Share The Article

ദുബൈ നൈഫ് പോലീസ് സ്‌റ്റേഷനു മുന്നിലൂടെ ബേബീസ്‌ട്രോളര്‍ തള്ളി നീങ്ങുകയായിരുന്ന യുവതിയുടെ മുന്നിലോട്ട് പെട്ടന്നാണയാള്‍ പ്രത്യക്ഷപ്പെട്ടത്. നിയന്ത്രണംവിട്ട സൈക്കിള്‍ യാത്രക്കാരന്‍, തനിക്ക് നേരെയാണ് വരുന്നതെന്ന് മനസ്സിലാക്കിയ സ്ത്രീ പെട്ടന്ന് ബേബീസ്‌ട്രോളറിലെ തന്റെ പിടിവിട്ട് പിറകോട്ട് വലിഞ്ഞു. അല്ല, താന്‍ കൈവിട്ടത് കുട്ടിയെയാണല്ലോ എന്ന തിരിച്ചറിവില്‍ സ്ത്രീ വീണ്ടും ബേബീസ്‌ട്രോളറിലേക്ക് കൈ എത്തിപ്പിടിച്ചപ്പോഴേക്കും സൈക്കിള്‍ യാത്രക്കാരന്‍ സ്‌ട്രോളറില്‍ ഇടിച്ച് ഇരുവരും മലക്കം മറിഞ്ഞിരുന്നു.

മലയാളിയായ യുവതിയുടെ കൈയില്‍ നിന്നാണ് ഒന്നരവയസ്സുള്ള ഈ പെണ്‍കുഞ്ഞ് റോഡില്‍ തെറിച്ചു വീണത്. കുഞ്ഞിന് ഒന്നും സംഭവിച്ചില്ലായെന്ന് തീര്‍ച്ചപ്പെടുത്തിയപ്പോഴാണ് കണ്ടുനിന്നവരെല്ലാം നേരെചൊവ്വെ ശ്വാസം വലിച്ചത്. സംഭവത്തിന് സാക്ഷ്യം വഹിച്ചത് കൊണ്ടാണ് ഇങ്ങനെയെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.

ആരെന്ത് കാട്ടിയാലും അതുപോലെ വേഷംകെട്ടാനുള്ള മലയാളിയുടെ മാറുന്ന ശൈലിയുടെ ഒരു ഭാഗം മാത്രമാണ് ഈ ബേബീസ്‌ട്രോളര്‍ അല്ലെങ്കില്‍ ബേബിട്രോളി സംബ്രദായവും.

എന്താണിത്‌കൊണ്ട് ഉദ്ദേശിക്കുന്നത്? ഒന്നുകില്‍ കുഞ്ഞിന് സുരക്ഷിതത്വം ഉറപ്പുവരുത്തുക അല്ലെങ്കില്‍ കുഞ്ഞിനെ ചുമന്ന് നടക്കുന്നതില്‍ നിന്ന് ഒഴിഞ്ഞു മാറാനുള്ള ശ്രമം. രണ്ടായാലും അവ എത്രമാത്രം പ്രസക്തമാണെന്നതാണ് ചിന്തനീയം. നമ്മുടെ നാടുകളെ അപേക്ഷിച്ച് പ്രവാസി മലയാളികളിലാണിത് കൂടുതലും കണ്ടുവരുന്നത്.

