ഫേസ്ബുക്കില്‍ സ്റ്റാറ്റസ്സിടാന്‍ എനിക്കുമറിയാം (ആക്ഷേപഹാസ്യം) – അന്നൂസ്

new

കണ്ടും കേട്ടും ഒരു വകയായി എന്ന് പറയാതെ വയ്യ…..! ഫേസ്ബുക്കിലെ ഓരോ ജാടപറച്ചിലുകളെ…! രാവിലെ മുതല്‍ ലവന്മാരും ലവളുമാരും ബുക്ക് തുറന്നു വച്ചങ്ങിരിപ്പല്ലേ….’സ്റ്റാറ്റസ്’ എന്നാണ് ഈ പരിപാടിയുടെ ഓമനപ്പേര്….പിന്നെ തുടങ്ങുകയായി…..ഞാനങ്ങിനെയാ…..ഞാനിങ്ങനെയാ…..എന്നെ കണ്ടോ..? സൂപ്പറല്ലേ…? ഞാന്‍ മാത്രേ ഉള്ളു സൂപ്പര്‍…..എന്റൊരു ഒടുക്കലത്തെ ഗ്ലാമറെ…..അങ്ങോട്ടു ചെരിഞ്ഞു നിന്നൊരു ഫോട്ടോ…ഇങ്ങോട്ട് ചെരിഞ്ഞു നിന്നൊരെണ്ണം…..ഇളിച്ചത്…..ഇളിക്കാത്തത്….. ഞാന്‍ എന്നാ മര്യാദക്കാരന്‍ ആണെന്നോ…… മാന്യന്‍ ഞാന്‍ മാത്രം..! ബാക്കിയുള്ളവരൊക്കെ കണ്ട്രി…….ഹോ…എന്റൊരിതെ…!!!! എന്നെകൊണ്ട് ഞാന്‍ തന്നെ മടുത്തു എന്ന രീതിയില്‍ പോകും കാര്യങ്ങള്‍…….

‘പണ്ടുണ്ടതും പാളേല്‍ തൂറി’യതുമായ കഥകള്‍ കേട്ട് മടുത്തു. നമ്മള്‍ കേട്ട് മടുക്കുമ്പോള്‍ മറ്റുള്ളവരെയും കൂടി മടുപ്പിക്കണമല്ലോ…ഞാനും പറയും പഴേ കഥകളൊക്കെ…എനിക്കുമുണ്ട് പഴേ വീരവാദകഥകള്‍ പറയാന്‍…..

ഓക്കെ..ഓക്കെ…ബഹളം ഉണ്ടാക്കണ്ട…പറയാം പറയാം….നിങ്ങളുടെയെല്ലാം ആഗ്രഹത്തെ മാനിച്ച് സാമ്പിളിന് ഒരെണ്ണം പറയാം….

ആയിരത്തിതൊള്ളായിരത്തിനാല്‍പ്പത്തിരണ്ടു കാലഘട്ടം.

ഞാനന്ന്! ഇന്റര്‍മീടിയേറ്റിനു പഠിക്കുന്ന കാലം….അല്പ്പസൊല്‍പ്പം രാഷ്ട്രീയം, ഗുണ്ടായിസ്സം ഒക്കെയായിട്ട് ഒരുത്തനേം കൂസാതെ നടക്കുന്ന സമയം….എങ്ങും സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ടിരിക്കുകയാണ്. തലങ്ങും വിലങ്ങും ബ്രാ….ബ്രട്ട്രീഷ്………….ഛെ ഈ പണ്ടാരം പിടിച്ച വാക്ക് അന്നും ഇന്നും എന്റെ നാവില്‍ വഴങ്ങില്ല…..(ബിനീഷ് എന്നോ മറ്റോ പറയുന്നതാ കൂടുതല്‍ ഭേദമെന്നു തോന്നുന്നു) ‘ഈ പറഞ്ഞ’ ബ്രിട്ടീഷ് പട്ടാളക്കാര്‍ നാട് മുഴുവന്‍ പാഞ്ഞു നടക്കുകയാണ്… നിരത്തുകളെല്ലാം പീരങ്കികളും പട്ടാളക്കുതിരകളും ടാങ്കുകളും കയ്യടക്കിയിരിക്കുകയാണ്. ‘കിറ്റ്ഇന്ത്യാ’ കാരണം എങ്ങും യുദ്ധസമാനമായ ഭീതി നിറഞ്ഞ അന്തരീക്ഷം കത്തി നിന്നു……….

