ഫേസ്ബുക്ക് വരുത്തിയ വിന..

റൂമില്‍ വെറുതെ ഇരിക്കുകയല്ലേ എന്ന് കരുതിയാണ് ജലീല്‍ ഭായിക്ക് ഫേസ്ബുക്ക് എന്ന അത്ഭുത ലോകത്തെക്കുറിച്ച് പറഞ്ഞു കൊടുത്തത്. പുള്ളിക്ക് ഒരു അക്കൌണ്ട് ഉണ്ടാക്കികൊടുത്താല്‍ അതിന്റെ നന്ദിയായി ഞാനിടുന്ന ഏതു പോസ്റ്റിനും ഒരു ലൈക് കിട്ടുമല്ലോ എന്ന ഒരു അതി മോഹം കൂടി ഉണ്ടായിരുന്നു. സദ്യക്ക് ക്ഷണിക്കുമ്പോള്‍ വേണ്ട എന്ന് പറയുമ്പോലെ ആദ്യമൊക്കെ ഫോര്മാലിറ്റി കാണിച്ചെങ്കിലും ഫേസ്ബുക്ക് നോക്കി ഊറിച്ചിരിക്കുന്ന എന്നെക്കണ്ടപ്പോള്‍ പുള്ളിയും വന്നു തലയിട്ടു നോക്കി.

കുഞ്ഞാലിക്കുട്ടിയുടെ മുഖം ഐസ്‌ക്രീം രൂപത്തില്‍ ചില തരുണീമണികള്‍ നക്കുന്ന ഫോട്ടോ കണ്ടപ്പോള്‍ ലീഗ് വിരോധിയായ പുള്ളിക്ക് ഈ ഫേസ്ബുക്ക് നന്നേ ബോധിച്ചു. കുഞ്ഞാലിക്കുട്ടി മാത്രമല്ല മറ്റ് രാഷ്ട്രീയ നേതാക്കന്മാരും ഫേസ്ബുക്കില്‍ താരങ്ങള്‍ ആണെന്ന കാര്യം ഈ മുതുക്കനുണ്ടോ അറിയുന്നു. എന്തായാലും ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിക്കൊടുക്കാന്‍ പിന്നെ എന്റെ പിന്നാലെ നടപ്പായി ഈ മഹാന്‍. ആദ്യമൊക്കെ, ലോകത്തെ ഏറ്റവും വലിയ ജോലി തങ്ങളുടേതെന്ന് ചിന്തിക്കുന്ന സര്ക്കാര്‍ ഉദ്യോഗസ്ഥരെ പോലെ ഞാനും കുറെ ഗമ കാട്ടി. പിന്നെ പാവമല്ലേ അഞ്ചു കാശ് ചിലവില്ലാത്ത കാര്യമല്ലേ, ദുരുപയോഗം ചെയ്യാനുള്ള ബുദ്ധിയൊന്നും ഇല്ലാത്ത ആളല്ലേ എന്ന് കരുതി ഒരു അക്കൗണ്ട് ഉണ്ടാക്കിക്കൊടുത്തു.

ആദ്യം ഫോട്ടോ അപ്‌ലോഡ് ചെയ്ത് പ്രൊഫൈല്‍ പിക്ചര്‍ ആന്ഡ് കവര്‍ ഫോട്ടോ ആഡ് ചെയ്തു കൊടുത്തു. അയ്യോ, ഫോട്ടോയില്‍ റൂമിലെ ബെഡ് ആന്ഡ് ഫുഡ് കാണുന്നത് ശരിയല്ല എന്നും പറഞ്ഞ് പുള്ളി വീണ്ടും അലമ്പ്.

അങ്ങനെ ആദ്യമായി ഫേസ്ബുക്കില്‍ കയറി ജലീല്‍ തന്റെ സാന്നിധ്യം അറിയിക്കാന്‍ നാട്ടാരെയൊക്കെ സെര്ച്ച് ചെയ്യാന്‍ തുടങ്ങി. അതും ഞാന്‍ തന്നെ ചെയ്തു കൊടുക്കണം. കാരയില്‍ എന്ന തന്റെ വീട്ടു പേര് അടിച്ചിട്ട് കാര്യമൊന്നും ഇല്ലാതായപ്പോള്‍ ഉടന്‍ നാടിന്റെ പേരടിച്ചു നോക്കി. ദാ വരുന്നു ഒരു പട…

പണ്ട് മിഠായിക്ക് തല്ലു കൂടിയ പഹയനാണ് ഇവന്‍ എന്ന് പറയുന്ന കേട്ടപ്പോഴാണ് ഞാന്‍ ഒരു കാര്യം മനസ്സിലാക്കിയത്. ഫേസ്ബുക്ക് വെറുമൊരു സോഷ്യല്‍ നെറ്റ്‌വര്ക്ക് മാത്രമല്ല, നല്ല ഒരു ഡയറി പോലെ ഉപയോഗിക്കാവുന്ന ഒന്ന് കൂടിയാണ്. ഓര്മ്മകളുടെ ചെപ്പുകള്‍ തുറക്കുന്നത് പഴയ കൂട്ടുകാരെ കാണുമ്പോഴാണ്.

മമ്മൂട്ടിയുടെ ഫോട്ടോ ഉള്ള ഒരു പ്രൊഫൈല്‍ കണ്ട ഉടന്‍ ഇവന്‍ എന്റെ കൂടെ പഠിച്ചവനാണ് എന്നും പറഞ്ഞ് ചാടി വീണു. ഞാന്‍ ഉടന്‍ റിക്വസ്റ്റ് അയക്കുകയും ചെയ്തു.

അതെന്തിനാ റിക്വസ്റ്റ് അയച്ചത്?

ഹേയ് കൂടെ പഠിച്ച സഹപാഠി അല്ലേ..

ഞാന്‍ മമ്മൂട്ടിയെയാ ഉദ്ദേശിച്ചത്?

ഹോ…..അങ്ങനെ..തമാശയാണ് ഉദ്ദേശിച്ചത്..അല്ലേ..എനിക്ക് മനസ്സിലായില്ല.

ഒരു വിധം കൂട്ടുകാരെയും കുടുംബക്കാരെയും ഒക്കെ ഫ്രണ്ട് ലിസ്റ്റില്‍ ചേര്ത്ത് മുന്നേറുകയായിരുന്ന ജലീല്‍ ഭായ് ഒരു ദിവസം എന്നെ ഫോണ്‍ വിളിച്ചു.

എന്താ..?

അതേയ്, ഫ്രണ്ട് റിക്വസ്റ്റ് അയക്കാന്‍ പറ്റുന്നില്ല…എന്താ ചെയ്യാ…?

അതെന്തു പറ്റി..?

പാസ്‌വേഡ് ഒന്ന് മുതല്‍ ആറു വരെയാണെന്ന് ഉണ്ടാക്കിക്കൊടുത്ത എനിക്ക് അറിയാം. അത് മാറ്റാനുള്ള ബുദ്ധി അങ്ങേര്ക്കില്ലെന്നും അറിയാമായിരുന്നത് കൊണ്ട് ഞാന്‍ വേഗം എന്റെ കമ്പ്യൂട്ടറില്‍ നിന്നും അദ്ദേഹത്തിന്റെ ഐ ഡി തുറന്നു നോക്കി. ഫ്രണ്ട് റിക്വസ്റ്റ് പതിനാല് ദിവസത്തേക്ക് ബ്ലോക്ക് ചെയ്തിരിക്കുന്നു.

കാര്യം മനസ്സിലായി. ചിരിച്ചു നില്ക്കുന്ന പെണ്ണുങ്ങളുടെ ഫോട്ടോ ഉള്ള പ്രൊഫൈല്‍ എല്ലാം സജക്ഷന്‍ ബോക്സില്‍ ഇട്ടു കൊടുത്ത് സുക്കര്‍ മാമന്‍ ജലീല്‍ ഭായിയെ കെണിയില്‍ വീഴ്ത്തിയിരിക്കുകയാണ്. ആക്രാന്തം മൂത്ത് എല്ലാ പെണ്‍ പ്രൊഫൈലിനും ഫ്രണ്ട് റിക്വസ്റ്റ് അയച്ചു വിട്ട ജലീല്‍ ഭായ് ഇങ്ങനെയൊരു വെട്ടില്‍ വീഴുമെണ്ണ് പ്രതീക്ഷിച്ചിരുന്നില്ല. ഏതെങ്കിലും അവളുമാര്‍ ഇങ്ങനെയൊരു ആളെ അറിയില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തു കാണണം. ഇനി പതിനാലു ദിവസത്തേക്ക് ജലീല്‍ ഭായി ബിരിയാണിക്ക് മുന്നില്‍ പട്ടിണി കിടക്കുന്നവന്റെ അവസ്ഥയില്‍. വലതു സൈഡില്‍ പുഞ്ചിരിക്കുന്ന പെണ്കുട്ടികള്‍. ഫ്രണ്ട് റിക്വസ്റ്റ് അയച്ചാല്‍ ബ്ലോക് ചെയതെന്ന മെസ്സേജും.

