ഫിലോസഫര്‍

01tvfsar_friday_GPD_261016fനിങ്ങളിത് കാണുന്നുണ്ടോ മനുഷ്യാ …”?

കിടക്കപ്പായീന്നു ഭാര്യേടെ കാറല് കേട്ടാ കണ്ണു തിരുമ്മി നോക്കിയത് …!

”ഇന്നെന്ത് മാരണമാണപ്പാ …”

ഭാര്യ വെളിച്ചപ്പാട് പോലെ ഉറഞ്ഞു തുള്ളി മുന്നില്‍ നില്‍പ്പുണ്ട് .., , കൈയ്യിലൊരു പേപ്പറും പിടിച്ച് …!

തൊട്ടടുത്ത് .., നാലാം ക്ലാസ്സുകാരന്‍ ചെക്കന്‍ അപരാധിയേപ്പോലെ തലയും കുമ്പിട്ട് നിക്കുന്നു …!

”രാവിലെ തന്നെ നീ കിടന്ന് കാറാണ്ട് കാര്യം പറ …”, കുടുംബകലഹത്തിന്റെ ആണിക്കല്ല് ഒഴിവാക്കാന്‍ ..,എന്റെ വാക്കുകളില്‍ മാക്‌സിമം തേന്‍ പുരട്ടിയാണ് ഞാന്‍ മൊഴിഞ്ഞത് …!

”നിങ്ങളിത് നോക്ക് മനുഷ്യാ .., ഇവന്റെ ക്ലാസ്സ് ടെസ്റ്റിന്റെ പേപ്പറാണ് …”

ഉറക്കച്ചടവോട് കൂടി നോക്കിയ ഞാന്‍ ഞെട്ടിപ്പോയി …!”

”ഈശ്വരാ പത്തില്‍ പത്ത് മാര്‍ക്കോ …., ?, ഇവന്‍ തന്നെയാണോ ഇത് വാങ്ങിയത് …, ഇത്രയും ബുദ്ധിമാനായ ..,മകന്റെ അപ്പനല്ലേ ഞാന്‍ ..?, ആ ഒറക്കച്ചടവിലും എനിക്ക് അഭിമാനം തോന്നി …”

”പക്ഷേ ..,അതിനെന്തിനാണ് ഭാര്യ കിടന്ന് കാറുന്നത് ….”

”എന്തിനാ നീ കിടന്ന് കയറ് പൊട്ടിക്കുന്നത് .., അവന്‍ ഫുള്ളില്‍ ഫുള്ളല്ലേ വാങ്ങിയിരിക്കുന്നത് …’!

”അല്ലെങ്കിലും നിങ്ങളെ പറഞ്ഞിട്ടെന്താ കാര്യം …?, ഭാര്യ നിന്ന് ജ്വലിക്കുകയാണ് ..,

തന്തയുടെയല്ലേ മോന്‍ …., ഈ തലേലുള്ളതല്ലേ .., അതിനും കിട്ടിയിട്ടുണ്ടാവൂ …?

”നീ കാര്യം പറ ….”!

നിങ്ങള് .., ഈ പേപ്പറ് ഒന്ന് തുറന്നു നോക്കൂ മനുഷ്യാ …”!

തുറന്ന് നോക്ക്യാ ഞാന്‍ വീണ്ടും ഞെട്ടി …,,, എല്ലാം തെറ്റ് .., ആകെ കിട്ടിയത് ഒരു മാര്‍ക്ക് ..,ഞങ്ങള്‍ .., ചീത്ത പറയാണ്ടിരിക്കാന്‍ .., കിട്ടിയ ഒരു മാര്‍ക്കിന്റെ കൂടെ അവന്‍ ഒരു പൂജ്യം കൂടി അങ്ങട് ചേര്‍ത്തു …

എന്നിലെ പിതാവ് സടകുടഞ്ഞെഴുന്നേറ്റു ….!,

”ഇന്ന് നിന്നെ ശരിയാക്കിത്തരാടാ ”.., ഞാന്‍ അലറി …!

എന്റെ അലര്‍ച്ച കേട്ട് ഭാര്യ ഞെട്ടി …!

”നിങ്ങള് അടിക്കൊന്നും .., വേണ്ടാ .., ഞാന്‍ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട് ….”

രാവിലെ വന്ന് കാറീതും .., ഭാര്യ .. ഇപ്പോ ..,മറു കണ്ടം ചാടിയതും ഭാര്യ …!

”നിങ്ങളോട് ..,ഞാന്‍ പലപ്രാവശ്യം പറഞ്ഞീട്ടുള്ളതാ .., ചെക്കന്‍ ഇംഗ്ലീഷ് വളരെ വീക്കാണ് .., ഇടക്കിടക്കെ എന്തെങ്കിലും ഒക്കെ പറഞ്ഞു കൊടുക്കണമെന്ന് ….! ഇപ്പൊ കണ്ടാ ….”

