”നഷ്ടപ്പെട്ട തെരുവ് ”

കത്തിപ്പോയ വീടിന്റെ ചാരഗന്ധം വല്ലാതെ അസ്വസ്ഥമാക്കിയപ്പോഴാണ് അയാള്‍ തെരുവിനെക്കുറിച്ച് ചിന്തിച്ചത്. ഇലകളൊക്കെ കൂമ്പി ധ്യാനത്തിലെന്ന പോലെ നിന്ന മരങ്ങള്‍ ഏതോ ദുഃഖസ്മൃതികളുടെ ആഴങ്ങളിലാണെന്ന പോലെ വിരാജിച്ചു. ഇടത്തെ കാല്‍പാദം വെന്തുപോയിരുന്നു. കറുത്തിരുണ്ട കാല്‍പാദത്തിനു മുകളില്‍ അല്പം നീങ്ങിപ്പോയ തൊലി ചെറിയൊരു അഗ്നിഗോളം പോലെ തോന്നിച്ചു.

ജനസാഗരങ്ങള്‍ ഇരമ്പിയാര്‍ക്കുന്ന തെരുവില്‍ പത്നിയും മകനും സുരക്ഷിതരായിരിക്കുമെന്നു തന്നെ അയാള്‍ വിശ്വസിച്ചു. അക്രമികള്‍ ലക്ഷ്യംവെച്ചത് തന്റെ തൂലികയിലെ ആശയങ്ങളെ ആവാനാണ് സാധ്യത .പൌരോഹിത്യം അതിന്റെ വികൃതമായ എല്ലാ ഭാവങ്ങളോടെയും ജനജീവിതത്തെ ദുസ്സഹമാക്കാന്‍ ആരംഭിച്ചപ്പോഴാണ് പടവാളായി തന്റെ തൂലിക അയാള്‍ ഉപയോഗിച്ചത്. ആത്മീയത വ്യാപാരമാക്കപ്പെടുന്നിടത്താണ് ഒരു ജനത കബളിപ്പിക്കപ്പെടുന്നത്.

അന്ധമായ പുരോഹിത വാക്യങ്ങള്‍ക്ക് ഇരുപത്തൊന്നാം നൂറ്റാണ്ടിലും പരിഷ്കരിച്ച ഒരു വിഭാഗം ആഭിമുഖ്യം കാണിക്കുന്നതിലുള്ള പ്രചോദനമെന്തെന്നായിരുന്നു അയാള്‍ ചിന്തിച്ചത്. സത്യം അറിയെന്നിരിക്കെ പുരോഹിതരുടെ മസ്തിഷ്ക പ്രക്ഷാളനങ്ങളാല്‍ അന്ധവിശ്വാസങ്ങളിലേക്കും അനാചാരങ്ങളിലേക്കും ഉളള ഈ പോക്ക് അയാളെ വല്ലാതെ ഭയപ്പെടുത്തുന്നു. അരനാഴിക നേരെ പിന്നെ പത്തഞ്ഞൂറു മീറ്റര്‍ വളവു തിരിഞ്ഞാല്‍ തെരുവായിരുന്നു.ഇടതുകാല്‍ നിലംതൊടാതെയുള്ള ഈ നടത്തം നൂറ്റാണ്ടുകള്‍ വേണ്ടിവരും തനിക്കു തെരുവിലെത്താന്‍ എന്നയാള്‍ സന്ദേഹിച്ചു.

ഇരുകാലുകളും നഷ്ടപ്പെട്ടാലും അന്ധവിശ്വാസങ്ങള്‍ക്കെതിരെയും അനാചാരങ്ങല്‍ക്കുമെതിരെയും പ്രതികരിക്കാന്‍ വേണ്ടിയാവും തന്റെ തൂലിക ചലിപ്പിക്കുവാന്‍ കൈകള്‍ ഈശ്വരന്‍ ബാക്കി വെച്ചതെന്ന് കൃതജ്ഞതയോടെ അയാളോര്‍ത്തു. പെയ്യാതെ പോയ മേഘങ്ങളെ ദൂരെ തെരുവുകളും പിന്നിലാക്കി അപ്രത്യക്ഷമാക്കിയ കാറ്റ് ഭൂമിയോട് കുമ്പസാരം നടത്തുവാന്‍ ഒരുമ്പെടുകയായിരുന്നു. ഒറ്റക്കാലിലെ ചാടിച്ചാടിയുള്ള നടത്തം വളവു തിരിഞ്ഞു തെരുവിന്റെ ആരംഭത്തിലെത്തിയിരുന്നു.പക്ഷെ അവിടെയൊരു തെരുവില്ലായിരുന്നു. പത്നിയും മകനും ഒരു ജനസാഗരമോ ഇല്ലാത്ത ഒരു പ്രദേശമായിരുന്നു അതെന്നു അയാള്‍ നടുക്കത്തോടെ അറിയുമ്പോള്‍ കത്തിപ്പോയ വീടിനേക്കാള്‍ ദുസ്സഹമാണ് നഷ്ടപ്പെട്ട തെരുവെന്നു അയാള്‍ തിരിച്ചറിഞ്ഞു..

—————-

ഇന്നത്തെ മാധ്യമം ചെപ്പില്‍ വന്ന എന്റെ കഥ.

Write Your Valuable Comments Below
SHARE
Previous articleനുണക്കുഴി
Next articleസുലൈമാന്‍ നബിയുടെ കോഴി
പ്രവാസത്തിന്റെ മുറിവുകളുമായി നീണ്ട ഇരുപതു വര്‍ഷങ്ങള്‍..നഷ്ടപ്പെട്ടത് പ്രിയപ്പെട്ട നാട്..ബാല്യകാല സുഹൃത്തുക്കള്‍ പ്രണയം.. എന്റെ മുറ്റത്ത് നിന്നു നോക്കിയാല്‍ കാണുന്ന മഞ്ഞു വീണ വയല്‍ വരമ്പിലെ പ്രഭാതങ്ങള്‍.. ചെറു തോട്ടിലെ പരല്‍ മീനുകള്‍.. മഴക്കാലത്തെ ഇരുണ്ട സന്ധ്യകള്‍ .. വയല്‍ക്കരയിലെ നിലാവ്.ഗൃഹാതുരത എന്നെ എന്തൊക്കെയോ കുത്തിക്കുറി ക്കുന്നവനാക്കി.ഞാനൊരു സാഹിത്യകാരനല്ല.എന്റെ നാടിനെ സ്നേഹിച്ച സാധാരണ നാട്ടുംബുറത്തു കാരന്‍.

Comments are closed.