Share The Article

Untitled-1-copy

പവിത്രേട്ടന്‍ ജീവിച്ചിരുന്നപ്പോള്‍ എനിക്കാരുമല്ലായിരുന്നു, പവിത്രേട്ടന്‍ മരണപെട്ടതുമുതലാണ് ഞാന്‍ അദ്ദേഹത്തെ അറിയുന്നതും കൂട്ട് കൂടുന്നതും!!.

ഒരു പെരുന്നാളിന്റെ അവധിയില്‍ മയങ്ങുമ്പോഴാണ് ഓമനകുട്ടന്‍ എന്നെ വിളിക്കുന്നത്.
‘നീ വാ ആശുപത്രിയില്‍ ഒരു മലയാളിയെ മരിച്ച നിലയില്‍ കൊണ്ടുവന്നിരിക്കുന്നു ആരാ എവിടുന്നാ എന്നൊന്നും അറിയില്ല നമുക്ക് ഒന്ന് അന്വേഷിച്ചാലോ ?
പവിത്രേട്ടനെ കുറിച്ച് ഞാന്‍ അറിയാന്‍ തുടങ്ങുന്നത് അന്ന് മുതലായിരുന്നു.അറുപത് കിലോ മീറ്റര്‍ അകലെയുള്ള ഒരിടത്ത് നിന്നാണ് പവിത്രേട്ടന്റെ മൃതദേഹം ആശുപത്രിയിലെത്തുന്നത്. മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റിയതിനു ശേഷം കൂടെയുണ്ടായിരുന്ന യമനി സ്ഥലം വിടുകയായിരുന്നുവത്രേ. തിരിച്ചറിയാന്‍ ഇഖാമയുടെ (റെസിഡന്റ് പെര്‍മിറ്റ് ) കോപ്പി മാത്രമേയുള്ളൂ.ഇത് വെച്ച് പവിത്രേട്ടന്റെ വിലാസം കണ്ടുപിടിക്കുക എന്നത് അത്ര സുഖകരമല്ല, എങ്കിലും ഒരു ശ്രമം നടത്തിനോക്കാനായിരുന്നു ഞങ്ങളുടെ ആ യാത്ര!!.

യാത്രതുടങ്ങുമ്പോള്‍ ഒരേയൊരു ലക്ഷ്യം മാത്രമേയുണ്ടായിരുന്നുള്ളൂ.. പവിത്രേട്ടന്റെ മരണംവീട്ടുകാര്‍ അറിഞ്ഞില്ലെങ്കില്‍ അവരെ അറിയിക്കണം. മറ്റു കാര്യങ്ങള്‍ ചെയ്യാന്‍ ആരെങ്കിലുമുണ്ടേല്‍ അവരോട് കാര്യം തിരക്കണം. ഗ്രാമത്തിലെ പോലീസ് സ്റ്റേഷനില്‍ നിന്നായിരുന്നു ഞങ്ങളുടെ അന്വേഷണത്തിന്റെ തുടക്കം. കാരണം അവിടെയുള്ള ഒരു ഡിസ്‌പെന്‍സറിയില്‍ നിന്നുമാണ് പവിത്രേട്ടനെ ഞങ്ങുടെ സിറ്റിയിലെ ആശുപത്രിയിലേക്ക് കൊണ്ട് വന്നത്. എങ്കില്‍ തീര്‍ച്ചയായും അവരാ പോലീസ് സ്സ്‌റ്റേഷനില്‍ വിവരമറിയിച്ചുകാണും.

