Share The Article

03089_2683
പുഴകളുടെ കളകളാരവം …, കിളികളുടെ കുറുങ്ങലുകള്‍ …, പൂക്കളുടെ നേര്‍ത്ത സൌരഭ്യം …,ഡിസംബറിലെ കുളിര്‍മ്മയുള്ള പ്രഭാതങ്ങള്‍ ….!

ലോകമെങ്ങും ക്രിസ്തുമസ്സ് ആഘോഷിക്കാന്‍ ഒരുങ്ങി നില്‍ക്കുന്നു ….!

വീണ്ടും നാട്ടിലേക്കൊരു യാത്ര ….!

വര്‍ഷങ്ങള്‍ .., കാലത്തിന്റെ ശിഖിരത്തില്‍ നിന്ന് പഴുത്ത് …, പൊഴിയാനായി കാത്തു നില്‍ക്കുന്നു …!

അതിനു താഴെ .., പുത്തനുണര്‍വ്വോടെ .., ..,ശൈശവത്തിന്റെ കുസൃതിയോടെ .., , പുതു വര്‍ഷം .. ആഗമനത്തിനായി ഒരുങ്ങി നില്‍ക്കുന്നു …!

എങ്ങും നക്ഷത്രങ്ങള്‍ .., പുഞ്ചിരിച്ചു കൊണ്ടിരിക്കുന്ന നല്ല നിലാവുള്ള രാത്രികള്‍ …!

ക്രിസ്തുമസ്സിന്റേത് ..,,മാത്രമാണോ അത് …,? അല്ല .., പക്ഷേ ..,ഇപ്പോള്‍ നക്ഷത്രങ്ങള്‍ക്ക് നല്ല തിളക്കം …! ദൈവപുത്രന്റെ പിറവിക്ക് .., പ്രപഞ്ചം ഒരുങ്ങിയിരിക്കുന്നു …!

എല്ലാവീടുകളുടേയും മുറ്റത്ത് .. കൊച്ചു കൊച്ചു പുല്‍ക്കൂടുകള്‍ .., , കാണിക്കയുമായി വരുന്നവര്‍ക്ക് വഴികാട്ടാനായി .., വരാന്തകളില്‍ .., കണ്ണുചിമ്മുന്ന നക്ഷത്രങ്ങള്‍ ….!

എല്ലാവരും ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു …..!

ജാതി മത ഭേതമെന്യെ …, എല്ലാവരും ക്രിസ്തുമസ്സിന്റെ .., ആഘോഷങ്ങളിലേക്ക് ഊളയിട്ടിരിക്കുന്നു ….!

അലറിക്കുതിച്ചു പായുന്ന തീവണ്ടിയിലിരുന്നു .., മനസ്സ് ഒരായിരം പ്രാവശ്യം .., ഓര്‍മ്മയുടെ .., പുല്‍ക്കൂടുകളിലും …., ഗ്രാമവീഥികളിലെ .., ആഘോഷരാവുകളിലൂടേയും .., ഓട്ടപ്രദിക്ഷണം നടത്തി വന്നു കൊണ്ടിരുന്നു …!

എഴുപതില്‍ പായുന്ന .., ചെന്നൈ എക്‌സ്പ്രസ്സിനെക്കാളും ലക്ഷം മടങ്ങ് വേഗതയില്‍ ആയിരുന്നു എന്റെ സഞ്ചാരം …!

അതങ്ങനെ തന്നെ ആവണമല്ലോ .., മനസ്സിന് മറികടക്കാനാകാത്ത വേഗതയില്ലല്ലോ …?

പിറന്ന നാട്ടില്‍ കാലു കുത്താന്‍ …കാലുകള്‍ വെമ്പുന്നു .., മനസ്സ് തുടിക്കുന്നു …!

വാളയാര്‍ കഴിഞ്ഞാല്‍ പിന്നെ വരുന്നത് ..,നമ്മുടെ നാടിന്റെ മണമാണ് ….!

പച്ചപുല്ലിന്റെയും .., പുതു മണ്ണിന്റെയും .., ചേറിന്റേയും .., മലയുടേയും …, കാടിന്റേയും …, പുഴകളുടെയും .., അരുവികളുടെയും .., അടക്കാ പക്ഷികളുടേയും മണം …!

