0 Shares 202 Views

നിങ്ങളുടെ ജിമെയില്‍ ഒന്ന് അടുക്കിപ്പെറുക്കാന്‍ സമയമായില്ലേ? ഇതാ മൂന്ന് എളുപ്പവഴികള്‍

gmail_boolokam

സ്വന്തം മുറി വൃത്തികേടായി കിടക്കുന്നത് ഇഷ്ടപ്പെടുന്നവര്‍ വളരെ കുറവായിരിക്കും. സമയം കിട്ടാത്തത് കൊണ്ട് മുറി വൃത്തികേടായി ഇടേണ്ടി വരുന്നവര്‍ പോലും ഇത്തിരി സമയം കിട്ടിയാല്‍ ആദ്യം ചെയ്യുക എല്ലാം അടുക്കിപ്പെറുക്കി വെക്കുക എന്നതായിരിക്കും. എന്നാല്‍, ഇന്ന് നമ്മള്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന ഓണ്‍ലൈന്‍ സര്‍വീസ് ആയ ജിമെയില്‍ എന്ന എഴുത്തുപെട്ടി ഇതുവരെ ഒന്ന് അടിച്ചുവൃത്തിയാക്കുന്ന കാര്യം ആലോചിച്ചിട്ടുണ്ടോ?

അതിനു ജിമെയില്‍ എന്ത് വൃത്തിയാക്കാനാണ് എന്നാവും ഇപ്പോള്‍ മനസ്സില്‍ ഉയരുന്ന സംശയം. അങ്ങനെ തോന്നുന്നവര്‍ ആദ്യം ചെയ്യേണ്ടത് ഇപ്പോള്‍ തന്നെ നിങ്ങളുടെ ഇന്‍ബോക്‌സ് എടുത്തു നോക്കുകയാണ്. നമ്മുക്ക് വേണ്ടാത്ത എത്ര മെയിലുകള്‍ അവിടെ വന്ന് കിടപ്പുണ്ട്? സ്ഥിരമായി നമ്മള്‍ തുറന്നു നോക്കുക പോലും ചെയ്യാത്ത കമ്പനികളുടെയോ വെബ് സൈറ്റുകളുടെയോ എത്ര മെയിലുകള്‍ വീണ്ടും വീണ്ടും വന്ന് നിറഞ്ഞു കിടപ്പുണ്ട് ഇന്‍ബോക്‌സില്‍? അപ്പോള്‍, ജിമെയിലിനും വേണം അല്‍പ്പം അടുക്കിപ്പെറുക്കല്‍.

ഇപ്പോള്‍ വരെയുള്ള മെയിലുകള്‍ തല്‍ക്കാലം അവിടെത്തന്നെ കിടക്കട്ടെ. ഇനിയും അനാവശ്യ മെയിലുകള്‍ വരുന്നത് തടയുക എന്നതാണ് ആദ്യമായി ചെയ്യേണ്ട കാര്യം. ഇന്ന് എല്ലായിടത്തും നമ്മുടെ മെയില്‍ ഐ.ഡി. ആവശ്യപ്പെടുന്നുണ്ട്. ഒരു കടയില്‍ കയറി ഭക്ഷണം കഴിച്ചിട്ട് ഫീഡ്ബാക്ക് ഫോം പൂരിപ്പിക്കുമ്പോള്‍, ഒരു വെബ്‌സൈറ്റില്‍ അക്കൌണ്ട് ആരംഭിക്കുമ്പോള്‍, ഒരു മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍….. അങ്ങനെ എത്രയോ അവസരങ്ങളില്‍ നമ്മുടെ ഇമെയില്‍ ഐ.ഡി നാം എഴുതിക്കൊടുക്കുന്നുണ്ട്. എന്നാല്‍, ഇവര്‍ ഇതുകൊണ്ട് എന്താണ് ചെയ്യുന്നത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എങ്ങനെയാണ് നമ്മുക്ക് കേട്ടുകേള്‍വി പോലുമില്ലാത്ത സൈറ്റുകളില്‍ നിന്ന് നമ്മുക്ക് മെയിലുകള്‍ വരുന്നതെന്നെന്ന് ആലോചിച്ച് അന്തംവിട്ടിട്ടുണ്ടോ? ഇത് രണ്ടിന്റെയും ഉത്തരം നമ്മെ എത്തിക്കുന്നത് ഒരേ ഇടത്ത് തന്നെയാണ്.

