Share The Article

d65fa7eb0b6a122adc6c3f842589034a

ഓരോ പുട്ടുംകുറ്റിക്കും പറയാനുണ്ട്, ഓരോ പ്രണയാനുഭവങ്ങള്‍..!!! Based on a True Story…!!!

പുട്ടുംകുറ്റിയില്‍ നിന്നും കുതിച്ചു പായുന്ന ആവിയുടെ മൂടലിന്റെ മറവില്‍ അലി സൈനബയുടെ മുഖത്തേക്ക് നോക്കി… പതിനാലാം രാവിലെ ചന്ദ്രനെ പോലെ തിളങ്ങുന്ന ആ മുഖം കണ്ട് , ആ പ്രഭാതത്തില്‍, കയ്യിലെ പുട്ടും കുറ്റി സാക്ഷിയാക്കി അലി മനസ്സില്‍ ഉറപ്പിച്ചു,
‘ഈ മൊഞ്ചത്തിപ്പെണ്ണ് എന്റെതാ… ഈ മൊഞ്ചത്തി കുട്ടിയെ മറ്റൊരുത്തനും വിട്ടു കൊടുക്കൂല…’

അലി,ചന്ദ്രേട്ടന്റെ ഹോട്ടലിലെ ക്യാപ്റ്റന്‍കുക്ക്.. സംഭവം ‘ഹോട്ടല്‍ റിജെന്‍സി’ എന്ന് വല്യങ്ങാട്ടെ പേര് ഉണ്ടേലും സംഗതി ഒരു ചെറിയ ചായക്കടയാ.. അവിടത്തെ ‘പുട്ട് മേക്കര്‍’ ആണ് അലി.. അവിടെ കഴിക്കാന്‍ ആകെ കിട്ടുന്നത് പുട്ടും പിന്നെ തലേന്നത്തെ പുട്ടിന്റെ അരി തീരാതെ പുളിച്ചു പോയിട്ടുണ്ടെല്‍ അതോണ്ടുണ്ടാക്കിയ ‘ഇഡ്ഡലി’ എന്ന് ചന്ദ്രേട്ടന്‍ മാത്രം പറയുന്ന ഒരു സാധനോം..
അലിയിലേക്ക് തിരിച്ചു വരാം ..
ജീവിതത്തിന്റെ വസന്ത കാലം പെങ്ങന്മാരെ കെട്ടിക്കാനും കുടുംബം നോക്കാനും കഷ്ടപ്പെട്ട്, ഒടുക്കം പെങ്ങന്മാരും കുടുംബോം എല്ലാം പോയി സ്വന്തമായി ഒരു ജീവിതം പോലുമില്ലാതെ മൂഞ്ചി തെറ്റിയിരിക്കുന്ന മുപ്പത്തെട്ടുകാരന്‍ ..
32 വയസ്സ് മുതലേ പെണ്ണ് നോക്കാന്‍ തുടങ്ങി തലയിലെ ശേഷിച്ച രോമങ്ങളും പൊഴിഞ്ഞു വീണതെല്ലാതെ ഒന്നും അങ്ങട് ശരിയായില്ല.. ഒടുവില്‍ 35 ആയപ്പോള്‍ അലിക്ക് തന്നെ അങ്ങട് മടുത്തു.. അപ്പൊ ഒരൂര്‍ജം കൊടുത്ത് കൂടെ നിര്‍ത്തിയതാ ചന്ദ്രേട്ടന്‍.. ‘പെണ്ണ് എന്ന് പറയുന്നത് ക്രിക്കറ്റ് പോലെയാ.. റണ്‍സ് കിട്ടിയാ കിട്ടി.. 35 ഓവര്‍ വരെ നിനക്ക് കിട്ടാത്ത സ്ഥിതിക്ക് ഇനി അടുത്ത 5 ഓവര്‍ പവര്‍ പ്ലേയാ.. ആഞ്ഞു വലിഞ്ഞു നോക്കിക്കോ.. കിട്ടും.. കിട്ടും ‘ പൊതുവെ ക്രിക്കറ്റ് ഭ്രാന്തനായ ചന്ദ്രേട്ടന്‍ അത്രേ പറഞ്ഞുള്ളൂ.. പക്ഷെ മൂന്ന് ഓവര്‍ കഴിഞ്ഞു 38 ആയിട്ടും ഒരു റണ്‍ പോലും വരാതെ വിഷണ്ണനായി അലി ഇരിക്കുമ്പോഴാ ഒരു ഫ്രീഹിറ്റ് പോലെ സൈനബ ചന്ദ്രേട്ടന്റെ കടയിലേക്ക് വരുന്നത്..

സൈനബ….
ജീവിതം പ്രണയ തീക്ഷണമായിരിക്കുന്ന യൌവനത്തിന്റെ പടിവാതില്‍ക്കലില്‍ വിധവയാകേണ്ടി വന്നവള്‍.. ഭര്ത്താവ് മരിച്ചിട്ട് 10 വര്ഷമായിട്ടും വേറൊരു ജീവിതത്തെ കുറിച്ച് ചിന്തിക്കാതെ ആ ഓര്‍മകളില്‍ ജീവിക്കുന്ന 32കാരി.. ഇപ്പോള്‍ അവള്‍ വന്നിരിക്കുന്നത് ചന്ദ്രേട്ടന്റെ കടയില്‍,അടുക്കളക്കാരിയായി, അലിക്കൊരു സഹായിയായി.. !!!

