പിറകിലെക്കൊഴുകുന്ന നിഴലുകള്‍(ഭാഗം 2) – ബൈജു ജോര്‍ജ്ജ്

 

artistic-painting_00220902

എന്നാല്‍ മേല്‍പ്പറഞ്ഞ പോലെ മുംബൈ മഹാനഗരത്തിലെ അത്ഭുത പൂര്‍വ്വമായ ആ ജനത്തിരക്ക് എന്നെ സ്തബ്ധനാക്കി കളഞ്ഞു .അത്രയും വലിയൊരു ജനത്തിരക്ക് ഞാന്‍ ആദ്യമായി കാണുകയാണ് . ആരും , ആരേയും ശ്രദ്ധിക്കുന്നില്ല , എല്ലാവരും അവരുടെതായ ലക്ഷ്യ സ്ഥാനത്തേക്ക് കുതിക്കുന്നു. ലക്ഷ്യം തേടേണ്ടത് ഞാന്‍ മാത്രം. വഴിതെറ്റി പൂരപറമ്പില്‍ വന്നുപെട്ട നായയുടെ അവസ്ഥയായിരുന്നു എന്റേത്. ചുറ്റും പകപ്പോടെ നോക്കി ഞാനാ ആള്‍ക്കുട്ടത്തില്‍ നിന്നു .

മനസ്സില്‍ സംഭരിച്ച ധൈര്യമെല്ലാം ചോരുന്നതുപോലെ. നാട്ടില്‍ എല്ലാവരും പറഞ്ഞു കേട്ടിട്ടുള്ളതാണ് ; ‘എന്തു ജോലി ചെയ്താലും മുംബയില്‍ ജീവിക്കാനാകും എന്ന് , അല്പസ്വല്പം സമ്പാദിക്കാനുമാ പ്രതീക്ഷയോടെ വരുന്നവനെ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്ന നഗരം , ഒരിക്കലും അവനെ നിരാശപ്പെടുത്താത്ത നഗരം . ആ ഒരു വിശ്വാസമാണ് എന്നെ ഈ മഹാ നഗരത്തിലേക്ക് എത്തിച്ചത് .!

പക്ഷെ, ഈ ജനസാഗരത്തിനു നടുവില്‍ , എവിടെയാണ് ഞാന്‍ ജോലി അന്വേഷിക്കേണ്ടത് ..? പരിചയമില്ലാത്ത ഏതു മുഖത്താണ് ഞാന്‍ സഹായം അഭ്യര്‍ഥിക്കേണ്ടത് ..? വെറുതെ നിന്ന് സമയം കളയുന്നതില്‍ അര്‍ത്ഥമില്ല .

”അന്വേഷിപ്പിന്‍ കണ്ടെത്തും, മുട്ടുവിന്‍ തുറക്കപ്പെടും, പക്ഷേ എവിടെയാണ് അന്വേഷിക്കേണ്ടത്, എവിടെയാണ് മുട്ടെണ്ടത് ..? ഇവിടെ എനിക്ക് പിടിച്ചു നില്‍ക്കണമെങ്കില്‍ ഇരു ജോലിയും , തലചായിക്കാന്‍ ഒരിടവും വേണമായിരുന്നു പ്രത്യാശയോടെ ,ഞാനാ മഹാനഗരത്തിന്റെ വിരിമാറിലേക്ക് കാലെടുത്തുവെച്ചു.

വീഥിയുടെ ഇരു വശത്തും അംബര ചുംബികളായ കെട്ടിടങ്ങള്‍ , ഓരോന്നും ആകാശം മുട്ടെ ഉയരത്തിലാണെന്ന് തോന്നി. നിരത്തുകളില്‍ വ്യത്യസ്തങ്ങളായ വാഹനങ്ങളുടെ നീണ്ട നിരകള്‍. ഇവയുടെ ബാഹുല്യം കണക്കിലെടുത്താല്‍ എന്റെ നാട്ടില്‍ ഒരു മാസത്തോളം വരുന്നവ, ഇവിടെ ഏതാനും നിമിഷങ്ങള്‍ കൊണ്ടു കടന്നുപോകുന്നുണ്ട് .

ഞാന്‍ ആദ്യമായി കാണുന്നതരത്തിലുള്ള പുതിയ വാഹനങ്ങള്‍ , ആളുകള്‍ , വീഥികള്‍ , കോട്ട്‌സൂട്ടുധാരികള്‍ , മോഡേണ്‍ വസ്ത്രധാരികളായ സ്ത്രീള്‍ , എല്ലാം ചേര്‍ന്ന് ഒരു മായാലോകം പോലെ എനിക്കു തോന്നിച്ചു.

ഒരു ഗ്രാമീണാന്തരീക്ഷത്തില്‍ ജനിച്ചു വളര്‍ന്ന എനിക്ക് ഈ പുതിയ ലോകം തികച്ചും അപരിചിതമായ ഒന്നു തന്നെ ആയിരുന്നു . മാറ്റങ്ങളുടെ ആരംഭം എന്റെ ഗ്രാമത്തിലും തലനീട്ടി തുടങ്ങിയിട്ട് ഉണ്ടായിരുന്നുവെങ്കിലും, ഇത്രയും വലിയൊരു നഗരത്തിനോട് ഒരു താരതമ്യ പഠനം പോലും വിഡ്ഢിത്തമായിരുന്നു………!