നേരം വെളുത്തു തുടങ്ങുന്നതേയുള്ളൂ .., ഞാന്‍ എന്റെ സീറ്റിന്റെ ജാലകങ്ങള്‍ തുറന്നു വെച്ചു …!

ഉള്ളില്‍ ചെറിയൊരു പേടി …, എല്ലാവരും സുഖ സുഷ്പ്തിയില്‍ ആണ് …!, കാറ്റടിച്ച് ആരെങ്കിലും എന്നെ ചീത്ത പറയുമോയെന്ന് എനിക്കൊരു ഭയം ..!

എങ്കിലും ഞാന്‍ തുറന്നു വെച്ചു ..!

ആ ജാലകത്തിന്റെ കമ്പിയിഴകളില്‍ .., മുഖം ചേര്‍ത്തു വെച്ച് ഞാന്‍ ആഞ്ഞാഞ്ഞ് ശ്വസിച്ചു …!

പ്രവാസത്തിന്റെ തളം കെട്ടിയ മുറിക്കുള്ളില്‍ നിന്നും .., പ്രപഞ്ചത്തിന്റെ വിശാലതയിലേക്കൊരു .., പ്രാണയാമം …!

പക്ഷേ .., ആ കാറ്റിന് .., എന്റെ പഴയ കേര നാടിന്റെ .., നിഷ്‌ക്കളങ്കതയില്ല …, നൈര്‍മല്യതയില്ല .., , പൂക്കളുടെയും …, പറവകളുടെയും .., പുല്ലിന്റെയും .., പുഴകളുടെയും .. മണമില്ല …!

കാറ്റിനു തണുപ്പു പോലും കുറഞ്ഞിരിക്കുന്നു …!., കാലത്തിന്റെ കടിഞ്ഞാണില്ലാത്ത കുതിപ്പില്‍ …, പ്രക്രതിയുടെ സന്തുലിതാവസ്ഥക്കും താളം തെറ്റിയിരിക്കുന്നു ….!

കപടനാട്യക്കാരിയെപ്പോലെ അവള്‍ .., തണുപ്പുണ്ടെന്ന് കാണിക്കാനായി .., തണുപ്പിന്റെ മേലാട ചുറ്റി വീശുന്നു …!

ഒരു പക്ഷേ .., അതെന്റെ തോന്നലായിരിക്കാം .., കാരണം പ്രക്രതി സത്യമാണ് .. അവള്‍ക്കൊരിക്കലും .., കപടനാട്യക്കാരി ആവാനാവില്ല …!

മനുഷ്യന്‍ അവളുടെ മേല്‍ .., വിഷപ്പുക കൊണ്ട് ആവരണം ചാര്‍ത്തിയിരിക്കുന്നു ….!, അതില്‍ നിന്നും പുറത്തു കടക്കാനാകാതെ വിതുമ്പുന്ന .., ഹൃദയത്തിന്റെ നേര്‍ത്ത കണ്ണീരിന്റെ തേങ്ങലുകള്‍ ആണ് .., ആ തണുപ്പ് …!

അതാ മരുഭൂമിയില്‍ ചാലു കീറിയിരിക്കുന്നത് പോലെ .., ഒരു നീര്‍ ച്ചോല ….!

”ഈശ്വരാ .., അത് നിളയല്ലേ ….?”

അതേ .., നിള തന്നെ …,യൗവ്വനത്തിലെ …, വാര്‍ദ്ധ്യക്യത്തിലേക്ക് പരകായ പ്രവേശം നടത്തി …, , ശോഷിച്ചുണങ്ങിയ .., ശരീരം ചുരുട്ടി അവള്‍ ഊര്‍ദ്ധശ്വാസം വലിക്കുന്നു …!

ഒരു കാലത്ത് അലയറിഞ്ഞു ചിരിച്ചിരുന്ന .., അവളുടെ യൌവ്വനം കഴിഞ്ഞിരിക്കുന്നു …!.., അത് കാലത്തിന്റെ നിയോഗം ആയിരുന്നിരിക്കാം ..!

ഭംഗിയും .., ഓജ്ജസ്സും .., നഷ്ട്ടപ്പെട്ട …, ആ രൂപം കണ്ണുകളില്‍ നീര്‍ നിറക്കുന്നു …!

ഈ പെരുംമഴ പെയ്തിട്ടും .., നിളയില്‍ വെള്ളമില്ലെന്നോ …?