സൈനബ വന്നപ്പോള്‍ തന്നെ പതിവിലും നേരത്തെ പുട്ടിനാവി വന്നു.. അതൊരു ലക്ഷണമായി എടുത്തു അലി… പുട്ടിന്‍ പൊടിയില്‍ അലി സ്വപ്നം നെയ്തു തുടങ്ങി..

സൈനബ വന്നതിന്റെ മൂന്നാം നാള്‍, പുട്ടിന്‍ കുറ്റിയില്‍ പൊടി ഇടുന്ന അവളുടെ അടുത്തേക്ക് അലി പതിയെ നീങ്ങി.. വിറയാര്‍ന്ന കൈകളോടെ അവളുടെ കൈകള്‍ വാരിപ്പുണര്‍ന്നു കൊണ്ട് അലി ചോദിച്ചു,
‘പോരുന്നോ എന്റെ കൂടെ???’
ഠപ്പേ ..!!!
അലിയുടെ വലത്തേ കവിളില്‍ 5 വിരല്‍ പാടുകള്‍ പുട്ടിന്‍ പൊടിയാല്‍ സൈനബ വരച്ചു..
അലി ചുറ്റിലും നോക്കി സംതൃപ്തനായി ഒരു അത്മഗതോം പാസാക്കി…
‘ഭാഗ്യം.. സകല നായിന്റെ മക്കളും കണ്ട്… ‘
അലിയുടെ മുഖത്ത് പുട്ടിന്‍ പൊടി കൊണ്ട് വിരലുകള്‍ തീര്ത്തത് ചന്ദ്രേട്ടന് തീരെ പിടിച്ചില്ല.. അങ്ങേരു ഓടി വന്നു..ചന്ദ്രേട്ടന്റെ മുത്ത് അലിയെ ഇന്നലെ കേറി വന്ന ഒരു പെണ്ണ് ചിത്രകല അഭ്യസിച്ചിരിക്കുന്നു .. കലിപ്പ് സീന്‍ എല്ലാരും പ്രതീക്ഷിച്ചു..
പക്ഷെ ഇല്ല.. സൈനബയെ ഒന്നും ചെയ്തില്ല..
പകരം അലിയുടെ തല പിടിച്ചു മുഖം ഒരു ഭാഗത്ത് ചെരിച്ചു രണ്ടു മിനിറ്റ് വലത്തോട്ടും ഇടത്തോട്ടും ആട്ടി.. അടിയില്‍ പുട്ട് കുറ്റിയും വെച്ച്..
അരി മുഴുവന്‍ അതില്‍ തന്നെ വീണു..
‘അരിക്കൊക്കെ എന്താ വില…?? ‘ അങ്ങേരു പോയി.. എന്തായാലും അന്ന് മുതല്‍ അലിക്കൊരു പേരും വീണു.. ‘പുട്ടലി…’!!!

അന്ന് വൈകുന്നേരം സൈനബ നേരത്തെ പോയി.. അവള്‍ പോകുന്നത് അലി പുട്ടുംകുറ്റിയും പിടിച്ചു നോക്കി നിന്നു..
‘ഇനി വരില്ലേ അവള്‍??’.. ആ ചോദ്യം അലിയുടെ മനസ്സില് അലയടിച്ചു.. ഹൃദയം നുറുങ്ങുന്നത് പോലെ തോന്നി അലിക്ക്..
‘ന്നാലും എന്റെ അലിയെ.. നീ എന്ത് പണിയാ ഓളോട് കാണിച്ചേ??’ കട അടക്കും നേരം ചന്ദ്രേട്ടന്‍ അലിയോട് ചോദിച്ചു..
‘എന്റെ ഹൃദയമല്ലേ ഞാന്‍ തുറന്നു കാണിച്ചേ.. അല്ലാണ്ട് ഉടുമുണ്ടല്ലല്ലോ ചന്ദ്രേട്ടാ.. എന്നാലും എല്ലാം അറിയുന്ന ചന്ദ്രേട്ടന്‍തന്നെ ഈ ചോദ്യം ചോദിച്ചല്ലോ… ‘ അലി സെന്റി ആയി..
‘ആ പുട്ടടി കണ്ടപ്പോ ചോദിച്ചു പോയതാ.. നീ ക്ഷമി.. ‘
‘ചന്ദ്രേട്ടാ.. ആ അടി കൊണ്ടൊന്നും ഓളോടുള്ള എന്റെ സ്‌നേഹം ഇല്ലതാകൂല.. കാരണം ഓളോട് എനിക്കുള്ളത് കേവലം പ്രണയമല്ല.. ‘ അലി സാഹിത്യോം കൊണ്ട് മോള്ളോട്ട് പോകുവാ.. ‘പിന്നെ???’
‘ഒരു തരം … ഒരു തരം… അതിതീവ്രമായ ഭ്രാന്താണ്.. ‘ അലി സാഹിത്യത്തിന്റെ ഉച്ചിസ്ഥായിയില്‍ പറഞ്ഞു നിര്‍ത്തി ..
‘അതന്നാ കണ്ടു നിന്നവരും പറഞ്ഞെ… ‘
‘എന്ത്… ??’
‘അനക്ക് കൂടിയ ഇനം പ്രാന്താണ് എന്ന്.. ‘
അലി പിന്നൊന്നും പറഞ്ഞില്ല..

പിറ്റേ ദിവസം..
സൈനബ വരുമോ വരുമോ എന്നും നോക്കി അലി നിന്നു ..
വന്നു, സൈനബ വന്നു, പുട്ടിന്നാവിയും വന്നു.. അലിക്ക് സന്തോഷായി..!!!

