Share The Article

01

പണ്ട് മനുഷ്യര്‍ക്ക്‌ ആശയ വിനിമയ  മാര്‍ഗ്ഗങ്ങള്‍ വളരെ  പരിമിതങ്ങള്‍ ആയിരുന്നു. എന്നാല്‍ അന്നത്തെ പോലെ  കത്തെഴുതി കാത്തിരുന്ന കാലം ഇന്ന് കഴിഞ്ഞു. പരസ്പരം ബന്ധപ്പെടാന്‍ ഇന്ന് നിമിഷങ്ങള്‍ മതി. വന്‍കരകള്‍ താണ്ടി മനുഷ്യ മനസ്സുകള്‍ ഇന്ന് അനുസ്യൂതം സംവദിക്കുന്നു . സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍ ഇക്കാര്യത്തില്‍ വഹിക്കുന്ന പങ്ക് വളരെ പ്രാധാന്യമുള്ളത് തന്നെ . ഇതില്‍ പ്രധാനിയാണ്  ഫേസ്ബുക്ക് . ഈ നൂറ്റാണ്ടിലെ ഒരു അത്ഭുത പ്രതിഭാസമായി മാറിയിരിക്കുന്നു ഫേസ്ബുക്ക് എന്ന മാന്ത്രിക ലോകം. നാമെല്ലാം അതില്‍ അംഗങ്ങളാണ് . നമ്മളില്‍ പലരും ദിവസത്തിന്റെ ഭൂരിഭാഗം സമയവും അവിടെ ചിലവിടുകയും ചെയ്യുന്നു. അങ്ങിനെ ചെയ്യുമ്പോള്‍ നാമറിയാതെ നമ്മുടെ വ്യക്തിത്വത്തിന്റെ കൈവിരല്‍ പാടുകളും നമ്മള്‍ അവിടെ അവശേഷിപ്പിക്കുന്നു.

ഫേസ്ബുക്കില്‍ ഒരാള്‍  ചെയ്യുന്ന കാര്യങ്ങള്‍ വളരെ സൂഷ്മമായി മറ്റു പലരും നിരീക്ഷിക്കുന്നുണ്ടാവാം. ആളുകളുടെ മനസ്സിന്റെ കണ്ണാടിയായി ഫെസ്ബുക്കിനെ  ഇന്ന് മനശ്ശാസ്ത്ര ലോകം കണക്കാക്കുവാന്‍ തുടങ്ങിയിരിക്കുന്നു. ഇതിനെ ആസ്പദമാക്കി അനേകം പഠനങ്ങള്‍ ഇന്ന് നടന്നു കഴിഞ്ഞിരിക്കുന്നു. മനുഷ്യ വ്യക്തിത്വത്തിന്റെ എല്ലാ രൂപ ഭാവങ്ങളും നമ്മള്‍ അറിയാതെ തന്നെ അവിടെ പ്രകടിപ്പിക്കുന്നത് കൊണ്ടാവാം ഫേസ് ബുക്കിനെ ശാസ്ത്ര ലോകം ഇന്ന്  മുഖവിലക്കെടുക്കുവാന്‍ തുടങ്ങിയിരിക്കുന്നത്.

ജോലി കിട്ടാനുള്ള സാധ്യത

ജോലി  ലഭിക്കാനുള്ള സാധ്യതയും ഒരാളുടെ ഫേസ് ബുക്കിലെ പ്രവര്‍ത്തികളും തമ്മില്‍ വളരെയേറെ ബന്ധമുണ്ട്. അനേകം റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ ഇന്ന് ജോലിക്കായി അപേക്ഷിക്കുന്നവരുടെ ഫേസ് ബുക്ക് പ്രൊഫൈല്‍ നോക്കാറുണ്ട് . ജോലി ചെയ്യുവാനുള്ള യോഗ്യത വെറും പത്തു മിനിട്ടുകൊണ്ട് ഫേസ് ബുക്കില്‍ നോക്കിയാല്‍ മനസ്സിലാക്കാം എന്നാണ്‌ പല ജോലി ദാതാക്കളും ഇന്ന് കരുതുന്നത് . ഒരാള്‍ക്ക് ഒരു ജോലി നല്ലതുപോലെ ചെയ്യുവാന്‍ കഴിയുമോ എന്ന് അയാളുടെ ഫേസ് ബുക്ക് പ്രൊഫൈല്‍ നമ്മോടു പറയും.  മതം , രാഷ്ട്രീയ ചിന്താഗതി തുടങ്ങിയ കാര്യങ്ങള്‍ ചിലപ്പോള്‍ ജോലിക്കായുള്ള ഇന്റര്‍വ്യൂ നടക്കുമ്പോള്‍ ജോലി ദാതാക്കള്‍ക്ക് ഒരാളോട് ചോദിക്കുവാന്‍ കഴിഞ്ഞു എന്ന് വരില്ല. എന്നാല്‍ ഈ വിവരങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ പലരുടെയും അക്കൌണ്ടുകളില്‍ നിന്നും എളുപ്പത്തില്‍ മനസ്സിലാക്കുവാന്‍ കഴിയും.

