Share The Article

01മതിയായ പ്രൊഫഷന്‍ ഇല്ല ,അങ്ങിനെയാണ് പതിനായിരം റിയാല്‍ എണ്ണി കൊടുത്ത് ആശാനും പലരെയുംപോലെ ഒരു ഫാമിലി വിസ ഒപ്പിച്ചെടുത്തത്. വിസ കിട്ടി പ്രിയതമ ഗള്‍ഫിലേക്ക് പറക്കുന്നു എന്ന് കേട്ടപ്പോള്‍ അളിയന്‍മാരും പെങ്ങള്‍മാരും അത് വരെയില്ലാത്ത ഒരു ‘ഉമ്മ’ സ്‌നേഹം. അവള്‍ പോയാല്‍ പിന്നെ ഉമ്മയെ ആര് നോക്കും ? വീട് അടച്ചിട്ടാല്‍ എല്ലാം നാശമാകും. വര്‍ഷത്തില്‍ ഒരു മാസത്തില്‍ അവന്‍ വന്നു പോകുന്നില്ലേ? ഇനിയിപ്പം അങ്ങോട്ട് പോയിട്ട് എന്ത് കിട്ടാനാ?.

വിസ കിട്ടാന്‍ ഒഫീസുകളില്‍ കയറി ഇറങ്ങാനും ‘വാസ്ത’യില്‍ ഒരു വിസ ഒപ്പിക്കാനും ഇത്ര പ്രയാസം ഉണ്ടായിരുന്നില്ല.ഇതിപ്പോള്‍ വിഴിഞ്ഞം തുറമുഖ വികസനംപോലെ മുട്ടിനു മുട്ടിനു തടസ്സം തന്നെ തടസ്സം. അവസാനം അതുതന്നെ ചെയ്തു, മൂത്ത അളിയന് ഒരു വിസ, പെങ്ങള്‍മാര്‍ക്കൊക്കെ ‘ചട്ടിയും കലവും’ പിന്നെ മൊബൈല്‍ ഫോണുമൊക്കെ നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയപ്പോള്‍ തടസ്സങ്ങള്‍ മാറി വിമാനം പൊങ്ങി.

ഫാമിലി വരുന്നു എന്ന് അറിഞ്ഞാല്‍ ആദ്യം തിരയുന്നത് ഒരു ഫ്‌ലാറ്റ് ആണ്. തൊട്ടടുത്തു ഒരു ഫ്‌ലാറ്റ് ഒഴിഞ്ഞു കിടക്കുന്നു എന്നറിഞപ്പോഴാണ് ആശാന്‍ ഞങ്ങളെ തിരഞ്ഞു വന്നത്.റൂം ശരിയാക്കി തരാം എന്നാല്‍ ഇടയ്ക്കിടക്ക് ആ ‘വളയിട്ട’ കൈ കൊണ്ട് വല്ലതും ഉണ്ടാക്കി ഞങ്ങളെയും സല്‍ക്കരിക്കണം.തിരിച്ച് ഉപാധികളൊന്നുമില്ലാതെ ആശാന്‍ അന്നുമുതല്‍ ഞങ്ങളുടെ അയല്‍വാസിയായി.

നാട്ടില്‍ നിന്നും കൊണ്ട് വന്ന പോത്തിറച്ചിയും കല്ലുമ്മക്കായ അച്ചാറുമൊക്കെ ആദ്യദിനങ്ങളില്‍ ഞങ്ങളുടെ തീന്‍മേശയില്‍ ഖുബ്ബൂസിനു കൂട്ടായി നിരന്നു . ജോലി കഴിഞ്ഞു വരുംമ്പോള്‍ റൂമില്‍ കലപില കൂടാന്‍ അങ്ങിനെ ഒരാള്‍ കൂടിയായി .ഒരിക്കല്‍ ആശാന്‍ വന്നത് വലിയ സന്തോഷത്തിലായിരുന്നു.മൊയ്തീന്‍ കുട്ടി നടത്തിയ ലാപ് ടോപ് കുറി അടിച്ചു, അങ്ങിനെ കെട്ട്യോള്‍ വന്നതിനു പുറമേ ഒരു ലാപ് കൂടി കിട്ടിയ സന്തോഷത്തിനു ‘ചിലവായി’ നല്ല കോഴിക്കോടന്‍ ബിരിയാണിയും കോഴി പൊരിച്ചതും മൂക്ക് മുട്ടെ തട്ടി ഏമ്പക്കം വിട്ടു ആ ദിനം കിടന്നു പോയി.