പ്രണയപരവശനായ് അലി അന്നും നൈസ് ആയി സൈനബയുടെ കൈകളില്‍തലോടി.. അനുരാഗത്തിന്റെ തലോടല്‍..
‘ഇന്നലെ കിട്ടിയ അടി നല്ല വേദനയുണ്ടായിരുന്നോ???’ സൈനബയുടെ ചോദ്യം..
ഒരാവേശത്തില്‍ അടിച്ചതില്‍ സൈനബക്ക് വിഷമമുണ്ടല്ലോ എന്നോര്‍ത്ത് അലിയില്‍ ആ ചോദ്യം ഒരു കുളിരായ് പെയ്തിറങ്ങി..
‘ഇല്ല.. ‘ അലിയുടെ മറുപടി..
‘എന്നാ അതിനേക്കാള്‍ കനപ്പിച്ചു ഒന്നൂടി തരട്ടെ???’ കലിപ്പ്..
അലി കൈ വലിച്ചു..

ദിവസങ്ങള്‍ പിന്നെയും കടന്നു പോയി, അലിയുടെ പ്രണയം ഒരു വന്മരമായ് വളര്‍ന്നു.. പക്ഷെ അലി ഒന്നും തുറന്നു പറഞ്ഞില്ല, ഇനീം പറഞ്ഞാല്‍ പുട്ടും കുറ്റി കൊണ്ടാവും അടുത്തത് കിട്ടുക എന്ന ഭയം ഒന്ന് കൊണ്ട് മാത്രം.. എങ്കിലും സൈനബ ഓരോ കുറ്റിയിലും പൊടി നിറച്ചു അലിക്ക് നല്കുമ്പോഴും മ്രിദുലമായ് അലി അവളുടെ കൈകളില്‍ തലോടും.. ആ ഒരു തലോടല്‍ മതി അലിക്ക്, അലിയുടെ അസ്ഥികളില്‍ പ്രണയം പൂക്കാന്‍.. !!!
അങ്ങനെ ഒരു ഫെബ്രുവരി 14 വന്നെത്തി ..
പൂ’വാലെന്റെയ്‌ന്‌സ്’ ഡേ.. അലി മനസ്സില്‍ ഉറപ്പിച്ചു, ‘ഇന്നേ ദിവസം അവളോട് പറഞ്ഞിരിക്കും, എന്റെ മനസ്സില്‍ തളിര്‍ത്തു വളരുന്ന എന്റെ പ്രണയം..’
വാടക വീട്ടിലെ ചടിയില്‍ വിരിഞ്ഞ ഒരു റോസാപ്പൂവ് അലി പറിച്ചെടുത്തു.. ഇടതു കൈ കൊണ്ട് ഇടതു കവിള് മറച്ചു പിടിച്ച് വലതു കൈ കൊണ്ട് ഈ പ്രണയ പുഷ്പം അവള്‍ക്കു സമര്പ്പിക്കും.. എന്നിട്ട് പറയും.. ‘എന്റെ ഖല്‍ബില്‍ നീയാണ്.. എന്റെയുള്ളില്‍ നീയാണ്.. കണ്ണടച്ചാല്‍ നീയാണ് സൈനബാ എന്ന്..’ (സാഹിത്യം, ഒടുക്കത്തെ സാഹിത്യം..) അലി ഉറപ്പിച്ചു.. !!!
റോസാപ്പൂവ് അരയില്‍ തിരുകി അലി കടയിലേക്ക് തന്റെ സൈക്കിളില്‍വെച്ചു പിടിച്ചു..
പ്രണയം തുറന്നു പറയാന്‍ റോസാപൂവുമായി സ്ലോ മോഷനില്‍, ഷാരൂഖാന്‍ പലേ സില്‌മേലും ഓടിവരുന്ന പോലെ ഓടിവന്ന അലിയൊന്നു പകച്ചു നിന്നു..
അടുക്കളയില്‍ സൈനബക്ക് പകരം ഒരു കരിഞ്ഞ ചെക്കന്‍പുട്ട് കുറ്റിയില്‍ പൊടി നിറക്കുന്നു..
വാട്ട് എ പുട്ട് അല്ല പെറ്റി സീന്‍.. !!!

അലി അവാര്‍ഡ് സില്‌മേലെ നായകനെ പോലെ കുറച്ചു സമയം പോസ് അടിച്ചങ്ങ് നിന്നു..
ഇത് കണ്ട് ചന്ദ്രേട്ടന്‍ വന്നു.. അലി റോസാപ്പൂ അരയിലെക്ക് തിരുകി, മുള്ള് ചതിച്ചു..
‘ആഹ്.. ‘ മുള്ള് ആസ്ഥാനത്താ കൊണ്ടേ..
‘ന്താ പുട്ടലീ… ??’ കാര്യം അറിയാതെ ചന്ദ്രേട്ടന്റെ ചോദ്യം…
‘മുള്ള്… ‘
‘മുള്ളാ.. അതിനു നീ മുരിക്കുമ്മെം കേറി തുടങ്ങിയോ??? ഇതാ പറയുന്നേ നേരോം കാലോം എത്തുമ്പോള്‍ പെണ്ണ് കെട്ടണം എന്ന്…’ അതും പറഞ്ഞു അങ്ങേര് ഊള ചിരിയും പാസ്സാക്കി.. ‘നിങ്ങളൊക്കെ പണ്ടേ മുതല് കേറുന്നത് കൊണ്ട് മുരിക്കൊക്കെ ഇപ്പൊ മുള്ള് പോയി വാഴ പോലെ ആയി.. അതോണ്ട് കുഴപ്പമില്ല.. ‘ അലി കലിപ്പോടെ അത് പറഞ്ഞപ്പോഴാ ആ ഊള ചിരി നിര്‍ത്തിയത്..’ ഏതാ ഈ കരിമന്തി.. ഓളെവിടാ സൈന..??’ അലി കലിപ്പോടെ ചോദിച്ചു.. ‘അത് നിന്നോട് ഞാന്‍ പറയാന്‍ മറന്നു.. സൈനബ ഇനി മുതല്‍ വരില്ല.. അതിനു പകരാ ഈ ചെക്കന്‍.. നീ വേഗം പുട്ടുണ്ടാക്ക്.. പുട്ടുണ്ടാക്ക്… ‘അങ്ങേര് പോയി..
അത് കേട്ടതും അലീടെ നെഞ്ചൊന്നു തകര്ന്നു.. ഒന്ന് പൊട്ടിക്കരയണം എന്ന് പോലും തോന്നി അലിക്ക്.. പക്ഷെ കരഞ്ഞില്ല.. !!! ഒരു ബലത്തിന് പുട്ടുംകുറ്റിയും പിടിച്ചു അലി കുറെ നേരം അങ്ങനെയങ്ങ് നിന്നു..

