Share The Article

1ശിവന്‍ കിടക്ക പായയില്‍ നിന്നും തട്ടി വിളിച്ചിട്ടാണ് അത് പറഞ്ഞത് ഇന്നലെ രാത്രി പോയ യുസഫ് ഇതുവരെ വന്നിട്ടില്ല ! രാവിലെ മുതല്‍ ജോലിക്കാര്‍ പലരും അവരുടെ മൊബൈലുകളില്‍ നിന്നും മാറി മാറി വിളിച്ചിട്ടും ഒരേ പല്ലവി അലഹത് ഫുള്‍ മുതഹരക്ക് അലധിയ തലത്ത് ഹു മുഗലക്ക് . എന്ത് സംഭവിച്ചാലും മൊബൈല്‍ ഓഫ് ചെയ്യാത്തവന്‍ ആണ് ,അഞ്ചു വര്ഷത്തെ ജോലിക്കിടയില്‍ ഇതാദ്യമായാണ് പറയാതെ ഒരു വിട്ടു നില്‍ക്കല്‍ അത് കൊണ്ട് തന്നെ എല്ലാവരും പരിഭ്രാന്തിയിലും ആയി .രാവിലെ ജോലിക്ക് ആളെ സൈറ്റില്‍ കൊണ്ട് പോകേണ്ട വാഹനവുമായി ആണ് അവന്‍ മുങ്ങിയിരിക്കുന്നത് പതിനഞ്ചോളം പേര്‍ ഞാന്‍ വരുന്നതുവരെ പല പല ഊഹാപോഹങ്ങളും പരസ്പരം പങ്കു വെച്ച് യുസഫിന്റെ തിരോധാനത്തെ അന്താരാഷ്ട്ട പ്രശ്‌നമായി വളര്‍ത്തുന്ന തിരക്കില്‍ ആയിരുന്നു .അഞ്ചു വര്‍ഷമായി ഞങ്ങളുടെ സാരഥി ആയിരുന്നെങ്കിലും ഒരു പാട് രഹസ്യങ്ങള്‍ അവനില്‍ ഉണ്ടെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ആരോടും അധികം അടുക്കാത്ത എന്നാല്‍ എല്ലാവരോടും സൌഹൃദം ഉണ്ടായിരുന്ന സുമുഖനായ പാകിസ്താനി പയ്യന്‍.ഞാനും മൊബൈലില്‍ രണ്ടു തവണ വിളിച്ചു നോക്കി ഫലം തദൈവ ! എന്താവും സംഭവിചിട്ടുണ്ടാവുക ?

ഓഫീസില്‍ എത്തിയതും ആദ്യം ചെയ്തത് നെറ്റില്‍ കിട്ടുന്ന ലോക്കല്‍ ന്യൂസ് എല്ലാം ഒന്നോടിച്ചു നോക്കുകയായിരുന്നു എവിടെയെങ്കിലും എന്തെങ്കിലും അപകടം എന്നാലും മൊബൈല്‍ അടിക്കണമല്ലോ ഗള്‍ഫ് ന്യൂസ് മൂന്നാം പേജിലെ വാര്‍ത്ത ശരിക്കും ഞെട്ടിക്കുന്നതായിരുന്നു ദുബൈ ക്രീക്കില്‍ മുപ്പതു വയസു തോന്നിക്കുന്ന ഒരു അജ്ഞാത ജഡം .വണ്ടിയെടുത്തു പോലീസ് മോര്ച്ചരിയിലെക്കുള്ള യാത്രയില്‍ ഉടനീളം പ്രാര്ത്ഥന ഒന്ന് മാത്രമായിരുന്നു ‘ദൈവമേ അത് യുസഫ് ആവരുതെ ‘ എല്ല് മരവിപ്പിക്കുന്ന തണുപ്പിലും എന്റെ നെറ്റിയില്‍ എവിടെയോ വിയര്‍പ്പ് പൊടിയുന്നു, മോര്ച്ചരിക്കുള്ളിലെയ്ക്കുള്ള നടപ്പില്‍ കാലുകള്‍ യന്ത്രം