ലാപ് കിട്ടിയപ്പോള്‍ അത് പഠിക്കാന്‍ ഞങ്ങളെ ശിഷ്യത്തം കിട്ടാന്‍ വീണ്ടും ഒരു ബിരിയാണി ദക്ഷിണയായി കിട്ടി. എങ്ങിനെ നോക്കിയാലും ലാഭം. പഠനം തുടങ്ങി ഒരാഴ്ച്ച കഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ ആശാന് ഒരു എഫ് ബി അക്കൌണ്ട് തുറന്നു കൊടുത്തു, അങ്ങിനെ എഫ് ബിയില്‍ കൂടി ലഭിക്കുന്ന സൌഭാഗ്യങ്ങള്‍ ഓരോന്നോരോന്നായി ആശാന്‍ പഠിച്ചു,

‘എടാ എല്ലാം ഒറ്റയിടിക്ക് പഠിപ്പിച്ചു കൊടുക്കരുത്. എല്ലാം പഠിച്ചാല്‍ പിന്നെ മൂപ്പര്‍ നമ്മളെ മറക്കും. അപ്പോള്‍ ഇടയ്ക്കിടെ കിട്ടുന്ന കോഴിക്കോടന്‍ സ്‌പെഷ്യല്‍ നിന്നും പോകും’.സഹ ബാച്ചിയുടെ ഉപദേശം.

അത് ശരിയാണ്, എഫ് ബി, ചാറ്റ് ഇങ്ങിനെയൊക്കെ പറഞ്ഞു ദക്ഷിണ നീട്ടി കൊണ്ട് പോയാല്‍ വലിയ കുഴപ്പമില്ലാതെ മുട്ടി മുട്ടി പോവാം. അഭിപ്രായം ആരുപറഞ്ഞാലും കേള്‍ക്കണമല്ലോ, പിറ്റേ ദിവസം മുതല്‍ ലൈക്, ഷെയര്‍, ടാഗിംഗ് ഒക്കെ പഠിപ്പിക്കാന്‍ തുടങ്ങി, ആശാന് വേണ്ടി ഓരോന്നിന്നും വിശദീകരണം നല്‍കി,

ലൈക് : മനസ്സിലാവാത്ത രീതിയില്‍ എന്ത് എഴുതിയാലും എനിക്ക് മനസ്സിലായി എന്ന് വരുത്താന്‍ ഒരു ലൈക് അടികുക ,നമ്മളായിട്ട് കുറയാന്‍ പാടില്ലല്ലോ ,

ഷെയര്‍: വെറുപ്പിക്കുന്ന എന്ത് കണ്ടാലും അത് അങ്ങ് ഷെയര്‍ ചെയ്‌തോ അതും ഏറ്റവും അടുത്തകൂട്ടുകാരന് അങ്ങിനെ അവന്റെ മന:സമാധാനം പോയികിട്ടും.

