Share The Article

piracy poster1
 
സൗജന്യമായി കിട്ടുന്നതെന്തിനോടും അല്ലെങ്കില്‍ ഏറ്റവും കുറഞ്ഞ കാശിന് കിട്ടുന്നതെന്തിനോടും ഭ്രാന്തമായ ആവേശമാണ് മലയാളിക്ക്. അത് ഇന്നും ഇന്നലെയും തുടങ്ങിയതുമല്ല. ആവേശമെന്ന ശീലത്തില്‍ ചൂഷണം ചെയ്യപ്പെടുന്നത് കോടികളുടെ മുതല്‍മുടക്കുള്ള ഒരു വ്യവസായവും. ആദ്യകാലത്തുണ്ടായിരുന്ന സകല അപാകതകളും അവ്യക്തതകളും പരിഹരിച്ചുകൊണ്ട് ഹൈ ഡെഫിനിഷന്‍ ക്വാളിറ്റിയില്‍ത്തന്നെ സേവിച്ചുകൊണ്ട് രാജ്യമൊട്ടാകെ ശൃംഖലകളുള്ള അനുബന്ധ ബിസ്സിനസ്സായി വളര്‍ന്നു കഴിഞ്ഞു സിനിമാ പൈറസി എന്ന വൈറസ്. ചിലര്‍ക്കിതൊരു രോഗമാണെങ്കില്‍ ഭൂരിഭാഗത്തിനും മുതല്‍മുടക്കില്ലാത്ത വരുമാന മാര്‍ഗ്ഗമാണ്‌. റിലീസ് ചെയ്ത ദിവസം തന്നെ വ്യാജനിറക്കി സിനിമയുടെ നെഞ്ചത്ത് പൊങ്കാലയിടുന്ന ഗുരുതരമായ രോഗാവസ്ഥയിലേയ്ക്ക് പൈറസി വളര്‍ന്നുകഴിഞ്ഞു. സിനിമയ്‌ക്കൊപ്പം കാര്യമായ മുതല്‍മുടക്കില്ലാതെ സമാന്തരമായി തഴച്ചുവളരുന്ന അനുബന്ധ ബിസ്സിനസ്സും ഇതുതന്നെ. പണം മുടക്കി പരസ്യമായി പടം പിടിക്കുന്നവന് നഷ്ടം വന്നാലും പണം മുടക്കാതെ രഹസ്യമായി പണം പിടിക്കുന്നവന് ലാഭം ഉറപ്പുള്ള ബിസ്സിനസ്സ്. പ്രേമം എന്ന സിനിമയുടെ വീഡിയോ റൈറ്റും, സാറ്റലൈറ്റ് റൈറ്റും രണ്ടാംഘട്ടത്തില്‍ ബാര്‍ഗെയിന്‍ ചെയ്യപ്പെട്ടതിനുപിന്നില്‍ മുക്കിനും മൂലയിലും പെരുകിയ വ്യാജനാണെന്ന സത്യം പൈറസിയുടെ ഭീകരതയിലേയ്ക്ക് വിരല്‍ചൂണ്ടുന്നു. അത്ര എളുപ്പത്തിലൊന്നും പൈറസിയെ വേരോടെ പിഴുതെറിയാനാവില്ലെന്ന് വര്‍ഷങ്ങള്‍ക്കുമുന്‍പേ നടപ്പില്‍ വരുത്തിയ ദുര്‍ബലമായ പ്രതിരോധങ്ങള്‍ ബോധ്യപ്പെടുത്തുന്നു. പരിശോധനകളില്‍ പലപ്പോഴും സജീവമാണെങ്കിലും ആന്റി പൈറസി സെല്ലിന്റെ ഉദാസീനതയും വ്യാജന്‍ തഴച്ചുവളരാന്‍ ഇടയാക്കുന്നുണ്ട്. കേരള ഫിലിം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനും, ഓള്‍ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും നോക്കുകുത്തികളാകാതെ ആന്റി പൈറസി സെല്ലിനൊപ്പം സംയുക്തമായി സഹകരിച്ചാല്‍ ഒരു പരിധിവരെ വ്യാജന്റെ വിളയാട്ടം നിയന്ത്രിക്കാനാകും. നിലവില്‍ സിനിമാസംഘടനകള്‍ പൈറസിയെ നിസ്സാരവത്കരിക്കുന്നതും വ്യാജന്‍ കുടിയേറിപ്പാര്‍ക്കുന്നതിന് മൗനാനുവാദം നല്‍കുന്നുണ്ട്. വിനോദ നികുതി വാങ്ങുന്ന സര്‍ക്കാര്‍ പൈറസിയ്‌ക്കെതിരെ ശക്തമായ നിയമ നടപടികളും നടപ്പില്‍ വരുത്തേണ്ടതുണ്ട്.