പോലെ ചലിക്കുകയാണ് ഇന്നലെ വരെ എന്റെ വാക്കുകള്‍ക്ക് റാന്‍ മൂളി നിന്ന ഒരു ചെറുപ്പക്കാരന്റെ ചേതനയറ്റ ശരീരത്തിന് താന്‍ സാക്ഷിയാകാന്‍ പോകുന്നു യാത്രയില്‍ കൂടെ വന്ന പോലീസുകാരന്‍ എന്തൊക്കയോ ചോദിക്കുന്നുണ്ട് പക്ഷെ താന്‍ വേറെ ഏതോ ലോകത്താണ് .പരന്നു വിശാലമായ കോള്‍ഡ് സ്‌റ്റോറിന്റെ വിരിപ്പുകളില്‍ ഒന്നില്‍ അയാള്‍ ആഞ്ഞു വലിച്ചു ഒറ്റ നോട്ടം അത് മതിയായിരുന്നു അത് താന്‍ തേടി വന്ന യുസഫ് അല്ല എന്ന് മനസിലാക്കുവാന്‍ .പോലീസുകാരന്‍ പ്ലാസ്റ്റിക് സിപ് വലിച്ചു നീക്കി ശരീരം മുഴുവന്‍ സസൂഷ്മം വീഷിക്കാന്‍ ആവശ്യപെട്ടു ‘ഇല്ല ഇതല്ല ഞാന്‍ തേടി വന്നവന്‍’ പോലീസു കാരന്റെ മുഖത്തു നിരാശപടരുന്നത് നോക്കി ഞാന്‍ ഉള്ളില്‍ ചിരിച്ചു .രാവിലെ മുതല്‍ ഉള്ളില്‍ കയറിയ ഭൂതം ഒഴിഞ്ഞു പോയിരിക്കുന്നു എന്നാലും യുസുഫ് എവിടെ ?

ഞാന്‍ ആ പോലീസുകാരന്റെ പിറകെ കൂടി ‘സാര്‍ എന്നെയൊന്നു സഹായിക്കു കുറഞ്ഞപക്ഷം ഇവന്‍ എവിടെ എന്ന് കണ്ടു പിടിക്കാന്‍ എങ്കിലും ‘ എന്റെ ദൈന്യത കണ്ടിട്ടാവണം അയാള്‍ എന്നെയും കൂട്ടി മറ്റൊരു ഓഫീസില്‍ പോയി യുസുഫിന്റെ പാസ്‌പോര്ട്ട് വാങ്ങി അകത്തേക്ക് പോയി അര മണിക്കൂര്‍ കഴിഞ്ഞു ഒരു കള്ള ചിരിയുമായി അയാള്‍ പുറത്തേക്കു വന്നു’ മീന്‍ ആദ ? ആഹു മല്‍ ഇന്ത ? ആരാണിവന്‍ നിന്റെ സഹോദരന്‍ ആണോ ?’ എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്‍ മാരാണെന്ന് കൊച്ചു ക്ലാസില്‍ പഠിച്ചിട്ടുണ്ട് പക്ഷെ ഒരു പാകിസ്താനി എങ്ങനെ എന്റെ സഹോദരന്‍ ആകും’ നോ സാര്‍ ഹി ഈസ് ഔര്‍ െ്രെഡവര്‍ വാട്ട് ഹാപെണ്ട് ടൂ ഹിം’ ആദ ദാക്കള്‍ അബുദാബി സിജാന്‍’ അവന്‍ അബുദാബിയിലെ ജയിലില്‍ ആണ് പോലും ഷാര്‍ജയില്‍ മാത്രം ജോലി ഉള്ളയാള്‍ എങ്ങനെ അബുദാബി ജയിലില്‍ ആകും കൂടുതല്‍ വിശദീകരണം അബുദാബിയില്‍ കിട്ടുമെന്ന കനത്ത താകീത് എന്നെ കൂടുതല്‍ ചോദ്യങ്ങളില്‍ നിന്നും പിന്തിരിപിച്ചു .പോലീസുകാരന്‍ പറഞ്ഞ ജയില്‍ തേടി വണ്ടി അബുദാബി ലക്ഷ്യമാക്കി നീങ്ങി.