ഒരു ദിവസം…….ഒറ്റകുഞ്ഞിനെ പോലും പുറത്ത് കാണാനില്ലാത്ത ഒരു പകല്‍ ചുമ്മാ പട്ടാളക്കാരുടെ ഇടയിലൂടെ അദ്രൂമാന്‌ടെ പീടികയിലേക്ക് പോകുകയായിരുന്നു ഞാന്‍. ഒരു ബീഡി വലിക്കണം, ഒന്ന് മുറുക്കണം…ദാറ്റ്‌സ് ആള്‍…എന്റെ സ്വഭാവം അറിയാമല്ലോ….കൈലി എപ്പോഴും അല്‍പ്പം കേറ്റിയാവും ഉടുത്തിരിക്കുന്നത്. അണ്ടര്‍വെയറിന്റെ കീഴറ്റം നല്ലപോലെ പുറത്ത് കാണാവുന്ന പരുവത്തില്‍….ഷര്‍ട്ടിടുന്ന പതിവില്ല….ചുവന്ന ബനിയന്‍…പരുക്കന്‍ മുഖഭാവം…മീശ അല്‍പ്പം കൊമ്പനാണ്…അത് ഞാന്‍ ജനിച്ചപ്പോള്‍ മുതല്‍ അങ്ങിനാണെന്നു അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്……ഞാനായിട്ടതു മാറ്റാന്‍ പോയില്ലെന്നു മാത്രം…

പീടികയിലേക്ക് പോണവഴി തിലകനും റായിയിം കൂടി…. മനസ്സിലായില്ലേ…? നമ്മുടെ ബാലാഗംഗാധരതിലകനും ലാലാലജപത്‌റായിയും കൂടി ചായകുടിച്ചിട്ടു എതിരെ വന്ന്! എന്നെ കണ്ടു ഒച്ഛാനിച്ചു, എനിക്ക് വണക്കം പറഞ്ഞു….

എന്താടേ…തിലകാ സുഖമല്ലേ…?…… എന്തെങ്കിലും ചോദിച്ചില്ലെങ്കില്‍ പിള്ളേര്‍ക്ക് സങ്കടമാകുമല്ലോ എന്ന് കരുതി ഞാന്‍ ഗൌരവത്തോടെ ചോദിച്ചു. ചോദിക്കേണ്ട താമസം പിള്ളേര് രണ്ടു പേരും കൂടി പൊട്ടികരഞ്ഞുകൊണ്ട് എന്നോട് പറഞ്ഞു…

‘അണ്ണാ…ദോണ്ടെ…ദോ ആ കടയിലിരിക്കുന്ന ബ്രിട്ടീഷ്പുല്ലന്മാര്‍ ഞങ്ങളെ അധിക്ഷേപിച്ചു അണ്ണാ…..ഇന്ത്യന്‍ പട്ടികളെ എന്ന് വിളിച്ചു അണ്ണാ….കൂടാതെ ഞങ്ങളുടെ താടിക്കും തട്ടി….’ പിള്ളേര് നിന്ന് കരയുകയാണ്…എന്ത് ചെയ്യും……

ഛെ…ഇന്ന് ഇവന്മാര്‍ പണിയുണ്ടാക്കുമല്ലോ….വിഷയത്തില്‍ ഇടപെടാതെ പറ്റുമോ..? സ്വന്തം കാര്യമാണെങ്കില്‍ പോട്ടെന്നു വയ്ക്കാമായിരുന്നു. ഇതു ഇന്ത്യേടെ കാര്യമായി പോയില്ലേ……

ഞാന്‍ കടയിലേക്ക് നോക്കി. ഒരു കേണലും ഒരു മേജറും അഞ്ചാറു പട്ടാളക്കാരും കൂടിയിരുന്നു മുറുക്കുകയാണ്….ഞാനങ്ങോട്ടു ചെന്നു…..ചെല്ലേണ്ട താമസം…എല്ലാവരും എന്നെ കണ്ടു എണീറ്റു നിന്ന് വണങ്ങി.

‘ഏതു പുല്ലനാടാ പിള്ളേരോട് വഴക്കുണ്ടാക്കിയത്…?’ ഞാന്‍ തട്ടിക്കയറി.

‘അത് പിന്നെ ഞാനല്ല അണ്ണാ…ഈ മേജറാ’ കേണല്‍ പേടിച്ചരണ്ട് മേജറെ തൊട്ടു കാണിച്ചു.

‘കള്ളനായിന്റെ മോനെ…ഇന്ത്യാക്കാര്‍ക്കിട്ടു ചോറിയാറായോടാ….’ ഞാന്‍ ആ ബടകൂസ് മേജറിന്റെ തലപിടിച്ച് എന്റെ കക്ഷത്തിലിറുക്കി അദ്രൂമാന്റെ പാക്ക് വെട്ടുന്ന കത്തിയെടുത്ത് അവന്റെ പള്ളയ്ക്കിട്ടൊരു കേറ്റു കേറ്റി. അല്ലപിന്നെ….ക്ഷമിക്കുന്നതിനും ഒരതിരില്ലേ…?