 

 
റിലീസാകുന്ന സിനിമ ഹിറ്റായി മാറുമ്പോള്‍ മാത്രമാണ് പലരും പൈറസിയെക്കുറിച്ച് ആകുലപ്പെടുന്നതും, പരാതികളും പ്രതികരിക്കലുമായി രംഗത്തിറങ്ങുന്നതും. ഏറ്റവും കുറഞ്ഞ നിരക്കില്‍ പുതിയ സിനിമ എളുപ്പത്തില്‍ ലഭിക്കുമ്പോള്‍ സാധാരണക്കാരായ ജനം ആ അവസരം പാഴാക്കിക്കളയാറില്ല. വര്‍ഷങ്ങള്‍ക്കുമുന്‍പുണ്ടായിരുന്ന കര്‍ശന റെയ്ഡുകള്‍ ഇന്ന് കാര്യമായി കാണുന്നില്ല. ചെറുകിട വീഡിയോ ലൈബ്രറികള്‍ക്ക് പുറമെ തലസ്ഥാനത്തെ പ്രമുഖ കരിഞ്ചന്തയിലും സമയാസമയം പരിശോധന നടത്താനുള്ള ചങ്കൂറ്റം ലോക്കല്‍ പോലീസിനും ആന്റി പൈറസി സെല്ലിനും ഇല്ല എന്നതാണ് നിയമത്തെപ്പോലും ഭയമില്ലാതെ വ്യാജവാണിഭം ശക്തമാകാനുള്ള കാരണം. ഓരോ സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പുതന്നെ വ്യാജനെ തടയാനുള്ള നീക്കങ്ങള്‍ ആരംഭിക്കണം. റിലീസ് ചെയ്യുന്ന തിയറ്ററിനുള്ളിലും പുറത്തും സ്ഥാപിച്ചിട്ടുള്ള രഹസ്യക്യാമറാ ദൃശ്യങ്ങള്‍ ആ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചുരുങ്ങിയപക്ഷം കുറച്ച് ദിവസമെങ്കിലും നിരീക്ഷിച്ചിരിക്കണം. ചില സ്വകാര്യ ഐടി വിദഗ്ദര്‍ ഇതിന് മുന്‍പ് മുന്‍കൈ എടുത്ത് ഫലവത്തായ രീതിയില്‍ പൈറസിയെ ചെറുത്തുവെങ്കിലും നാളുകള്‍ കഴിഞ്ഞതോടേ വ്യാജനെതിരെയുള്ള ചൂടും സിനിമാക്കാര്‍ക്കിടയില്‍ അസ്തമിച്ചു. റിലീസാകുന്ന ഒട്ടുമിക്ക സൂപ്പര്‍ താര സിനിമകളുടേയും, റിലീസിന് മുന്‍പേ ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമകളുടേയും ഡ്യൂപ്ലിക്കേറ്റ് കൃത്യ സമയത്ത് കരിഞ്ചന്തയിലും, ഇന്റര്‍നെറ്റിലും ഇറക്കപ്പെടുന്നുണ്ട്. പൈറസിയുടെ ഇടക്കാല ഭീഷണി വിദേശരാജ്യങ്ങളില്‍ നിന്നായിരുന്നെങ്കില്‍ ഇന്നത് മാറി. നമ്മുടെ നാടിനു പുറമെ ചെന്നൈ, ബെംഗളൂര് എന്നിവിടങ്ങളില്‍ നിന്നും ശക്തമായ ആക്രമണം സിനിമ നേരിടുന്നു. ഓണ്‍ലൈന്‍ ഭീഷണി കൂടുതല്‍ വിദേശത്തുനിന്നാണെങ്കിലും ഉത്ഭവസ്ഥാനം കേരളവും ഇതര സംസ്ഥാനങ്ങളും തന്നെ. ഇവിടെ നിന്ന് കൈമാറപ്പെടുന്ന ഫയല്‍ വെബ്‌സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യുന്ന ഡ്യൂട്ടി മാത്രമെ വിദേശരാജ്യങ്ങളിലെ പൈറേറ്റ്‌സുകള്‍ക്കുള്ളൂ. സ്ത്രീകളും വിദ്യാര്‍ത്ഥികളുമടക്കമുള്ള വ്യാപക സംഘങ്ങള്‍ പൈറസിക്ക് പിന്നിലുണ്ടെന്ന് നേരത്തേ തന്നെ ആന്റി പൈറസി സെല്‍ കണ്ടെത്തിക്കഴിഞ്ഞിരുന്നു.