തകര്‍ന്നു നില്‍ക്കുന്ന അലിയുടെ അടുത്തേക്ക് ചെക്കന്‍ വന്നു.. അലി അവനെയൊന്നു നോക്കി.. പതിനാലാം രാവിലെ ചന്ദ്രനെ പോലെ തിളങ്ങുന്ന സൈനബക്ക് പകരാ പോലും കറുത്ത വാവിന് പവര്‍ കട്ട് വന്നപ്പോ ഉണ്ടായ ഈ മൊതല് വന്നിരിക്കുന്നെ.. ഫൂ.. അലി അടുപ്പിലേക്ക് ആഞ്ഞു തുപ്പി.. ‘ഇക്കാ.. ഇതെന്റെ ആദ്യത്തെ പണിയാ.. ഇക്ക എന്നെ അനുഗ്രഹിക്കണം..’ അതും പറഞ്ഞു അവന്‍ അലിയുടെ മുന്നില്‍ കുനിഞ്ഞു നിന്ന്..
അലിയുടെ അണ്ണാക്കീന്നൊരു ചൊറിച്ചല്‍ കേറി വന്നു..അല്ലേ തന്നെ കാമുകിയെ കാണാണ്ട് ചങ്കു പൊട്ടി നിക്കുമ്പോഴാ ഓന്റൊരു കോപ്പിലങ്ങാടീലെ അനുഗ്രഹം.. !!!’മുനീര്‍ .. കഴിക്കാന്‍ ആള് വന്നിരിക്കുന്നു.. വേം വാ..’ ചന്ദ്രേട്ടന്റെ സ്വരം ഉയര്ന്നു..’ ഇക്കാ.. എന്നെ വിളിക്കുന്നു… അനുഗ്രഹിക്കിക്കാ.. അനുഗ്രഹിക്കു..’ ഓന്‍ പിന്നേം കുനിഞ്ഞു..
അലി ഓന്‍ കാണാതെ ഇച്ചിരി പുട്ടും പൊടിയെടുത്തു നൈസ് ആയിട്ട് ഓന്റെ തലയിലങ്ങ് ഇട്ടു..എന്നിട്ടങ്ങ് അനുഗ്രഹിചു…’ നന്നായി വരും …’ ഓന്‍ പോയി.. തലയില്‍ പുട്ടും പൊടിയും ഇട്ട് വരുന്ന ഓനെ കണ്ടു ചന്ദ്രേട്ടന്‍ ഓന്റെ നേര്‍ക്ക് നടന്നടുത്തു..’പുട്ടും കുറ്റി തലയില്‍ വെച്ച് അണ്ണാക്കില്‍ വിറക് കേറ്റി തൊള്‌ലേല്‍ തീയിട്ടാണോടാ നീ പുട്ട് ഉണ്ടാക്കണേ??’
ചന്ദ്രേട്ടന്‍ കലിപ്പോടെ ചോദിച്ചു.. ഓനൊന്നും മനസ്സിലായില്ല..
ചന്ദ്രേട്ടന്‍ ഓന്റെ ചെവീം പിടിച്ചു അടുക്കളയിലേക്കു പോയി ഓന്റെ തലപിടിച്ച് രണ്ടു തവണ ആട്ടി… പുട്ട് പൊടി കുറ്റിയില്‍ തന്നെ വീണു.. പിന്നേം ഒന്നൂടി ആട്ടി…. ഫൂ..!!!
ഓന് കാര്യായിട്ടൊന്നും മനസ്സിലായില്ല… ‘ പോ.. പോയി ഓര്‍ഡര്‍ എടുക്ക് ..’ ചന്ദ്രേട്ടന്‍ ഉത്തരവിട്ടു.. ഓന്‍ പോയി..
ആദ്യ ജോലിയിലെ ആദ്യത്തെ കസ്റ്റമര്‍, ഭവ്യത മുഖത്ത് ഒട്ടിച്ചു വെച്ച് ഓന്‍ ഓര്‍ഡര്‍ എടുക്കാന്‍ പോയി..
‘എന്താ വേണ്ടേ??’ ‘പുട്ടലി ഉണ്ടോ??’ വന്നയാളുടെ ചോദ്യം കേട്ട് ഓന്‍ വാ പൊളിച്ചു..
‘അതെന്തു സാധനം.. ഇഡ്ഡലി കൊണ്ടുണ്ടാക്കിയ പുട്ടോ അത് പുട്ടും പൊടി കൊണ്ടുണ്ടാക്കിയ ഇഡ്ഡലിയോ?? ‘ ഓന്‍ സ്വയം ചോദിച്ചു..
‘അതില്ല സാര്‍.. പുട്ടെടുക്കാം..’ ഓനത് പറഞ്ഞപ്പോള്‍ വന്നവന്‍ വാ പൊളിച്ചു..