അതൊരു ആത്മഗതമായിരുന്നു .., .., ഒന്നും ചെയ്യാനാവാതെ പരിതപിക്കുന്നവന്റെ …, വെറുമൊരു ഒഴിഞ്ഞു മാറലിനു നല്‍കുന്ന ത്വാതീക വിശദീകരണം …!

എത്രയോ മാമാങ്കങ്ങള്‍ അരങ്ങേറിയിട്ടുള്ള .., മണല്‍ത്തിട്ടകളാണ് ഇവിടെയുള്ളത് …?. എത്രയോ വീരയോദ്ധാക്കളുടെ ചുടുരക്തം .., ഈ നിളയെ ചുവപ്പിച്ചിരിക്കുന്നു ….!

കാലത്തിന്റെ തിരശ്ശീലക്കിടയില്‍ നിന്നും …, കുതിരക്കുളംബടികളുടെ ശബ്ദം .., പടയോട്ടത്തിന്റെ അലയൊലികള്‍ …, ആക്രോശങ്ങള്‍ .., ദീനരോദനങ്ങള്‍ …, എങ്ങും ചുരികത്തലപ്പുകളുടെ ശീല്‍ക്കാരങ്ങള്‍ …!

രാജാക്കന്‍മാരുടേയും .., നാടുവാഴികളുടേയും .., സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കായി .., ബലികൊടുക്കപ്പെട്ട .., എത്രയോ വീരയോദ്ധാക്കളുടെ .., ആത്മാവുകള്‍ .., വലയം ചെയ്യുന്ന നിളയുടെ മണല്‍ത്തിട്ടകള്‍ …!

കാണാന്‍ ഒന്നുമില്ലാത്ത കാഴ്ചകളില്‍ നിന്നും ഞാന്‍ മുഖം തിരിച്ചു ..! എല്ലാവരും നല്ല മയക്കത്തിലാണ് ….!മുകളിലെ ബെര്‍ത്തില്‍ കിടക്കുന്ന സെല്‍വരാജിന്റെ കൂര്‍ക്കം വലി അസഹനീയം ….!

ആ കംപാര്‍ട്ട്‌മെന്റിലുള്ളവരെ മുഴുവന്‍ .., തന്റെ മൂക്കിലേക്ക് വലിച്ചു കയറ്റാന്‍ പോലെ ആഞ്ഞു വലിക്കുന്ന .., സൈദാപ്പേട്ടുകാരന്‍ സെല്‍വരാജ് ..!
പേരും .., മട്ടും കണ്ടാല്‍ .., ഒരു അസ്സല്‍ റൌഡിയുടെ ചിത്രം ഉളവാക്കുമെങ്കിലും …! വര്‍ത്തമാനത്തില്‍ ആളൊരു ശുദ്ധ പാവം ….!

എറണാകുളത്തേക്കുള്ള ഒരു യാത്രയില്‍ ആണ് അയാള്‍ …ട്രെയിനില്‍ കേറിയ ഉടനെതന്നെ എന്നെ പരിചയപ്പെട്ടതാണ് ….!

സെല്‍വരാജ് ആദ്യമായാണ് കേരളത്തിലേക്ക് പോകുന്നത് .., അതിന്റെ ഒരു ആങ്കലാപ്പ് തീര്‍ക്കാനായി .., എന്നോട് ചില വഴി വിശേഷങ്ങള്‍ ….!

ഞാനാണെങ്കില്‍ ഒരു പഴക്കം ചെന്ന ഗൈഡിനെപ്പോലെ .., , സെല്‍വരാജിന് ഭൂപടം കാണിച്ചു കൊടുക്കുന്ന മാതിരി വിശദീകരിച്ചു കൊടുത്തു …!

പിറന്ന നാടിനെക്കുറിച്ചു പറയുവാന്‍ .., നൂറു നാവുകള്‍ എന്നില്‍ ഒരുങ്ങിയിരിക്കുകയായിരുന്നു …!

തമിഴനായ സെല്‍വരാജിനോട് .., ഞാന്‍ പറയുന്നത് മുഴുവന്‍ മലയാളത്തിലായിരുന്നു ..! എന്നിട്ടും സെല്‍വത്തിനു എല്ലാം തന്നെ മനസ്സിലായി എന്ന് തോന്നുന്നു …!