ഒരു പക്ഷെ, നഗരങ്ങളുടെ തിരക്കിനെ ഇഷ്ടപെടുന്നതിനോടൊപ്പം തന്നെ ഗ്രാമങ്ങളുടെ ശാലീനതയെയും ഞാന്‍ സ്‌നേഹിച്ചിരുന്നു. ഒരു പക്ഷെ എന്നല്ല തീര്‍ച്ചയായും നഗരങ്ങളെക്കാള്‍ ഉപരിയായിത്തന്നെ ഗ്രാമീണ നിഷ്‌കളങ്കതയും ശാലിനതയുംപ്രകൃതി രമണീയതയുമെല്ലാം എന്റെ, പറഞ്ഞ് അറിയിക്കാന്‍ ആകാത്ത ഒരു വികാരമായിരുന്നു .

നഷ്ടപെട്ടു കൊണ്ടിരിക്കുന്ന ആ സൌന്ദര്യത്തെ കുറിച്ചുള്ള ഓര്‍മകള്‍ പലപ്പോഴും എന്നിലെ നൊസ്റ്റാള്‍ജിയ ഉണര്‍ത്തിയിരുന്നു. ശിഥിലമായിക്കൊണ്ടിരിക്കുന്ന ആ ശാലീനതയുടെ മുഴുവന്‍ ഭംഗിയും , മറ്റും , ഇപ്പോള്‍ കാണുവാന്‍ സാധിക്കുന്നത് പഴയകാല സിനിമകളിലൂടെയും മറ്റുമാണ്.

പടിയിറങ്ങിപ്പോയ ആ സൌന്ദര്യത്തെക്കുറിച്ചുള്ള ഓര്‍മകള്‍ മനസ്സില്‍ ഒരു വിങ്ങലാണ് അവശേഷിപ്പിക്കുന്നത്. മനോഹരങ്ങളായ നാട്ടിന്‍പുറങ്ങളും, പോക്കുവെയില്‍ ഏറ്റു കിടക്കുന്ന നാട്ടുവഴികളും പാടങ്ങളും പറമ്പുകളും പുഴകളും കിളികളുടെ കലപില ശബ്ദങ്ങളും വല്ലപ്പോഴും കടന്നുപോകുന്ന വണ്ടികളുടെ മുരള്‍ച്ചയും വയലുകളില്‍ നിന്നുയരുന്ന ഈണത്തിലുള്ള കൊയ്തു പാട്ടുകളും പുള്ളുവന്‍ പാട്ടുകളും എല്ലാം അന്യം നിന്നു പോകുന്ന കാഴ്ചകള്‍ ആണല്ലോ എന്നോര്‍ക്കുമ്പോള്‍ വേദനയോടെ എല്ലാം കാലത്തിന്റെ കൈകളില്‍ സമര്‍പ്പിക്കുവാനെ കഴിയുന്നുള്ളൂ.

ഇളം വെയില്‍ ഏറ്റു കിടക്കുന്ന തണല്‍ നിറഞ്ഞ ഇടവഴികളില്‍ കൂട്ടുകാരുമൊത്തു ചേര്‍ന്നുള്ള പലതരം കളികളും, സ്‌നേഹം നിറഞ്ഞ വഴക്കുകളും സന്ധ്യ മയങ്ങുമ്പോള്‍ മുഷിഞ്ഞ വേഷങ്ങളോടെ, വീട്ടിലേക്കുള്ള മടക്കത്തില്‍. വസ്ത്രങ്ങളില്‍ പറ്റി പിടിച്ചിരിക്കുന്ന കായ്കളും, ചെടികളും, എല്ലാം തട്ടി കളഞ്ഞിട്ടായിരിക്കും കയറിചെല്ലുക .

ഗ്രാമങ്ങള്‍ക്കൊരു സുഗന്ധമുണ്ട് പുല്ലിന്റെയും പച്ചപ്പിന്റെയും മണ്ണിന്റെയും എല്ലാം കൂടിചെര്‍ന്നൊരു സുഗന്ഥം. ഹൃദയത്തിന്റെ ഉള്ളിലേക്ക് ഇറങ്ങിചെല്ലുന്ന നൈസര്‍ഘിഘമായ പ്രകൃതിയുടെ ഗന്ധം, വീട്ടുകാരോട് കള്ളം പറഞ്ഞ് സിനിമക്ക് പോകുന്നത് അന്നൊരു പതിവായിരുന്നു അന്നൊക്കെ കള്ളം പറഞ്ഞു ഫലിപ്പിക്കാന്‍ തന്നെ, ഒരു പ്രത്യേക വിരിതുതന്നെയുണ്ടായിരുന്നു എനിക്ക് ..!

