BuxSwLAIUAA2LTn

ഇക്കഴിഞ്ഞ ദിവസം മുതല്‍ തങ്ങളുടെ മൊബൈല്‍ മെസേജിംഗ് ആപ്ലിക്കേഷന്‍ ആയ മെസ്സഞ്ചര്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ വേണ്ടി യൂസര്‍മാരെ നിര്‍ബന്ധിക്കുന്ന ഫേസ്ബുക്കിനെതിരെ പുതിയ ആപ്പ് യൂസര്‍മാരുടെ സ്വകാര്യതയില്‍ കടന്നു കയറുന്നു എന്ന ആരോപണവുമായി ഒരു വിദേശ മാധ്യമത്തില്‍ വന്ന ബ്ലോഗാണ് ഈ കുറിപ്പിന് ആധാരം. അത് ഇന്‍സ്റ്റോള്‍ ചെയ്യുന്നവരുടെ മൊബൈലില്‍ നേരിട്ട് കടന്നു കയറാന്‍ അത് ഫേസ്ബുക്കിനെ സഹായിക്കുന്നു എന്ന നിലയിലാണ് ആ ബ്ലോഗെഴുതിയ വ്യക്തി ആരോപണം ഉന്നയിച്ചിരുന്നത്.

വൈറലായി മാറിയ ആ ബ്ലോഗ്‌ പോസ്റ്റില്‍ തന്നെ ഫേസ്ബുക്കിന് യൂസര്‍മാരുടെ മൊബൈലില്‍ അവരുടെ അനുവാദം കൂടാതെ അതിലെ അഡ്രെസ്സ് ബുക്കില്‍ ഉള്ള മറ്റൊരാളെ കാള്‍ ചെയ്യാന്‍ സാധിക്കും എന്ന നിലക്കും അതില്‍ ആരോപണം വന്നിരുന്നു. അത് പോലെ ഫേസ്ബുക്കിന് നമ്മുടെ ഫോണില്‍ നിന്നും നമ്മളറിയാതെ മെസേജ് അയക്കുവാനും അത് വഴി സാധിക്കും എന്നും ആ പോസ്റ്റില്‍ അതെഴുതിയ കക്ഷി അടിച്ചു വിട്ടിരുന്നു.

സത്യത്തില്‍ ഫേസ്ബുക്കിന്റെ ഒഫീഷ്യല്‍ ആപ്പിനെക്കാളോ അല്ലെങ്കില്‍ അത് പോലുള്ള മറ്റേതെങ്കിലും അത് പോലെയുള്ള ആപ്ലിക്കേഷനെക്കാളോ നമ്മുടെ സ്വകാര്യതയില്‍ കടന്നു കയറിയ ചരിത്രം ഈ ആപ്ലിക്കേഷനില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇങ്ങനെ ഒരു അപവാദ പ്രചരണം വന്നത് തന്നെ മെസ്സഞ്ചര്‍ ആപ്പ് ആന്‍ഡ്രോയിഡ് മൊബൈലുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തുടക്കത്തില്‍ കാണിക്കുന്ന പെര്‍മിഷന്‍ പേജ് കാരണമാണ്. ഫോണിലെ ക്യാമറയും മൈക്രോഫോണും കോണ്ടാക്റ്റ് ലിസ്റ്റും ലൊക്കേഷനും എസ്എംഎസ്സും ഫോട്ടോകളും വീഡിയോകളും മറ്റും ആക്സസ് ചെയ്യാനുള്ള പെര്‍മിഷന്‍ മറ്റു ആപ്പുകളുടെ കാര്യത്തില്‍ ചോദിക്കുന്നത് പോലെ തന്നെ ഇതിലും ചോദിക്കുന്നു എന്നെ ഉള്ളൂ എന്നതാണ് സത്യം.

ഇനി ഈ ആപ്പിനെ കുറിച്ച് പറക്കുന്ന മിഥ്യകളും യഥാര്‍ത്ഥ സത്യങ്ങളും വിലയിരുത്തുകയാണ് ചുവടെ.

