Share The Article

01

ദിവസവും നൂറു കണക്കിന് പുതിയ ബ്ലോഗുകള്‍ പിറക്കുന്നു, അതേ അളവില്‍ത്തന്നെ നിലവിലുള്ള പല ബ്ലോഗുകളും നിശ്ചലമാവുകയും ചെയ്യുന്നു. എഴുതുകയും വായിക്കുകയും ചെയ്യുക എന്നത് അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്ക് എന്നും ഹരമാണ്. അതുകൊണ്ടുതന്നെ ഇ-എഴുത്തിന്റെ പ്രസക്തിയും വര്‍ദ്ധിച്ചുവരുന്നു. ‘വായന മരിക്കുന്നു’ എന്നത് ഒരു കാലത്ത് പരക്കെ കേട്ട നിലവിളിയായിരുന്നു. ബ്ലോഗുകളും ഫേസ്‌ബുക്കും കൂടുതല്‍ സജീവമായതോടെ അങ്ങനെയൊരു ആരോപണം എവിടെയോ പോയ്മറഞ്ഞു എന്ന് വേണം കരുതാന്‍ . ചില തിരിച്ചുവരവുകള്‍ നടത്തിയ ബ്ലോഗുകളിലൂടെ ‘വരികള്‍ക്കിടയില്‍’ വായിച്ചു തുടങ്ങുന്നു.  ഇത്തരുണത്തില്‍, ഈ വിഷയവുമായി ബന്ധപ്പെട്ട്, ബ്ലോഗുകളെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയായും, ബ്ലോഗിംഗിലേക്ക് കടന്നുവരുന്നവര്‍ക്ക് കൂടുതല്‍ സജീവമാകാന്‍ ഊര്‍ജ്ജം പകരുന്നതുമായ ഒരു നല്ല ലേഖനമായ,  മജീദ്‌ നാദാപുരത്തിന്‍റെ കഴിഞ്ഞവാരം ഇറങ്ങിയ “പ്രവാസ ലോകവും മലയാളം ബ്ലോഗേര്‍സും” എന്ന പോസ്റ്റിന് പ്രസക്തിയേറുന്നു.

ആദ്യാക്ഷരം കുറിച്ച് അറിവിന്റെ മഹാസാഗരത്തിലേക്ക് കൈ പിടിച്ചുയര്‍ത്തുന്നവരാണ് അധ്യാപകര്‍. മാതാവിനെയും പിതാവിനെയും ഗുരുക്കന്മാരേയും ദൈവതുല്യമായി  കാണണമെന്നുമാണ്. ജീവിതവഴികളില്‍ നാം മറക്കാത്ത മുഖങ്ങളില്‍ അതുകൊണ്ടുതന്നെയാണ് മനസ്സിനെ സ്വാധീനിച്ചവരായി നമ്മുടെ അധ്യാപകര്‍ മാറുന്നത്. ഒരിടവേളയ്ക്ക് ശേഷം വായനാ ലോകത്തേക്ക് മടങ്ങിയെത്തിയ ബ്ലോഗാണ് “തങ്ങള്‍സ്”. സ്കൂള്‍ജീവിതത്തില്‍ ഏറെ ആദരവോടെ കണ്ടിരുന്ന അധ്യാപകനെക്കുറിച്ച് ഒരു പോസ്റ്റ്‌ എഴുതിയാണ് കാസിം തങ്ങള്‍ തന്റെ രണ്ടാം വരവ് അറിയിച്ചത്. കര്‍ക്കശക്കാരനായ അധ്യാപകന് അന്നത്തെ സഹപാഠികള്‍ നല്‍കിയ വിളിപ്പേരായിരുന്നു “കണ്ണുരുട്ടി മാഷ്‌“.അധ്യാപനമികവുകൊണ്ട് മാത്രമായിരുന്നില്ല മാഷ്‌ ശ്രദ്ധിക്ക

