1

പ്രവാസ ഭൂമിയില്‍ അനുദിനം മാറിമാറിവരുന്ന നിയമങ്ങളും വ്യവസ്ഥകളും സാധാരണക്കാരായ പ്രവാസികളെ കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കുന്നത്. അളമുട്ടിയാല്‍ ചേരയും കടിക്കും എന്ന ചൊല്ലുപോലെ ഒടുക്കം നിയമത്തിന്റെ വഴിതന്നെ തേടാന്‍ പ്രവാസികള്‍ നിര്‍ബന്ധിതരായി. ചില സമകാലീന പ്രശ്‌നങ്ങള്‍ക്ക് അവര്‍ കണ്ടെത്തിയ ഈ ‘ടെസ്റ്റ് ഡോസ്’ വിജയം കണ്ടതിന്റെ ലക്ഷണങ്ങള്‍ പ്രവാസി സംഘടനകളിലും സാമൂഹ്യപ്രവര്‍ത്തകരിലും പ്രത്യാശയുണര്‍ത്തിയിരിക്കുന്നു.

എയര്‍ഇന്ത്യയുടെ പീഡനം, പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധനവിലെ വിവേചനം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസ്സ് ഫയലില്‍ സ്വീകരിക്കുകയും ബന്ടപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവിടുകയും ചെയ്തത് തന്നെ പരാതിക്കാരെ സംബന്ധിച്ചിടത്തോളം ഒന്നാംഘട്ട വിജയമാണ്. അതെപോലെ പ്രവാസി വെല്‍ഫയര്‍ ഫണ്ട് വഴി സ്വരൂപിച്ച കോടിക്കണക്കിന് രൂപയുടെ വിശദമായ കണക്ക് വിവരാവകാശനിയമത്തിലൂടെ പുറത്തുകൊണ്ട് വരാനും റിയാദിലെ പ്രമുഖ പ്രവാസി സംഘടനയുടെ ശ്രമഫലമായി സാധിച്ചു. സാധാരണക്കാരായ പ്രവാസികളുടെ വിയര്‍പ്പും കണ്ണീരും ഊറ്റിയെടുത്ത് സ്വരൂപിച്ച ഈ പണം അവരുടെ ക്ഷേമത്തിനും ദുരിതാശ്വാസത്തിനും ഉപയോഗിക്കാതെ കെട്ടിപ്പൂട്ടി വെച്ചതിന്റെ കണക്ക് പുറത്തുവന്നതോടെ പ്രവാസി മന്ത്രിക്ക് മുഖം രക്ഷിക്കാനുള്ള തന്ത്രവുമായി രംഗത്ത് വരേണ്ടി വന്നത് മറ്റൊരു വിജയം.

രാജ്യത്തെ പ്രമുഖ രാഷ്ട്രീയ സംഘടനകളുടെ നാട്ടിലെയും ഗള്‍ഫിലെയും നേതാക്കളും കേന്ദ്രസംസ്ഥാന മന്ത്രിമാരും വകുപ്പ് മേധാവികളും പ്രവാസികളെ കുരങ്ങുകളിപ്പിക്കാന്‍ തുടങ്ങിയിട്ടു കാലമേറെയായി.

സ്വന്തം അധികാരപരിധിയില്‍പെട്ട നിസ്സാരകാര്യങ്ങള്‍ പോലും പരിഹരിക്കാന്‍ ശ്രമിക്കാത്തവരാണ് പ്രവാസിവകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത്. എന്നാല്‍ ഇരു രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങള്‍ പരസ്പരം സഹകരിച്ചാല്‍ മാത്രം പരിഹരിക്കപ്പെടാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങള്‍ തങ്ങളുടെ ശ്രമഫലമായിട്ടെന്നവണ്ണം ഉടനടി പരിഹരിക്കാമെന്ന വിടുവായിത്തങ്ങള്‍ വിശ്വസിപ്പിക്കുന്നതില്‍ മിടുക്ക് കാണിക്കാന്‍ ഒരുളുപ്പും ഇല്ലാത്തവരാണ് ഗള്‍ഫിലെത്തുന്ന പല നേതാക്കളും.

ഗള്‍ഫിലെ മൊത്തം പ്രവാസികള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് സ്വേേദത്തക്കുള്ള യാത്രാസൌകര്യം. നമ്മുടെ ദേശീയ വിമാന കമ്പനിയായ എയര്‍ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന സര്‍വ്വീസുകളില്‍പ്പെട്ടതാണ് ഗള്‍ഫ് റൂട്ട്. എന്നാല്‍ സാങ്കേതികത്വത്തിന്റെയും പൈലറ്റിന്റെ ജോലി സമയം കഴിഞ്ഞതിന്റെയും മറ്റും പേരുപറഞ്ഞു മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കുക, ഏതെങ്കിലും കാരണത്താല്‍ യാത്രക്കാരെ മറ്റു വിമാനത്താവളങ്ങളില്‍ ഇറക്കിവിടുമ്പോള്‍ തുടര്‍യാത്രക്ക് കണക്ഷന്‍ ഫ്‌ലൈറ്റ് പോലുള്ള ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താതെ ടാക്‌സിയിലും ബസ്സിലും കയറ്റിവിടുക, മണിക്കൂറുകളോളം അനിശ്ചിതമായി എയര്‍പോര്‍ട്ടിലും വിമാനത്തിനുള്ളിലും വെളളവും ഭക്ഷണവും നല്കാതെ പീഡിപ്പിക്കുക തുടങ്ങിയ എയര്‍ഇന്ത്യപോലുള്ള വിമാന കമ്പനികള്‍ പ്രവാസികളോട് കാണിക്കുന്ന ക്രൂരമായ സമീപനങ്ങള്‍ക്കെതിരെ നിയമപരമായി നേരിടാന്‍ രംഗത്തിറങ്ങുകയാണ് ഇനിയുള്ള രക്ഷാമാര്‍ഗ്ഗം. വിമാന കമ്പനിയില്‍ നിന്നും യാത്രക്കാരന് നഷ്ടപരിഹാരമായി കിട്ടുന്ന സംഖ്യയില്‍ നിന്ന് ഒരു നിശ്ചിത ശതമാനം കേസ്സ് നടത്തിയതിനുള്ള ചെലവിലേക്ക് കണ്ടെത്താം. അതേപോലെ ഗള്‍ഫിലെ വിവിധ സാമൂഹ്യ സംഘടനകളുടെ നേതൃത്വത്തില്‍ ഉദാരമനസ്‌കരില്‍ നിന്നും സുധാര്യമായ രീതിയില്‍ ഫണ്ട് സ്വരൂപിച്ച് കൊണ്ടോ നാട്ടിലും ഗള്‍ഫിലുമുള്ള സാമൂഹ്യ പ്രതിബദ്ധതയുള്ള നിയമജ്ഞരുടെ സഹായത്തോടെ കേസ്സ് നടത്തുവാനുള്ള മാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്യാവുന്നതുമാണ്.