ആ പ്രതീക്ഷ അസ്ഥാനത്താവാന്‍ അധിക സമയം വേണ്ടിവന്നില്ല.മരണം അവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഞങ്ങളുടെ കൈവശമുള്ള ഇഖാമയുടെ കോപ്പി മാത്രമേ അവരുടെയും കയ്യിലുമുണ്ടായിരുന്നുള്ളൂ . അതിലെ സ്‌പോണ്‍സര്‍ എന്നിടത്ത് ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ പേരായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ എവിടെയാണ് അവരുടെ ക്യാമ്പ് എന്നത് അവര്‍ക്കും അറിയില്ലായിരുന്നു. അവിടെയുള്ള ഒന്ന് രണ്ട് സ്ഥലങ്ങളിലൊക്കെ അന്വേഷിച്ചുവെങ്കിലും ഒരു വിവരവും ലഭിച്ചില്ല.മൂന്ന് നാല് മണിക്കൂറായി ഞങ്ങള്‍ പവിത്രേട്ടനെയും തിരക്കിയിറങ്ങിയിട്ട്, നല്ല വിശപ്പും ദാഹവും, അടുത്തുള്ള ഒരു പമ്പില്‍ നിര്‍ത്തി പെട്രോള്‍ അടിക്കുമ്പോള്‍ ഒരു പ്രതീക്ഷയുമില്ലാതെയാണ് ജീവനക്കാരനോട് ചോദിക്കാന്‍ തോന്നിയത്, ‘പവിത്രേട്ടന്റെ കമ്പനിയുടെ ലേബര്‍ ക്യാമ്പ് അറിയാമോ’ എന്ന്,

‘നിങ്ങള്‍ പറയുന്ന കമ്പനിയാണോ എന്നൊന്നും അറിയില്ല ഇവിടെ സാധനങ്ങള്‍ വാങ്ങാന്‍ കുറച്ച് ശ്രീലങ്കക്കാര്‍ വരാറുണ്ട് അവര്‍ക്ക് അറിയാമായിരിക്കും ചിലപ്പോള്‍’ പമ്പില്‍ ജോലി ചെയ്യുന്ന തിരൂര്‍ക്കാരന്‍ തന്ന ആദ്യത്തെ ക്ലൂ !. അയാള്‍ പറഞ്ഞ വഴിയെ കുറച്ചു കിലോമീറ്റര്‍ സഞ്ചരിച്ചപ്പോള്‍ ഞങ്ങളൊരു ക്യാമ്പിലെത്തി. ആരെയാണോ തിരഞ്ഞുനടക്കുന്നത് അവരെ ദൈവം ഞങ്ങളെ മുന്നിലേക്ക് എത്തിക്കുകയായിരുന്നു . ശെല്‍വത്തെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിയത് അവിടുത്തെ വാച്ച് മാന്‍ ആയിരുന്നു. അയാള്‍ക്ക് കഴിഞ്ഞ ദിവസം നടന്ന മരണത്തെകുറിച്ച് അറിയാം പക്ഷേ അത് ആരാണെന്നോ എങ്ങിനെയാണെന്നോ ഒന്നും അറിയില്ലായിരുന്നു.അയാളുടെ കൂട്ടുകാരന്‍ പറഞ്ഞ ഒരു ചെറിയ അറിവ് മാത്രം.

ദമ്മാമില്‍ നിന്നും പെരുന്നാള്‍ അവധിക്ക് വരുന്ന കൂട്ടുകാരേനെ കാത്തിരിക്കുകയായിരുന്നു ശെല്‍വവും കൂട്ടുകാരും. അവര്‍ക്ക് വേണ്ടി തയ്യാറാവുന്ന കോഴിക്കറിയുടെ ഗന്ധം അവിടെയാകെ പരക്കുന്നുണ്ടായിരുന്നു, ഈ അവസരത്തില്‍ പവിത്രേട്ടനെ കണ്ടെത്താന്‍ അയാള്‍ വരും എന്ന് തീരെ കരുതിയില്ല. മാത്രമല്ല ഞങ്ങള്‍ തിരയുന്ന പവിത്രേട്ടന്‍ തന്നെയാണ് ശെല്‍വത്തിനറിയാവുന്ന ഇന്നലത്തെ മരണം എന്നും തീര്‍ച്ചയുമില്ല . എങ്കിലും ഞങ്ങളുടെ എങ്ങുമെത്താത്ത അന്വേഷണത്തെ കുറിച്ച് കേട്ടതിനാലാവാണം ശെല്‍വം ഞങ്ങള്‍ക്കൊപ്പം വന്നു.

