Share The Article

ഇന്നലെ ഒരു വേശ്യ
വിയര്‍പ്പു തുള്ളികള്‍ കിനിയുന്ന
ശരീരത്തിനടിയില്‍ നിന്ന്
തെന്നി , ഇരുട്ടിലെക്കോടിയിറങ്ങി
വിളിച്ചലറി,
“ഞാന്‍   പതിവൃതയായിരിക്കുന്നു”.
ഞെട്ടിയുണര്‍ന്നു ഇരുട്ടിലേക്ക്
മിഴിച്ചു നോക്കിയവളുടെ
കുഞ്ഞുങ്ങള്‍ ഒരു രൂപയുടെ
ചോറില്‍ തളര്‍ന്നു വീണ്ടുമുറങ്ങി .
ആകാശത്ത് നിന്ന്
നിലാവ് വിളിച്ചു പറഞ്ഞു
സര്‍ക്കാരുകള്‍ വിജയം തന്നെ
നനഞ്ഞ അടിവസ്ത്രം അവള്‍ക്കു
കഴിഞ്ഞ ഇലക്ഷന് കിട്ടിയതാര്‍ന്നു
തുടയിലെ പൊള്ളിയ പാട്
നൂറു രൂപ കൂടുതല്‍
തന്നവന്റെ സിഗരറ്റിന്റെ
സ്നേഹമായിരുന്നു.
ഉള്ളവന്‍ ഇല്ലാത്തവന്റെ
ദുഃഖങ്ങള്‍ ഒപ്പിയെടുക്കുന്നതിന്റെ
അടയാളങ്ങളായി ഇരുട്ടില്‍
ഇപ്പോഴും എരിയുന്നവ.
ദൂരെ ഇരുട്ടിലൂടെ കാലന്‍
ഓടിമറയുന്നത് കണ്ടു
അച്ഛന്‍ പീഡിപ്പിച്ച
കൊന്ന മകളുടെ ശവശരീരം
കണ്ടതാണത്രെ .
അവള്‍ക്കു ചിരി വന്നു
രാജ്യം വികസിക്കുന്നതറിയാത്ത
വിഡ്ഢി കാലന്‍ .
നാടിന്റെ നേരറിയാന്‍
നടന്ന പത്രക്കാരനെ
ഗുണ്ടകള്‍ തല്ലിയൊടിച്ചു
അവള്‍ക്കു നാണം വന്നു,
മുതലാളിയുടെ കച്ചവടം
അറിയാത്ത ഒരു അന്വേഷി !
മുതലാളി ആ കഥയിലും
വിറ്റു ആയിരം കോപ്പി .
ഒരു രൂപയ്ക്കരിയുള്ളതിനാല്‍
അവനു കഞ്ഞി കുടിക്കാം.
ജി ഡി പി ഉയരുന്നത്
ശരി തന്നെ ..
നാടിന്റെ സദാചാരം
കാക്കാന്‍ അവള്‍
അയാളുടെ അടിയിലേക്ക് വീണ്ടും
നൂണ്ടു കയറി ….
കിതപ്പിനടിയില്‍ കിടന്നവള്‍
ചിന്തിച്ചത് എല്ലാ
വേശ്യകളെയും  പതിവൃതകളാക്കുന്ന
രാഷ്ട്രീയക്കാരുടെ,
അത്ഭുത സിദ്ധിയെ കുറിച്ച് ..