പെട്ടിരുന്നത് , രാഷ്ട്രീയ ചേരിതിരിവുകള്‍ മൂലം കലാപകലുഷിതമായ കലാലയത്തില്‍ സമാധാനത്തിന്‍റെ സമവായം കൊണ്ടുവരുന്നതില്‍ എന്നും മുന്‍നിരയിലായിരുന്നു എന്നത് കൊണ്ട് കൂടിയായിരുന്നു.ഒരംഗീകാരവും തേടിയെത്താത്ത ഈ മാതൃകാധ്യാപകന്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ വിശ്രമജീവിതം നയിക്കുകയാണിപ്പോള്‍. ഇത്തരം അനുഭവങ്ങള്‍ കോറിയിട്ട ഒരു പോസ്റ്റ്‌ അതേ മാഷ്‌ വായിക്കുകയും നേരിട്ട് അഭിനന്ദിക്കുകയും ചെയ്തപ്പോള്‍ ഒരു തുടര്‍ച്ചയെന്നോണം അതിന്റെ ആഹ്ലാദം പങ്കുവയ്ക്കുകയാണ്‌ ഒരു മാസത്തിനു ശേഷം വന്ന ചെറിയ കാര്യങ്ങളിലെ വലിയ സന്തോഷങ്ങള്‍ എന്ന പോസ്റ്റില്‍ തങ്ങള്‍. പ്രശസ്തിക്കു പിന്നാലെ പോവാതെ സ്വന്തം കര്‍മ്മമണ്ഡലത്തില്‍ ഒതുങ്ങിനിന്ന “കണ്ണുരുട്ടി മാഷിന്”, വളര്‍ച്ചയുടെ പടവുകളിലും വന്നവഴി മറക്കാത്ത ഒരു ശിഷ്യന്റെ ഗുരുദക്ഷിണ.

ഗുരുസ്നേഹം പറഞ്ഞുകൊണ്ടാണല്ലോ തുടങ്ങിയത്. ആദ്യം പറഞ്ഞത് ഒരു അനുഭവക്കുറിപ്പായിരുന്നു എങ്കില്‍ ഇനി പരിചയപ്പെടുത്തുന്നത് ഒരു ഗുരുസ്നേഹത്തിന്‍റെ കഥയാണ്‌, ഉദയപ്രഭന്‍ എന്ന ബ്ലോഗിലെ  “നിഴലുകള്‍” എന്ന കഥ. വര്‍ഷങ്ങള്‍ക്കുശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചുവരുന്ന കഥാനായകന്‍ , ആദ്യാക്ഷരങ്ങള്‍ കുറിച്ചുതന്ന് കൈവിരല്‍ പിടിച്ച് പളളിക്കൂടത്തിലേക്ക് നടത്തിയ പത്മിനി ടീച്ചറെ തേടിപ്പോകുന്ന യാത്രയാണ് പ്രമേയം. കഥയ്ക്കുള്ളിലെ കഥ പറയുന്ന ഈ കഥ ശരാശരി നിലവാരത്തിലുള്ള ഒന്നാണ് എന്നുപറയാം. പ്രമേയം ഇഷ്ടമായി എങ്കിലും ഒന്ന് കൂടി ഹോംവര്‍ക്ക് ചെയ്‌താല്‍ ഇത് കൂടുതല്‍ മനോഹരമാക്കാമായിരുന്നു എന്ന് തോന്നുന്നു. വാക്കുകള്‍ തമ്മില്‍ അകന്നുനില്‍ക്കുന്നതും

