പരിധി വിടുന്ന ചാനല്‍ ആഭാസങ്ങള്‍

0

മലയാളത്തില്‍ പുതിയ പുതിയ ചാനലുകളുടെ രംഗപ്രവേശം വര്‍ദ്ധിച്ചതോടെ പ്രേക്ഷകരുടെ എണ്ണം കൂട്ടാനും പിടിച്ചു നിര്‍ത്താനും മൂല്യരഹിത മാര്‍ക്കറ്റിംഗ് തന്ത്രങ്ങളുടെ മറവില്‍ നടത്തുന്ന ചില പരിപാടികള്‍ പരിധിവിടാന്‍ തുടങിയിരിക്കുന്നു. ഗള്‍ഫ്കാരെ നോട്ടമിട്ടു ആദ്യമായി രംഗത്ത് വന്ന ഏഷ്യാനെറ്റ് ചാനല്‍, പാതിരാവുകളില്‍ ‘രതി സുഖ സാഗരെ’ എന്ന തുടര്‍പരിപാടി മുതല്‍ ‘ശക്കീല പടം’ വരെ പ്രേക്ഷകര്‍ക്കായി സമ്മാനിച്ച പൂര്‍വകാല ചരിത്രവുമുണ്ട്.

ഇന്ന് പ്രമുഖ മലയാള ചാനലുകളിലെ പ്രധാന ഇനമായ ഫോണ്‍ ഇന്‍ പരിപാടിയിലൂടെ അവതാരകനടക്കം പലരും നിരവധി പെണ്ക്കുട്ടികളെ വലയിലാക്കിയ ചരിത്രവും നാം മറക്കാന്‍ പാടില്ല. പ്രേക്ഷകരില്‍ പലരും ആവേശപൂര്‍വ്വം പങ്കെടുക്കുന്ന ഫോണ്‍ ഇന്‍ പരിപാടികളിലൂടെ സ്വന്തം കുട്ടികള്‍ക്കും ബന്ടുക്കള്‍ക്കും െഡഡിക്കേറ്റു ചെയ്യുന്ന പാട്ട് രംഗങ്ങളുടെ നിലവാരം സാംസ്‌കാരിക സമൂഹത്തിനു ലജ്ജാകരമാണ്.

ഏതാണ്ട് മൂന്നര പതിറ്റാണ്ട് മുമ്പ് നമ്മുടെ കൊച്ചു കേരളത്തിലേക്കും എത്തിച്ചേര്‍ന്ന പട്ടി, കുട്ടി, സൊസൈറ്റി ലേഡിമാരുടെ മേനി പ്രദര്‍ശനങ്ങള്‍ വഴി വളര്‍ത്തിക്കൊണ്ടു വന്ന സംസ്‌കാരത്തിന്റെ അവസാനത്തെ ഉദാഹരണമാണ് മലയാളി ഹൌസും, സിറ്റി ഗേള്‍സും വെറുതെയല്ല ഭാര്യയുമൊക്കെ. സ്വന്തം മകള്‍, സഹോദരി, ഭാര്യ എന്നിവരുടെ മേനിയഴകും ഉരുളലും മറിച്ചിലും അന്യപുരുഷന്‍ വാരിപ്പുണര്‍ന്നാലും സൌമ്യയായി നിന്നുകൊടുക്കുന്ന രംഗങ്ങള്‍ പ്രദര്ശിപ്പിക്കാനും ദാമ്പത്യ രഹസ്യങ്ങള്‍ ഉളുപ്പില്ലാതെ ലോകത്തോട് തുറന്നു പറയാനും അനുവാദം കൊടുക്കുന്ന ബന്ധുക്കളും ഇത് ചൂഷണം ചെയ്ത് റേറ്റ് കൂട്ടുന്ന ചാനല്‍ മുതലാളിമാരും സാംസ്‌കാരിക കേരളത്തിനു അപമാനമാണ്. മത രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പോലും ഇത്തരം റിയാലിറ്റി അഴിഞ്ഞാട്ട ഷോകളില്‍ അഭിനയിക്കുന്നത് കാണുമ്പോള്‍ ലജ്ജിച്ചു തലതാഴ്‌ത്തേണ്ടി വരുന്നു.