ഭാര്യ ഒരു മുഴം മുമ്പേ നീട്ടി എറിഞ്ഞിരിക്കുന്നു …!

മാര്‍ക്ക് കുറഞ്ഞതിന്റെ ഉത്തരവാധിത്വം ഞാന്‍ ചോദിക്കുന്നതിനു മുന്‍പേ ..,എന്റെ മേലിട്ട് കൈ കഴുകാനുള്ള ഭാര്യയുടെ ബോധപൂര്‍വ്വമായ ശ്രമം ..!

മകനെ പഠിപ്പിക്കുന്നത് എല്ലാം അവളാണ് .., ., അതുകൊണ്ട് മാര്‍ക്ക് കുറഞ്ഞത് ഞാന്‍ ചോദിക്കുന്നതിനു മുന്നേ അവള്‍ എന്റെ വായ അടപ്പിച്ചു …!

പെണ്‍ ബുദ്ധി പിന്‍ബുദ്ധിയല്ല .., മുന്‍ബുദ്ധിയാണ് …!, അതാണ് രാവീലെ കട്ടന്‍ കാപ്പി പോലും തരുന്നതിനു മുന്നേയുള്ള ഈ കഥകളി …!

”പിന്നെ വേറൊന്നു കൂടിയുണ്ട് ….!”

”എന്താ …”?, ഞാന്‍ കണ്ണുരുട്ടി …!

ഇവന്‍ എപ്പളും ബ്രഷ് ചെയ്യുമ്പോ പേസ്റ്റ് തിന്നും …., ഞാന്‍ പറഞ്ഞ് പറഞ്ഞ് തോറ്റു ….”

” എന്നാ ഇനി തൊട്ട് അവന് നീ .., പേസ്റ്റൊണ്ട് .., ഉപ്പുമാവ് ഉണ്ടാക്കിക്കൊടുക്ക് ….”!

”നീ ഇംഗ്ലീഷ് പുസ്തകം എടുത്തോണ്ട് വാ .., നിന്നെ പഠിപ്പിക്കാന്‍ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ ….!”

ചെക്കന്‍ പുസ്തകം എടുത്തു വരലും .., ആദ്യ വെടി എന്റെ നേര്‍ക്ക് പൊട്ടിച്ചതും ഒരുമിച്ചായിരുന്നു …!

”പപ്പാ ഈ ഫിലോസഫറിന്റെ സ്‌പെല്ലിംഗ് എന്താ ….?”

അത് കേട്ടതോട് കൂടി എന്റെ ഉള്ളില്‍ രണ്ട് വെള്ളിടി ഒന്നിച്ചു വെട്ടി …!

”ഈശ്വരാ .., ഇവന്‍ രാവിലെ തന്നെ എന്റെ നെഞ്ചിനിട്ടാണല്ലോ ..വെടി പൊട്ടിച്ചത് …!

ഫിലോസഫിറിന്റെ സ്‌പെലിംഗ് കണ്ടുപിടിക്കാന്‍ .., തലക്കുള്ളില്‍ എന്റെ കൊച്ചു ബുദ്ധിയുടെ പരക്കം പാച്ചില്‍ ..!

എല്ലാ അലമാരികളും തപ്പിത്തടഞ്ഞിട്ടും .. എന്റെ ബുദ്ധിക്ക് ഫിലോസഫറിന്റെ സ്‌പെല്ലിംഗ് മാത്രം കിട്ടിയില്ല ..!

ഭാര്യക്കാണെങ്കില്‍ എന്റ ഇംഗ്ലീഷ് പാണ്ഡിത്യത്തില്‍ അഗാധമായ വിശ്വാസമാണ് …!

സത്യത്തില്‍ നമ്മുടെ ഇംഗ്ലീഷ് നമുക്കല്ലേ അറിയൂ ….!, ഈ മുറി ഇംഗ്ലീഷും കൊണ്ട് ഞാന്‍ കാണിക്കുന്ന കസര്‍ത്ത് ….!,എല്ലാം ഇന്ന് പൊളിയും …!

എന്റെ ഇംഗ്ലീഷ് വാഗ്വ് ധോരണി … ,ഇപ്പൊ അനര്‍ഗ്ഗള നിര്‍ഗ്ഗളം ഒഴുകും എന്നു കരുതി …, പൂച്ച ..,മീന്‍ നന്നാക്കുന്നിടത്തു വന്ന് വിനയകുനിയനായി നോക്കിയിരിക്കുന്ന പോലെ .. ഭാര്യയും ചെക്കനും എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിപ്പുണ്ട് …!

എന്റെ ബുദ്ധിയാണെങ്കില്‍ എന്റെ ഉള്ളില്‍ കിടന്ന് പരക്കം പായുകയാണ് .., ഫിലോസഫറിന്റെ സ്‌പെല്ലിംഗും തേടി …!, അവന്‍ രണ്ടു മൂന്ന് അലമാരകള്‍ തട്ടിമറിച്ചിട്ടു …, എന്നിട്ടും ഫിലോസഫിറിന്റെ ഡിക്ഷനറി മാത്രം കിട്ടിയില്ല ….!