നൊന്ത് പ്രസവിച്ച മാതാവില്‍ നിന്ന് കളങ്കമറ്റ സ്‌നേഹം ലഭിക്കല്‍ ഏതൊരു കുഞ്ഞിന്റെയും ജന്മാവകാശമാണ്. അതിന് തടസം സൃഷ്ടിക്കുന്ന ഉമ്മമാര്‍ കുഞ്ഞുങ്ങളോട് കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയാണെന്നത് മറന്നുകൂടാ. ഉമ്മ വഴിയിലൂടെ നടന്ന് നീങ്ങുമ്പോള്‍ തന്റെ കുഞ്ഞിനെ കൈത്തണ്ടയിലിരുത്തി മാറോട് ചേര്‍ത്തു പിടിക്കുമ്പോള്‍ ഉമ്മയില്‍ നിന്ന് ലഭിക്കുന്ന ശരീരത്തിന്റെ ആ ഊഷ്മളത; സ്‌നേഹത്തില്‍ ചാലിച്ച ആ ഇളം ചൂട് കുഞ്ഞിനൊരു കുളിര്‍മ്മയാണ്. ബേബീസ്‌ട്രോളറില്‍ അത് നിഷേധിക്കപ്പെടുകയാണ്. തന്നോട് ചേര്‍ന്നിരിക്കുന്ന കുഞ്ഞിന്റെ കാതില്‍ സ്‌നേഹത്തിന്റെ മന്ത്രം ഉരുവിടാന്‍, മൂളിപ്പാട്ടു പാടിക്കൊടുക്കാന്‍, കളിചിരിതമാശകള്‍ പറയാന്‍ എന്തു രസമാണ്! ബേബീസ്‌ട്രോളറിലാകുമ്പോള്‍ അതിനവസരമില്ലാതാകുന്നു.

മാതാവും കുഞ്ഞും യാത്ര ചെയ്യുന്ന സമയമാണ് അവരുടെ ഇടപഴകലിലെ ഏറ്റവും വിലയേറിയ നിമിഷം. കാരണം യാത്രയെന്ന് കേള്‍ക്കുമ്പള്‍ കുട്ടികള്‍ക്ക് ആനന്ദത്തിന്റെ പേമാരിയാണ്. സന്തോഷം കൊണ്ട് അവര്‍ തുള്ളിച്ചാടുന്നത് വരെ നാം കാണാറുണ്ട്. നമുക്ക് മുമ്പേ നമ്മുടെ കൈപിടിച്ച് നടക്കുന്നത് കാണാം. നമുക്ക് മുന്നേ ചെരുപ്പ് ധരിച്ച് പുറത്തിറങ്ങുന്നത് കാണാം. യാത്രയെന്ന് കേട്ടപ്പോള്‍ മനസ്സിലൂറിയ സന്തോഷം നിമിത്തമാണ് അവരങ്ങനെ പ്രകടിപ്പിക്കുന്നത്. യാത്രയിലുടനീളമുണ്ടാകുന്ന അത്ഭുത കാഴ്ചകളില്‍ നിന്ന് അവര്‍ക്ക് നൂറു നൂറു ചോദ്യങ്ങള്‍ ചോദിക്കാനുണ്ടാകും. മയത്തോടെ മറുപടി നല്‍കാന്‍ നാം മനസ്സ് കാണിക്കണം. എങ്കിലേ അവരടുടെ ലോകം വികസിക്കുകയുള്ളൂ. ‘നീയൊന്ന് മിണ്ടാതിരുന്നേ അത് എന്തെങ്കിലുമാകട്ടെ’ എന്ന് മറുപടി നല്‍കി അവരെ മുരടിപ്പിക്കരുത്. ക്ഷമയോടെ അവരുടെ മനസ്സിനൊപ്പം നാമും നിന്ന് സംസാരിക്കണം. ചില സന്തോഷങ്ങളില്‍ അവര്‍ നമ്മെ കെട്ടിപ്പിടിച്ചു ഉമ്മ വെക്കുന്നതു കാണാം. കുഞ്ഞുങ്ങള്‍ക്ക് സ്‌നേഹം നല്‍കാനും തിരിച്ച് ഇങ്ങോട്ട് സ്വീകരിക്കാനുള്ള മനോഭാവം നാം കാണിക്കണം. യാത്രയില്‍ നിന്ന് കുട്ടി നേടിയെടുത്ത ആനന്ദം പ്രകടിപ്പിക്കുന്നതിനുള്ള വേദിയാണ് തന്റെ ഉപ്പയുടെയും ഉമ്മയുടെയും വിരിമാറ്. അത് നാം മറച്ചു വെച്ച് കുട്ടിയെ ബേബീസ്‌ട്രോളറിലിരുത്തി തള്ളുന്നതിലെ മനോവൈകല്യമാണ് നമുക്ക് മനസ്സിലാകാത്തത്.