അക്ഷരത്തെറ്റുകളും കഥയുടെ ശോഭ കെടുത്തുന്നുണ്ട്. പബ്ലിഷ് ചെയ്യുന്നതിന് മുമ്പ് പലയാവര്‍ത്തി വായിച്ചിരുന്നുവെങ്കില്‍ ഇത്തരം തെറ്റുകള്‍ ഒഴിവാക്കാമായിരുന്നു എന്ന് തോന്നി.  ഉദയപ്രഭന്‍ ഒരു വര്‍ഷത്തോളമായി ബ്ലോഗ്‌ രംഗത്തുണ്ട് എങ്കിലും അധികമാരും ഈ ബ്ലോഗ്‌ ശ്രദ്ധിക്കുന്നില്ല എന്ന് തോന്നുന്നു. ഈ കഥയേക്കാള്‍ വായനയില്‍ ഇഷ്ടമായ മറ്റൊരു പോസ്റ്റ്‌ ഇതിനു തൊട്ടുമുമ്പ് എഴുതിയ ശാന്തി എന്ന അനുഭവക്കുറിപ്പാണ്. മരണം തൊട്ടുമുന്നില്‍ കാണുമ്പോഴും നിസ്സഹായരായി നോക്കിനില്‍ക്കാന്‍ മാത്രം വിധിക്കപ്പെടുന്നവരാണ് ലോക്കോ പൈലറ്റുമാര്‍. ഒരു ട്രയിന്‍ ബ്രേക്ക് ചെയ്‌താല്‍ ഏറ്റവും ചുരുങ്ങിയത് നാനൂറുമീറ്റര്‍ എങ്കിലും കഴിഞ്ഞേ അത് നില്‍ക്കൂ, അപ്പോഴേക്കും ട്രയിന്‍ തട്ടിയവരെ മരണം കൂട്ടിക്കൊണ്ടു പോയിട്ടുണ്ടാവും. തൊട്ടു മുന്നില്‍ ഇങ്ങിനെയൊരു ദുരന്തം നടക്കുമ്പോള്‍ ഒരു ലോക്കോ പൈലറ്റിന്റെ മാനസികാവസ്ഥയെന്താവും? അങ്ങനെയൊരു അനുഭവം പങ്കുവയ്ക്കുകയാണ് ഉദയന്‍ ഈ കുറിപ്പില്‍ക്കൂടി.

ഇനി അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങള്‍ നല്‍കുന്ന ഒരു മാഷിന്റെ നേട്ടത്തെക്കുറിച്ച് പറയാം. ചെറുതും വലുതുമായ അറുനൂറിലധികം പോസ്റ്റുകള്‍ ബൂലോകത്തിന് സമ്മാനിച്ച, ബ്ലോഗുകള്‍ ജനകീയമാക്കുന്നതില്‍ ഒരു കാലത്ത് ചെറുതല്ലാത്ത പങ്കുവഹിച്ച അരീക്കോടന്‍ മാഷിനെത്തേടി വന്ന ഒരു വലിയ അംഗീകാരമാണ്, ഇന്ത്യയിലെ ഏറ്റവും നല്ല പത്ത് എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരില്‍ ഒരാളായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ഇന്ത്യയിലെ ഏറ്റവും മികച്ച ഒരവാര്‍ഡായ

ഇന്ദിരാ ഗാന്ധി NSS അവാര്‍ഡ് ശ്രീ. ആബിദ് അരീക്കോടിനും അദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തിനും ലഭിക്കും. നവംബര്‍ 19 ന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ശ്രീ. പ്രണബ് മുഖര്‍ജി അവാര്‍ഡ് ദാനം
നിര്‍വ്വഹിക്കുന്നു. സമൂഹനന്മ വാക്കുകളില്‍ മാത്രം ഒതുക്കാതെ ജീവിതത്തിലും ആത്മാര്‍ത്മായി കൊണ്ടുനടക്കുന്ന അരീക്കോടന്‍ മാഷിന് വരികള്‍ക്കിടയില്‍ കൂടി വാക്കുകളിലൊതുങ്ങാത്ത അഭിനന്ദനങ്ങള്‍.