‘പുട്ട് എടുക്കട്ടെ??’ ഓന്റെ ചോദ്യം പിന്നേം..
‘വേണ്ട.. പുട്ട് ഉണ്ടാക്കുന്ന അലിയെ എട്.. വേഗം..’
ആദ്യത്തെ ഓര്‍ഡര്‍ തന്നെ കമ്പനിക്കടിച്ചതില്‍ മനം നൊന്ത് ഓന്‍ പോയി.. എന്തായാലും അലീടെ പൂര്‍ണനാമം പുട്ടലി എന്നാണെന്ന് ഓന് പിടികിട്ടി.. ബുദ്ധിമാന്‍.. !!!
‘പുട്ടലിയെ കാണാന്‍ പുറത്തു ഒരാള് വന്നിരിക്കുന്നു.. വേഗം പോകാന്‍ പറഞ്ഞ്..’ അടുക്കളയില്‍ ചെന്ന ഉടനെ അവനങ്ങ് കാച്ചി..
പെണ്ണ് പോയി, ഇപ്പൊ ദേണ്ടെ ഇന്നലത്തെ മഴയില്‍ മൊളച്ച ചെക്കന്‍ ഇരട്ടപ്പേരും വിളിച്ചിരിക്കുന്നു.. അലി ഇന്‍ കലി..!!!
പുറത്തേക്കു പോന്ന വഴി ഇച്ചിരി പുട്ടുംപൊടി കൂടെ കയ്യിലെടുത്ത് നൈസ് ആയിട്ടു ഒന്നൂടി ഓന്റെ തലയില്‍ കൈ വെച്ച് അനുഗ്രഹിച്ചു..
‘പിന്നേം നന്നായി വരട്ടെ..!!!’
‘ഇത്രേം അനുഗ്രഹിക്കാന്‍ ഇയാളാരുവാ അനുഗ്രഹ ജീവിയാ.. ‘ കാര്യം മനസ്സിലാകാതെ അവനോര്‍ത്തു ..
ഓന്റെ തല കണ്ട ചന്ദ്രേട്ടന്‍ പിന്നേം ഓടി വന്നു.. എന്തിനാന്ന് ഞാന്‍ പറയുന്നില്ല.. ക്ലീഷേയാ ക്ലീഷേ…!!!
‘ആരാ?? ‘ പുറത്തിരിക്കുന്ന അപരിചിതനെ കണ്ടു അലിയുടെ ചോദ്യം..
‘ഇങ്ങളാ പുട്ടലി ??’ വന്നവന്റെ ചോദ്യം..
‘അല്ല.. നിന്റെ വാപ്പയാ പുട്ടലി .. കാര്യം പറയെടാ പരട്ടേ..’ കലിപ്പോടെ അലി പറഞ്ഞു..
കിട്ടേണ്ടത് കിട്ടിയപ്പോ ആഗതന് സമാധാനമായി.. ഹാവൂ…
‘ഞാന്‍ സൈനബ പറഞ്ഞിട്ട് വരുവാ.. നിങ്ങളേം കൂട്ടി ഒരിടം വരെ പോകാന്‍ പറഞ്ഞു.. ‘
അയാളത് പറഞ്ഞതും അലിയുടെ മനസ്സില്‍ ആ പഞ്ചായത്തിലെ മുഴുവന്‍ കോഴിയും ഒരുമിച്ചു കൂവി.. !!!
‘ഇങ്ങളിരി.. ഞാനിപ്പോ വരാം..’ അതും പറഞ്ഞു അലി അകത്തേക്കോടി..

