ബീഹാറിലെ ഈ നെയ്ത്ത്ഗ്രാമത്തില്‍ നിന്ന് ഐ.ഐ.റ്റി.യിലേയ്ക്ക് ഈ വര്‍ഷം 18 പേര്‍

bihar_village_boolokam
ബീഹാറില്‍ ബുദ്ധഗയയ്ക്ക് സമീപമുള്ള ഈ കൊച്ചുഗ്രാമത്തിലെ ആളുകളുടെ പ്രധാന തൊഴില്‍ നെയ്ത്താണ്. ഏകദേശം പതിനായിരത്തോളം ആളുകള്‍ താമസിക്കുന്ന ഈ ഗ്രാമത്തില്‍ മിക്കവാറും എല്ലാ വീട്ടിലും ഒരു യന്ത്രത്തറിയും ഉണ്ടാകും. എന്നാല്‍, ഈ ഗ്രാമത്തില്‍നിന്ന് ഇത്തവണ ഐ.ഐ.റ്റി.പ്രവേശന പരീക്ഷയുടെ രണ്ടാം ഭാഗമായ മെയിന്‍സ് എഴുതി പാസായവരുടെ എണ്ണം എത്രയാണെന്ന് കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. പതിനെട്ട് വിദ്യാര്‍ഥികളാണ് ഇക്കൊല്ലം ഈ ഗ്രാമത്തില്‍ നിന്നും രാജ്യത്തെ വിവിധ ഐ.ഐ.റ്റി.കളിലേയ്ക്ക് ഉന്നതപഠനത്തിനായി ചേക്കേറാന്‍ ഒരുങ്ങുന്നത്.

കേക്കുമ്പോള്‍ നമ്മുക്ക് അത്ഭുതം തോന്നുമെങ്കിലും ഈ ഗ്രാമവാസികളെ സംബന്ധിച്ചിടത്തോളം ഇത് ഒരു പുതിയ സംഭവം ഒന്നുമല്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഓരോ വര്‍ഷവും പത്തോളം കുട്ടികള്‍ വീതം ഈ ഗ്രാമത്തില്‍ നിന്നും ഐ.ഐ.റ്റി.കളില്‍ എത്തുന്നുണ്ട്. എന്താണ് അപ്പോള്‍ ഈ ഗ്രാമത്തിന്റെ പ്രത്യേകത?

നെയ്ത്ത് ലാഭകരമല്ലാതായി തുടങ്ങിയപ്പോള്‍ ആണ് ഗ്രാമത്തിലെ കുട്ടികള്‍ക്ക് നന്നായി പഠിച്ച് നല്ല ജോലി വാങ്ങി വലിയ നിലയില്‍ ജീവിക്കണം എന്ന ആഗ്രഹം ഉണ്ടാകുന്നത്. കൂട്ടായി ഇരുന്നു പഠിച്ചാണ് ഇവര്‍ ഈ നേട്ടം കൈവരിക്കുന്നത്. ഓരോ വര്‍ഷവും ഐ.ഐ.റ്റി.യില്‍ എത്തുന്നവര്‍ തങ്ങളുടെ പിന്നാലെ എത്തുന്ന അനുജന്മാരെയും അനുജത്തിമാരെയും കൈയ്യയഞ്ഞു സഹായിക്കുന്നു. പഠനവസ്തുക്കളും നോട്ടുകളും എല്ലാം ഇങ്ങനെ കൈമറിഞ്ഞ് കിട്ടുന്നു. ഇപ്പോള്‍ ഗ്രാമത്തില്‍ നിന്ന് ഐ.ഐ.റ്റി.യില്‍ എത്തിയവര്‍ ചേര്‍ന്ന് ഇതിനായി ഒരു എന്‍.ജി.ഓ. തന്നെ രൂപപ്പെടുത്തിയിട്ടുണ്ട്.

ഇക്കൊല്ലം ഐ.ഐ.റ്റി.യില്‍ പ്രവേശനം ലഭിച്ചവരില്‍ ഒരു പെണ്‍കുട്ടിയും ഉണ്ട് ഈ ഗ്രാമത്തില്‍ നിന്ന്. ഗ്രാമത്തില്‍ നിന്ന് ഐ.ഐ.റ്റി.യില്‍ പ്രവേശനം നേടുന്ന ആദ്യത്തെ പെണ്‍കുട്ടി. ഏതായാലും സൂപ്പര്‍ 30 യുടെ പാതയില്‍ ഉത്തരേന്ത്യയില്‍ നിന്നും വീണ്ടും ഒരു വിജയഗാഥകൂടി. തീര്‍ച്ചയായും ഇത്തരം സംഭവങ്ങള്‍ നമ്മള്‍ മാതൃക ആക്കിയെ മതിയാവൂ. നമ്മുടെ ഗ്രാമങ്ങളില്‍ ഒന്നിനെപ്പറ്റിയും ഒരിക്കല്‍ ഇങ്ങനെ ഒരു വാര്‍ത്ത വരുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം.