പ്രവാസത്തിലെ നൊമ്പരങ്ങള്‍

അബുദാബിയില്‍ സുഹ്രുത്തിന്റെയടുത്ത് പോയി മടങ്ങി വരുന്ന വഴി ബസില്‍ വെച്ചാണ് കോഴിക്കോട് സ്വദേശി മുഹമ്മദ്ക്കയെ ഞാന്‍ പരിചയപെട്ടത്. അബുദാബി ബസ്റ്റാന്റില്‍ എന്നെ ഡ്രോപ്പ് ചെയ്ത് സുഹ്രുത്ത് മടങ്ങിപോയി. ദുബായിലേക്കുള്ള ടിക്കറ്റെടുത്ത് ബസില്‍ കയറിയപ്പോള്‍ സീറ്റുകള്‍ മിക്കതും കാലിയായിരുന്നു.അതുകൊണ്ട് തന്നെ ഇരിക്കാന്‍ സൈഡ് സീറ്റ് തേടി അധികം അലയേണ്ടി വന്നില്ല.ബസ്സില്‍ സൈഡ് സീറ്റിലിരുന്ന് യാത്ര ചെയ്യല്‍ പണ്ട് മുതലെ എനിക്കൊരുപാട് ഇഷ്ടമുള്ള കാര്യമായിരുന്നു.രണ്ട് മണിക്കൂറ് പിടിക്കും ദുബൈലെത്താന്‍.,ഹെഡ്‌സെറ്റെടുക്കാന്‍ മറന്നത് കൊണ്ട് മൊബൈലില്‍ പാട്ടുകേള്‍ക്കാനും വഴിയില്ല.ഇനി ഉറക്കം തന്നെ ശരണം എന്ന് വിചാരിച്ച് കണ്ണടച്ചിരുന്നു ചെറുതായൊന്ന് മയങ്ങി. കണ്ണ് തുറന്നപ്പോള്‍ ബസ് ഓടികൊണ്ടിരിക്കുകയാണ്. സീറ്റുകളെല്ലാം ഫുള്ളായിരിക്കുന്നു.

പത്തമ്പത് വയസ് തോന്നിക്കുന്ന ഒരാള്‍ എന്റെ തൊട്ടടുത്തിരിക്കുന്നു.മലയാളിയാണ് അരോടോ ഫോണില്‍ സംസാരിക്കുന്നുണ്ടായിരുന്നു.വല്ലതും സംസാരിച്ച് പോകാമെന്ന് വിചാരിച്ച് നോക്കിയപ്പോള്‍ ആളല്പ്പം ഗൗരവത്തിലാണെന്ന് തോന്നി.പിന്നെ ഞാനൊന്നും മിണ്ടാന്‍ നിന്നില്ല.വീണ്ടും കണ്ണടച്ചിരുന്നു.ഫോണ്‍ റിംഗ് ചെയ്യുന്നത് കേട്ടാണ് കണ്ണ് തുറന്നത്.ദുബായില്‍ നിന്ന് കുട്ടിക്കയായിരുന്നു. ഞങ്ങടെ കമ്പനിയിലെ കുക്കാണ് കുട്ടിക്ക എന്ന ബീരാന്‍ കുട്ടിക്ക.എന്നെപ്പോലെ മലപ്പുറത്തുകാരന്‍………,ദുബായില്‍ വന്നിട്ടും നാട്ടിലെ ഭക്ഷണത്തിന്റെ രുചി പൂര്‍ണമായും നാവില്‍ നിന്നും പോകാതിരിക്കാന്‍ കാരണം കുട്ടിക്കയുടെ പാചകം തന്നെയായിരുന്നു.അതുകൊണ്ട് തന്നെ എവിടെപോയാലും മിക്കവാറും റൂമില്‍ പോയേ ഭക്ഷണം കഴിക്കാറുള്ളു.ഞാന്‍ ഉച്ചക്ക് ഭക്ഷണത്തിനുണ്ടാകുമോ എന്നറിയാന്‍ വിളിച്ചതാണ്.ഇന്നലെ പോന്നതായിരുന്നല്ലൊ.എന്താ സ്‌പെഷലെന്ന് ചുമ്മാ ചോദിച്ചു.എന്തായാലും അവിടെപോയിട്ടെ ഭക്ഷണം കഴിക്കുകയുള്ളുവെന്ന് മുന്നേ തീരുമാനിച്ചതാണ്. എന്നാലും സാമ്പാറും രസവുമെല്ലാം ഉണ്ടെന്നറിഞ്ഞപ്പോള്‍ ഒന്നു കൂടി ഉല്‍സാഹം കൂടി.നോണ്‍ വെജിനേക്കാള്‍ എനിക്കേറെ പ്രിയം വെജിനോടാണ്. ഉച്ചയാകുമ്പോഴേക്കും അങ്ങോട്ടെത്തുമെന്ന് പറഞ്ഞ് ഫോണ്‍ കട്ടാക്കി.

പുറത്ത് ചെറിയതോതില്‍ പൊടിക്കാറ്റുണ്ട്. ഞാന്‍ തിരിഞ്ഞ് അടുത്തിരിക്കുന്നയാളെയൊന്ന് നോക്കി. ആളെന്തോ ആലോചനയിലാണെന്ന് തോന്നി.രണ്ടും കല്പ്പിച്ച് പരിചയപ്പെടാന്‍ തന്നെ തീരുമാനിച്ചു.സംസാരിക്കാന്‍ ഇഷ്ടമില്ലാത്തയാളാണെങ്കില്‍ ഒഴിവാക്കാം.അല്ലെങ്കില്‍ ദുബൈ വരെ വല്ലതും പറഞ്ഞിരിക്കാമല്ലൊ.

നാട്ടിലെവിടെയാ വീട്? എന്റെ ചോദ്യം കേട്ട് അയാളെന്നെനോക്കിയൊന്ന് ചിരിച്ചു.പിന്നെ പറഞ്ഞു.
കോഴിക്കോട്, മുഹമ്മദ്ന്നാ പേര്,,
നാട് ചോദിച്ചപ്പോള്‍ പേരും കൂടെ പറഞ്ഞപ്പോള്‍ തന്നെ ആളൊരു സംസാരപ്രിയനാണെന്നെനിക്ക് തോന്നി.സംസാരിച്ച് തുടങ്ങിയപ്പോ തന്നെ ആളൊരു നാടന്‍ കാക്കയാണെന്ന് മനസ്സിലായി.കേള്‍ക്കാന്‍ ഇമ്പമുള്ള സംസാരം.
ദുബായില്‍ ഒരറബി വീട്ടില്‍ െ്രെഡവറായി ജോലിനോക്കുകയാണ്.മുന്‍പേതൊ കമ്പനിയിലായിരുന്നു.അവിടുത്തെ ജോലി നഷ്ടപെട്ടപ്പോള്‍ തല്‍ക്കാലം കയറിയതാണവിടെ.മുപ്പതു വര്‍ഷത്തില്‍ കൂടുതലായി പ്രവാസിയായിട്ട്.ഞാന്‍ ജനിക്കുന്നതിനും മുന്‍പെ എത്തിയയാളാണ്.ഇതിനിടയില്‍ എന്റെ പേരും നാടുമെല്ലാം മുഹമ്മദ്ക്ക ചോദിച്ചറിഞ്ഞിരുന്നു.സംസാരത്തിനിടയില്‍ മുഹമ്മദ്ക്കാന്റെ ഫോണ്‍ റിംഗ് ചെയ്യാന്‍ തുടങ്ങി.മുഖത്തെ സന്തോഷം കണ്ടപ്പോള്‍ തന്നെ നാട്ടില്‍ നിന്നാണെന്നെനിക്കു മനസ്സിലായി. കുറച്ചെന്തൊക്കെയോ സംസാരിച്ച് റൂമിലെത്തിയിട്ടു വിളിക്കാമെന്ന് പറഞ്ഞ് ഫോണ്‍ കട്ടാക്കി മുഹമ്മദ്ക്ക എന്നെ നോക്കി.ആ കണ്ണുകളല്പ്പം നിറഞ്ഞിരിക്കുന്നോ എന്നെനിക്കു തോന്നി,കുറച്ചുനേരം മൗനമായിട്ടിരുന്നിട്ട് എന്നോട് പറഞ്ഞു നാട്ടില്‍ നിന്നാണ് വിളിച്ചത് ഇന്നെന്റെ ചെറിയ മോളെ കല്യാണമാണ്,
ഒഹോ,,,പിന്നെന്താ നാട്ടില്‍ പോകാഞ്ഞത്,, ലീവ് കിട്ടിയില്ലെ,,, ഞാന്‍ കുറച്ചാശ്ചര്യത്തോടെയാണ് ചോദിച്ചത്,

