Share The Article
 indian-cow

പഴയ രാജാക്കന്മാർ ചക്രവർത്തിപദം ഏറ്റെടുക്കാനും സാമ്രാജ്യവിസ്തൃതി വർദ്ധിപ്പിക്കാനും തങ്ങളുടെ അധീശത്വം അംഗീകരിക്കാനും അശ്വമേധയാഗങ്ങൾ നടത്തിയിരുന്നു എന്ന് പുരാണകഥകളിൽ വായിച്ചിട്ടുണ്ട് . ഇന്നതു പശുമേധം ആയി മാറിക്കഴിഞ്ഞു . ആൺകുതിരയെ ആണ് അശ്വമേധത്തിനു തിരഞ്ഞെടുത്തിരുന്നെതെങ്കിൽ കന്നുകാലികളിൽ ഇന്ന് അതിനുള്ള യോഗം പെണ്ണായ പശുവിനാണ്.

അവസാനത്തെ അശ്വമേധയാഗം നടത്തിയത് 1716 -ൽ ജയ്‌പൂർ രാജകുമാരനായ രാജ ജയ‌സിങ് രണ്ടാമൻ ആണെങ്കിൽ 2014 -ൽ മോദി ഒന്നാമൻ പശുമേധയാഗം തുടങ്ങിവച്ചു. ഇന്ത്യയിൽ സ്ത്രീകൾക്ക് കിട്ടാത്ത പരിഗണനകൾ പലതും പശുവിനാണ് എന്നതാണല്ലോ പുതിയ രാജനിയമം. അശ്വമേധത്തിനു ശേഷം ഒരുവർഷം വരെ കുതിരയെ അലഞ്ഞു തിരയാൻ വിടുന്നു എങ്കിൽ പശുവിന് അങ്ങനെ കാലപരിധി ഒന്നും ഇല്ല. കുതിരയുടെ കൂടെ ഭടന്മാർ എന്തിനും തയ്യാറായി ഉണ്ടാകുമെങ്കിൽ പശുവിന്റെ കൂടെ രാജാവിന്റെ സേവകന്മാർ ആണ് ഉള്ളത്. ഏതുസമയത്തും കലാപസന്നദ്ധരായി.

അശ്വമേധത്തിനു മുന്നോടിയായി മൃഗങ്ങളെ ബലികൊടുക്കാറുണ്ടത്രെ. അതിൽ പശുക്കളും ഉണ്ട്. ഇന്നാണെങ്കിൽ അത് മറ്റുള്ളവരിൽ കെട്ടിവച്ചാണ് പശുമേധം ആരംഭിക്കുന്നത്. മാത്രവുമല്ല യാഗത്തിനുമുന്നോടിയായി ഒരു പട്ടിയെ ഉലക്ക കൊണ്ട് അടിച്ചു കൊല്ലുന്നു. ഇത് അശ്വത്തെ തടയുന്നവർക്കുള്ള പ്രതീകാത്മകമായ ഭീഷണിയാണ്‌. ഇന്ന് പക്ഷെ ഉലക്കയാൽ 125 കോടി പട്ടികൾ അടികൊള്ളുകയും മരിക്കുകയും ചെയുന്നുണ്ട്. അശ്വമേധം കഴിഞ്ഞു ഒരുവര്ഷത്തിനു ശേഷം മടങ്ങിയെത്തുന്ന കുതിരയെ കൊന്നു അതിന്റെ അവയവങ്ങൾ ഹോമിക്കുമെങ്കിൽ ഇവിടെ സംഭവിക്കുന്നത് മറ്റൊരു കോണിൽ ടൺ കണക്കിന് ബീഫ് രാജ്യത്തിൻറെ കയറ്റുമതിയെ പരിപോഷിപ്പിക്കാൻ കൊന്നു കയറ്റിവിടുന്നുണ്ട്..ഇതേ ഭരണകൂടം.

രാഷ്ട്രീയ പ്രതിയോഗികൾ, ഭരണകൂടത്തെ ചോദ്യം ചെയ്യുന്നവർ എവിടെയെങ്കിലും ഉണ്ടെങ്കിൽ പശുവിനെ അതുവഴി ഗതിതിരിച്ചുവിടുന്നു. ബുലന്ദ് ഷെഹറിൽ കൂടെ ദേ ആ പശു കടന്നുപോയതേയുള്ളൂ. സുബോധ് കുമാർ സിങ് അതിനെ തടയാൻ ശ്രമിച്ചു കൊല്ലപ്പെട്ടു. പക്ഷെ അതുകൊണ്ടുമാത്രമാണോ? അല്ല, .അദ്ദേഹം മരിക്കേണ്ടവൻ ആയിരുന്നെന്നു ചക്രവർത്തിയുടെ ഹിറ്റ്‌ലിസ്റ്റിൽ ഉണ്ടായിരുന്നു. അങ്ങനെ എത്രയോപേർ.

പ്രജകളേ ..ചരിത്രത്തിന്റെ ഇടനാഴികളിലെ കുതിരക്കുളമ്പടികൾ കാലന്റെ ആഗമനത്തിന്റെ ശബ്ദച്ചിഹ്നമായിരുന്നെങ്കിൽ കാലംമാറി … ഇനി പശുക്കളെ സൂക്ഷിക്കുക. അവ വളരെ ശാന്തരായി നഗര-ഗ്രാമങ്ങളിൽ അലഞ്ഞു തിരിയുന്നുണ്ട്. കുതിരവേഗമോ ശക്തിയോ അവർക്കില്ല. പക്ഷെ ഒരായിരം അശ്വങ്ങളുടെ വേഗതയിലും ശക്തിയിലും നിങ്ങള്ക്ക് നേരെ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിന്റെ ഹുങ്കാരത്തെ ആവാഹിക്കാനുള്ള
കരുത്ത് അവർക്കുണ്ട്…

ഇത് പശുമേധത്തിന്റെ കാലം…ഈ അടർക്കളത്തിൽ പോരാടണോ രാജ്യം ഉപേക്ഷിക്കണോ എന്ന് നിങ്ങള്ക്ക് തീരുമാനിക്കാം…പെട്ടന്നാകട്ടെ…

  • 1
    Share