Share The Article

എന്റെ പ്രിയപ്പെട്ട കൂട്ടുകാരി, നിന്റെ ഓര്‍മ്മകള്‍ക്കു നടുവില്‍ ഞാന്‍ ഇന്ന് ആരുമല്ലാതായി തീര്‍ന്നിരിക്കുന്നു. മധുരമായ നിന്റെ ഓര്‍മ്മകള്‍ എങ്ങനെ എന്റെ ഹൃദയത്തിന്റെ തീരാത്ത വേദനയായി മാറി. ഒരുപാട് പ്രതീക്ഷകള്‍ പേറി നാം പങ്കിട്ട സ്വപ്നങ്ങളെങ്ങനെ പാഴ് വാക്കുകളായി മാറി. ജീവിതത്തിന്റെ വഴിത്താരകളില്‍ ഒരേ കാല്‍പാദങ്ങളായി മാറുമെന്ന് വിശ്വസിച്ചിട്ടും എന്തേ നാമിന്ന് ഇരുവഴികളിലൂടെ സന്‍ചരിക്കുന്നു. ഇടറുന്ന കാല്‍പാദങ്ങള്‍ മുന്നോട്ടു വയ്ക്കാന്‍ ഒരുപാടു ഞാന്‍ ബുദ്ധിമുട്ടുന്നു. ഇടതൂര്‍ന്ന കൂറ്റന്‍ വൃക്ഷങ്ങള്‍ക്കു നടുവിലൂടെ, ഈ വഴിത്താരയില്‍ ഞാന്‍ ഇന്നു തീര്‍ത്തും ഏകനായി തീര്‍ന്നുവോ? ചുറ്റിലും ശക്തമായിത്തീരുന്ന കൂരിരുട്ട് ഭയാനകമായി എന്നെ തുറിച്ചു നോക്കുന്നുവോ? ഹൃദയത്തിലെ നിശബ്ദമാം തേങ്ങല്‍ കണ്‍കളില്‍ ചൂടുള്ള നീറ്റലായി മാറുന്നതു ഞാന്‍ അറിഞ്ഞില്ല. അത് ബാഷ്പകണങ്ങളായി എന്റെ കവിള്‍ത്തടത്തിലൂടെ ഒഴുകി വറ്റുന്നു. ഈ വഴിത്താര എന്തേ ആരും നടക്കാത്ത വിജന പാതയായി മാറിയത്?

എന്തൊരു മണ്ടനാണു ഞാന്‍ അല്ലേ? ആരാണീ വഴി തിരഞ്ഞെടുക്കുക. ആരും ഇഷ്ടപ്പെടില്ല ഈ വിജനമായ പാത. ഘോരവനാന്തരത്തിലൂടെയുള്ള ഈ വഴി…സൂര്യന്‍ പോലും മുഖം മറച്ച ഈ വീഥി എന്തേ എന്റെ വഴിയായി മാറി. അല്ല, എന്റെ വിരള്‍തുമ്പില്‍ നിന്നും നിന്റെ കരം വഴുതി മാറിയപ്പോള്‍ തന്നെ സൂര്യന്‍ ഇരുണ്ടിരുന്നു. അതിന്റെ പ്രശോഭിതമായിരുന്ന വെളിച്ചം മങ്ങി, ഇരുട്ടിന്റെ ബലവത്തായ മുഷ്ടികള്‍ക്കുള്ളില്‍ ഒതുങ്ങി മറഞ്ഞിരുന്നു. കറുത്തിരുണ്ട കാര്‍മേഘങ്ങള്‍ വാനിലെ നക്ഷത്രങ്ങളെ മറച്ചു കളഞ്ഞു. ദൂരെ എവിടെയോ മിന്നിത്തെളിയുന്ന ഒരു മിന്നാമിനുങ്ങു വെട്ടമാണിന്നു എന്റെ ലക്ഷ്യം…പിരിഞ്ഞ വഴികള്‍ ഒന്നായി തീരുന്ന ഏതോ ഒരു സ്ഥാനം…ഈ യാത്രയുടെ ഏതെങ്കിലുമൊരു നിമിഷത്തില്‍ നീ അവിടെ എത്തുമെന്ന പ്രതീക്ഷയാണിന്ന് എന്റെ ലക്ഷ്യം. ആ പ്രതീക്ഷയാണു കല്ലുകള്‍ നിറഞ്ഞ ഈ വഴിയിലും ഇടറുന്ന പാദങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന് ശക്തമാക്കി തീര്‍ക്കുന്നത്.