അബുദാബി സിറ്റിക്ക് പുറത്ത് ഏകദേശം നാല്‍പതു മിനിട്ട് സഞ്ചരിച്ചാല്‍ ഒരു കുന്നിനു മുകളിലായി അല്‍ വത്ബ എന്നൊരു ജയില്‍ ലക്ഷ്യമാക്കിയാണ് എന്റെ യാത്ര .തികച്ചും അപരിചിതമായ വഴികളില്‍ കൂടി വിജനമായ പാതകള്‍ താണ്ടി ഒരു യാത്ര ഒരു നിയോഗം പോലെ ഷാര്‍ജയില്‍ നിന്നും 240 കിലോമീറ്റര്‍ ദൂരത്തെക്കൊരു രസികന്‍ ട്രിപ്പ് . അബുദാബി റോഡുകള്‍ ചിരപരിചിതമായിരുന്ന സുഹൃത്ത് സഹായത്തിനുണ്ടയിരുന്നത് കൊണ്ട് താമസം വിന അവിടെ എത്തിച്ചേര്‍ന്നു.മാന്യതയുടെ ആള്‍ രൂപങ്ങള്‍ എന്ന് വിശേഷിപ്പിക്കാവുന്ന കുറെ നല്ല പോലീസുകാരുടെ സഹായ ത്താല്‍ ജയിലിന്റെ ഇടുങ്ങിയ വാതില്‍ എനിക്കായി തുറന്നു കിട്ടി 100 മീറ്റര്‍ ഇടനാഴിയിലൂടെ സഞ്ചരിച്ചാല്‍ അങ്ങേ അറ്റം ഒരു കൊച്ചു കിളി വാതില്‍ ഒരു പത്തു മിനിട്ടത്തെ കാത്തിരിപ്പിന് ശേഷം കിളിവാതിലില്‍ ആ മുഖം പ്രത്യക്ഷമായി . കുറ്റ ഭാരത്താല്‍ എന്നെ നോക്കനാവുന്നില്ല ക്യാ കിയ യുസുഫ് ? എന്റെ ചോദ്യത്തിന് ശക്തമായ ഒരു കരച്ചിലായിരുന്നു പ്രതികരണം അതുവരെ ഉള്ളില്‍ അടക്കി പിടിച്ചിരുന്ന ദേഷ്യവും സങ്കടവും ഒക്കെ കണ്ണീരായി ഒലിച്ചിറങ്ങി .ഒന്ന് അടങ്ങി എന്ന് തോന്നിയപ്പോള്‍ മുഖം തുടച്ചു കൊണ്ട് യുസുഫ് പറഞ്ഞു തുടങ്ങി . അവിചാരിതമായി വന്ന മിസ്‌കാളില്‍ നിന്നാണ് ജാനെറ്റ് എന്നാ ഫിലിപ്പിനി പെണ്ണിനെ പരിചയപ്പെടുന്നത് അബു ദാബിയില്‍ ഏതോ അറബി വീട്ടിലെ വേലക്കാരിയായിരുന്നു അവര്‍ , പിന്നെ ഫോണ്‍ വിളികളായി സൌഹൃദം പ്രണയത്തിനു വഴിമാറി ടെലിഫോണ്‍ റീ ചാര്‍ജു ചെയ്തു ഒരു തുക കൈയില്‍ നിന്നും പോയപ്പോള്‍ അത് മുതലാക്കാന്‍ തക്കം നോക്കി ഇരിക്കുമ്പോഴാണ് ഒരു ഓഫര്‍ അവളുടെ ഭാഗത്തുനിന്നും വരുന്നത് ഒരു അഞ്ഞൂറ് ദിര്‍ഹം അത്യാവശം വേണം ഇവിടെ കൊണ്ട് വരുവാണേല്‍ നിനക്ക് കാര്യവും നടത്തി തിരിച്ചു പോകാം .പ്രായത്തിന്റെ ചോരത്തിളപ്പില്‍ കേട്ട പാതി കേള്ക്കത്തപാതി 500 ദിര്‍ഹം കടം വാങ്ങി നേരെ അബുദാബിക്ക് വിട്ടു.രാത്രിയില്‍ മൈഡ് റൂമില്‍ ആളനക്കം കണ്ട ഗൃഹനാഥന്‍ അറിയിച്ചതനുസരിച്ചാണ് പോലീസ് എത്തിയത് പോലീസ് വന്നതും പെണ്ണ് കളം മാറ്റി ചവിട്ടി ദൈവത്തിനു പോലും രക്ഷിക്കാന്‍ വയ്യാത്ത കുരുക്കില്‍ പാവം അകപെടുകയും ചെയ്തു .പുറത്തിറക്കാന്‍ എന്നാലാവും വിധം സഹായം ചെയ്യാം എന്ന ഉറപ്പും നല്കി അവിടെ നിന്നു ഇറങ്ങി പക്ഷെ അവനെതിരെ ചാര്‍ത്തപെട്ട വകുപ്പുകള്‍ ശക്തമായിരുന്നു .രണ്ടു മാസം ജയില്‍ ശിക്ഷയും ശേഷം നാടു കടത്തലുമായിരുന്നു അവനു വിധിച്ച ശിക്ഷ.