ടാഗിംഗ് : വല്ല പട്ടിയുടെയോ പൂച്ചയുടെയോ ഫോട്ടോ കിട്ടിയാല്‍ ആദ്യം വാളില്‍ തേച്ചു പിടിപ്പിക്കുക, ആരും കണ്ടില്ല എങ്കില്‍ മറ്റുള്ളവരുടെ ചുമരില്‍ കൊണ്ട് പോയി അങ്ങ് ഒട്ടിക്കുക,ഒരു നിലക്കും ആരും മൈന്‍ഡ് ചെയ്യാതെ നിന്നാല്‍ ആ ലിങ്ക് അങ്ങ് ചാറ്റ് ബോക്‌സിലേക്ക് ചാമ്പിക്കോ,പിന്നെ വല്ല പെണ്ണുങ്ങളെയും കണ്ടാല്‍ വല്ലതും മിണ്ടിയും പറഞ്ഞു സമയം കളയാമല്ലോ, ആശാനെ അതിന്റെ ഒരു സുഖം ഒന്ന് വേറെ തന്നെ

‘അപ്പോള്‍ പോക്ക്’ ‘ ഓ അതോ , അത് പച്ച വെളിച്ചത്തില്‍ കിന്നരിക്കുമ്പോള്‍ ആരേലും വന്നു ശല്യം ചെയ്താല്‍ അവനു നേരെ പ്രയോഗിക്കാനുള്ള ഒരു ആയുധം’.

ഇത്രയും പഠിപ്പിച്ചുവെങ്കിലും ആശാന് ഇഷ്ടമായത് ആ ‘പച്ച വെളിച്ചത്തില്‍’ മിന്നി നില്‍ക്കുന്ന ചാറ്റ് എന്ന കോളത്തിനോടായിരുന്നു. ആശാന്‍ റൂമില്‍ വരുമ്പോഴെല്ലാം ആവശ്യത്തിനും അല്ലാത്തതിനും തരുണീമണികള്‍ക്ക് സ്മയിലി ഇട്ടു രസിക്കുന്ന സഹ ബാച്ചിയെ കണ്ടപ്പോള്‍ ഒരാശ.

‘എനിക്കും വേണം കിന്നരിക്കാന്‍ ഒരു കിളിയെ ‘

‘ഇത് ഞങ്ങള്‍ കുട്ടികളെയും കെട്ട്യോളെയും പിരിഞ്ഞു നില്‍ക്കുന്ന ബാച്ചികള്‍ക്ക് മാത്രം സുക്കന്‍ സാഹിബ് പ്രത്യേകം അനുവദിച്ചു തന്ന സൗകര്യമാ ആശാനെ, തൊട്ടപ്പുറത്ത് നിക്കണ ആ ഇത്താത്ത മതി തല്‍കാലം ആശാന്’.സഹ ബാച്ചിയുടെ മറുപടി കേട്ട് ആശാന്‍ പോയെങ്കിലും ആ പോക്കില്‍ അത്ര പന്തി തോന്നിയില്ല.

‘ചാറ്റും ചീറ്റുമായി ദിവസങ്ങള്‍ കടന്നു പോയി. എന്നാല്‍ ആ സംഭവത്തിനു ശേഷം കോഴി ബിരിയാണിയും ചിക്കന്‍ ചില്ലിയും വല്ലാതെ വന്നു കണ്ടില്ല, ആശാനെയും !! ,, വിളിച്ചാല്‍ ഫോണ്‍ എടുക്കാന്‍ തന്നെ മടി,അപ്പോഴാണ് സഹ ബാച്ചി ഒരു വലിയ കണ്ടു പിടുത്തം നടത്തിയത്, ആശാന്‍ വരുന്നില്ല എങ്കിലും എഫ് ബി യില്‍ പച്ച വെളിച്ചം എന്നും മിന്നുന്നു, എവിടെപ്പോയി എന്ന് ചോദിച്ചാല്‍ ഒരു മറുപടിയും ഇല്ല. സംഗതി അത് തന്നെ ആശാന് ആരുമായോ ഒരു ‘കൊളുത്ത്’ കിട്ടിയിട്ടുണ്ട്.