ഞാന്‍ ഉടന്‍ തന്നെ തിരിച്ചു വിളിച്ചു കൊണ്ട് പറഞ്ഞു.

അതേയ്, ജലീല്‍ ഭായ്, നിങ്ങള്‍ കാണുന്നതും ചെയ്യുന്നതുമെല്ലാം ഫേസ്ബുക്ക് വീക്ഷിക്കുന്നുണ്ട്. അത് കൊണ്ട് പെണ്ണാണെന്ന് തോന്നുന്നതിനെല്ലാം റിക്വസ്റ്റ് അയയ്ക്കണ്ട. ഇനി റിക്വസ്റ്റ് അക്‌സപ്റ്റ് ചെയ്താല്‍ തന്നെ ചാറ്റ് ചെയ്ത് തല കുത്തി മറിയുകയും വേണ്ട. അത് പെണ്ണുങ്ങളുടെ ഫോട്ടോ വെച്ച വല്ല ഞരമ്പ് രോഗികളുമായിരിക്കും.

ആണുങ്ങള്‍ എന്തിനാണ് പെണ്ണുങ്ങളുടെ ഫോട്ടോ വെച്ച് ഐ ഡി ഉണ്ടാക്കുന്നത്?

മാഷെ, നിങ്ങള്ക്ക് മാത്രമേ വികാരവും വിചാരവും ഉള്ളൂ? അവര്ക്കുമുണ്ട് ഈ പറയുന്ന സാധനങ്ങളൊക്കെ.അവര്‍ പെണ്ണുങ്ങളുടെ വേഷം കെട്ടി പെണ്ണുങ്ങള്ക്കിടയില്‍ വിലസാന്‍ വേണ്ടിയാണ് ഈ ഫെയ്ക് ഐ ഡി കള്‍ ഉണ്ടാക്കുന്നത്. പിന്നെ നിങ്ങളെപ്പോലുള്ള ഞരമ്പ് രോഗികളെ ഹരം പിടിപ്പിച്ച് രസിക്കുക എന്നതും അവരുടെ ഹോബിയാണ്.അത് കൊണ്ട് പതിനാല് ദിവസത്തേക്ക് മാഷ് ഒന്നൊതുങ്ങി നില്ക്ക്.

പക്ഷെ, ജലീല്‍ ഭായിക്ക് ഒട്ടും ക്ഷമ ഇല്ലായിരുന്നു.

എനിക്ക് ഈ ഐ ഡി വേണ്ട, വേറെ ഐ ഡി ഉണ്ടാക്കിത്താ എന്നും പറഞ്ഞ് പിന്നാലെ കൂടി.

ഹെന്റംമ്മേ…ഇത് വല്ലാത്ത മാരണമായല്ലോ. ഫേസ്ബുക്ക് എന്താണെന്ന് അറിയാത്തവന് ഫേസ്ബുക്ക് പരിചയപ്പെടുത്തിയ എനിക്ക് ഇത് കിട്ടണം. ഏതായാലും കുടുങ്ങി. ഇനി തല വെച്ച് കൊടുക്കാം എന്ന് കരുതി വേറെ ഐ ഡി ഉണ്ടാക്കിക്കൊടുത്തു.

ഐ ഡി ഓപ്പണ്‍ ചെയ്തതും പുള്ളിക്ക് അടുത്ത സംശയം. സ്റ്റാറ്റസ് അപ്‌ഡേറ്റ് എഴുതി ഷെയര്‍ ചെയ്യാന്‍ ഉള്ള ബോക്‌സ് എന്തിനാണ് എന്നതാണ് ചോദ്യം.

സുഹൃത്തേ.. അവിടെ ഒന്നും എഴുതണ്ട. നിങ്ങള്ക്ക് ഒന്നും എഴുതാനില്ലല്ലോ. അത് കൊണ്ട് അത് വെറുതെ വിട്ടേക്ക്..
അല്ല, ഇവിടെ എന്തോ എഴുതാനുണ്ട്…എന്ന് മുറുമുറുത്ത് പുള്ളി പോയി.

അടുത്ത ദിവസം ഒരു ഫോണ്‌കോള്‍

നാസര്‍ ഭായ് ആ ഫോട്ടോ ഇട്ടതിന് ഞാന്‍ കമന്റ് ഇട്ടിട്ടുണ്ട്.

ഏതു ഫോട്ടോ?

ഞാന്‍ അറിയാതെ ചോദിച്ചു പോയി.

