പ്രേക്ഷകന്റെ സാമാന്യബുദ്ധിയെ തുരന്ന് പെരുച്ചാഴി – മൂവി റിവ്യൂ

02

പെരുമ വിളിച്ചോതിയാണ് പെരുച്ചാഴി തീയറ്ററുകളില്‍ എത്തിയത്. എന്നാല്‍ പറയത്തക്ക പെരുമയോ കൊടികൊട്ടൊ ഇല്ലാതെ സാധാരണ പ്രേക്ഷകരുടെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ഒരു കാശുമുടക്കി പടം എന്നതിലുപരി പെരുച്ചാഴിക്ക് പ്രത്യേകിച്ച് ഒന്നും പറയാനില്ല.

[one_half][ads2][/one_half]

ഓണക്കാലത്ത് കുടുംബ പ്രേക്ഷകരെയും കുട്ടികളെയും കയ്യിലെടുക്കാന്‍ പെരുച്ചാഴിയുമായി ലാലേട്ടന്‍ വരുന്നുവെന്ന വാര്‍ത്ത മലയാള സിനിമാ പ്രേമികളെ ശരിക്കും ആഹ്ലാദത്തിലാക്കിയിരുന്നു. വിജയ് ബാബു – സാന്ദ്രതോമസ് ടീം കാട്ടിയ പ്രൊമോഷന്‍ ഗിമിക്കില്‍ മാത്രം ഒതുങ്ങിപ്പോയി ഈ താരചിത്രം. പ്രതീക്ഷിച്ചതു പോലെ ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തുവാന്‍ പെരുച്ചാഴി ശ്രമിക്കുന്നുണ്ടെങ്കിലും അവിടിവിടെ ചെറിയ പൊട്ടലുകള്‍ ഉണ്ടായെന്നതൊഴിച്ചാല്‍ ആ പ്രതീക്ഷയും പെരുച്ചാഴി തകര്‍ത്തു.

03

ഷോര്‍ട്ട് ഫിലിമുകളില്‍ നിന്ന് വെള്ളിത്തിരയിലേക്ക് എത്തിയ ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ വൈദ്യനാഥന്റെ മുന്‍പരിചയം തമിഴിലായത് കൊണ്ട് തന്നെ ആക്ഷന്‍ സീനുകളിലും ചില പഞ്ച് ഡയലോഗുകളിലും മലയാളിക്ക് ഒട്ടും സുഖിക്കാത്ത ഒരു പാണ്ടിരുചി ചുവയ്ക്കുന്നുണ്ട്. ചിത്രത്തിലെ 2 പാട്ടുകള്ക്കും പ്രേക്ഷക ശ്രദ്ധ നേടാനായില്ലെങ്കിലും ‘പോ മോനേ ദിനേശാ’യ്ക്ക് നയനസുഖം നല്കാനാകുന്നുണ്ട് എന്നുള്ളത് തന്നെ വലിയ ഭാഗ്യം.

ഇത്രയേറെ പ്രതീക്ഷ തകര്‍ക്കുന്ന ചിത്രമാണെങ്കിലും ലാലേട്ടന്‍ എന്ന നടന വിസ്മയത്തെ ഈ ചിത്രത്തിലും തള്ളിക്കളയാന്‍ കഴിയില്ല. തന്റെ കഥാപാത്രത്തെ കയ്യടക്കത്തോടെ കൈകാര്യം ചെയ്യുന്നതില്‍ അദ്ദേഹം പൂര്‍ണ വിജയം. ബാബുരാജിന്റെ ചിമിട്ടന്‍ കോമഡികളും ചിത്രത്തിന് രസം പകരുന്നുണ്ട്. എന്നാല്‍ അയോവരോടൊപ്പമെത്തിയഅജു വര്‍ഗീസിന്റെ ക്യാരക്ടര്‍ മടുപ്പ് സൃഷ്ടിക്കുന്നുണ്ട്. പുണ്യാളനിലും, ഓശാനയിലും കണ്ട വാല് കഥാപാത്രങ്ങളുടെ ആവര്‍ത്തനം അരോചകമായി കഴിഞ്ഞിരിക്കുന്നു. മുകേഷ്- ലാല്‍ കൂട്ട്‌കെട്ടിനും പഴയത്ര വീര്യം പോര.

പേരിനെങ്കിലും കുറച്ചൊക്കെ പോസിറ്റീവ് വശങ്ങള്‍ പെരുച്ചാഴിക്കുമുണ്ട്. സാമാന്യ ബുദ്ധി വീട്ടില്‍ വെച്ച് വരുന്ന ആരാധകനെ തൃപ്തിപ്പെടുത്താന്‍ ചിത്രത്തിനാകുന്നുണ്ട്. ലൊക്കേഷനുകളും അതി ഗംഭീരം. ചിത്രത്തിന്റെ ടെക്‌നിക്കല്‍ സൈഡും നന്നായിട്ടുണ്ട്. ആകെ മൊത്തം കൂട്ടിക്കിഴിക്കുമ്പോല്‍ ഒരു ശരാശരി ചിത്രമെന്നതിനപ്പുറം പെരുച്ചാഴി കടക്കുന്നില്ല.തീയറ്ററില്‍ പോരടിക്കേണ്ട മുന്നറിയിപ്പിനോടും അപ്പോത്തിക്കരിയോടും പൊരുതാന്‍ പോലുമാകാതെ പെരുച്ചാഴിക്ക് കീഴടങ്ങേണ്ടി വരുമെന്ന് ഉറപ്പ് !