നേരത്തെപോയ പോലീസ്സ്‌റ്റേഷന് അടുത്തുകൂടിയായിരുന്നു ആ യാത്ര, മെയിന്‍ റോഡു കടന്നു പിന്നീടത് മരുഭൂമിയില്‍ കൂടിയായി, ഉച്ച സമയമായതിനാല്‍ നല്ല മണല്‍കാറ്റും. എങ്കിലും പിന്തിരിയാന്‍ മനസ്സ് വന്നില്ല. അര മണിക്കൂര്‍ യാത്രക്ക് ശേഷം ശെല്‍വം ഞങ്ങളെ ക്യാമ്പില്‍ എത്തിച്ചു. ഞങ്ങള്‍ക്ക് തെറ്റിയില്ല അത് പവിത്രേട്ടന്റെ ക്യാമ്പ് തന്നെയായിരുന്നു . അധികമൊന്നും സൗകര്യമില്ലാതെ വിജനമായ മരുഭൂമിയില്‍ ഒറ്റപെട്ട് കിടക്കുന്ന ഒരു ചെറിയ കണ്ടെയ്‌നര്‍ ക്യാമ്പ്. ശ്രീലങ്കക്കാരും ബംഗാളികളും മാത്രമായിരുന്നു തൊഴിലാളികള്‍. അവര്‍ക്കിടയില്‍ ഏക മലയാളിയായി പവിത്രേട്ടനും.ഒന്ന് മനസ്സു തുറന്നു സംസാരിക്കാനോ സങ്കടങ്ങള്‍ പങ്കുവേക്കാനോ സ്വന്തം ഭാഷ അറിയുന്ന ആരും ഇല്ലാതെ പവിത്രേട്ടന്‍ എങ്ങിനെ ജീവിച്ചുവോ ആവോ.?

നെഞ്ച് വേദനവന്നാണ് പവിത്രേട്ടന്‍ മരിച്ചത് എന്ന് കൂടെയുള്ളവര്‍ പറഞ്ഞു. .പോലീസ് അന്വേഷണമോ മറ്റോ വന്നാല്‍ തെളിവ് നശിക്കണ്ട എന്ന് കരുതി പുറമേ നിന്നും മുറിയവര്‍ പൂട്ടിയിരുന്നു . പക്ഷേ ഞങ്ങള്‍ക്ക് അത് തുറന്നേ പറ്റൂ. പവിത്രേട്ടനെ കുറിച്ച് എന്തെങ്കിലും വിവരം അവിടെ നിന്നും കിട്ടും. ഞങ്ങള്‍ എമ്പസ്സി ഉദ്യോഗസ്ഥരാണെന്നും പോലീസ് പറഞ്ഞിട്ട് വരികയാണെന്നുമൊക്കെ ഒരു ചെറിയ കളവു പറഞ്ഞപ്പോള്‍ ബംഗാളികള്‍ പൂട്ട് തുറന്നു തന്നു . മുറിയിലെത്തിയ എനിക്കും ഓമനകുട്ടനും ആദ്യം കാണാനായത് നിര്‍ത്താതെ റിംഗ് ചെയ്യുന്ന മൊബൈലാണ്. വിറയ്ക്കുന്ന കൈകളോടെ അത് എടുത്തു നോക്കി. നാട്ടില്‍ നിന്നും പവിത്രേട്ടന്റെ ഭാര്യയുടെ അന്‍പത്തി മൂന്നാമത്ത മിസ് കോള്‍ ആയിരുന്നു അത്.