മിഥ്യ: നിങ്ങളുടെ ഫേസ്ബുക്ക് ഫ്രെണ്ടിന് ഇനിയൊരു മെസേജ് അയക്കണമെങ്കില്‍ ഇനി മുതല്‍ മെസ്സഞ്ചര്‍ ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്ത് ഉപയോഗിക്കേണ്ടി വരും.

യാഥാര്‍ത്ഥ്യം: നിങ്ങളൊരു ഫേസ്ബുക്ക് മൊബൈല്‍ ആപ്പാണ് ഉപയോഗിക്കുന്നതെങ്കില്‍ ഇത് സത്യമാണ്. എന്നാല്‍ ഡെസ്ക്ടോപ്പിലും ലാപ്ടോപിലും ഐപാഡിലും എന്തിനേറെ ഫേസ്ബുക്ക് മൊബൈല്‍ വെബ്സൈറ്റിലും നിങ്ങള്‍ക്ക് പഴയ പോലെ ചാറ്റിംഗ് നടത്താം.

മിഥ്യ: ഫേസ്ബുക്ക് മെസ്സഞ്ചര്‍ ആപ്പിന്റെ ടേംസ് ഓഫ് സര്‍വീസ് ഫേസ്ബുക്കിന്റെ ഒഫീഷ്യല്‍ ആപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ വ്യത്യസ്തവും യൂസറുടെ സ്വകാര്യതയില്‍ അനാവശ്യമായി വലിഞ്ഞു കയറാന്‍ ശ്രമിക്കുന്നതും ആണ്.

യാഥാര്‍ത്ഥ്യം: ഫേസ്ബുക്ക് മെസ്സഞ്ചര്‍ ആപ്പിന്റെ ടേംസ് ഓഫ് സര്‍വീസ് ഫേസ്ബുക്കിന്റെ ഒഫീഷ്യല്‍ ആപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ യാതൊരു വ്യത്യാസവും ഇല്ല തന്നെ. ഫേസ്ബുക്കിന്റെ തന്നെ മറ്റു ആപ്പുകളുടെയും ടേംസ് ഓഫ് സര്‍വീസും വ്യത്യസ്തമല്ല. മെയിന്‍ ഫേസ്ബുക്ക് ആപ്പിന്റെ ടേംസ് ഓഫ് സര്‍വീസ് ഇവിടെ വായിക്കാം. സത്യത്തില്‍ ഉപഭോക്താക്കളെ ഭയപ്പെടുത്തുന്നത് ഫേസ്ബുക്ക് മെസ്സഞ്ചര്‍ ആപ്പ് ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍ പൊങ്ങി വരുന്ന നീണ്ടു കിടക്കുന്ന പെര്‍മിഷന്‍ ചോദിച്ചു കൊണ്ടുള്ള ലിസ്റ്റാണ്. ആ ലിസ്റ്റ് കാണുമ്പോള്‍ ആരും പേടിച്ചു പോകുമെന്ന് ഉറപ്പാണ്. എന്നാല്‍ ഈ കാര്യങ്ങളില്‍ എല്ലാം മറ്റു മൊബൈല്‍ ആപ്പുകളും വ്യത്യസ്തമല്ല എന്നതാണ് സത്യം. ഐഫോണിലാകട്ടെ, ഈ ലിസ്റ്റ് പൊങ്ങി വരാത്തത് കൊണ്ട് ആളുകള്‍ ധൈര്യമായി അത് ഇന്‍സ്റ്റോള്‍ ചെയ്യുകയും ചെയ്യും. പിന്നെ ആപ്പിന്റെ ഓരോ ഭാഗങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ആയിരിക്കും പെര്‍മിഷന്‍ ചോദിച്ചു കൊണ്ട് ഓരോ പോപ്പപ്പ് പൊങ്ങി വരിക. ഫേസ്ബുക്ക് മെസ്സഞ്ചറിന്റെ പെര്‍മിഷന്‍ ലിസ്റ്റ് ഈ ലിങ്കില്‍ പോയാല്‍ കാണാനാകും.