 

 
വ്യാജ സിഡി വേട്ട വ്യാപകമായിരുന്ന കാലത്ത് ഒരുപരിധിവരെ പൈറസിയുടെ കടന്നുകയറ്റം നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നു. ഇന്ന് വ്യാജനെച്ചൊല്ലിയുള്ള ആരോപണങ്ങളോ, വിവാദങ്ങളോ ഉയരുമ്പോഴാകും അത്രകണ്ട് കാര്യക്ഷമമല്ലാത്ത അന്വേഷണങ്ങളും പരിശോധനകളും നടത്തപ്പെടുന്നത്. പ്രേമം സിനിമയുടെ ലീക്കായിരുന്നു ഇടക്കാലത്ത് പോലീസിനെ ഏറെ വെട്ടിലാക്കിയ വിവാദ അന്വേഷണം. ഒരു വമ്പന്‍ ഹിറ്റ് സിനിമയുടെ സെന്‍സര്‍ ബോര്‍ഡ് കോപ്പി ലീക്കാകുന്ന ആദ്യത്തെ സംഭവമായതുകൊണ്ടാവണം മുഖം രക്ഷിക്കാനുള്ള ബാധ്യതയില്‍പ്പെട്ട സര്‍ക്കാര്‍ അന്ന് ഊര്‍ജ്ജിതമായ അന്വേഷണം ഏര്‍പ്പെടുത്തിയത്. സെന്‍സര്‍ ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരിലേയ്ക്കും സിനിമയുടെ പിന്നണിപ്രവര്‍ത്തകരിലേയ്ക്കുമൊക്കെ വിരല്‍ ചൂണ്ടിയ അന്വേഷണം അവ്യക്തതകളോടെ ഒടുവില്‍ അവസാനിപ്പിക്കുകയായിരുന്നു. 2010 മുതല്‍ വ്യാജ സിനിമാ സിഡി തയ്യാറാക്കുന്നത് ചെന്നൈ കേന്ദ്രീകരിച്ചുള്ള ലോബിയായിരുന്നെങ്കില്‍ ഇന്നതിന്റെ ഹെഡ് ഓഫ് ഓപ്പറേഷന്‍ ബെംഗളൂരുവാണ്. റിലീസ് ചെയ്യപ്പെടുന്ന ദിവസങ്ങളില്‍ ഇറങ്ങുന്ന ക്ലാരിറ്റി കുറഞ്ഞ ഡ്യൂപ്പിനെക്കാള്‍ ഒറിജിനല്‍ സിഡികള്‍ ഇറങ്ങിയ ശേഷം അത് വന്‍തോതില്‍ അനധികൃതമായി പകര്‍ത്തി വില്‍ക്കുന്നതാണ് വലിയ കച്ചവട രീതി. ഇതിന്റെ പ്രഭവകേന്ദ്രം കേരളം തന്നെയാണ്. ഈ പകര്‍പ്പുകളാണ് നെറ്റില്‍ കണ്ടുവരുന്നതിലധികവും. 2012 ജനുവരിയില്‍ ആന്റി പൈറസി സെല്‍ ഏകദേശം 2.5 ലക്ഷം വ്യാജ സിഡികളായിരുന്നു പിടികൂടിയത്. റിലീസ് ദിവസം തന്നെ ലീലയുടെയും, തെരിയുടേയും വ്യാജന്‍ ഇറങ്ങിയതോടെ തെരിയുടെ കേരളത്തിലെ വിതരണക്കാരനായ വിജയബാബു രൂക്ഷമായ പ്രതികരണങ്ങളോടെ പൈറസിയ്‌ക്കെതിരെ മുന്നോട്ടുവന്നു, ഒപ്പം ജോയ് മാത്യുവും. രണ്ടുപേരുടേയൂം അഭിപ്രായങ്ങളും രസകരമായിരുന്നു. വ്യാജനുണ്ടാക്കുന്നവനെയൊക്കെ തൂക്കിക്കൊല്ലണമെന്ന് വിജയബാബു എഫ്.ബി പോസ്റ്റ് ഇട്ടപ്പോള്‍, വ്യാജ സിനിമാപ്പതിപ്പ് നെറ്റില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസിനു പോകുന്നതിലും നല്ലത് അവരുടെ പ്രൊഫൈല്‍ കണ്ടുപിടിച്ച് അവനെയോ അവന്റെ ബന്ധുക്കളെയോ ‘നല്ലരീതിയില്‍’ ഒന്ന് കണ്ടാല്‍ സംഗതി ക്ലീനാവും എന്നായിരുന്നു ജോയ് മാത്യുവിന്റെ എഫ്.ബി പോസ്റ്റ്. വലിയ ബാങ്കുകള്‍ പോലും ക്രെഡിറ്റ് കാര്‍ഡ് സംഖ്യ പിരിക്കാന്‍വരെ ഇത്തരം രീതിയാണ് ഉപയോഗപ്പെടുത്തുന്നതെന്നും, അവര്‍ക്ക് നിയമത്തിന്റെ വഴി അറിയാഞ്ഞിട്ടല്ലെന്നും അദ്ദേഹം ഉദാഹരിച്ചു. കാനഡയിലിരുന്ന് മഹേഷിന്റെ പ്രതികാരം ഫെയ്‌സ് ബുക്കിലൂടെ കണ്ട ജെറി എന്ന ചെറുപ്പക്കാരന്‍ കുറ്റബോധം കൊണ്ട് നിര്‍മ്മാതാവ് ആഷിഖ് അബുവിനയച്ച മെസ്സേജ് കഴിഞ്ഞ ദിവസങ്ങളില്‍ ആഷിഖിന്റെ പോസ്റ്റിലൂടെ ചര്‍ച്ചാവിഷയമായിരുന്നു.