എനിക്ക് തമിഴ് അറിയാഞ്ഞിട്ടല്ല …, പക്ഷേ എന്താണെന്ന് അറിയില്ല .., ഞാന്‍ തമിഴ് സംസാരിക്കുമ്പോള്‍ .., അത് മലയാളമായിപ്പോകും …!.., എന്നാല്‍ നാട്ടില്‍ വന്നാലോ …?മലയാളത്തില്‍ .., സംസാരിക്കാന്‍ തുടങ്ങിയാല് തമിഴ് മാത്രമേ വായില്‍ വരൂ ..!

ഇന്നും .., എനിക്ക് പോലും പിടികിട്ടാത്ത മാജിക്ക് …!

പൂങ്കുന്നം കഴിഞ്ഞ് .., വണ്ടി നന്നായി വേഗം കുറച്ചു …!

ഞാന്‍ എഴുന്നേറ്റു …കാലുകള്‍ തരിച്ചു തുടങ്ങി .., മനസ്സ് മുഴുവന്‍ ആഹ്ലാദാരവം ….!

പിറന്ന നാടിന്റെ മണ്ണിനോട് ഉള്ള ഒരു നൊസ്റ്റാള്‍ജിയ ….!.., ഓരോ വെക്കേഷനുകളും …, ഈ നൊസ്റ്റാള്‍ജിയില്‍ നിന്നാണ് തുടങ്ങുന്നത് …!

ഗ്രാമം .., പുഴ .., പാടങ്ങള്‍ …, തോടുകള്‍ .., നാട്ടുവഴികള്‍ .., ചെമ്പരത്തിപ്പൂവുകള്‍ .., തൊട്ടാവാടികള്‍ .., കറുകപ്പുല്ല് .., മുളവേലി കെട്ടിയ അതിരുകള്‍ .., അതില്‍ പടര്‍ന്നു നില്‍ക്കുന്ന കാട്ടുമുല്ലകള്‍ …!കാളവണ്ടികള്‍ .., ഓലമേഞ്ഞ കൊട്ടകകള്‍ .., !

അങ്ങിനെ കാണുന്ന എല്ലാത്തിലും .., നൊസ്റ്റാള്‍ജിയയുടെ ഉള്‍പ്പുളകം ….!

ഓട്ടോയിലിരുന്നു കൊണ്ട് എന്റെ കണ്ണുകള്‍ ചുറ്റും പറന്നു നടന്നു …!

ആകെ മാറ്റം .., ഒരുപാടൊരുപാട് പുതിയ ..,പുതിയ കെട്ടിടങ്ങള്‍ …, റോഡുകള്‍ക്കെല്ലാം .., വലിയ വീതി ..!, പരിചയമില്ലാത്ത .., ഏതോ നഗരത്തില്‍ വന്നു പെട്ടത് പോലെ …!

ഓട്ടോറിക്ഷ എന്നേയും വഹിച്ചു കൊണ്ട് പുഴക്കലിലേക്ക് കടന്നു …!

എന്റെ കണ്ണുകള്‍ക്കും .., മനസ്സിനും .., എന്നും പുളകവും .., ആനന്ദവും .., പകര്‍ന്നു തരുന്ന കാഴ്ചകളാണ് പുഴക്കലിലൂടെയുള്ള യാത്രകള്‍ …!

ഇരുവശവും .., കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന പാടശേഖരങ്ങള്‍ …! അരയില്‍ വെള്ളി അരഞ്ഞാണം പോലെ ചുറ്റിക്കിടക്കുന്ന കൊച്ചു അരുവികള്‍

ഓട്ടോയിലിരുന്നു കൊണ്ട് ഞാന്‍ വിശാലമായ ആ പച്ചപ്പിന്റെ സൌന്ദര്യത്തിലേക്ക് കണ്ണുകള്‍ ഓടിച്ചു ..!

പക്ഷേ ..,എനിക്കൊന്നും കാണാനാകുന്നില്ല …, എങ്ങും കെട്ടിടങ്ങള്‍ എന്റെ കാഴ്ച്ചയെ മറക്കുന്നു ….!