പിന്നെയൊരു ബഹളമായിരുന്നു…പിള്ളേരും ബാക്കിയുള്ള പട്ടാളക്കാരും ജീവനും കൊണ്ടോടി….. പിള്ളേര്‍ക്ക് ഓടാതിരിക്കാന്‍ പറ്റില്ലല്ലോ.. പിറ്റേന്ന് അവര്‍ക്ക് കിറ്റ്ഇന്ത്യയ്ക്ക് പോകേണ്ടതല്ലേ…?

ഞാനും അവിടെ നിന്നില്ല…പതുക്കെ മുങ്ങി. അന്നാ മേജറിന്റെ കയ്യില്‍ നിന്ന് പിടിച്ചെടുത്ത തോക്ക് ഇപ്പോഴും എന്റെ വീടിന്റെ ഭിത്തിയില്‍ ഞാന്‍ അലങ്കരിച്ചു വച്ചിട്ടുണ്ടെന്നത് വേറെ കാര്യം. (പിന്നെ ആര്‍ക്കെങ്കിലും ക്യാപ്ടന്‍ ഡിലനായിയെ ഓര്‍മ്മ വന്നെങ്കില്‍ അത് തികച്ചും യാദൃശ്ചികം മാത്രം).

പിന്നെ ഒരാഴ്ച ഞാന്‍ ഒളിവിലായിരുന്നു….എന്നെ തപ്പി നടന്നു അവന്മാരുടെ അണ്ഡം കീറി എന്ന് പറയുന്നതാകും ശരി. ഒടുവില്‍ എനിക്ക് തന്നെ അവന്മാരെയോര്‍ത്ത് കഷ്ടം തോന്നി. കീഴടങ്ങാന്‍ ഞാന്‍ അര മനസു കാട്ടി. പത്തെഴുനൂറ്റംപതോളം പട്ടാളക്കാര്‍ ചേര്‍ന്നാണ് ഒടുവില്‍ എന്നെ കീഴടക്കിയതെന്നു മാത്രം…

അങ്ങനെ ഞാന്‍ മഹത്തായ സ്വതന്ത്രസമരത്തില്‍ പങ്കെടുത്തതിനു ജയിലിലായി….ജയിലില്‍ എനിക്ക് പരിപൂര്‍ണ്ണ സ്വാതന്ത്രമായിരുന്നെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ…

‘അണ്ണാ അണ്ണനെ ഞങ്ങള്‍ പൂട്ടിയിടുന്നില്ല…പക്ഷെ ഒരു കണ്ടീഷന്‍…മതിലിനു വെളീല്‍ പോകരുതേ….ഞങ്ങടെ പണി പാപ്പനംകോട്ടിരിക്കും..അതോണ്ട….’ ജയില്‍ ഐ.ജി. എന്റടുത്ത് വന്നു കെഞ്ചി.

‘ഓക്കേടോ…താന്‍ പേടിക്കണ്ട ‘….ഞാന്‍ അയാളെ സമാധാനിപ്പിച്ചു.

രണ്ടു ദിവസം കഴിഞ്ഞു, ഒന്ന് ബാത്രൂമില്‍ പോകാമെന്ന് കരുതി…ഐ.ജി യുടെ ഓഫീസിലെ ടോയിലെറ്റിലേക്ക് പോകുന്ന വഴി ഒരു പോലീസുകാരന്‍ ഒരു പുതിയ പ്രതിയെയും കൊണ്ട് വരുന്നതു കണ്ടു. പ്രതിക്ക് നല്ല പ്രായമുണ്ടായിരുന്നു. പോലീസ്സുകാരന്‍ അയാളുടെ കഴുത്തിനു കുത്തിപ്പിടിച്ചു കൊണ്ടുവരുന്നതിനിടയില്‍ ഇടയ്ക്ക് എന്റെ മുന്‍പിലേക്ക് ആഞ്ഞുതള്ളി. ഒരു വയസ്സനല്ലേ എന്ന് കരുതി ഞാന്‍ അയാളെ വീഴാതെ ഒറ്റക്കയ്യില്‍ താങ്ങി. ദേഷ്യത്തില്‍ പോലീസുകാരനെ ഒന്ന് നോക്കി.