ലാപ് കിട്ടി എഫ്ബി അക്കൌണ്ട് തുറക്കുകയും ചെയ്തു ഇനി നമ്മളെ കൊണ്ട് പാരവെപ്പല്ലാതെ മറ്റൊന്നും കിട്ടില്ല എന്ന് ആശാന് അറിയാം അപ്പോള്‍ എന്തിനു ചിക്കനും മട്ടനും തന്നു ഞങ്ങളെ സന്തോഷിപ്പിക്കണം?.

ദിവസങ്ങള്‍ ആഴ്ച്ചകള്‍ക്കും ആഴ്ച്ചകള്‍ മാസങ്ങള്‍ക്കും വഴിമാറി, വല്ലപ്പോഴും ആശാന്‍ ഒരു ഹായ് ബായ് മാത്രം. തൊട്ടപ്പുറത്തെ ഫ്‌ലാറ്റില്‍ നിന്നും വരുന്ന ‘വെച്ച കോഴീന്റെ മണം ‘ അല്ലാതെ വേറെയൊന്നും ഞങ്ങള്‍ക്ക് വന്നില്ല. എന്നാല്‍ ഒരു ദിവസം അക്കൌണ്ട് ബ്ലോക്കായിപ്പോയ എഫ്ബി ‘ആക്ടിവിസ്റ്റിനെ’പ്പോലെ ആശാന്‍ ഞങ്ങളെ തേടി വന്നു’.

‘എന്താ ഭായി ഒരു വിവരും ഇല്ലല്ലോ നമ്മളെ ഒക്കെ ഓര്‍ക്കുന്നുണ്ടോ ആവോ’? അധികം ശ്രദ്ധിക്കാതെ സഹ ബാച്ചി ചോദിച്ചു.

‘എടാ ഇമ്മാതിരി ചതി എന്നോട് വേണ്ടായിരുന്നു’ എഫ് ബി ഉണ്ടാക്കി തന്നപ്പോള്‍ മെസേജ് ഡിലീറ്റ് ചെയ്യുന്നത് എങ്ങിനെയെന്നു ഇങ്ങള്‍ രണ്ടാളും പറഞ്ഞു തന്നില്ലല്ലോ ആകെ കുളമായി ചങ്ങാതിമാരേ’.

‘എന്തു പറ്റി ആശാനെ?’.

‘ഒന്നും പറയണ്ട അവള്‍എല്ലാംകണ്ടു ജീവിതം കോഞ്ഞാട്ടയായീന്നാ തോന്നുന്നത്’.

ഒരു ബിജി മോളുമായി നല്ല ചാറ്റിലായിരുന്നു, എന്റെ സൈനബ പിന്നാലെ വന്നു ഒക്കെ നോക്കിക്കാണുന്നത് ഞാന്‍ ശ്രദ്ധിച്ചില്ല. കയ്യോടെ പിടി കൂടി, പട്ടിണിയായി എന്ന് പറഞ്ഞാല്‍ മതിയല്ലോ അവള്‍ ഒരു നിലക്കും ഒതുങ്ങുന്നില്ല’. ആശാന്‍ അത് പറഞ്ഞു നെടുവീര്‍പ്പിടുമ്പോള്‍ ചിരിക്കാനാണ് തോന്നിയത്.’എന്നാലും ഒടുക്കത്തെ പണിയായി പോയി കിട്ടിയത്.’

‘രണ്ടു മൂന്ന് ദിവസായി ഓള്‍ ഒന്ന് മിണ്ടിയിട്ട്’ എന്തേലും ഒരു പരിഹാരം പറഞ്ഞു താടെ ‘?

സംഗതി ആശാനൊരു ‘കാലുമാറി’ ആണേലും ഒരു കുടുംബ ജീവിതം തകരാന്‍ പോവുകയല്ല്‌ലേ. ഞങ്ങളിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ ഉണര്‍ന്നു, എന്തായാലും കുറെ ഭക്ഷണമൊക്കെ തന്നു ഞങ്ങളെ ഊട്ടിയതല്ലേ ,അങ്ങിനെ കൈ വിടാനൊക്കുമോ ? ഇന്‍വെസ്റ്റിഗേഷന്റെ ആദ്യ പടിയായി ആശാന്റെ യൂസര്‍ നെയിമും പാസ്സ് വേര്‍ഡും വാങ്ങി ഞങ്ങള്‍ അക്കൌണ്ട് തുറന്നു, അവിടെ കണ്ട മെസേജ് ഇങ്ങിനെയൊക്കെയായിരുന്നു.