മുഴുവന്‍ വായിക്കുവാന്‍ സമയം ഇല്ലെന്നു തോന്നുന്നുവെങ്കില്‍ നേരെ 3 കുറുക്കുവഴികള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. എങ്ങനെ ഇത് സംഭവിക്കുന്നു എന്ന് അറിയുവാന്‍ താല്പര്യം ഉള്ളവര്‍ തുടര്‍ന്നു വായിക്കുക.

നമ്മള്‍ പല സ്ഥലത്തും നല്‍കുന്ന ഇമെയില്‍ ഐ.ഡി.കള്‍ അവര്‍ മാത്രമാവില്ല ഉപയോഗിക്കുന്നത്. പല ബിസിനസുകള്‍ക്കും ഇങ്ങനെ തമ്മില്‍ തമ്മില്‍ ഒരു ധാരണ ഉണ്ടാവും. അതനുസരിച്ച് തങ്ങള്‍ക്ക് ലഭിക്കുന്ന മെയില്‍ ഐ.ഡി.കള്‍ അവര്‍ മറ്റുള്ളവരുമായി പങ്കുവെയ്ക്കും. ഇതുമാത്രമല്ല പ്രശ്‌നം. പലപ്പോഴും ഇമെയില്‍ ഐ.ഡി. നല്‍കണം എന്ന് നിര്‍ബന്ധം ഉള്ളതുകൊണ്ട് മാത്രമാണ് നമ്മള്‍ പലയിടത്തും ഇത് എഴുതുന്നത്. ചിലപ്പോള്‍ അവരുടെ ആദ്യ മെയില്‍ മാത്രമേ നമ്മുക്ക് ഉപകാരം ഉണ്ടാവുകയുള്ളൂ. പല സ്ഥലത്തും നമ്മുക്ക് അവരുടെ മെയില്‍ ലഭിക്കുന്നതില്‍ നിന്നും സ്വയം പിന്മാറാന്‍ ഉള്ള സൗകര്യം ഉണ്ട്. എന്നാല്‍, ഈ രീതി ഓരോ മെയില്‍ ഐ.ഡി.ക്കും വേണ്ടി ഉപയോഗിക്കുന്നത് ഏറെ സമയനഷ്ടം ഉണ്ടാക്കും. അതുകൊണ്ട്, പല സ്രോതസുകളില്‍ നിന്നും ലഭിക്കുന്ന മെയിലുകളെ ക്രോഡീകരിക്കുവാന്‍ ചില എളുപ്പവിദ്യകള്‍ ആണ് താഴെ പറയുന്നത്.

1. ജിമെയിലില്‍ ഒരു മെയില്‍ ഐ.ഡി നമ്മള്‍ ഉണ്ടാക്കുമ്പോള്‍ ജിമെയില്‍.കോം (name@gmail.com) എന്ന ഡൊമെയിന്‍ നെയിം ആണല്ലോ ലഭിക്കുക. എന്നാല്‍ ഇതിനോടൊപ്പം തന്നെ ഗൂഗിള്‍മെയില്‍.കോം എന്നൊരു ഡൊമെയിന്‍ നെയിമും (name@googlemail.com) നമ്മുക്ക് സൗജന്യമായി ഗൂഗിള്‍ നല്‍കുന്നുണ്ട്. ഈ രണ്ടാമത്തെ മെയില്‍ ഐ.ഡി.യില്‍ അയക്കുന്ന മെയിലുകളും ആദ്യത്തേതില്‍ തന്നെയാണ് എത്തുക. എന്നാല്‍ ഇത് തമ്മില്‍ ഫില്‍ട്ടര്‍ ചെയ്യുവാനുള്ള സൗകര്യം ജിമെയില്‍ ഇന്‍ബോക്‌സില്‍ ഉണ്ട്. എവിടെയൊക്കെ ആണ് നമ്മള്‍ ഈ രണ്ടാമത്തെ മെയില്‍ ഐ.ഡി. നല്‍കുന്നത് എന്ന് ഓര്‍ത്തിരുന്നാല്‍ അത്തരം മെയിലുകളെ പ്രത്യേകം സൂക്ഷിക്കാനും സാധിക്കും.