മിഥ്യ: ഫേസ്ബുക്ക് മെസ്സഞ്ചര്‍ ആപ്പ് നിങ്ങളുടെ ഫോണിന്റെ മൈക്രോഫോണ്‍ ഉപയോഗിച്ച് നിങ്ങളെ റെക്കോര്‍ഡ്‌ ചെയ്യും.

യാഥാര്‍ത്ഥ്യം: ഈ ആപ്പിനു നിങ്ങളുടെ മൈക്രോഫോണും ക്യാമറയും ഉപയോഗിക്കുവാന്‍ വേണ്ട പെര്‍മിഷന്‍ ആവശ്യമാണ്‌ എന്നത് നേര് തന്നെ. എന്നാല്‍ അതെന്തിനാണ് എന്നും കൂടി അറിയേണ്ടേ? വോയിസ്‌ കാള്‍ ചെയ്യാന്‍ മൈക്രോഫോണ്‍ ആവശ്യമാണ്‌. അത് പോലെ തന്നെ ചിത്രങ്ങള്‍ അയക്കുവാനും മറ്റും ക്യാമറ പെര്‍മിഷനും ആവശ്യമാണ്‌.

മിഥ്യ: നിങ്ങളുടെ അനുവാദം കൂടാതെ ഈ ആപ്പ് നിങ്ങളുടെ ഫോണില്‍ നിന്നും മെസേജ് അയച്ചു കളയും.

യാഥാര്‍ത്ഥ്യം: ഫേസ്ബുക്കിന് നിങ്ങളുടെ മെസേജ് എഡിറ്റ്‌ ചെയ്യാനും സ്വീകരിക്കുവാനും വായിക്കുവാനും അയക്കുവാനും ഉള്ള പെര്‍മിഷന്‍ ആവശ്യമാണ്‌ എന്നത് നേര് തന്നെ. എന്നാല്‍ അതെന്തിനാണെന്നോ ? നിങ്ങളുടെ മെസ്സഞ്ചര്‍ ആപ്പില്‍ നിങ്ങളുടെ ഫോണ്‍ നമ്പര്‍ ആഡ് ചെയ്യണം എന്നുണ്ടെങ്കില്‍ അതിനു ഒരു എസ്എംഎസ് അയക്കുകയും സ്വീകരിക്കുകയും ചെയ്യണം. ഫേസ്ബുക്ക് നിങ്ങള്‍ക്ക് അയക്കുന്ന ഒരു കണ്‍ഫര്‍മേഷന്‍ കോഡ് ഉപയോഗിച്ച് അത് വെരിഫൈ ചെയ്യുകയും വേണം. അത്തരം ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ആ പെര്‍മിഷന്‍ ചോദിക്കല്‍.

മിഥ്യ: ഈ ആപ്പ് പുതിയതല്ലേ

യാഥാര്‍ത്ഥ്യം: 2011 മുതലേ ഈ ആപ്പ് നിലവിലുണ്ട്. ഇക്കഴിഞ്ഞ ഏപ്രില്‍ മുതല്‍ യൂറോപ്പ് യൂസര്‍മാര്‍ക്കിടയില്‍ ചാറ്റ് ചെയ്യണം എങ്കില്‍ അത് ഇന്‍സ്റ്റോള്‍ ചെയ്യല്‍ നിര്‍ബന്ധമാക്കിയ ഫേസ്ബുക്ക് ഇപ്പോള്‍ നമുക്കിടയിലേക്ക് അതെ കാര്യം പറഞ്ഞു വരികയാണ് ഉണ്ടായത്. രണ്ടാഴ്ച മുന്‍പാണ് ഫേസ്ബുക്ക് അക്കാര്യം ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിര്‍ബന്ധമാക്കിയത്.

അത് കൊണ്ട് ഇനി മുതല്‍ എങ്കിലും അബന്ധം പ്രചരിപ്പിക്കാതിരിക്കുക.