കഴിഞ്ഞ പോസ്റ്റില്‍ വന്ന ഒരഭിപ്രായമായിരുന്നു “ബ്ലോഗിന്‍റെ കാലം ഏകദേശം അവസാനിക്കാറായിരിക്കുന്നു” എന്നത്. ബ്ലോഗുകളില്‍ നല്ല പോസ്റ്റുകള്‍ വരുന്നില്ല എന്നോ, നല്ല പോസ്റ്റുകള്‍ ശ്രദ്ധിക്കപ്പെടുന്നില്ല എന്നോ ഒക്കെയുള്ള പരിഭവത്തില്‍, ബ്ലോഗിനെയും എഴുത്തിനെയും ഏറെ സ്നേഹിക്കുന്നവരുടെ ആശങ്കയായി അതിനെ വരികള്‍ക്കിടയില്‍ നിരീക്ഷിക്കുന്നു. ഇവിടെ ഈ ബ്ലോഗ്‌ ശ്രദ്ധിക്കുമല്ലോ, ഒരു മാസത്തില്‍ 28 പോസ്റ്റുകള്‍, ഒരു വര്‍ഷത്തില്‍ 208 പോസ്റ്റുകള്‍…! അതായത് മിക്ക ദിവസവും ഓരോ പോസ്റ്റ്‌ എന്ന രീതിയില്‍,രചനകളിലധികവും

ഉന്നത നിലവാരം പുലര്‍ത്തുന്നവയും. ആശയദാരിദ്ര്യമോ വിഷയ ദൗര്‍ലഭ്യമോ ഒന്നും പിടികൂടാതെ ഒരു വര്‍ഷം കൊണ്ട് ഇത്രയും പോസ്റ്റുകള്‍ എഴുതുക എന്നത് ഒരു ചെറിയ കാര്യമായി തോന്നുന്നില്ല. ശ്രദ്ധിക്കപ്പെടേണ്ട ഒരു വിഷയം ഈ ബ്ലോഗ് ഇതുവരെ വളരെ കുറച്ചുപേര്‍ മാത്രമേ ഫോളോ ചെയ്യുന്നുള്ളൂ എന്നതാണ്. തൊട്ടു മുന്നിലെ പോസ്റ്റില്‍ പറഞ്ഞ “അധികമാരും അറിയാതെ പോകുന്ന നല്ലബ്ലോഗുകള്‍” എന്ന വിഭാഗത്തിലേക്ക് ഒരു ഉദാഹരണമായി ബൈജു മണിയങ്കാലയുടെ  “നിശ്വാസം” മാറ്റി നിര്‍ത്താം. തുടരെത്തുടരേയുള്ള പോസ്റ്റുകളുടെ പ്രളയം കൊണ്ടാവണം പലതിലും ചെറിയ ചെറിയ അക്ഷരത്തെറ്റുകള്‍ കടന്നുകൂടിയത് കാണാം. അക്ഷരങ്ങള്‍ അല്‍പ്പം കൂടി വലുതാക്കിയാല്‍ വായനാസുഖം കൂടും എന്നും തോന്നുന്നു. ഈ ബ്ലോഗിലേക്ക് ‘വരികള്‍ക്കിടയില്‍’ കടന്നുവരുന്നതുതന്നെ ബൈജു മണിയങ്കാല മറ്റൊരു ബ്ലോഗില്‍ എഴുതിയ അഭിപ്രായം ശ്രദ്ധയില്‍പ്പെട്ടതിനു ശേഷമാണ്. കഥയും കവിതയും ഇഷ്ടപ്പെടുന്നവര്‍ക്ക് കടന്നുചെന്നാല്‍ നഷ്ടമാവില്ല എന്നുറപ്പുള്ള ഒരു ബ്ലോഗ്‌.

