പറയാതെ, പറഞ്ഞു തന്ന വിശേഷങ്ങള്‍

5

01tvfsar_friday_GPD_261016f

കേരളത്തിലേക്കുള്ള യാത്രയിലാണ് ഞാന്‍, അങ്ങോട്ടുള്ള യാത്ര എന്ന് പറയുമ്പോള്‍ തന്നെ മനസ്സ് നിറയെ സന്തോഷമായിരിക്കും.എന്തായാലും വണ്ടിയില്‍ അടുത്തിരിക്കുന്ന പെണ്‍കുട്ടിയുടെ മുഖത്ത് വലിയ സന്തോഷമൊന്നും ഇല്ല. കാതുകളെ ‘ഹെഡ്‌ഫോണ്‍ ‘ കൊണ്ട് ആവരണം ചെയ്യാത്തതു കൊണ്ട്, എന്തെങ്കിലും വര്‍ത്താമനം പറഞ്ഞ് നാട് എത്തിക്കാമെന്ന ഉദ്ദേശ്യത്തോടെ,

ഞാന്‍: എവിടെ പോകുന്നു?

അവള്‍: കേരളം

കേരളത്തിലോട്ട് പോകുന്ന വണ്ടിയില്‍ കേറി എവിടെ പോകുന്നു എന്ന ചോദ്യത്തിലെ അമളി അവളിലെ തീക്ഷണമായ നോട്ടത്തിലൂടെയാണ് മനസ്സിലായത്.മറുപടി കിട്ടിയ സ്ഥിതിക്ക്, നോട്ടത്തിന് ഞാന്‍ വലിയ പ്രാധാന്യം കൊടുത്തില്ല. അടുത്ത ചോദ്യവും ഉടന്‍ തന്നെ ചോദിച്ചു.

അവിടെ ജോലി ആണോ

അവള്‍: അല്ല

ഞാന്‍: പിന്നെ

അവള്‍: കാണാന്‍ പോകുന്നു

അവളുടെ മറുപടികള്‍ ഒട്ടും സഹൃദയമായിരുന്നില്ല പകരം പരുഷമാവുന്നുണ്ടോ എന്ന സംശയം ഇല്ലാതില്ല എന്നാലും അവളുടെ കൂടെ ആരേയും കാണാത്തതു കൊണ്ട്, പല വിദേശികളും കെട്ടും മാറാപ്പും മൊക്കെയായി നാടുകള്‍ കാണാന്‍ പോകുന്നതിനെപ്പറ്റി കേട്ടിട്ടുണ്ട് അതുപോലെ നമ്മുടെ ദേശി പെണ്‍കുട്ടികളും തുടങ്ങിയോ? പീഡനം, കൊള്ള, കവര്‍ച്ച …..ഇതിനെക്കുറിച്ചൊന്നും ഇവള്‍ക്ക് പേടിയില്ലെ …..അങ്ങനെ എനിക്ക് ചോദിക്കാനായി നൂറ് ചോദ്യങ്ങള്‍ ഉണ്ടെങ്കിലും ആരേയുംകൂസലില്ലാത്ത അവളുടെ മുഖഭാവം അതിനൊക്കെ ഒരു വിലങ്ങുതടിയായി.

പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല എന്നാല്‍ നിദ്രാദേവിയുടെ അനുഗ്രഹത്തിനായി ഞാന്‍ കണ്ണടച്ചു ഇരുന്നു.ചിലപ്പോള്‍ ഇങ്ങനെയാണ്, ആകെ മടുത്ത് ഇരിക്കുമ്പോഴാണ്, ആ ‘ ഫോണ്‍കോള്‍ ‘ശരിക്കും തമാശയായി തോന്നിയത്. ഇവിടെ ‘ഫോണ്‍ കോള്‍ ‘ വന്നത് എന്റെ അടുത്തിരിക്കുന്ന കുട്ടിയുടെ മൊബൈലിലേക്കാണ്.

ഹലോ

ഇല്ല..ഞാന്‍ അടുത്ത തിങ്കളാഴ്ചയേ വരുകയുള്ളൂ

സ്ഥലത്തില്ല

കേരളത്തിലോട്ട്

പാക്കേജ് ട്ടൂര്‍…..6 രാത്രി യും 7 ദിവസം

മൂന്നാര്‍ തേക്കടി പിന്നെ ഒരു ദിവസം ബോട്ടില്‍ താമസിക്കും

8 പേരുണ്ട്

ചേച്ചി, അമ്മായിയുടെ വീട്ടിലാണ്

അടുത്താഴ്ച പരീക്ഷ തുടങ്ങും

ഒരാള്‍ക്ക് Rs.——രൂപയാണ്. പിന്നെ ഞങ്ങള്‍ എട്ടു പേര് ഉള്ള കാരണം ഡിസ്‌കൗണ്ട് കിട്ടി.ഓണര്‍ ചിഞ്ചുവിന്റെ അമ്മയുടെ കൂടെ ജോലി ചെയ്യുന്ന ഒരാളുടെ കസിന്‍ ആണ് .

ചിഞ്ചു അന്ന് എന്റെ കൂടെ നിന്റെ വീട്ടില്‍ വന്നില്ലേ

അവനും അവന്റെ അച്ഛനുമ്മയും കൂടെയുണ്ട്.

Spices യൊക്കെ മേടിക്കാന്‍ കിട്ടും.. സില്‍ക്ക് സാരികളും

പിന്നീട് ഷോപ്പിംഗ്‌നെ പറ്റി യായി സംസാരം. അതൊക്കെ കേട്ട് ഞാന്‍ ഉറങ്ങി പോയി.എന്റെ ഉറക്കം കഴിഞ്ഞ് നോക്കിയപ്പോള്‍, എന്റെ ചുമലില്‍ കിടന്ന് ഉറങ്ങുന്നുണ്ട് അവള്‍!

ആ ബസ്സിലുള്ളവര്‍ക്കെല്ലാം അവളുടെ യാത്രയെ കുറിച്ചുള്ള ഒരു ധാരണ കിട്ടിയെന്നു തന്നെ പറയാം. നമ്മള്‍ ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങള്‍. ആധുനിക സാങ്കേതിക വിദ്യകള്‍ കൊണ്ടുള്ള ഗുണമോ ദോഷമോ?

കേരളം എത്തി, അവള്‍ക്ക് നല്ലൊരു അവധിക്കാലം ആശംസിച്ച്, ഞങ്ങള്‍ പിരിഞ്ഞപ്പോള്‍ …. ആ ഗൌരവക്കാരിയോട് ചോദിക്കാന്‍ എന്റെ മനസ്സില്‍ ഒരു ചോദ്യവുമില്ല….പറയാതെ അവള്‍ പറഞ്ഞു തന്ന വിശേഷങ്ങള്‍ ….

Write Your Valuable Comments Below