പുട്ടും പൊടി തുടച്ചു കളഞ്ഞു മുഖത്ത് കുട്ടിക്കുറ പൊടി വാരി വിതറി..!!!
കണ്മഷി നോക്കിയിട്ട് കണ്ടില്ല,പകരം കിട്ടിയ ചട്ടീടെ കരി തുടച്ചെടുത്ത് കണ്ണില്‍ തേച്ച് ..
നേരത്തെ വലിച്ചെറിഞ്ഞ റോസാ പൂവെടുത്ത് അരയില്‍ തിരുകി..
സന്തോഷത്തോടെ ഇറങ്ങാന്‍ നേരം ഉരുള്‍വിളി ..
‘ഇനി ഇതില്‍ വല്ല ചതിയും??, എന്റെ ശല്യം സഹിക്കവയ്യാതെ ജോലി ഒഴിവാക്കിയ സൈനബയുടെ ബന്ധുക്കള്‍ തരുന്ന പണിയായിരിക്കുമോ ??’
ചോദ്യങ്ങല്‍ പലവഴിക്ക് നിന്നും വന്നു..
ഉത്തരം കിട്ടാനൊന്നും നോക്കിയില്ല, പകരം തുരുമ്പ് എടുത്ത പഴയ പിച്ചാത്തി എടുത്തു അരയില്‍ തിരുകി.. ‘തിരിച്ചു കുത്താന്‍ പറ്റിയില്ലേലും തല്ലു കൊണ്ട് ചാവനാവുമ്പോള്‍ സ്വയം കുത്തി ചാവുക എങ്കിലും ചെയ്യാലോ.. ‘
‘ഞാന്‍ പുറത്തു പോവുകാ.. പുട്ട് നീ ഉണ്ടാക്കണം ഇന്ന്.. ‘ അലി ചെക്കനോടായ് പറഞ്ഞു..
‘ഒവ്വ ‘ ചെക്കന്റെ മറുപടി..
ഗുരുവിനോടുള്ള ശിഷ്യന്റെ മറുപടി അലിക്കത്രക്കങ്ങു പിടിച്ചില്ല.. അതോണ്ട് ആളാവാന്‍ അലി ഒരുപദേശം കൂടി കൊടുക്കാന്നു വെച്ച്..
‘പിന്നെ പുട്ടുണ്ടാക്കുമ്പോ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം..’ അലി പറഞ്ഞു തുടങ്ങി..
‘അറിയാം.. പുട്ടും കുറ്റിയില്‍ ചില്ലിടണം എന്നല്ലേ.. ‘ചെക്കന്റെ കൌണ്ടര്‍ അറ്റാക്ക്..
എഹ് .. അലി പറയാന്‍ ഉദ്ദേശിച്ചത് ചെക്കന്‍ പറഞ്ഞത് അലിക്ക് ദഹിച്ചില്ല..
‘അല്ല.. ചില്ലിട്ടില്ലേലും അരിയിടണം..കാരണം ചില്ലിട്ടില്ലേല്‍ അരി കുറ്റിയില്‍ കിടക്കും.. പക്ഷെ അരിയിട്ടില്ലേല്‍ ചന്ദ്രേട്ടന്റെ കൈ നിന്റെ കരണക്കുറ്റിയില്‍കിടക്കും.. സൂക്ഷിച്ചോ.. ‘
അതും പറഞ്ഞു അലി സ്ലോ മോഷനില്‍ നടന്നു.. ചെക്കനൊന്നും മനസ്സിലാവാതെ പോസ് അടിച്ചങ്ങ് നിന്നു ..
‘ചില്ലിടണോ അതോ അരിയോ ??’ ഓന്‍ കുറേ ആലോചിച്ചു…
തന്റെ സൈനബയെ പറഞ്ഞു വിട്ട ദുഷ്ടനായ ചന്ദ്രേട്ടനോട് അലി ഒന്നും പറയാതെ ഒരു അരക്കിലോ പുച്ഛം വെച്ച് നീട്ടി ആഗതനെയും കൊണ്ട് അലി നടന്നു.. !!!
അയാള്‍ അലിയേം കൊണ്ട് കുറെ ദൂരം നടന്നു.. എന്തിനാ ഏതിനാന്നു എത്ര ചോദിച്ചിട്ടും ആ കാലമാടന്‍ പറഞ്ഞതുമില്ല.. !!! ദൂരം കൂടുംതോറും അലിയുടെ മുട്ടിടിയും കൂടി വന്നു.. ‘കാത്തു വെച്ച കൂമ്പിന്നു വാടുമോ??’ അലി അലിയോടെന്നെ ചോദിച്ചു.. കുറച്ചൂടി മുന്നോട്ട് വന്നപ്പോള്‍ അലിയുടെ മുഖം പെന്നെല്ല് കണ്ടു എലിയെ പോല്‍ പ്രസന്നനമായി കാരണം എതിരെ നിന്നും വരുന്നു അലീടെ മെയിന്‍ കമ്പനിക്കാരന്‍ വിനയന്‍..

വിനയനു അറിഞ്ഞോണ്ട് ആരോ പേരിട്ടതാ വിനയനെന്നു.. പേരിലെലും കിടക്കട്ടെ അങ്ങനൊരു സാധനം എന്ന് കരുതിക്കാണും പേരിട്ടവന്‍ .. കാരണം വിനയന് വിനയം പേരിലെ ഉള്ളു..!!!
ധൃതിയില്‍ നടന്നു പോകുന്ന വിനയനെ അലി ഓടിച്ചിട്ട് പിടിച്ചു..
‘വിനയാ.. നീയും കൂടി വാ എന്റെ കൂടെ.. ഒറ്റയ്ക്ക് പോകാന്‍ ഭയങ്കര പേടി..’ അലി പറഞ്ഞൊപ്പിച്ചു..
‘എങ്ങോട്ടാ ??’ വിനയന്റെ ചോദ്യം..
‘അതൊക്കെ വിശദായി പിന്നെ പറയാം.. നീ എന്റെ കൂടെ വന്നാ മതി..’
‘പുട്ടെ.. അതിനു ഞാന്‍ ഒരത്യാവശ്യ കാര്യത്തിന് പോകുവാ.. പോയിക്കഴിഞ്ഞു പിന്നെ വരാം..’ വിനയന്‍ ഒഴിയാന്‍ ശ്രമിച്ചു.. പക്ഷെ അലി വിട്ടില്ല..
അലി വിനയന്റെ കയ്യും പിടിച്ചോണ്ട് പോയി.. വിനയന്‍ വിനയന്റെ ഉള്ളിലെ വേദന കടിച്ചമര്‍ത്തി കൂടെ പോയി.. !!!
‘നിന്നെ കാണുന്നത് വരെ ഞാന്‍ കുണ്ടിതപ്പെട്ടു നടക്കുവായിരുന്നു..’ അലി സാഹിത്യാകമ്പടിയോടെ വിനയനോട് കാര്യം പറയാന്‍ ശ്രമിച്ചു..
‘നീ കു** തപ്പിയാ നടന്നതെങ്കില്‍ ഞാന്‍ കക്കൂസ് തപ്പിയാ നടക്കുന്നെ..’
‘എന്തോന്ന്???’
‘എടാ, കക്കൂസില്‍ പോണമെന്ന്..’ വിനയന് കലിപ്പായി..
‘എന്തിനു??’
‘സിറിയയില്‍ അമേരിക്കന്‍ അധിനിവേശം ഇന്നുണ്ടോന്നറിയാന്‍..’
‘എഹ്..’
‘ടാ പൊട്ടാ… രണ്ടിന് മുട്ടിയിട്ട് പാടില്ലെടാ..’ വിനയന്‍ അവന്റെ വേദന തുറന്നു പറഞ്ഞു..
അലി പുച്ഛത്തോടെ അവനെ നോക്കി.. അപ്പോഴും വിനയന്‍ കാടും മേടും നോക്കുവായിരുന്നു..
‘നീ വാ.. എല്ലാം നമുക്ക് ശരിയാക്കാം.. ‘ അലി ധൈര്യം കൊടുത്തു..