കണ്ണുകള്‍ക്ക് ഹരിതാഭം തരുന്ന .., ആ അനന്തമായ പച്ചപ്പ് എവിടെ …?, കിന്നരി പാടുന്ന .., കാറ്റിന്റെ ആ. വശ്യ .., സംഗീതം എവിടെ …? ഒന്നുമില്ല .., എല്ലാം നാമാവശേഷമായിരിക്കുന്നു …!

എങ്ങും കെട്ടിടങ്ങള്‍ മാത്രം ….!

പ്രകൃതിയുടെ ഗര്‍ഭപാത്രത്തിനു മേല്‍ .., മനുഷ്യന്‍ അതിനു താങ്ങാന്‍ കഴിയാത്ത ഭാരം കയറ്റി വെച്ചിരിക്കുന്നു ….!

പ്രപഞ്ചത്തിന്റെ .., അസ്ഥിത്വം .., ഇളക്കുന്ന മനുഷ്യന്റെ ക്രൂരത …!

പുഴക്കലിന്റെ വിങ്ങല്‍ എനിക്ക് കാണാം …!കിരാതന്റെ കൈകളില്‍ അകപ്പെട്ട നിരാലംബ കണക്കെ .., അവളുടെ അടക്കിപ്പിടിച്ച രോദനം എനിക്ക് കേള്‍ക്കാം …!

വര്‍ഷങ്ങളോളം കൃഷി ചെയ്ത മണ്ണില്‍ .., മണിമന്ദിരങ്ങള്‍ കെട്ടി ഉയര്‍ത്തിയാല്‍ ..,അത് ആ ഭൂമിക്ക് താങ്ങാനാകുമോ …?

എനിക്കറിയില്ല ….!

ഇതാണോ .., നഗരവല്‍ക്കരണം …?ആയിരിക്കാം …., ഗ്രാമങ്ങള്‍ .., നഗരങ്ങള്‍ ആകുന്നു .., നഗരങ്ങള്‍ മെട്രോ പോളിറ്റന്‍ സിറ്റികള്‍ ആകുന്നു …!

അങ്ങിനെ കാലത്തിനൊപ്പം .., ലോകത്തിന്റെ കോലവും മാറുന്നു …!, മനുഷ്യന്‍ അവന് ..,അന്നം തരുന്ന പാത്രത്തിനു മുകളില്‍ കയറി നിന്ന് .., മെതിച്ചു കൊണ്ട് അവന്‍ ആധുനികനെന്ന് വീമ്പിളക്കുന്നു …!ഭരണകൂടങ്ങള്‍ അതിനെ പ്രോത്സാഹിപ്പിക്കുന്നു …!

അവനവന്‍ അടിക്കുന്ന ആണി സ്വന്തം ശിരസ്സില്‍ തന്നെയാണെന്നുള്ള തിരിച്ചറിവ് പോലും മള്‍ട്ടി എജുക്കേറ്റുകളായ നമുക്കില്ലാതെ പോകുന്നു …!

എനിക്കിനി ഒന്നും കാണാന്‍ തോന്നുന്നില്ല …!,,വീര്‍പ്പുമുട്ടിക്കരയുന്ന പുഴക്കലിന്റെ രോദനം .., നേര്‍ത്ത അലകളായി എന്റെ കാതുകളില്‍ വന്നലക്കുന്നു …!

ഞാന്‍ കാതുകള്‍ പൊത്തി .., എനിക്കത് കേള്‍ക്കാന്‍ വയ്യ …!

ഒരു നാള്‍ അവള്‍ നിഷകളങ്കയായ ഗ്രാമീണ സുന്ദരിയായിരുന്നു …!,ഇന്നവള്‍ കാപാലികരുടെ കൈകളാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു …! പൊട്ടിച്ചെറിയാന്‍ കഴിയാത്ത തരത്തിലുള്ള പാതാളക്കുരുക്കുകള്‍ .., അവളുടെ മേല്‍ മുറുകിയിരിക്കുന്നു ..!

ഇന്നാ മുഖത്ത് കാണുന്നത് .., നിഷകളങ്കതയല്ല …,ആത്മപീഡനമാണോ ..?

എനിക്കറിയില്ല …?

അല്ലെങ്കിലും നമുക്കൊന്നുമറിയില്ല …!അറിഞ്ഞാലും .., അറിഞ്ഞതായി നമ്മള്‍ ഭാവിക്കില്ല …!, കാരണം മനസ്സാക്ഷിയുള്ളവര്‍ക്കേ .., പ്രതികരിക്കാനാകൂ …!