 

 
ബെംഗളൂരു മാഫിയയാണ് മലയാള സിനിമയെ തകര്‍ക്കുന്നതില്‍ മുന്നിലെന്ന് സിനിമാപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഇവിടത്തെ റിലീസ് വഴിയാണ് പകര്‍പ്പുകള്‍ ചോരുന്നത് എന്ന് മനസ്സിലാക്കിയെങ്കിലും മലയാള സിനിമകള്‍ക്ക് മികച്ച കളക്ഷന്‍ ലഭിക്കുന്നതിനാല്‍ ബെംഗളൂരുവിനെ റിലീസില്‍ നിന്ന് ഒഴിവാക്കാനും സാധിക്കില്ല. കേരളത്തിലെത്തുന്ന വ്യാജ സിഡികള്‍ ഭൂരിഭാഗവും ബെംഗളൂരുവില്‍ നിന്നാണെന്ന് കച്ചവടക്കാരും സമ്മതിക്കുന്നു. അവിടെയുള്ള തിയറ്ററുകളില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യുന്ന ദിവസം വലിയ തിരക്കാണ്. മാഫിയാസംഘങ്ങള്‍ തിരക്കുള്ള ഒരാഴ്ച പകര്‍പ്പെടുക്കാന്‍ തിയറ്ററുകളില്‍ എത്തില്ല. തിരക്ക് ഒഴിയുന്ന സമയം മനസ്സിലാക്കി സംഘങ്ങളായി ടിക്കറ്റ് ബുക്ക് ചെയ്ത് തിയറ്ററില്‍ കയറി പലയിടങ്ങളിലായി സീറ്റുകള്‍ കവര്‍ ചെയ്യും. ഇതില്‍ തിയറ്ററുകള്‍ക്കും പങ്കുണ്ടോയെന്ന് അന്വേക്ഷിക്കേണ്ടിയിരിക്കുന്നു. തിയറ്റര്‍കാരുടെ ഒത്താശയില്ലാതെ മാഫിയയ്ക്ക് ഇത് എളുപ്പമല്ല. ഹൈ ക്വാളിറ്റി മൊബൈല്‍, എച്ച്.ഡി വീഡിയോ ക്യാമറ ഇവ വഴി മികച്ച ക്വാളിറ്റിയില്‍ തന്നെ സിനിമയുടെ പകര്‍പ്പെടുക്കും. വ്യാപകമായി ഇറക്കപ്പെടുന്ന പകര്‍പ്പുകളുടെ സിഡി രൂപം ബെംഗളൂരുവിലെ തെരുവോരങ്ങളില്‍ നിസ്സാര വിലയ്ക്ക് പ്രേക്ഷകനെ കാത്തുകിടക്കും. ഇവിടെ നിന്നാണ് കേരളത്തിലേയ്‌ക്കെത്തുക. നിലവില്‍ സാറ്റലൈറ്റ് വഴിയാണ് സിനിമ റിലീസ് ചെയ്യുന്നത്. ഓരോ തിയറ്ററിനും ഓരോ സാറ്റലൈറ്റ് മാര്‍ക്കും നമ്പരും ഉണ്ട്. ക്യൂബ്, യു.എഫ്.ഒ ഫോര്‍മാറ്റുകളിലൂടെ റിലീസ് ചെയ്യുന്ന സിനിമകളുടെ വ്യാജന്‍ പകര്‍ത്തുമ്പോള്‍ ചിത്രം പ്രദര്‍ശിപ്പിച്ച തിയറ്ററുകളുടെ നമ്പര്‍ കാണാനാകും. ഈ നമ്പറുകള്‍ അടിസ്ഥാനപ്പെടുത്തിയുള്ള അന്വേഷണത്തിലാണ് ബെംഗളൂരുവില്‍ നിന്ന് വ്യാജ സിനിമകളിറങ്ങുന്ന വിവരം സിനിമാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. കന്നട സിനിമാ വ്യവസായം വ്യാജഭീഷണിയെ അതിശക്തമായി പ്രതിരോധിക്കുകയും കര്‍ശന പരിശോധനകളിലൂടെ നിയന്ത്രിക്കുകയും ചെയ്യുന്നുണ്ടെങ്കിലും അവിടെ റിലീസ് ചെയ്യപ്പെടുന്ന മലയാള സിനിമകള്‍ക്കുമേല്‍ യാതൊരു പരിരക്ഷയുമില്ല. കര്‍ണ്ണാടക ആഭ്യന്തരമന്ത്രിയ്‌ക്കടക്കം പരാതികള്‍ നല്‍കിയെങ്കിലും ഫലമുണ്ടായതുമില്ല. വ്യാജനിറക്കുന്ന രണ്ടുമൂന്ന് തിയറ്ററുകളെ നിരീക്ഷിക്കുകയും തുടര്‍ന്നും വ്യാജന്‍ ഇറക്കുന്നൂവെങ്കില്‍ ഈ തിയറ്ററുകളെ കരിമ്പട്ടികയില്‍പ്പെടുത്താനുമാണ് അസോസിയേഷന്റെ തീരുമാനം.
 

 
വരുംകാല സിനിമയുടെ ഏറ്റവും വലിയ സവിശേഷത തിയറ്റര്‍ റിലീസിനൊപ്പം ദേശീയ/അന്തര്‍ദേശീയ ഓണ്‍ലൈന്‍ റിലീസുകളാവും. വൈഡ് റിലീസിലൂടെ സിനിമയെ നഷ്ടങ്ങളില്‍ നിന്ന് കരകയറ്റാനാകും എന്നതില്‍ സംശയമില്ല. പക്ഷെ അവിടെയും പൈറസിയുടെ വലിയ ഭീഷണി ഒളിഞ്ഞുകിടപ്പുണ്ട്. ലീലയ്ക്ക് സംഭവിച്ചത് ആ ഭീഷണിയുടെ സൂചനയാണ്. ഓണ്‍ലൈന്‍ റിലീസില്‍ നിന്നുണ്ടാകാവുന്ന അപകടങ്ങളെ കാര്യക്ഷമമായി പ്രതിരോധിക്കാനുള്ള പോംവഴികള്‍ ഇന്നുമുതലേ നാം കണ്ടുതുടങ്ങണം. സ്വന്തം പോക്കറ്റിലെ കാശുകൊടുത്ത് തിയറ്ററില്‍പ്പോയി സിനിമ കാണുന്ന ശീലങ്ങളിലേയ്‌ക്കെത്തുക വഴി നമ്മള്‍ സിനിമയെന്ന വന്‍മുതല്‍മുടക്കുള്ള ഒരു വ്യവസായത്തെ ബഹുമാനിക്കുകകൂടിയാണ് ചെയ്യുന്നത്. വ്യാജന്‍ കാണാന്‍ ആളില്ലാത്ത ഒരവസ്ഥ എന്നാണോ വരുന്നത് അന്നായിരിക്കും പൈറസിയുടെ അന്ത്യവും. വ്യാജന്‍ കിട്ടുന്ന സകലവഴികളും ഭദ്രമായി അടയ്ക്കുന്ന കാലത്ത് മാത്രമാകും മലയാളികള്‍ സിനിമയെ സ്‌നേഹിച്ചുതുടങ്ങുന്നതും, ഒരു സിനിമ തിയറ്ററിലെത്തിക്കാന്‍ പെടാപ്പാടുപെ‌ടുന്നവന്റെ വേദന മനസ്സിലാക്കുന്നതും. അതുവരെ നമുക്ക് പൈറസിയ്‌ക്കെതിരെ പൊരുതാം; ചില ശീലങ്ങള്‍ മാറ്റിയും, ചില അനീതികള്‍ക്കെതിരെ പ്രതികരിച്ചുകൊണ്ടും..!