നടന്നു നടന്നു അവര്‍ ഒരു വീടിന് മുന്നിലെത്തി..
ഓടിട്ട ആ വീടിന്റെ മുന്നില്‍ ഒന്ന് രണ്ടു പേര്‍ അവരെയും കാത്തു നില്ക്കുന്നു.. അലിയുടെ ചങ്കിടിപ്പ് കൂടി, വിനയന്റെ വേറെ എന്തൊക്കെയോ ഇടിപ്പ് കുറഞ്ഞോ എന്തോ??
ആഗതര്‍ അവരെ രണ്ടു പേരെയും അകത്തേക്ക് വിളിച്ചു.. അലി അരയില്‍ തപ്പി.. ഉണ്ട്..
രണ്ടു പേരെയും കസേരയില്‍ ഇരുത്തി.. അലി ടെന്‍ഷന്‍ കാരണം അമര്‍ന്നിരുന്നു.. വിനയന്‍ അങ്ങനെ ഇരുന്നില്ല, കാരണം എന്തും സംഭവിക്കാം..!!

അല്‍പ നേരത്തെ മൌനം..
വാതില്‍ക്കല്‍ ഒരു പാദസരക്കിലുക്കം.. അലി അങ്ങോട്ട് നോക്കി..
കയ്യില്‍ ഒരു ട്രേയും അതില്‍ 4 കപ്പു ചായയുമായി നടന്നു വരുന്നു ഒരു ചൂരിദാറുകാരി പെണ്‍കുട്ടി..
അലി ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി..മുഖമക്കനയില്‍ തിളങ്ങുന്ന ആ മുഖം..
അലിയുടെ മനസ്സില്‍ മഴവില്ല് തെളിഞ്ഞു.. അതവളാണ്.. സൈനബ.. അലിയുടെ സ്വന്തം സൈനബ..
അലിയുടെ ഖല്‍ബില്‍ പ്രണയത്തിന്റെ പൂത്തിരി വിരിഞ്ഞു.. അലിയുടെ രോമങ്ങളില്‍ പോലും പ്രണയം തുടിച്ചു നിന്നു ..
സൈനബ അലിയുടെ അടുത്തേക്ക്, അല്ല അലിയുടെ ഹൃദയത്തിലേക്ക് നടന്നടുത്തു.. അലിയുടെ ഹൃദയം സന്തോഷത്താല്‍ തുടിച്ചു..
‘അതേ.. ഇവിടെ എവിടാ കക്കൂസ്???’
ഠിം..
ചോദിച്ചത് വിനയനാ.. ചായക്കപ്പുമായി സൈന ഷോക്കടിച്ച പോലെ നിന്ന്..
‘ചോദിച്ചത് കേട്ടില്ലേ പെണ്ണേ .. ഇവിടെ എവിടാ കക്കൂസ്???’
ചോദ്യം ഒന്ന് കൂടി ഉച്ചത്തില്‍ ഉയര്‍ന്നപ്പോള്‍ സൈനബ വീടിന്റെ ഒരു മൂലയിലേക്ക് കൈ ചൂണ്ടി.. വിനയന്‍ അങ്ങോട്ട് മിന്നല്‍ വേഗത്തില്‍ കുതിച്ചു.. !!!
‘എന്തിനാ കക്കൂസ് ??’ പ്രണയപരവശയായി വന്ന സൈനബയുടെ ആദ്യ ചോദ്യം..
‘സിറിയയില്‍ അമേരിക്കന്‍ അധിനിവേശം ഇന്നുണ്ടാകുമോന്നറിയാനാവും ..’
‘എഹ് ‘
അടുത്ത സീന്‍..
വീടിന്റെ അകത്തെ ഒരു മുറി..
അവിടെ സൈനബയും അലിയും മാത്രം.. വാക്കുകള്‍ കിട്ടാതെ അലി വിഷമിച്ചപ്പോള്‍ സൈനബ പറഞ്ഞു തുടങ്ങി..
‘ഇക്ക മരിച്ചതിന് ശേഷം ഒരുപാട് പേര് എന്നെ ആലോചിച്ചു വന്നതാ.. പക്ഷെ ഞാന്‍ സമ്മതിച്ചില്ല..കാരണം ആരിലും യദാര്‍ത്ഥ സ്‌നേഹം ഞാന്‍ കണ്ടില്ല.. പക്ഷെ ഇക്കയില്‍…,ഞാന്‍ വേദനിപ്പിച്ചിട്ടും ഒന്നും മിണ്ടാതെ പിന്നെയും പിന്നെയും എന്നെ സ്‌നേഹിക്കുന്നത് കണ്ടപ്പോള്‍,എന്നെ ശരിക്കും സ്‌നേഹിക്കുന്ന ഒരാളെ ഞാന്‍ കണ്ടു.. ചന്ദ്രേട്ടനും പറഞ്ഞു, ഇക്ക എത്രമാത്രം എന്നെ സ്‌നെഹിക്കുന്നുവെന്ന്, പിന്നെ ഇക്കയെ കുറിച്ചും.. അതാ ഇങ്ങനെയൊക്കെ.. ചന്ദ്രേട്ടനാ പറഞ്ഞെ ഈ ദിവസം ഇങ്ങനെയൊക്കെ ചെയ്ത് ഇക്കയ്ക്ക് ഒരു സര്‍പ്രൈസ് തരാന്‍.. ‘ നിറഞ്ഞ മിഴികളോടെ സൈനബ പറഞ്ഞു നിര്‍ത്തി..
അലി ഒന്നും പറഞ്ഞില്ല.. സന്തോഷം കൊണ്ട് അലയടിക്കുകയായിരുന്നു ആ മനസ്സ്.. ഇങ്ങൊട്ട് ഇറങ്ങാന്‍ നേരം ചന്ദ്രേട്ടന് അരക്കിലോ പുച്ഛം കൊടുത്ത ആ നിമിഷത്തെ മാത്രം ശപിച്ചു..