പവിത്രേട്ടനെ തിരക്കി വീണ്ടും വീണ്ടും ആ ഫോണിലേക്ക് റിംഗ് ചെയ്ത് കൊണ്ടിരിക്കുന്ന അവരോട് നിങ്ങള്‍ വിളിക്കുന്ന പവിത്രേട്ടന്‍ ഈ ലോകത്ത് നിന്നും പോയി എന്നു എങ്ങിനെ പറയും. പവിത്രേട്ടന്‍ നാട്ടില്‍ നിന്നും വന്നിട്ട് കുറച്ചു ദിവസമേ ആയിട്ടുള്ളൂ. മക്കളുടെകൂടെ എവിടെയൊക്കെയോ കറങ്ങിയ ഫോട്ടോ ആല്‍ബം തറയില്‍ വീണു കിടക്കുന്നു. സ്യൂട്ട് കേസും ഒരു പരന്ന പാത്രത്തില്‍ കുറച്ചു വെള്ളവും മറ്റൊരു ഭാഗത്ത്.അവസാനമായി ഫോണില്‍ വിളിച്ചത് മകള്‍ക്കാണെന്ന് തോന്നുന്നു.ഫോണില്‍ ഇവിടെയുള്ള ഒരു മലയാളിയുടെയും നമ്പറില്ലായിരുന്നു . പവിത്രേട്ടന് ഇവിടെ അധികമാരുമായും ബന്ധമുണ്ടായിരുന്നില്ല എന്ന് ഞങ്ങള്‍ക്ക് മനസ്സിലായി.

ക്യാമ്പ് വിട്ടു ഞങ്ങള്‍ തിരിച്ചു വരുമ്പോള്‍ അവിടെ നിന്നും കുറിച്ച നമ്പറില്‍ വിളിച്ചപ്പോള്‍ ഏതോ ശ്രീലങ്കക്കാരനായിരുന്നു. പവിത്രേട്ടന്റെ അടുത്ത കൂട്ടുകാരന്‍. രണ്ടു മൂന്നു ദിവസമായി പവിത്രേട്ടന്‍ വിളിക്കാഞ്ഞതിലുള്ള പരിഭവം പറഞ്ഞു. പിന്നെ മരണവാര്‍ത്തയറിഞ്ഞപ്പോള്‍ പൊട്ടിക്കരച്ചിലായി. അതിനിടക്ക് ഞങ്ങളുടെ കൂട്ടുകാരന്‍ സേവ്യറെ വിട്ടു എംമ്പസ്സിയില്‍ നിന്നും അഡ്രസ്സ് എടുത്തിരുന്നു. തൃശ്ശൂര്‍ ആയിരുന്നു പവിത്രേട്ടന്റെ വീട്. ആകെയുള്ള ഒരു ബന്ധു എന്ന് പറയുന്നത് ദമ്മാമിലുള്ള അനിയന്റെ മകനും. പുതുതായി വന്നതിനാല്‍ അവനു ഞങ്ങളുടെ അരികിലേക്ക് വരാനോ എന്തെങ്കിലും ചെയ്യാനോ കഴിയുമായിരുന്നില്ല.

പവിത്രേട്ടന്റെ മരണമറിയുന്നവര്‍ ഞങ്ങളിപ്പോള്‍ മൂന്നു നാല് പേരെയുള്ളൂ. ഒരു മരണ കാരണം അന്വേഷിച്ചു പോയ ഞങ്ങള്‍ക്കെപ്പോഴോ പവിത്രേട്ടന്‍ സ്വന്തത്തിലുള്ള ആരോ ആണെന്ന തോന്നലായിരുന്നു. പ്രതീക്ഷയോടെ കഴിയുന്ന ഒരു കുടുംബത്തിലെ ഏക ആശ്രയമായിരുന്നു പവിത്രേട്ടന്റെ മരണം ഉള്‍കൊള്ളാന്‍ അവര്‍ക്കാവുമായിരുന്നില്ല. അതാവും അത് ഏട്ടന്‍ തന്നെ എന്ന് ഉറപ്പല്ലേ എന്ന് പലതവണ വീട്ടുകാര്‍ ഞങ്ങളോട് ചോദിച്ചിരുന്നത് . പവിത്രേട്ടനെ നാട്ടിലെത്തിക്കാനായി പിന്നെ ഞങ്ങളുടെ ശ്രമം.അതിന്റെ ഉത്തരവാദിത്തം ഓമനകുട്ടന്റെ പേരില്‍ അധികാരപ്പെടുത്തി നാട്ടില്‍ നിന്നും ലെറ്റര്‍ വരുത്തി.