‘ഹലോ ഹു ആര്‍ യു പ്ലീസ് ‘ ബിജിമോള്‍ ആശാനു മെസ്സേജ് അയച്ചിരിക്കുന്നു.

‘അയാം ഫൈന്‍ താങ്ക്യൂ ‘ ഇംഗ്ലീഷിലെ പാണ്ഡിത്യം മനസ്സിലായിട്ടാവും പിന്നീട് ഉള്ള ചാറ്റ് ഒക്കെ ‘മംഗ്ലീഷില്‍’ ആയിരുന്നു.

‘ചേട്ടാ കല്ല്യാണം കഴിഞ്ഞതാണോ?’

‘ഏയ് ഇല്ല എനിക്ക് 26 വയസ്സേ ആയിട്ടുള്ളൂ’ ആശാന്റെ മറുപടി. .

‘കണ്ടാല്‍ തോന്നില്ലട്ടോ യു സോ ക്യൂട്ട്’

‘ഹേയ് ഞാന്‍ അതൊന്നും അല്ല കല്യാണം കഴിഞ്ഞില്ല എന്ന് പറഞ്ഞതാ’ ആശാന്റെ മറുപടി.

‘നാട്ടില്‍ എവിടെയാ?’ ആശാന്റെ സംശയം,

‘നാട്ടില്‍ തിരുവല്ല ഇപ്പോള്‍ ഇവിടെ ഗള്‍ഫില്‍ ആണ്’ബിജി മോളുടെ മറുപടി.

അങ്ങിനെ വിശേഷം പറഞ്ഞും സ്‌മൈലി ഇട്ടും ആശാന്റെ ചാറ്റ് എത്തിനില്‍ക്കുന്നത് ബിജി മോളോടുള്ള ഒടുക്കത്തെ പ്രണയത്തിലാണ്. ‘ ഞാന്‍ ബിജി യെ കല്ല്യാണം കഴിച്ചോട്ടെ എന്ന് ചോദിച്ച മെസ്സേജില്‍ എത്തിയപ്പോഴാണ് ആശാന്റെ നല്ല പാതി പിറകില്‍ വന്നു എല്ലാം പിടികൂടിയത്.

‘എന്നാലും ന്റെ ആശാനെ ഇത് ഒത്തിരി കൂടിപ്പോയി, രണ്ട് കുട്ടികളും സ്‌നേഹനിധിയായ ആ സൈനബതാത്തയുമുണ്ടായിട്ടും അതൊക്കെ മറച്ചു വെച്ച് ബിജി മോളെ പറ്റിച്ചത് പോട്ടെ ,,,ആ വയസ്സ് മാറ്റി പറഞ്ഞത് കുറച്ചു കൂടിപ്പോയി’ സഹ ബാച്ചിയുടെ മറുപടി.

‘എന്ത് വേണേലും തരാം ഈ പ്രശനം ഒന്ന് സോള്‍വു ചെയ്ത് താടെ’ പിന്നെ നിങ്ങളില്‍ നിന്നും മറച്ചു വെച്ച ഒരു കാര്യം കൂടിയുണ്ട്, അന്നത്തെ ദേഷ്യത്തില്‍ അവള്‍ ആ നെറ്റ് കേബിള്‍ അറുത്തു.ഇപ്പോള്‍ വൈഫും ഇല്ല വൈഫിയും ഇല്ല’.ഒരു പരിഹാര ശ്രമം എന്ന നിലയില്‍ പല തവണ ആശാന്റെ ഫ്‌ലാറ്റില്‍ പോയതല്ലാതെ ഇത്ത ഒരു നിലക്കുംവിടുന്നില്ല .പ്രശ്‌നം മുല്ലാപ്പെരിയാര്‍ വിഷയംപോലെ നീണ്ടു പോയി.