അന്യരുമായി ഇടപെടാനുള്ള കഴിവ്

ഒരാളുടെ പ്രൊഫൈലില്‍ സുഹൃത്തുക്കളുടെ എണ്ണം , അവരുമായുള്ള സംവേദന രീതി തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ അയാള്‍ക്ക്‌ എങ്ങിനെ മറ്റുള്ളവരുമായി ഇടപെടുവാന്‍ കഴിയും എന്ന് മനസ്സിലാക്കാം. സമൂഹത്തിലെ ഉത്തരവാദിത്വമുള്ള അംഗം എന്ന നിലയില്‍ അയാളുടെ പ്രവര്‍ത്തി മേഖലകളും അവിടെ വ്യക്തമായി വരച്ചു ചേര്‍ക്കപ്പെടും. പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനും മറ്റുള്ളവരുമായി ക്രിയാത്മകമായി പ്രതികരിക്കുന്നതിനും ഈ മീഡിയം ഉപയോഗിക്കുന്നവരെ പ്രത്യേകമായി തിരിച്ചറിയുവാനും കഴിയും.

വ്യക്തിത്വത്തിന്റെ വിവിധ മുഖങ്ങള്‍

ഒരു വ്യക്തിയുടെ വ്യക്തിത്വത്തിന്റെ വിവിധ മുഖങ്ങള്‍ ഫേസ്ബുക്കില്‍ അനാവരണം ചെയ്യപ്പെടുന്നു എന്നാണ്‌ പഠനങ്ങള്‍ പറയുന്നത്. അച്ചടക്ക ബോധം , സാമൂഹ്യ പ്രതിബദ്ധത തുടങ്ങിയ കാര്യങ്ങള്‍ ഫേസ് ബുക്ക് പോസ്റ്റുകളിലൂടെ മനസ്സിലാക്കാം എന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. മനുഷ്യരിലെ വ്യക്തി വൈകല്യങ്ങള്‍ ഉള്ളവരെ അവരുടെ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ  തിരിച്ചറിയുവാന്‍ കഴിയും.

ഫേസ് ബുക്കില്‍ വഴക്കുണ്ടാക്കുന്നവര്‍

പണ്ട് നമ്മളില്‍ പലര്‍ക്കും നേരിട്ട് വഴക്കുണ്ടാക്കുവാന്‍ മാത്രമേ കഴിയുമായിരുന്നുള്ളൂ. ഇന്ന് അത് ഫേസ് ബുക്കിലൂടെ സാധ്യമാണ്. ഒരു വ്യക്തി തന്റെ വ്യക്തിത്വത്തിനനുസരിച്ച് പലവിധ സംവാദങ്ങളില്‍ ഏര്‍പ്പെടുന്നത് നിരീക്ഷിച്ചാല്‍ അയാളുടെ സ്വഭാവത്തിന്റെ ഒരേകദേശ രൂപം ഫേസ് ബുക്കില്‍ നിന്നും ലഭ്യമാകും . അനാവശ്യമായി ആളുകളെ കുറ്റപ്പെടുത്തല്‍, മനുഷ്യത്വം കൈവിട്ടുള്ള അപവാദ പ്രചരണം, മറ്റുള്ളവരെ കരിതേച്ചു കാണിക്കാന്‍ മടിയില്ലാത്ത പ്രവണത, അന്യന്റെ വികാരങ്ങളെ മനസ്സിലാക്കുവാനുള്ള കഴിവില്ലായ്മ തുടങ്ങിയവ വ്യക്തി വൈകല്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. ഇത്തരത്തിലുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ പലപ്പോഴും തങ്ങളുടെ വ്യക്തിത്വത്തെപ്പറ്റി മറ്റുള്ളവര്‍ എന്ത് കരുതും എന്ന് മനസ്സിലാക്കുന്നില്ല. പലപ്പോഴും തങ്ങളുടെ പ്രവൃത്തികള്‍  കൊണ്ട് തന്നെ ഇവര്‍ക്ക് കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ക്ക് വിധേയരാകേണ്ടതായും വന്നേക്കാം.

മാനസിക രോഗങ്ങളുണ്ടാകാനുള്ള സാധ്യത

ഫേസ് ബുക്കിലൂടെ തിക്തമായ അനുഭവങ്ങള്‍ ഉണ്ടാവുക വഴി വിഷാദ രോഗങ്ങള്‍ക്ക് അടിമപ്പെടുന്നവരുടെ എണ്ണം കൂടുന്നതായി പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നു. ഫേസ്ബുക്ക് വഴി ആത്മഹത്യാ പ്രവണത കൂടുന്നതായും കരുതപ്പെടുന്നുണ്ട്.

ഫേസ്‌ബുക്കും വ്യക്തിത്വവും ഒരു പഠനം : ഇവിടെ ക്ലിക്ക് ചെയ്തു വായിക്കുക