ആ മനസ്സാക്ഷിയെല്ലാം .., എന്നോ മരവിച്ചു പോയിരിക്കുന്നു ..!, ഇന്ന് എല്ലാത്തിനോടും നിസ്സംഗതയാണ് …!

പക്ഷേ ..,ആ നിസ്സംഗതക്കുള്ളിലും .., ഹൃദയമുണ്ട് .., ഇല്ലെങ്കില്‍ കണ്ണുകളില്‍ നീര്‍ പൊടിയില്ലല്ലോ …?

നമുക്ക് ആശ്വസിക്കാം …!
”പുഴക്കല്‍ .., കാലത്തിന്റെ നിയോഗമാണത് .., ആരും അതില്‍ നിന്നും മുക്തരല്ല .., പ്രകൃതിപോലും ….!ഈ തേരോട്ടത്തില്‍ .., നാം നമുക്കായി ഒരുക്കിയിരിക്കുന്ന വഴികളിലൂടെയെല്ലാം .., കടന്നു പോയേ തീരൂ …!

ഞാനും .., നീയുമെല്ലാം .., ആ കാലത്തിന്റെ കൈകളിലെ ചട്ടുകങ്ങള്‍ മാത്രമാണ് .., പ്രതികരിക്കാനാകാതെ എരിഞ്ഞു തീരുന്ന മിന്നാമിന്നികള്‍ …!

കൂരിരുട്ടില്‍ .., മിന്നാമിന്നികളുടെ വെട്ടം ഒരു ധൈര്യമായിരുന്നു …!

ഇന്നെവിടെ .., ആ മിന്നാമിന്നികള്‍ …?

അവയെല്ലാം .., കാലയവനികക്കു പിന്നിലേക്ക് മറഞ്ഞു കഴിഞ്ഞിരിക്കുന്നു …!

പുതു തലമുറക്ക് .., മിന്നാമിന്നികള്‍ അത്ഭുതമാവാം …, ഒരു ചരിത്രമാവാം …, അത് പോലെ തന്നെ പുഴക്കലും …!

അവിടെ വിശാലമായ …, കണ്ണെത്താദൂരത്തോളം പരന്നു കിടന്ന പച്ചപ്പു നിറഞ്ഞ ഒരു പാടശേഖരം ഉണ്ടായിരുന്നു .., എന്ന് വിശ്വസിക്കാന്‍ അവര്‍ക്കാവില്ല …!

കാരണം അവര്‍ അവിടെ കാണുന്നത് നഗരങ്ങള്‍ ആണ് …!

ഗര്‍ഭപാത്രത്തിനു മുകളില്‍ പണിതുയര്‍ത്തിയിരിക്കുന്ന നഗരവല്‍ക്കരണം …!

പക്ഷേ .., ഞാന്‍ പറയും .., അവിടെ ഒരു പാടം ഉണ്ടായിരുന്നു …, കിളികള്‍ സ്‌നേഹിച്ച .., അരണ്ടകള്‍ സ്‌നേഹിച്ച .., ഞണ്ടുകളെ ഗര്‍ഭപാത്രത്തില്‍ ഒളിപ്പിച്ച …., തവളകള്‍ പാട്ടുപാടിയ .., പേരറിയാത്ത .., അനേകായിരം ജീവികള്‍ സന്തോഷത്തോടെ കളിച്ചുല്ലസിച്ച .., ഒരു വിശാലമായ പാടം …!

ഞാനും .., എല്ലാവരേയും പോലെ ഓടുന്നു .., നഗരവല്‍ക്കരണത്തിലൂടെ ..!എന്തിനു വേണ്ടി …/
അറിയില്ല …? ലക്ഷ്യ ബോധമില്ലാത്ത ഓട്ടം …!

ആ ഓട്ടത്തില്‍ നമ്മള്‍ ചവുട്ടി മെതിക്കുന്ന മണല്‍ത്തരികളുടെ രോദനം നമ്മള്‍ കേള്‍ക്കത്ത തരത്തില്‍ നമ്മള്‍ ബധിരന്‍മാരായിരിക്കുന്നു …!

അതും കാലത്തിന്റെ നിയൊഗമായിരിക്കാം …