‘ കല്യാണം കഴിഞ്ഞിട്ട് ഇതു വരെ ഇന്നോട് പറയാത്തതൊക്കെ ഇന്നലെ കണ്ട ബട്ക്ക് ബിജി മോളോട് ഇക്കാക്ക പറഞ്ഞിരിക്കുന്നു, ഞാന്‍ എന്താ ഇവിടുത്തെ വേലക്കാരിയോ?’ ഈ ചോദ്യത്തിനു മുമ്പില്‍ ഞങ്ങള്‍ക്ക് പോയിട്ട് ‘കഥയല്ലിത് ജീവിതത്തിലെ’ ജഡ്ജിക്ക് പോലും ഉത്തരം നല്‍കാന്‍ കഴിയുമായിരുന്നില്ല.കട്ടന്‍ ചായയും മിക്‌സ്ച്ചറും കഴിച്ചു അവിടുന്നു പോന്നതല്ലാതെ ഒരു പരിഹാരവും ഉണ്ടായില്ല. ബഹിഷ്‌ക്കരണവും പിണക്കവുമായി പിന്നെയും രണ്ടു ദിവസം കൂടി മുന്നോട്ടു പോയി. ചാറ്റും ചീറ്റുമായി നീങ്ങുന്ന ഞങ്ങളുടെ അരികില്‍ വന്നു നെടുവീര്‍പ്പിടുകയല്ലാതെ ആശാന്‍ ഒന്നും മിണ്ടയില്ല. അവസാനം ഒരു ഒറ്റ കൈ പ്രയോഗം ‘പത്തൊന്‍പതാമത്തെ അടവ്’ അതെ!!, അത് പറഞ്ഞു കൊടുത്തു,

സൂര്യന്‍ പടിഞ്ഞാറോട്ട് ഫോര്‍വേര്‍ഡ് ചെയ്യാന്‍ തുടങ്ങുന്ന ആ അതിരാവിലെ എണീറ്റ ആശാന്‍ വളരെ ഗൌരവത്തില്‍ ഉറക്കെ വിളിച്ചു.

‘സൈനബാ ഇബടെ വാ’അതിലും വലിയ ഗൌരവത്തില്‍ അവര്‍ മറുപടി നല്‍കി

‘ എന്താന്നു ഇങ്ങനെ വിളിച്ചു കൂവണത് ? എന്നോട് മിണ്ടണ്ട എന്ന് പറഞ്ഞിട്ടില്ലേ?’.

ആശാന്‍ പതറിയില്ല ഇതൊക്കെയുണ്ടാവും എന്ന് കുടുംബകോടതിയില്‍ നിന്നും നേരത്തെ ട്രയിനിംഗ് കൊടുത്തിരുന്നു.
‘നീ അന്റെയും മക്കളെയും ആ പാസ്സ്‌പോര്‍ട്ട് ഇങ്ങട്ട് എടുക്ക്.എന്നോട് മിണ്ടാത്തോര് നാട്ടില്‍ പൊയ്‌ക്കോ ഞാന്‍ എക്‌സിറ്റ് അടിക്കാന്‍ പോവുകയാ, മതി അന്റെ ഗള്‍ഫ് ‘