ഒരിക്കല്‍ അമാറയില്‍ ഈ ആവശ്യത്തിനു പോയപ്പോഴായിരുന്നു ഓഫീസറുടെ ചോദ്യം ‘മീന്‍ ഹാദാ പവിത്രന്‍ ? അഹു വല്ല ജമാഹ ?’ ( ഈ പവിത്രന്‍ നിന്റെ സഹോദരനാണോ അതോ കുടുംബമോ ?) ‘അതെ സാര്‍ എന്റെ സഹോദരനാണ്’
‘കെയ്ഫ് ഇന്‍ത മുസ്ലിം ഹുവ മിസീഹ ?) അതെങ്ങിനെ നീ മുസ്ലിമും അവന്‍ ക്രിസ്ത്യനുമല്ലേ?) ‘അല്ല സാര്‍ ഞങ്ങളുടെ പൂര്‍വ്വികരെ തേടിപോയാല്‍ ഞങ്ങളൊക്കെ ഒരു കുടുംബത്തില്‍ പെടും എല്ലാവരും സഹോദരന്‍ മാര്‍ തന്നെ!.. കേട്ടയുടനെ അദ്ദേഹം കെട്ടിപ്പിടിച്ചു. പിന്നെപറഞ്ഞു ‘ ഹിന്ദികളില്‍ നിന്നും കുറെ പഠിക്കാനുണ്ട് മാഷാ അള്ളാ . നിങ്ങള്‍ ചെയ്യുന്നതിന് ദൈവം തക്ക പ്രതിഫലം നല്‍കട്ടെ !..അവിടുത്തെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അദ്ദേഹവും ഒരു പാട് സഹായിച്ചു. അങ്ങിനെ രണ്ടു മാസത്തെ പരിശ്രമം വിജയം കണ്ടു.രേഖകള്‍ പൂര്‍ത്തിയാക്കി പവിത്രേട്ടന്റെ മൃതദേഹം നാട്ടിലെ പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്തു.

പവിത്രേട്ടനെ വീണ്ടും ഓര്‍ക്കാനുള്ള കാരണം കൂടി പറഞ്ഞവസാനിപ്പിക്കാം. ഈദ് ദിനത്തില്‍ വന്ന ഒരു ഫോണ്‍ കോള്‍ പവിത്രേട്ടന്റെ വീട്ടില്‍ നിന്നുമായിരുന്നു.

‘ ഫൈസല്‍ എന്നെ ഓര്‍മ്മയുണ്ടോ ഞാന്‍ പവിത്രേട്ടന്റെ………! ഇന്ന് നിങ്ങള്‍ക്ക് പെരുന്നാള്‍ അല്ലെ ? ഞാന്‍ ചാച്ചന്റെ സെമിത്തേരിയില്‍ പോയിരുന്നു. പള്ളിയില്‍ നിങ്ങള്‍ക്കൊക്കെ വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും നടത്തി. നിങ്ങളെയും ഓമനകുട്ടനെയും ചാച്ചന്റെ ഓര്‍മ്മകളുള്ളിടത്തോളം കാലം മറക്കില്ല . ദൈവം എന്നും കൂടെയുണ്ടാവും ‘ അതായിരുന്നു ഉള്ളടക്കം. സഹായം നല്‍കിയവരെ മറക്കാതിരിക്കുകയെന്ന പവിത്രേട്ടന്‍ പഠിപ്പിച്ച ഒരു നല്ല പാഠം മുറുകെ പിടിക്കുന്ന ആ വീട്ടുകാരോടുള്ള സ്‌നേഹത്തിനു മുന്നില്‍ ഈ വരികള്‍ സമര്‍പ്പിക്കുന്നു .