‘ഇതാ ഈ ദിവസം ഞാന്‍ നിനക്കായ് നല്കുന്ന സമ്മാനം..’
അരയില്‍ നിന്നും റോസപൂവ് വലിച്ചെടുത്തു കൊണ്ട് അലി പറഞ്ഞു.. സമ്മാനം കണ്ട സൈനബയുടെ കണ്ണ് തള്ളി..
‘തുരുമ്പെടുത്ത ഒരു പിച്ചാത്തി..’
സമ്മാനം മാറിയെന്നറിഞ്ഞ അലിയുടെ കണ്ണും അതെ നിമിഷം തള്ളി, പിന്നെ അലി പതിയെ തള്ളിയ കണ്ണെടുത്ത് അകത്തേക്കിട്ടു.. ചമ്മലൊതുക്കി അലി സാഹിത്യം എവിടെനിന്നൊക്കെയോ തപ്പിയെടുത്തു പറഞ്ഞു തുടങ്ങി..
‘ഇത് നീ ജീവിതകാലം മുഴുവന്‍ സൂക്ഷിക്കണം.. നിനക്കെന്നോടുള്ള സ്‌നേഹം കുറയുന്ന ആ നിമിഷം അതെന്റെ ഖല്ബിലേക്ക് ആഴത്തില്‍ കുത്തിയിറക്കണം.. നിന്റെ സ്‌നേഹമില്ലാതെ ജീവിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം നീയാല്‍ ഈ ദുനിയാവില്‍ നിന്നും തിരിച്ചു നടക്കുന്നതാ സൈനബാ…’
നിറഞ്ഞ മിഴികളോടെ,വിറയാര്‍ന്ന കൈകളോടെ സൈനബ ആ സമ്മാനം ഏറ്റുവാങ്ങി.. അവള്‍ക്കും എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു, ആ ചെവിയില്‍ .. അവള്‍ മുന്നോട്ട് നടന്നു നീങ്ങി..
‘നല്ല വിശാലമായ കക്കൂസ്.. കാര്യം കൈച്ചലായപ്പോ സമാധാനമായി.. ‘
സൈനയല്ല അത് പറഞ്ഞത് കാര്യം കഴിഞ്ഞിറങ്ങിയ വിനയനാ..
അലിയും സൈനബയും കയ്യോട് കൈ ചേര്‍ത്ത് ഒരു ചിരിയാലെ വിനയനെ നോക്കി.. പിന്നെ പരസ്പരം കണ്ണോട് കണ്ണ് നോക്കി.. ഇരുഹൃദയങ്ങള്‍ അവിടൊന്നായ് മാറി.. !!
ചന്ദ്രേട്ടന്റെ കടയിലേക്ക് അലിയും സൈനബയും പിന്നെയും വന്നു, പുട്ടുണ്ടാക്കാന്‍.. പ്രണയത്തിന്റെ പുട്ടുവസന്തം വിരിഞ്ഞു തുടങ്ങി..

ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം..
‘ചന്ദ്രേട്ടാ.. എന്താ ഈ പുട്ടിനിത്ര ടേസ്റ്റ്..??ഇതിലെന്താ ചേര്തിരിക്കുന്നെ ??’ പുട്ട് കഴിച്ചോണ്ടിരിക്കുന്നവരില്‍ ഒരുവന്‍ ചോദിച്ചു..
‘അലിയും സൈനബയും അതിലൊന്നും അധികമായി ഇട്ടിട്ടില്ല.. പക്ഷെ അതില്‍ മുഹബ്ബത്ത് ഉണ്ട്.. മുഹബ്ബത്ത് ചേര്‍ത്ത് സുലൈമാനി ഉണ്ടാക്കിയാലും അങ്ങനാ..’ ചന്ദ്രേട്ടന്റെ കണ്ടുപിടുത്തം..
‘ഈ പ്രായത്തിലും,ഇപ്പോഴും അവര്‍ പ്രണയിക്കുന്നുണ്ടോ???’
‘പ്രണയത്തിന് എവിടെടോ പ്രായോം കാലം.. ആര്ക്കും എപ്പോഴും ആരേം പ്രേമിക്കാം.. നിനക്കും പ്രേമിക്കാം, നിന്റച്ചനും പ്രേമിക്കാം.. അതാ ഈ പ്രണയത്തിന്റെ ഒരു പുട്ടുശാസ്ത്രം.. ‘
പഞ്ച്.. മാരക പഞ്ച് …!!!