മുഹമ്മദ്ക്ക എന്നെ നോക്കി ചെറുതായൊന്ന് മന്ദഹസിച്ചു,, പിന്നെ പറഞ്ഞു,,, ലീവ് ചോദിച്ചാല്‍ കിട്ടുമായിരുന്നു,,പക്ഷെ ഇപ്പോള്‍ നാട്ടില്‍ പോക്ക് ഒരുപാട് സാമ്പത്തിക ബാധ്യതയുണ്ടാക്കും.പിന്നെ അവിടെയിപ്പോള്‍ എന്റെ സാനിധ്യത്തേക്കാള്‍ ആവശ്യം പണമാണ്.അതും കൂടി അറേഞ്ച് ചെയ്യാനാ ഞാന്‍ അബുദാബി വരെ പോയത്.പടച്ചോന്റെ ബറ്ക്കത്ത് കൊണ്ട് എല്ലാം ശരിയായി. പിന്നെ വീട്ടുകാരെ പറ്റി മുഹമ്മദ്ക്ക വാചാലനായി.
മൂന്ന് മക്കളാണ്.രണ്ട് പെണ്ണും ഒരാണും.മൂത്തമോളെ നേരത്തെ കല്യാണം കഴിപ്പിച്ചയച്ചു.അന്നും നാട്ടില്‍ പോക്ക് നടന്നില്ല.രണ്ടാമത്തെ മോളുടെ കല്യാണത്തിന് എങ്ങനെയും പോകണമെന്ന് വിചാരിച്ചതായിരുന്നു. അതിനിടയിലാണ് ജോലി നഷ്ടമായതും പുതിയ ജോലിയില്‍ കയറേണ്ടി വന്നതും.മോന്‍ ഒരു െ്രെപവെറ്റ് സ്‌കൂളില്‍ അധ്യാപകനാണ്.പി എസ് സി ഒക്കെയെഴുതിയിട്ടുണ്ട്.എവിടെങ്കിലും കിട്ടാതിരിക്കില്ല. ഏതായാലും ഒരുവര്‍ഷം കൂടി കഴിഞ്ഞാല്‍ ഈ പ്രവാസത്തിനൊരു വിരാമമിടാനാണ് തീരുമാനം.
എന്നാല്‍ മോനെ ഇങ്ങോട്ട് കൊടുന്നുകൂടെ എന്ന എന്റെ ചോദ്യത്തിന് മുഹമ്മദ്ക്കാന്റെ മറുപടി എന്നെ അതിശയിപ്പിച്ചു,,
എന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം ഇവിടെ പോയി.എന്തിനാ വെറുതെ അവന്റെ ജീവിതവും ഈ മരുഭൂമിയില്‍ കളയുന്നത്.അവനോട് നാട്ടിലെവിടെങ്കിലും ജോലി നോക്കാന്‍ ഞാന്‍ പറഞ്ഞതാണ്.അവനും അതാണിഷ്ടം.പിന്നെ അവന് പ്രത്യേകിച്ച് പ്രാരാബ്ധങ്ങളൊന്നുമില്ലല്ലൊ,,
ഏതായാലും ഒരു വര്‍ഷം കൂടി ഇവിടെ നില്‍ക്കണം.പിന്നെ നാട്ടില്‍ പോയി കുറച്ച് കാലമെങ്കിലും കുടുംബത്തോടൊത്ത് കഴിയണം.വീടും കുറച്ചു സ്ഥലങ്ങളൊക്കെയുണ്ട്.മകന്റെ കല്യാണം നല്ലരീതിയില്‍ നടത്തണം.പടച്ചോന്റെ ഖുദ്‌റത്തുണ്ടെങ്കില്‍ എല്ലാം നടക്കും.
മുഹമ്മദ്ക്കാന്റെ മുഖത്ത് അതിന്റെ ആത്മവിശ്വാസം കാണുന്നുണ്ടായിരുന്നു.