വീണ്ടും ഒരിക്കല്‍ കൂടി ഞാന്‍ വത്ബ സെന്‍ട്രല്‍ ജയിലില്‍ അവനെ കാണാന്‍ എത്തി അവന്റെ പാസ്‌പോര്‍ട്ടും ടിക്കെട്ടും ആനുകൂല്യങ്ങളും ജയില്‍ അധികാരികളെ ഏല്പിച്ചശേഷം അവനെ കാണാന്‍ ചെന്നു.ഒരു മാസം മുന്‍പ് അവന്റെ മുഖത്തു കണ്ട കുറ്റബോധമോ സങ്കടമോ ഒന്നും ഇല്ല തികച്ചും സന്തോഷവാനും ശാന്തനുമായഅവനോടു ഞാന്‍ ചോദിച്ചു നീ വളരെ സന്തോഷവാനണല്ലോ? അതെ സാര്‍ ഞാനൊരു വിശ്വാസിയാണ് ഞങ്ങളുടെ വേദപുസ്തം പറയുന്നു ഓരോ പയര്‍ മണിയിലും അത് കഴിക്കേണ്ടാവന്റെ പേര് രേഖപെടുത്തിയിരിക്കുന്നു കുറച്ചു കാലം ഈ ജെയിലിലെ ഭക്ഷണത്തില്‍ ആയിരുന്നു ഇനി അത് പാകിസ്താനില്‍ എവിടെയോ ആണ് .കിളി വാതിലിലൂടെ ഒരു കൈ പുറത്തേക്ക് നീട്ടി എന്റെ കരം ഗ്രഹിച്ചു നന്ദി പറഞ്ഞു ഞാന്‍ തെറ്റ് ചെയ്തു അള്ളാഹു എന്നെ ശിക്ഷിച്ചു നിങ്ങളോടും അറിഞ്ഞോ അറിയാതയോ ഞാന്‍ ചെയ്ത എല്ലാതെറ്റുകളും എനിക്ക് പൊറുത്തു തരണം .രണ്ടു മാസത്തെ ജയില്‍ വാസം ആവനെ മറ്റൊരു മനുഷ്യന്‍ ആക്കിയിരിക്കുന്നു അവനോടു യാത്ര പറഞ്ഞു കാറില്‍ കയറി ഷാര്‍ജയിലെയ്ക്കു യാത്ര തിരിക്കുമ്പോള്‍ മനസില്‍ മുഴുവന്‍ അവന്റെ വാക്കുകള്‍ പ്രതിദ്വനിക്കുകയായിരുന്നു ‘ദാനെ ദാനെ മേം ഖാനെ വാലേ കാ നാം ലിഖിയേ രഖാ’ നിന്റെ അന്നം നില്‍ക്കുമ്പോള്‍ നിനക്ക് പോയെ മതിയാവു പടച്ച തമ്പുരാന്റെ വിളിക്ക് പിന്നാലെ ………

ഹൃദയം ശരിയല്ലാത്തവന്റെ തലയും ശരിയല്ല എന്ന് വിശ്വസിക്കുന്ന ഒരു അന്തര്മുഖന്‍ . ഒരു പാട് ചിരിക്കുകയും ചിരിപ്പിക്കുകയും കരയുകയും ചെയ്യും എന്നതാണ് എന്റെ ബലവും ബലഹീനതയും .