പ്രതീക്ഷയുടെ ആ ലക്ഷ്യസ്ഥാനം സ്ഥലകാല സീമകള്‍ക്കുമപ്പുറമായിരിക്കാം. ഒരായുസ്സിന്റെ വഴികള്‍ ഞാന്‍ താണ്ടേണ്ടിയിരിക്കാം. പക്ഷേ, അതിനപ്പുറം കാത്തിരിക്കുന്നത് നിന്റെ ലോലമായ സ്പര്‍ശനമാണെന്ന സ്വപ്നം എനിക്ക് ഈ വഴികള്‍ ഓടിത്തീര്‍ക്കാനുള്ള പ്രേരണയായി മറുന്നു. നിശബ്ദമായ നിന്റെ നാവുകള്‍ എന്റെ ചെവികള്‍ക്കന്യമാണു പ്രിയേ. സന്ധ്യകളുടെ ചലനങ്ങള്‍ക്കൊപ്പം തരളിതമായ തലോടലായി എത്തുന്ന കുളിര്‍ക്കാറ്റ് നിന്റെ സ്നേഹമസൃണമായ സ്പര്‍ശനമാണെന്നില്‍ ഉണര്‍ത്തുന്നത്. ഇലത്തുമ്പില്‍ നിന്നും ഉതിര്‍ന്നു വീഴുന്ന മഞ്ഞുകണികകള്‍ പ്രണയാര്‍ദ്രമായ നിന്റെ ചും ബനത്തിന്റെ മാധുര്യം എന്നില്‍ നിറയ്ക്കുന്നു. അറിയില്ല സഖീ, എന്തിനു നാം ഒന്നുചേര്‍ന്നെന്ന്.. പിരിയാനായി മാത്രം എന്തിനു നാം കണ്ടുമുട്ടി…. നീറുന്ന ഈ വേദനക്കായി മാത്രം എന്തിനു നാം പരസ്പരം സ്നേഹിച്ചു…

നീ എന്റെ അരുകിലില്ലാത്ത ഈ ജന്മം എങ്ങനെ ഞാന്‍ ജീവിച്ചു തീര്‍ക്കും…. നീ കൂട്ടിനില്ലാത്ത ഈ പാതയില്‍ എത്ര നാള്‍ ഞാന്‍ തനിച്ച് നടക്കും… തുളുമ്പുന്ന മിഴികളുമായി നീ നടന്നു മറഞ്ഞപ്പോള്‍ ഉരുകി തുടങ്ങിയതാണെന്‍ മനം. വഴിയില്‍ കണ്ടവരെല്ലാം എനിക്കന്യരായി മാറിയത് എന്റെ കണ്‍കളില്‍ നിറഞ്ഞ കണ്ണീര്‍ക്കണങ്ങളാലാവാം. നോക്കി ചിരിച്ചവര്‍ക്കു നേര്‍ക്ക് ഞാനും തൊടുത്തൊരു നിര്‍ജ്ജീവമായ പുന്‍ചിരി. പക്ഷേ, മന്‍സ്സിനുള്ളില്‍ കണ്ണീരൊഴുകുന്ന നിന്റെ മുഖമാണു……കാതിനുള്ളില്‍ മുഴങ്ങുന്നത് നിന്റെ വിലാപത്തിന്‍ സ്വരമാണു. ഈ ഭാരമെന്നെ തളര്‍ത്തുന്നു… നിന്റെ മുറിവേറ്റ ഹൃദയത്തിന്റെ നീറ്റല്‍ ഞാനിന്ന് എന്റെയുള്ളില്‍ അനുഭവിക്കുന്നു.

അകലെ എവിടെയോ ഏകയായ് നീ നില്‍ക്കുമ്പോള്‍ ഇന്നു ഞാന്‍ തിരിച്ചറിയുന്നു നീ എനിക്കാരായിരുന്നുവെന്ന്. ഞാനിന്ന് അനുഭവിച്ചറിയുന്നു നിന്നോട് ഞാനന്നു ചൊല്ലിയ സത്യങ്ങള്‍….നീ താങ്ങായി ഇല്ലാതെ എന്റെ ഈ ജീവിതം വ്യര്‍ത്ഥമാകുമെന്ന്… തുണയായി നീയില്ലാതെ മുന്നോട്ട് എനിക്ക് ചലിക്കാനാവില്ലയെന്ന്….