‘എന്താടോ ഒരു പ്രായമുള്ള ആളല്ലേ…ഒരു മര്യാദ ഒക്കെ ആയിക്കൂടെ..?’ ഞാന്‍ പോലീസുകാരനോട് അല്‍പ്പം ദേഷ്യപ്പെട്ടു.

‘ശരി അണ്ണാ ഇനി അങ്ങനെ ചെയ്യില്ല…’ പോലീസുകാരന്‍ ‘അവതാ’ പറഞ്ഞു.

‘ശരി താന്‍ പൊയ്‌ക്കോ….ഞാന്‍ പേരപ്പനെ സെല്ലിലാക്കിക്കോളാം …’ പോലീസുകാരന്‍ പോയി.

‘പേരപ്പാ പേരപ്പന് വല്ലതും പറ്റിയോ..? ഞാന്‍ അയാളോട് ചോദിച്ചു.

‘ഇല്ല മോനെ…’ അയാള്‍ ഇടറുന്ന ശബ്ധത്തില്‍ പറഞ്ഞു.

‘പേരപ്പന്റെ വീടെവിടാ..?’

‘ഗുജറാത്തിലാ…’ പാട് പെട്ട് അയാള്‍ എനിക്ക് മറുപടി തന്നു കൊണ്ടിരുന്നു…

‘എന്താ വകുപ്പ്..? കത്തിക്കുത്തോ ബലാല്‍സംഗമോ….?’

‘സ്വാതന്ത്രസമരം…’

‘അതുശരി…..ഞാനും അതാ വകുപ്പ്… എന്താ പേരപ്പന്റെ പേര്..?’

‘മോഹന്‍ദാസ് കരംചന്ദ് ഗാന്ധി…’

‘ആര് നമ്മുടെ ഗാന്ധിജിയോ…? എന്റെ പൊന്നാശാനെ…എന്നാ നേരത്തെ പറയണ്ടേ…..ആ പൊലീസുകാരന്റെ ‘പെട്ടയ്ക്കിട്ടു’ ഞാനൊരെണ്ണം വച്ചുകൊടുത്തെനെയല്ലോ….ആ പോട്ടെ…ഇനി കാണുമ്പോഴാകട്ടെ അല്ലെ…? ‘

ഞങ്ങളിരുവരും പൊട്ടിച്ചിരിച്ചു. പുള്ളിയെനിക്ക് കൈ നീട്ടി. ഞാന്‍ പിടിച്ചു കുലുക്കി,ഞെക്കി…..!

അങ്ങനെ ഞങ്ങള്‍ വല്യ കൂട്ടായി എന്ന് പറഞ്ഞാ മതീല്ലോ…..

എങ്ങനുണ്ട് ഈ അനുഭവം…? ഫെയിസ്ബുക്കില്‍ ഇപ്പോ കുത്തിക്കുറിക്കുന്ന ഏതെങ്കിലും ഒരുത്തനുണ്ടോ എടുത്തു പറയാന്‍ ഇങ്ങനത്തെ ഒരു അനുഭവം…? ഇതൊന്നും എന്തേ ഇത്ര കാലമായിട്ടും പുറത്ത് പറഞ്ഞില്ല എന്ന് നിങ്ങള്‍ ചോദിച്ചേക്കാം…ഉത്തരം സിമ്പിള്‍…..

എളിമ….! എന്റെ എളിമ….!!

ഇതൊക്കെ ചുമ്മാ എന്ത്…! (പിന്നെ സ്വാതന്ത്ര്യസമര പെന്‍ഷനോടും താല്‍പ്പര്യമില്ലെന്ന് കൂട്ടിക്കോ)

ഇപ്പോ ഫെയിസ്ബുക്കിലോക്കെ ഉള്ള ചില ചുണ്ണിപിള്ളാരെപോലെ എല്ലാം വിളിച്ചു പറഞ്ഞോണ്ട് നടക്കുന്ന സ്വഭാവം എനിക്ക് പണ്ടേ ഇല്ല…..വീട്ടില്‍ ആട് കാട്ടമിട്ടാല്‍ ഉടനെ ഫെയിസ്ബുക്കില്‍ സ്റ്റാറ്റസിടുന്ന പരിപാടിയോടും യോജിപ്പില്ല…അത്രതന്നെ..!

എന്റെ ജീവിതത്തിലെ ഈ കൊച്ചു സംഭവം നിങ്ങള്‍ക്കിഷ്ടമായിക്കാണും എന്ന് വിശ്വസിക്കുന്നു…ഇനിയും ഒരുപാടുണ്ട്…..ഓരോന്നോരോന്നു പറയാം എന്ന് വാക്ക് തരുന്നു…..ഓക്കേ തല്ക്കാലം ബൈ……..!