അപ്രതീക്ഷിതമായ ആ ‘ആക്രമണത്തില്‍’ സൈനബതാത്തന്റെ ചിറകൊടിഞ്ഞു, നാട്ടില്‍ നിന്നും കിട്ടാവുന്ന നാത്തൂന്‍ പോരുകള്‍ ഒരു നിമിഷം ഓര്‍ത്തപ്പോള്‍ ബിജിമോള്‍ക്ക് ഇത്താത്ത ‘മാപ്പ്’ കൊടുത്തു, അന്ന് വൈകുന്നേരം പിണക്കം മാറിയാതിനുള്ള സൂചനയായി നല്ല പാല്‍പ്പായസം ഞങ്ങളെ റൂമിലെത്തി, ആശാന്‍ ഹാപ്പിയായെങ്കിലും പിന്നീട് ‘വൈഫി എടുക്കാന്‍ വൈഫ്’ സമ്മതിച്ചില്ല. പൂര്‍വ്വാധികം ശക്തമായ ദാമ്പത്യജീവിതം വീണ്ടും മുന്നോട്ടു പോയി. ബീച്ചിലും പാര്‍ക്കിലും ഇത്താത്തയെയും മക്കളെയും കൊണ്ട് കറങ്ങുന്നത് ഞങ്ങള്‍ അസൂയയോടെ നോക്കി നിന്നു. എങ്കിലും ചൂട് വെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാല്‍ പേടിക്കും എന്ന് പറഞ്ഞപോലെ ഒരു സംശയം സൈനബതാത്തയെ വിടാതെ പിടികൂടി. അങ്ങിനെയാണ് ഒരാഴ്ചക്ക് ശേഷം അത് സംഭവിച്ചത്. തൊട്ടപ്പുറത്തെ റൂമില്‍ നിന്നും ഇത്താത്തയുടെ ഒടുക്കത്തെ കരച്ചില്‍, ഓടി ചെന്ന് നോക്കിയപ്പോള്‍ ഒരു സ്ത്രീ ആശാന്റെ ഫ്‌ലാറ്റിലെ ഡോറിനു മുന്നില്‍ ഇരിക്കുന്നു.പര്‍ദ്ദകൊണ്ട് മറച്ചത് കൊണ്ട് ആരാണെന്നു അറിയില്ല. തൊട്ടപ്പുറത്ത് ഇത്താത്ത നിന്നു കരയുന്നു, അന്തം വിട്ടു ഒന്നും മിണ്ടാതെ ആശാനും.

‘എന്താ കാര്യം ,എന്തിനാ കരയുന്നത്’ കരഞ്ഞു കൊണ്ടായിരുന്നു ഇത്താത്തയുടെ മറുപടി.’ഞാന്‍ അപ്പുറത്തെ ഫ്‌ലാറ്റില്‍ പോയതായിരുന്നു വന്നപ്പോഴുണ്ട് ഇക്കാക്കയും ഈ പെണ്ണും കൂടി വാതിക്കല്‍ വര്‍ത്തമാനം പറഞ്ഞു നിക്കുന്നു, കണ്ടോ ഞാന്‍ ഇല്ലാത്ത സമയം നോക്കി …….’

‘ആശാനെ എന്തായിത് ? ഇങ്ങള്‍ …..? ‘.. ആശാന്റെ ദയനീയ നോട്ടത്തില്‍ പലതും ഞങ്ങള്‍ വായിച്ചെടുത്തു.

‘എടാ ആശാന്‍ ആളു മോശമില്ലല്ലോ ,, നമ്മളൊക്കെ എത്ര നാളായായി എഫ് ബിയില്‍ കൂടി ഓരോന്നിനെ വളക്കാന്‍ നോക്കുന്നു,എന്തേലും നടന്നോ.? ഇത് കണ്ടോ ആശാന്‍ രണ്ടാഴ്ച്ച കൊണ്ട് ഒരുത്തിയെ വളച്ചു സ്വന്തം വീട്ടില്‍ വരെ എത്തിച്ചു ഇതായിരിക്കും സൈലന്റ് ക്യാറ്റ് കലമുടക്കും എന്ന് പറയുന്നത് അല്ലെ’. സഹ ബാച്ചി യുടെ ഒടുക്കത്തെ അസൂയ അതായിരുന്നു.അതൊക്കെ കേട്ടപ്പോള്‍ ആശാന്‍ പ്രതികരിച്ചു തുടങ്ങി.