എവിടെയായിരുന്നു പ്രിയ സഖീ നമുക്ക് പിഴച്ചത്… ഏത് അബോധ തലത്തിലാണു നാം വഴിപിരിഞ്ഞു മാറിയത്.  നമ്മുടെ സ്വപ്നങ്ങള്‍ തകര്‍ന്ന പ്രതികൂലാവസ്ഥയില്‍ എന്തേ നാം ഒന്നായി നിന്നില്ല… നമ്മുടെ പ്രതീക്ഷളെ തല്ലിക്കെടുത്തിയ് പ്രതികൂലശക്തികള്‍ക്കെതിരേ എന്തേ നാം നിവര്‍ന്നു നിന്നു പോരാടിയില്ല… ഇല്ല, ഒന്നിനെയും വെറുക്കാന്‍ നമുക്കാവില്ലായിരുന്നു….ആരെയും വേദനിപ്പിക്കാന്‍ നിനക്കറിയില്ലായിരുന്നു.. നീ എനിക്ക് പ്രിയപ്പെട്ടവളാകുന്നതിനും എത്രയോ മുന്‍പേ അവര്‍ക്കു നീ പ്രിയമായിരുന്നു.. അവര്‍ നിനക്ക് വെറും ബാധ്യതകളായിരുന്നില്ല…നിന്റെ അതിരില്ലാത്ത സ്നേഹത്തിന്റെ, വത്സല്യത്തിന്റെ ഭാക്കുകളായിരുന്നു..

പക്ഷെ, മനസ്സിനോടെത്ര തവണ പറഞ്ഞു കൊടുത്താലും അതിനിന്നും ഒന്നും മനസ്സിലാകില്ല… കാരണം, ഞാനും നിന്റെ പ്രണയാര്‍ദ്രമായ സ്നേഹത്തിന്റെ….അതിരില്ലാത്ത വാത്സല്യത്തിന്റെ മധുരം അനുഭവിച്ചറിഞ്ഞതാണല്ലോ. ഒരിക്കലും പിരിയില്ല എന്നു ഞാന്‍ വാക്ക് കൊടുത്തിരുന്നു, എന്റെ ഹൃദയത്തിനു. അസാധ്യമെന്നു കരുതി ഞാന്‍ അവഗണിച്ചുവോ?.. ഒരു നീര്‍ക്കുമിളപോലെ എല്ലാം തച്ചുടയുന്നു… ദൂരെ എവിടെയോ നിശബ്ദയായി നീ മാറി നില്‍ക്കുമ്പോല്‍ തകരുന്നതെന്റെ ഹൃദയമാണു…..അല്ല, ഞാന്‍ തന്നെയാണു.

നീ അന്നു ചൊല്ലിയില്ലേ, കാലം എല്ലാം മായ്ക്കുമെന്ന്. ഇല്ല സഖീ, കാലങ്ങള്‍ എത്ര കൊഴിഞ്ഞാലും, ദിക്കുകള്‍ ഏതൊക്കെ മാറിയാലും നീയെന്ന എന്റെ സത്യം ഒരിക്കലും മറയുകയില്ല എന്റെയുള്ളില്‍ നിന്നും. കാലാന്തരത്തിലൂടെയും നീയെന്നില്‍ വളരുകയാണു..എന്റെ തന്നെ സ്വത്വമായി…

ഇനി ഏതാനും നിമിഷംകൂടി…. ഈ താളം നിലയ്ക്കുവാന്‍. അകലെ ആ മേഘങ്ങള്‍ക്കുള്ളില്‍ ഞാന്‍ കാത്തിരിക്കാം….നിന്നെയും നോക്കി ഇമവെട്ടാതെ ഒരു നക്ഷത്രമായി ഞാന്‍ പ്രകാശിക്കാം നീ വരുവോളം. പിന്നെ, നമുക്ക് പുനര്‍ജ്ജനിക്കാം….ഒരു ജന്മം മുഴുവന്‍ ഒരുമിച്ചു കഴിയുവാന്‍….ഈ പ്രണയം മുഴുവന്‍ ഒരുമിച്ചു പങ്കുവക്കാന്‍.. കാത്തിരിക്കട്ടെ ഞാന്‍, നിന്നോടുള്ള എന്റെയീ ഒരിക്കലും നിലയ്ക്കാത്ത പ്രണയവുമായി.

എന്റെ പ്രിയ സഖീ, നിനക്കായി മാത്രം ഞാന്‍ കുറിച്ചത്…….നീറുന്ന ഹൃദയത്തോടെ…………………..