സാധാരണ മക്കളെ ഏതുവിധേനയും ഗള്‍ഫിലോട്ട് കൊണ്ടുവന്ന് ജോലി ശരിയാക്കി നാട്ടില്‍ പോയി ശിഷ്ടകാലം കഴിയാനാണ് ഭൂരിപക്ഷ പ്രവാസി പിതാക്കളും വിചാരിക്കുന്നത്.മുഹമ്മദ്ക്ക അതില്‍ നിന്നെത്രയോ വിത്യസ്തന്‍…,എനിക്ക് അദ്ധേഹത്തിനോട് ചെറിയൊരാരാധന തോന്നി.

കയ്യിലെ കവറിനുള്ളില്‍ നിന്ന് കുറച്ച് ചോക്കളേറ്റുകളെടുത്ത് എനിക്ക് നേരെ നീട്ടി.
മോളെ കല്യാണായിട്ട് ചെങ്ങായിമാര്‍ക്ക് കൊടുക്കാന്‍ വാങ്ങിയതാണ്.
ഞാന്‍ ചോക്കളേറ്റെടുത്ത് ബാഗിനുള്ളില്‍ വച്ചു.എന്റെ മനസ്സിലും എന്തൊക്കെയോ മിന്നി മറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.

ബര്‍ദുബായില്‍ ബസ്സിറങ്ങി.വെയിലിനു നല്ല ചൂടുണ്ട്.മുഹമ്മദ്ക്കയോട് യാത്രപറഞ്ഞ് മെട്രോസ്‌റ്റേഷന്‍ ലക്ഷ്യമാക്കി നടക്കുമ്പോള്‍ ഞാനൊന്ന് തിരിഞ്ഞു നോക്കി.ഒരു കയ്യില്‍ കവറും തൂക്കി തനിക്കു പോകാനുള്ള ബസ്സും നോക്കി മുഹമ്മദ്ക്ക നടക്കുകയാണ്.കയ്യിലെ തൂവാല കൊണ്ട് മുഖത്തേയും കഴുത്തിലേയും വിയര്‍പ്പ് അമര്‍ത്തി തുടക്കുന്നു.മുപ്പത് വര്‍ഷത്തിലേറെയുള്ള പ്രവാസജീവിതത്തിന്റെ പ്രതിഫലനം ആ നടത്തത്തില്‍ തെളിഞ്ഞു കാണാമായിരുന്നു.

ഞാന്‍ വാച്ചില്‍ നോക്കി.സമയം 11.30 കഴിഞ്ഞിരിക്കുന്നു.നാട്ടിലിപ്പോള്‍ കല്യാണത്തിന്റെ മേളമായിരിക്കും കുടുംബക്കാരും നാട്ടുകാരുമെല്ലാം ഒത്തു കൂടി സന്തോഷിക്കുമ്പോള്‍ അതിലേറെ സന്തോഷിക്കേണ്ട ആള്‍ കത്തുന്ന വെയിലില്‍ വിയര്‍ത്തൊലിച്ച് ഈ മരുഭൂമിയില്‍ നടക്കുന്നു.

പടച്ചോനെ,,, നാളെ ഞാനും,,, മനസ്സിലൊരു കാളല്‍,,,

വെയിലിന്റെ ചൂട് കൂടി വരികയാണ്,,റുമിലെത്താന്‍.. ഇനിയും ഒരു മണിക്കൂര്‍ പിടിക്കും.ബാഗ് തുറന്ന് ചോക്കളേറ്റുകളിലൊന്നെടുത്ത് റാപ്പര്‍ കളഞ്ഞ്‌ വായിലേക്കിട്ടു. നല്ല മധുരമുള്ള ചോക്കലേറ്റ്. എന്തോ എനിക്കതില്‍ ചെറിയൊരു ഉപ്പുരസമനുഭവപെട്ടു.

ഒരു പ്രവാസിയുടെ കണ്ണുനീരിന്റെ ഉപ്പു രസം…