2. മേല്‍പ്പറഞ്ഞപോലെതന്നെ നമ്മുടെ മെയില്‍ ഐ.ഡി.യില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തിയാലും അവയിലേയ്ക്കു വരുന്ന മെയിലുകള്‍ നമ്മുടെ ആദ്യ മെയില്‍ ഐ.ഡി.യിലേയ്ക്ക് തന്നെ വരുവാന്‍ ചില സംവിധാനങ്ങള്‍ ഉണ്ട്. ആദ്യത്തെത് ഒരു ഡോട്ട് (.) മെയില്‍ ഐഡിയില്‍ ചേര്‍ക്കുക എന്നതാണ്. ഇങ്ങനെ എത്ര ഡോട്ടുകള്‍ വേണമെങ്കിലും ചേര്‍ക്കാം. മെയില്‍ ഐഡിയില്‍ ഡോട്ട്(.) ഉണ്ടെങ്കിലും അവ അവഗണിക്കപ്പെടുകയാണ് പതിവ്. അതായത്, ഒരു പ്രത്യേക സ്ഥലത്ത് മെയില്‍ ഐഡി നല്‍കുമ്പോള്‍ നിങ്ങളുടെ യഥാര്‍ത്ഥ മെയില്‍ ഐഡിയായ name@gmail.com എന്നതിന് പകരം na.me@gmail.com എന്ന് ചേര്‍ത്താലും അതിലേയ്ക്ക് വരുന്ന മെയിലുകള്‍ name@gmail.com ല്‍ത്തന്നെ എത്തും.

3. ഇതുപോലെ തന്നെയാണ് അടുത്ത രീതിയും. നിങ്ങളുടെ ഇമെയില്‍ ഐഡിയില്‍ @ ചിഹ്നത്തിന് മുന്‍പ് ഒരു ‘+’ ചിഹ്നം ചേര്‍ത്താല്‍ അതിനു ശേഷം എത്ര വേണമെങ്കിലും അക്കങ്ങളോ അക്ഷരങ്ങളോ ചേര്‍ക്കാം. അവയിലേയ്‌ക്കൊക്കെ അയക്കപ്പെടുന്ന മെയിലുകള്‍ നിങ്ങളുടെ പ്രധാന മെയില്‍ ഐഡിയില്‍ തന്നെ എത്തുകയും ചെയ്യും.

ഈ മൂന്ന് വഴികളും ചുരുക്കി താഴെ ചേര്‍ക്കുന്നു.

1. name@gmail.com ന് പകരം name@googlemail.com എന്ന് നല്‍കുക.

2. ഒരു ഡോട്ട് ചേര്‍ത്ത് n.ame@gmail.com , na.me@gmailcom , nam.e@gmail.com എന്നിങ്ങനെ വിവിധ വേര്‍ഷനുകള്‍ ഉണ്ടാക്കുക. ശ്രദ്ധിക്കുക, ആദ്യ പോയിന്റിലെ പോലെ തന്നെ na.me@gmail.com , na.me@googlemail.com എന്നിവ ഒന്ന് തന്നെയാണ്.

3. അധികചിഹ്നം ചേര്‍ത്ത് കൂടുതല്‍ അക്ഷരങ്ങള്‍ പേരിനോട് ചേര്‍ക്കുക. ഉദാഹരണത്തിന്, name+123@gmail.com , name+abc@gmail.com , name+rand@googlemail.com എന്നിവയൊക്കെ name@gmail.com ന് തുല്യമാണ്.

എങ്ങനെയാണ് ഈ പലതരം മെയില്‍ ഐഡികള്‍ ഉപയോഗപ്പെടുത്തേണ്ടത്?

ഓരോ സ്ഥലത്തും നല്‍കാന്‍ ഒരു പ്രത്യേകം ശൈലികള്‍ ആദ്യമേ രൂപപ്പെടുത്തുക. ഉദാഹരണത്തിന്, name@gmail.com എന്നതാണ് എന്റെ മെയില്‍ ഐഡി എന്ന് വിചാരിക്കുക. ജോലി ചെയ്യുന്ന സ്ഥലത്ത് ഞാന്‍ name@googlemail.com എന്ന് നല്‍കുന്നു, ഇന്‍ഷുറന്‍സ് സംബന്ധിയായ കാര്യങ്ങള്‍ക്ക് വേണ്ടി name+abc@gmail.com എന്നും കുട്ടികളുടെ സ്‌കൂളില്‍ na.me@gmail.com എന്നും നല്‍കുന്നു. ഇനി ജിമെയില്‍ സെറ്റിങ്ങ്‌സില്‍ പോയി ‘filters’ സെലക്ട് ചെയ്യുക. അവിടെ പല ഓപ്ഷനുകള്‍ ഉള്ളതില്‍ ‘To’ എന്ന കോളത്തില്‍ മാറ്റം വരുത്തിയ മെയില്‍ ഐ.ഡി ചേര്‍ക്കുക. അതിനു ശേഷം ഓരോന്നോരോന്നായി വെവ്വേറെ ചേര്‍ക്കുക. ശുഭം!

അപ്പോള്‍ പരീക്ഷണം ആരംഭിക്കാം അല്ലേ?

Write Your Valuable Comments Below