ഞാനാണെങ്കീ രാവിലെത്തന്നെ നൂറ് മീറ്റര്‍ ഓടിയവനെപ്പോലെ നിന്ന് വിയര്‍ക്കാന്‍ തുടങ്ങി …!

ഏത് കഷ്ടകാലം നേരത്താണോ അവനെക്കൊണ്ട് പുസ്തകം എടുത്തു വരാന്‍ പറയാന്‍ തോന്നിയത് …?

ഞാനിതു വരെ കെട്ടിപ്പൊക്കിയ എന്റെ ഇംഗ്ലീഷ് പരിജ്ഞാനം ..,ഇതാ ഒരു ചീട്ടു കൊട്ടാരം പോലെ തകര്‍ന്നു വീഴാന്‍ പോവുകയാണ് …!

എന്തെങ്കിലും ഉടനടി പറഞ്ഞില്ലെങ്കില്‍ പ്രശ്‌നമാകും ….!

തെറ്റ് പറഞ്ഞു കൊടുത്താ .,അവന്‍ അത് എഴുതിയെടുത്ത് സ്‌കൂളില്‍ പോകും ….!

അത് അതിലേറെ പ്രശ്‌നമാകും …!

ടീച്ചറിന്റെ ചോദ്യത്തിന് അവന്‍ കര്‍ക്റ്റായിട്ട് എന്റെ പേരു പറയും ..!

പി ടി ഏ .., മീറ്റിങ്ങിനെല്ലാം .., ഒരു ബുദ്ധി ജീവി കണക്കെ .., കണ്ണടയും വെച്ചു ചെല്ലുന്ന .., എന്റെ പുറം പൂച്ച് .., ഈ ഫിലോസഫറിനേക്കൊണ്ട് പൊളിയും …!

ഫിലോസഫറല്ലാ ..,ഒരു ലൂസിഫറാണ് …, ആ വാക്കിന്റെ ഉള്ളില്‍ ഒളിച്ചിരിക്കുന്നതെന്ന് എനിക്കു തോന്നി …!

ആ നിമിഷത്തിലാണ് ..,ഭാഗ്യം ഒരു നൂലിന്റെ രൂപത്തില്‍ എന്റെ നേര്‍ക്ക് താഴ്ന്നു വന്നത് ..!

ഫോണില്‍ മണിയടി …!, ഞാന്‍ ചാടിയെടുത്തു …!

അപ്പുറത്ത് വേലക്കാരി ….!

”സാര്‍ ഞാനിന്ന് കുറച്ച് ലേറ്റാകും …”!

പക്ഷേ .., ഞാന്‍ അലറി …!

”യൂ .., ഇംഗ്ലീഷില്‍ ഞാന്‍ പഴയൊരു പാഠപുസ്തകത്തിലെ കുറച്ചു വരികള്‍ …, അനര്‍ഗ്ഗള നിര്‍ഗ്ഗളം വെച്ചു കാച്ചി ….”!

എന്റെ ഇംഗ്ലീഷ് പരിജ്ഞാനത്തില്‍ ഭാര്യയുടെ കണ്ണ് തുറിച്ചു …!, ചെക്കന്‍ വാ പൊളിച്ചു നിന്നു …!, അപ്പുറത്തെ വേലക്കാരി ..,പേടിച്ച് നമ്പറ് .., മാറിപ്പോയെന്നു സംശയിച്ച് .., ഫോണ്‍ കട്ട് ചെയ്ത് ഓടിപ്പോയി …!

എന്നിട്ടും ഞാന്‍ നിറുത്തിയില്ല .., ഇംഗ്ലീഷില്‍ എന്റെ പാരായണം തുടര്‍ന്നു കൊണ്ടേ ഞാന്‍ അലറി …!

”കണ്ണു മിഴിച്ച് നോക്കി നിക്കാണ്ട് ..,പോയി ചായ കൊണ്ടുവാടി ….”!

ചെക്കനെ നോക്കി കണ്ണുരുട്ടി ….!

”പോയിരുന്ന് പഠിക്കടാ …, ഓരോരോ സംശയങ്ങള് കൊണ്ടു വന്നിരിക്കുന്നൂ …! ഒന്നാം ക്ലാസ്സുകാരന് പോലും അറിയാവുന്നതാ …, നാലാം ക്ലാസ്സുകാരന്‍ സംശയം ചോദിക്കണത് …!

ആ ഒറ്റ അലര്‍ച്ചയോട് കൂടി ഫിലോസഫറിനേയും കൊണ്ടവന്‍ ഓടി ….! ഒരു വിധത്തില്‍ ഞാന്‍ തടിയൂരി …!