കൂടുതല്‍ പോസ്റ്റുകള്‍ എഴുതിയ ഒരു ബ്ലോഗിനെക്കുറിച്ചാണ് മുകളില്‍ പറഞ്ഞത് എങ്കില്‍, വര്‍ഷത്തില്‍ ഒന്നോ രണ്ടോ പോസ്റ്റുകള്‍ മാത്രമെഴുതി തിരക്കിനിടയിലും എഴുത്തും വായനയും കൈവിടാത്ത ഒരു ബ്ലോഗറെ പരിചയപ്പെടുത്താം. എവിടെത്തിരിഞ്ഞൊന്നു  നോക്കിയാലും അവിടെല്ലാം മലയാളിക്കൂട്ടം കാണാം എന്നാണല്ലോ പുതുമൊഴി.  ആഫ്രിക്കയിലെ ഘാനയില്‍ അന്നം തേടിയെത്തിയ ‘ആഫ്രിക്കന്‍ മല്ലു’ ഏറെ കാത്തിരിപ്പിനുശേഷം ഘാനയിലും മലയാളം ചാനല്‍ കിട്ടിയ സന്തോഷം പങ്കുവയ്ക്കുന്ന ഒരു പോസ്റ്റുമായാണ് വന്നിരിക്കുന്നത്. ചാനലുകളുടെ അതിപ്രസരത്തില്‍ പുതിയൊരു ടെലിവിഷന്‍ സംസ്കാരം ഉടലെടുക്കുന്നു എന്ന് പറയാതെ വയ്യ. ഏറെ പ്രതീക്ഷയോടെ കാത്തിരുന്നു കിട്ടിയ ചാനലിലെ വാര്‍ത്തകള്‍ കാണുമ്പോള്‍, വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നുവോ എന്ന് ന്യൂസ് ഹവര്‍ കണ്ടു മടുത്ത “വായനക്കാര്‍” ആ കുറിപ്പില്‍ ആശങ്കപ്പെടുന്നു. ചെറുതെങ്കിലും നന്നായി അവതരിപ്പിച്ച പോസ്റ്റിലും ചില അക്ഷരത്തെറ്റുകള്‍ കാണുന്നു.

ഒരിടവേളക്കു ശേഷം ബ്ലോഗിലേക്ക് നല്ലൊരു കഥയുമായി തിരിച്ചു വന്നിരിക്കുകയാണ് ഷബീര്‍ 

തിരിച്ചിലാന്‍“സ്വകാര്യതയുടെ മാലിന്യങ്ങള്‍”എന്ന കഥ ശ്രദ്ധിക്കപ്പെടുന്നത്  കഥയുടെ  അവസാനഭാഗത്തെക്കുറിച്ച് വായനക്കാര്‍ പലതരം അഭിപ്രായങ്ങള്‍ പറയുന്നതിലൂടെയാണ്. കഥാന്ത്യം ഇങ്ങനെയായിരുന്നുവെങ്കില്‍ ഒന്നുകൂടി നന്നാവുമായിരുന്നു എന്ന് വായനക്കാരെക്കൊണ്ട് പറയിപ്പിക്കാന്‍ കഴിയുക എന്നത് ആ കഥ അവര്‍ക്ക് സ്വീകാര്യമായി എന്നതിന്റെ സൂചനയാണ്. ഇവിടെ അഭിപ്രായങ്ങളില്‍ പലരും ആ കഥയുടെ അവസാനത്തെക്കുറിച്ച് വ്യത്യസ്തമായ നിരീക്ഷണങ്ങള്‍ അവരുടെ ഭാവനയില്‍ കുറിച്ചിട്ടിരിക്കുന്നു. ബ്ലോഗില്‍ മുമ്പും ശ്രദ്ധേയനായിരുന്ന എഴുത്തുകാരനാണ്‌ ഷബീര്‍ തിരിച്ചിലാന്‍. ബ്ലോഗിലേക്ക് വീണ്ടും സജീവമായതിന് അഭിനന്ദനങ്ങള്‍.

