ആണ് കൊല്ലം സ്വദേശി അരുണ്‍കുമാറാണെന്നു വ്യക്തമായത്. ഉടനെ തന്നെ പോലീസ് ഇയാളുടെ ഫോട്ടോയെടുത്ത് വാട്‌സ് ആപ് വഴി കൊല്ലം സ്‌റ്റേഷനിലേക്ക് അയച്ചു കൊടുത്തു. ഞൊടിയിടയില്‍ കൊല്ലം പോലീസ് വിവരങ്ങള്‍ അന്വേഷിച്ച് ഇയാളുടെ വീട്ടിലെത്തിയതോടെ ഒരു കുടുംബം മുഴുവന്‍ ആഹ്ലാദത്തില്‍ അമരുകയായിരുന്നു.

ഫോണില്‍ ഫോട്ടോ കാണിച്ചപ്പോള്‍ വീട്ടുകാര്‍ യുവാവിനെ തിരിച്ചറിഞ്ഞു. നാലുവര്‍ഷമായി നാടുവിട്ട ഇയാള്‍ക്ക് കുടുംബവുമായി യാതൊരു ബന്ധവുമില്ലായിരുന്നു. കുടുംബക്കാരാകട്ടെ ഇയാളെ അന്വേഷിക്കാത്ത സ്ഥലവുമില്ല. ഇന്നലെ രാജാക്കാട് പോലീസ് സ്‌റ്റേഷനിലെത്തിയ ബന്ധുക്കളെക്കണ്ട് അരുണ്‍കുമാറിന്റെ കണ്ണുകള്‍ നിറഞ്ഞു. നാലുവര്‍ഷത്തിനുള്ളില്‍ ഇദ്ദേഹത്തിന്റെ പിതാവ് മരിച്ചതുപോലും അറിഞ്ഞിരുന്നില്ല. രാജാക്കാട് എസ്.ഐ. കെ.എ. ഷാജിയുടെ അവസരോചിതമായ ഇടപെടലാണു അരുണ്‍കുമാറിന് ബന്ധുക്കളെ തിരിച്ചു കിട്ടുന്നതിനു കാരണമായത്.