ഒരു കുട്ടിയുടെ ഫോട്ടോ ഇല്ലേ..

ഹോ അത് ഞാന്‍ ഇട്ടതല്ല. ഞാന്‍ ഷെയര്‍ ചെയ്തതെയുള്ളൂ.

എന്തായാലും ഞാന്‍ സൂപ്പര്‍ കമന്റ് ഇട്ടിട്ടുണ്ട്. വായിച്ചു നോക്ക്. ഒരു പാട് പേര്‍ എന്റെ കമന്റ് ലൈക്ക് ചെയ്തിട്ടുണ്ട്.

ഉവ്വോ..

ഞാന്‍ ആശ്ചര്യം പ്രകടിപ്പിച്ചു. പുള്ളിയെ നിരാശപ്പെടുത്തരുതല്ലോ..

കുട്ടികള്ക്ക് ചേരട്ടയും പാമ്പാണെന്ന് എങ്ങോ കേട്ട് പരിചയമുള്ളതിനാല്‍ ഞാന്‍ കമന്റ് കണ്ടെന്നും സൂപ്പര്‍ ആയിട്ടുണ്ടെന്നും കമ്മന്റ ടിക്കാനുള്ള താങ്കളുടെ കഴിവിനെ പ്രത്യേകം അഭിനന്ദിക്കുന്നു എന്നും പറഞ്ഞ് ഫോണ്‍ വെച്ചു.

അടുത്ത ദിവസം വീണ്ടും ഒരു ഫോണ്‍ വിളി.

എന്റെ ഫോട്ടോ കണ്ടാരുന്നോ..?

ഏത് ഫോട്ടോ…?

ഹേയ് ഞാന്‍ ഒരു പുതിയ ഫോട്ടോ ഇട്ടിട്ടുണ്ട്. ഒന്ന് നോക്ക്…

നോക്കാന്‍ സമയമില്ലാത്തതിനാല്‍ ഞാന്‍ പെട്ടെന്ന് പറഞ്ഞു. ആ കണ്ടു കണ്ടു. അടിപൊളിയായിട്ടുണ്ട്.

എന്നിട്ട് നീയെന്താ ലൈക്ക് അടിക്കാത്തത്.

പടച്ചോനെ.. ഞാന്‍ വീണ്ടും കുഴങ്ങി.

അതേയ്…എന്റെ ലൈക്കടി യന്ത്രം തകരാറിലാ. അത് നേരെയാവുമ്പോ ഞാന്‍ ഒരു ലൈക്ക് തരാം കേട്ടോ..

രണ്ടു ദിവസം കഴിഞ്ഞ് ആള്‍ വീണ്ടും വന്നു. വീണ്ടും സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുന്ന കാര്യവും ചോദിച്ചാണ് വരവ്..

ഇവിടെ എന്താണ് എഴുതേണ്ടത്..? ഇവിടെ എന്തോ എഴുതാനുണ്ട്.?

മാഷെ..അത് വെറുതെ ഒരു കോളം മാത്രമാണ്. ഒന്നും എഴുതിയില്ലെങ്കിലും കുഴപ്പമില്ല. നിങ്ങള്ക്ക് എന്തെങ്കിലും എഴുതാനുണ്ടെങ്കില്‍ അവിടെ എഴുതാം. ഉദാ..ഞാന്‍ ബാത്ത് റൂമില്‍ പോവുകയാണ്….ഇപ്പോള്‍ കുളിച്ചു കൊണ്ടിരിക്കുകയാണ്…പല്ല് തേച്ചു കൊണ്ടിരിക്കുകയാണ്….പല്ല് തേപ്പ് കഴിഞ്ഞ് പല്ലിളിച്ചു കൊണ്ടിരിക്കുകയാണ്. എന്നിങ്ങനെ എന്ത് വേണമെങ്കിലും എഴുതാം..

എന്റെ തമാശ സഹിതമുള്ള മറുപടി കേട്ടപ്പോള്‍ പുള്ളിക്ക് വിശ്വാസമായില്ല എന്ന് തോന്നി.

ഒരാഴ്ച കഴിഞ്ഞ് അങ്ങേര് ദേ വീണ്ടും വരുന്നു…

അതേയ്..നാസര്‍ ഭായ്..ഇവിടെ എന്തോ എഴുതാനുണ്ട്..ഒന്ന് പറഞ്ഞു താ… ഇവിടെ എന്താണ് എഴുതേണ്ടത്.?

ഞാനിപ്പോള്‍ കണ്ണും മിഴിച്ച് ഇരിപ്പാണ്..