വീടിന്റെ പിന്നിലുള്ള പാടം വഴി ഒരു എളുപ്പവഴിയുണ്ട് കൊട്ടകയിലേക്ക്. അന്നൊക്കെ ഗ്രാമത്തിലെ സിനിമാ തീയറ്റര്‍കളെ കൊട്ടകകള്‍ എന്നാണ് വിളിച്ചിരുന്നത്. ഓലമേഞ്ഞ ആ പഴയ കൊട്ടകയിലിരുന്നു സിനിമ കാണുന്ന സുഖം ഒരു a/c തീയറ്ററിനുള്ളില്‍ സിനിമ കാണുന്നതിനെക്കാളും സന്തോഷപ്രദമായിരുന്നു. അന്നൊക്കെ സിനിമക്ക് പോകുന്നതിനുള്ള കാശ് സമ്പാദി ചിരുന്നത്, അടുത്തുള്ള പറമ്പുകളിലെ കശുവണ്ടി മോഷ്ടിചിട്ടായിരുന്നു. എല്ലാ മോഷണ ശ്രമങ്ങളും, ഓരോ സാഹസിക ശ്രമങ്ങള്‍ ആയിട്ടാണ് ഞങ്ങള്‍ കരുതിയിരുന്നത്. അതിനൊക്കെ ഓരോ പേരും ഞങ്ങള്‍ നല്‍കി പോന്നിരുന്നു.

എന്നാല്‍ വീട്ടുകാരോടോത്തുള്ള സിനിമാ കാണല്‍ ആണെങ്കിലോ..? അതൊരാഘോഷം തന്നെ ആയിരുന്നു. ബന്ധു വീടുകളിലെ സമപ്രായക്കാരുടെ ഒരു പട തന്നെ ഉണ്ടാകുമായിരുന്നു. ഇടവക പള്ളിയിലെ തിരുന്നാള്‍, പൂരം തുടങ്ങിയ ദിവസങ്ങളിലായിരിക്കും ആ സിനിമാ കാണലുകള്‍. ഒരു പിക്കിനിക്കിന് പോകുന്നതുപോലെ ആയിരുന്നു അത്. നല്ല വസ്ത്രങ്ങള്‍ അണിഞ്ഞ് ആര്‍ത്തുല്ലസിച്ച്. സിനിമാ കാണുന്നതിനിടയില്‍ കൊറിക്കുന്നതിനായി ചുട്ട ചക്കക്കുരുവും വറുത്ത കൊള്ളിയും മാങ്ങയും എന്നുവേണ്ട, എന്തെങ്കിലും ഒക്കെ ഓരോരുത്തരുടെയും കൈകളില്‍ കാണുമായിരുന്നു ….!

ഒരു രൂപാ കൊടുത്താല്‍ കിട്ടുന്ന ഏറ്റവും മുന്നിലുള്ള ബെഞ്ച് ടിക്കെറ്റുകള്‍ ആയിരുന്നു ഞങ്ങള്‍ ഇരുന്നിരുന്നത് . ഏറ്റവും പിന്നിലുള്ള ഫസ്റ്റ് ക്ലാസ്സ് സീറ്റുകള്‍ അന്ന് ഞങ്ങളുടെ സ്വപ്നങ്ങളില്‍ മാത്രമാണ് ഉണ്ടായിരുന്നത്. മുന്നിലെ ബെഞ്ചുകളില്‍ ഇരുന്നുകൊണ്ട് ഞങ്ങള്‍ അടിക്കടി പിന്നിലേക്ക് തിരിഞ്ഞു നോക്കുമായിരുന്നു.

മുഖം വീര്‍പ്പിച്ച് ഗൌവരവത്തോടെയിരിക്കുന്ന ഫസ്റ്റ് ക്ലാസ്സിലുള്ളവരുടെ മുഖത്ത് ഞങ്ങള്‍ വലിയ പണക്കാരനാണ് എന്നുള്ള ഭാവം നിഴലിച്ചിരുന്നു. അവര്‍ ആരോടും സംസാരിക്കാതെ വീര്‍ത്ത കുമ്പളങ്ങ കണക്കെ മുഖം പിടിച്ച് അങ്ങിനെയിരുക്കും. സിനിമയിലെ ഒരു മാറ്റങ്ങളും അവരില്‍ പ്രതിഫലിച്ചിരുന്നില്ല. അവര്‍ കരയില്ല, തമാശ വന്നാല്‍ ചിരിക്കില്ല, സംഘട്ടന രംഗങ്ങള്‍ വന്നാല്‍ ആവേശത്തോടെ സീറ്റില്‍ നിന്ന് എഴുന്നെല്ക്കുകയില്ല. മസിലും പിടിച്ചു സിനീമാ കഴിയുന്നതുവരെ അങ്ങിനെ ഒരു ഒരു ഇരിപ്പാണ് , വികാരത്തോടെ ആസ്വധിക്കുവാനല്ലാതെ ; പിന്നെ എന്തിനാണ് ഇവരൊക്കെ സിനിമ കാണുവാന്‍ വരുന്നതെന്ന് ഞാന്‍ ചിന്തിക്കുമായിരുന്നു.