ഒരുകാലത്ത് മനസ്സില്‍ തങ്ങുന്ന ഒരുപാട് കഥകള്‍ നല്‍കി തിരശ്ശീലയ്ക്ക് പിന്നില്‍ മറഞ്ഞ ചില ബ്ലോഗുകളെ പരിചയപ്പെടാം. നിലവാരമുള്ള കഥകള്‍ കൊണ്ട് സമ്പന്നമായ ബ്ലോഗായിരുന്നുജാസ്മിക്കുട്ടിയുടെ “മുല്ലമൊട്ടുകള്‍. 2012ല്‍ പൂച്ച എന്ന കഥ വന്നതിനുശേഷം ഈ ബ്ലോഗില്‍ പിന്നീട് ഒന്നും എഴുതിക്കണ്ടില്ല. എങ്കിലും ഈ ബ്ലോഗിലേക്ക് ഇപ്പോഴും വായനക്കാര്‍ എത്തുന്നുണ്ട്.

മുല്ലമൊട്ടുകള്‍ക്ക് പുറമേ അസര്‍മുല്ല ജീവിത ഗാഥഎന്നീ ബ്ലോഗുകള്‍ കൂടി ജാസ്മിക്കുട്ടിഎഴുതിയിരുന്നു. ജീവിതഗാഥ എന്ന ബ്ലോഗില്‍ ഒരു തുടര്‍ക്കഥ പത്താം ഭാഗം വരെ എഴുതി മുഴുമിക്കാതെയാണ് ഈ ബ്ലോഗ്‌ നിര്‍ജ്ജീവമായത്. കഥയെ ഇഷ്ടപ്പെടുന്നവര്‍ക്ക്, വായനയെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ ബ്ലോഗിലെ കഥകള്‍ നിരാശ നല്‍കില്ല.

വളരെ കുറഞ്ഞ സമയം കൊണ്ട് ശ്രദ്ധേയനായ ബ്ലോഗറായിരുന്നു  ഖാദു. ആരറിയാന്‍ എന്ന ബ്ലോഗ്‌ എല്ലാവരും അറിഞ്ഞു തുടങ്ങിയത് വളരെ പെട്ടന്നായിരുന്നു. വളരെ സെലക്ടീവ് ആയിമാത്രം എഴുതുകയും ധാരാളം ബ്ലോഗുകളില്‍ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിരുന്ന ഈ ബ്ലോഗിലും മികച്ച കഥകള്‍ പിറന്നിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് പതിനായിരം

സന്ദര്‍ശകരും 180 നടുത്ത് ഫോളോവേഴ്സുമായി നിറഞ്ഞു നില്‍ക്കുമ്പോഴാണ് ‘ആരറിയാന്‍’ നിന്നു പോയത്. ഒരു ഓണ്‍ലൈന്‍ കഥാമത്സരത്തിനു വേണ്ടി തയ്യാറാക്കിയ  കഥ “വിളതിന്നുന്ന വേലികള്‍” കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ബൂലോകത്തേക്ക് ശക്തമായ ഒരു തിരിച്ചുവരവ് നടത്താന്‍ ഈ ബ്ലോഗര്‍ക്ക് സാധിക്കട്ടെ എന്നാശംസിക്കുന്നു.

ഒരു സ്ത്രീ എന്ന നിലയില്‍ സമൂഹത്തില്‍ നേരിടുന്ന അനീതികള്‍ക്കും അവഗണനയ്ക്കും അക്ഷരങ്ങളില്‍ക്കൂടി ശക്തമായി പ്രതികരിച്ചിരുന്ന ബ്ലോഗര്‍ ആയിരുന്നു ലിപി രഞ്ജുചെറിയ ലിപികള്‍എന്ന ബ്ലോഗില്‍ ഇതുപോലെ നിരവധി പ്രതികരണങ്ങള്‍ കാണാം. മുകളില്‍ പറഞ്ഞപോലെ, സജീവമായി നിന്നിരുന്ന ഈ ബ്ലോഗറും വളരെ പെട്ടന്നായിരുന്നു