‘ഞാന്‍ പുറത്ത് പോയി വന്നപ്പോള്‍ ഇവരുണ്ട് ഇവിടെ നിക്കുന്നു, മലയാളിയല്ല എന്ത് ചോദിച്ചിട്ടും ഒന്നും പറയുന്നില്ല, ആരാ എന്താ എന്നൊക്കെ ചോദിക്കുമ്പോഴാണ് അവള്‍ കയറി വന്നത്,അല്ലാതെ ഇങ്ങളെ വിചാരിക്കുന്നത് പോലെ … .!!!. ആശാന്‍ ഒരു നിഷ്‌കളങ്കനാണ് എന്ന് ഞങ്ങള്‍ക്ക് അറിയാം.എന്നാലും ആരാവും ഇത് ? അറബിയില്‍ ചോദിച്ചപ്പോള്‍ പുറത്ത് നിതാഖാത്ത് പരിശോധനനടക്കുന്നത് കണ്ടപ്പോള്‍ ഒളിച്ചു നില്‍ക്കാന്‍ കയറിയ ആഫ്രിക്കന്‍ സ്ത്രീ ആയിരുന്നു അത്. ഇറക്കി വിടല്ലേ പോലീസ് പിടിക്കും എന്ന് അവര്‍ കരഞ്ഞു പറഞ്ഞു, എന്നാല്‍ ഇതൊന്നും ഇത്ത വിശ്വസിക്കില്ലല്ലോ, അത് കൊണ്ട് അവരെക്കൊണ്ട് തന്നെ പര്‍ദ്ദയുടെ ഷട്ടര്‍ തുറപ്പിച്ചു ‘ആ കറുത്ത സുന്ദരിയെ’ കണ്ടപ്പോഴാണ് അവര്‍ക്ക് ശ്വാസം നേരെ വീണത്, ‘ആശാനും’ !!!!!! .

ഒരു പായസത്തിനു കൂടി വകുപ്പ് അറിയാതെ വീണുകിട്ടിയ സന്തോഷത്തില്‍ ഞങ്ങള്‍ റൂമിലേക്ക് തിരിച്ചു നടക്കുമ്പോള്‍ കുറെ കാലമായി എന്റെ മനസ്സിലുണ്ടായിരുന്ന ഒരു സംശയം പുറത്തേക്ക് ചാടി. സത്യത്തില്‍ ആരാണീ ബിജി മോള്‍ ? അത് ചോദിച്ചപ്പോള്‍ സഹബാച്ചിയുടെ മറുപടി ഇങ്ങിനെ ആയിരുന്നു,

‘ആരായാലും നമുക്ക് എന്താ അവളെ കൊണ്ട് നമുക്ക് ഗുണമല്ലേ ഉണ്ടായിട്ടുള്ളൂ’ .
‘അപ്പോള്‍ ബിജി മോളെ നിനക്കു അറിയുമോ?’ അതിനുള്ള മറുപടി ഇതായിരുന്നു
‘നിനക്ക് ഇടക്കിടക്ക് സൈനബതാത്തന്റെ കയ്യില്‍ നിന്നും ബിരിയാണി വേണോ ?
‘വേണം’
‘എങ്കില്‍ തല്‍ക്കാലം മിണ്ടാതിരി’

‘അപ്പോള്‍ ബിജി മോള്‍ ………………………?’

നിയമപ്രകാരമുള്ള സത്യവാങ്ങ് മൂലം’ ഈ കഥയിലെ ‘ഞാന്‍’ ഞാനല്ല, ഈ കഥ നിങ്ങള്‍ വിചാരിക്കുന്നത് പോലെയുള്ള സ്ഥലത്തല്ല നടന്നത് . അങ്ങ് ദൂരെ ദൂരെയുള്ള ഏതോ ഒരു ഉഗാണ്ടന്‍ ഗ്രാമത്തില്‍…………………………………..ശുഭം !!