‘ചെറിയ ലിപികള്‍’ വിട്ടു പോയത്. ഒരു അഡ്വക്കറ്റ് കൂടിയായിരുന്ന ലിപിയുടെ ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങള്‍ തന്നെയായിരുന്നു പല പോസ്റ്റിലും പ്രതികരണമായി വന്നുകൊണ്ടിരുന്നത്. സ്വന്തം ബ്ലോഗിലും മറ്റുള്ളവരുടെ ബ്ലോഗുകളിലും സജീവമായിരുന്ന ‘ചെറിയ ലിപികള്‍’ ഒരു വര്‍ഷം കൊണ്ട് 11 പോസ്റ്റുകളില്‍ 342 ഫോളോവേഴ്സിനെ നേടി. പ്രവാസത്തിന്‍റെ തിരക്കില്‍പ്പെട്ട് തല്‍ക്കാലം ബ്ലോഗ്‌ വിട്ടുപോയ ഇവര്‍ വീണ്ടും സജീവമാകും എന്ന് പ്രതീക്ഷിക്കാം .

ജനോപകാരപ്രദമായ കുറുച്ചു പോസ്റ്റുകള്‍ സമ്മാനിച്ച് നമുക്കിടയില്‍നിന്നും കഴിഞ്ഞയാഴ്ച വേര്‍പിരിഞ്ഞുപോയ ശ്രീ .ബോബന്‍ ജോസഫിന് ആദരാഞ്ജലികള്‍. ബൂലോകത്തില്‍ അധികമാരും ശ്രദ്ധിക്കാത്ത ബ്ലോഗര്‍ആയിരുന്നു ശ്രീ. ബോബന്‍ ജോസഫ്. ,  ബോബന്‍ ജോസഫ്‌ , മനസും ആരോഗ്യവും,പ്രപഞ്ചോത്ഭവം ഒരു ജ്യോതിശാസ്ത്ര വീക്ഷണം, പച്ച ഗ്രാമങ്ങള്‍,  How to be in GoodLifestyle, BJK HEALTH &LIFESTYLES ജ്യോതിഷവും ജ്യോതിശാസ്ത്രവും – സത്യം കണ്ടെത്തുക,  എന്റെ ഗ്രാമം,  എന്റെ കഥകള്‍,ശരീരവും ആരോഗ്യവും, GOD’S OWN DREAM-KERALA, മരതകം എന്നിങ്ങനെ 12 ബ്ലോഗുകള്‍ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ അകാലവേര്‍പാടില്‍ ദു:ഖം രേഖപ്പെടുത്തുന്നു.

ആയിരക്കണക്കിന് ബ്ലോഗുകളിലായി നൂറു കണക്കിന് പോസ്റ്റുകള്‍ ഓരോ ദിവസവും ഇ-ലോകത്തേക്ക് എത്തുന്നു. അതുകൊണ്ടുതന്നെ വരികള്‍ക്കിടയിലൂടെയുള്ള വായന വളരെ പരിമിതമാണ്. മുകളില്‍ പരാമര്‍ശിച്ച ബ്ലോഗുകളെക്കാള്‍ നല്ല പല ബ്ലോഗുകളും വിട്ടുപോയിട്ടുണ്ട്. കൂടുതല്‍ ശ്രദ്ധേയമായത് എന്ന് നിങ്ങള്‍ക്ക് തോന്നുന്ന ബ്ലോഗുകള്‍ താഴെ കാണുന്ന ഇ-മെയില്‍ ഐഡിയിലോ ഫേസ്‌ബുക്കില്‍ മെസേജ് ആയോ അറിയിക്കുമല്ലോ.  മറ്റൊരു വിഷയവുമായി അടുത്ത ലക്കത്തിനായി കാത്തിരിക്കുക. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ‘വരികള്‍ക്കിടയില്‍’ ഏറെ വിലമതിക്കുന്നു.