നിങ്ങളുടെ കുഞ്ഞിനെ സ്‌ട്രോളറിലിരുത്തി ചോക്‌ളൈറ്റോ, മിഠായിയോ, ലൈസോ മറ്റെന്ത് നല്‍കിയാലും നിങ്ങളുടെ നെഞ്ചോട് ചേര്‍ത്ത് നല്‍കുന്ന ഒരു ചുമ്പനത്തോടൊക്കില്ലല്ലോ.. കുഞ്ഞിനെ തന്റെ മടിത്തട്ടിലിരുത്തി മുലക്കണ്ണ് വായിലേക്ക് വച്ച് മുലപ്പാല്‍ നല്‍കുന്ന ഉമ്മ, കുഞ്ഞിന് അത് മാത്രമല്ല സ്‌നേഹത്തിന്റെ അമൃദ് കൂടിയാണ് നല്‍കുന്നത്. രണ്ട് വയസ്സ് വരെ ശരിയാം വണ്ണം മുലയൂട്ടപ്പെട്ട കുഞ്ഞും പാല്‍ കുപ്പി കുടിച്ച് വളര്‍ന്ന കുഞ്ഞും ഉമ്മയോട് കാണിക്കുന്ന സ്‌നേഹം രണ്ട് വിധത്തിലാണെന്ന് ആധുനിക വൈദ്യശാസ്ത്രം തുറന്നെഴുതി. ഇതേ അന്തരം ബേബീസ്‌ട്രോളര്‍ മക്കളിലും കാണാനാകും.

കുഞ്ഞിന് തള്ളയോടും തള്ളക്ക് കുഞ്ഞിനോടും സ്‌നേഹം കുറയുന്നതിന്റെ നേര്‍ക്കാഴ്ചയാണ് നാം തുടങ്ങിവെച്ച സംഭവം. അപകടം ശ്രദ്ധയില്‍ പെട്ട ഉടനെ തള്ള സ്വരക്ഷാര്‍ത്ഥം പിന്‍വിലിയുകയാണുണ്ടായത്. പിന്നെയാണ് കുട്ടിയെ ഓര്‍ത്തത്. അപ്പോഴേക്കും അപകടം നടന്നിരുന്നു. അതേസമയം കുഞ്ഞിനെ സ്ത്രീ ചുമന്നിരുന്നെങ്കില്‍ തന്റെ കുഞ്ഞിനെ മാറോട് ചേര്‍ത്തുപിടിച്ച് പുറം തിരിഞ്ഞെങ്കിലും ആദ്യം കുഞ്ഞിന് സംരക്ഷണം നല്‍കുമായിരുന്നു. രണ്ടാമതേ തന്റെ സംരക്ഷണത്തെ പറ്റി ചിന്തിക്കൂ. ഇതാണ് മാതൃ സ്‌നേഹം. നാം കണ്ടത് പേലെ അത്യാഹിതങ്ങളില്‍ കൈവെടിയുന്ന സ്‌നേഹമല്ല ഒരു യഥാര്‍ത്ഥ ഉമ്മയുടെത്. യഥാര്‍ത്ഥ മാതൃസ്‌നേഹത്തിന് സുഷിരം വീണത് ഇത്തരം അനാവശ്യങ്ങളിലേക്ക് ചേക്കേറിയതിനാലാണ്. ബേബീസ്‌ട്രോളര്‍ നിഷിദ്ധമെന്ന് ഇതില്‍ നിന്ന് ആരും വായിച്ചെടുക്കരുത്. അതിന്റെ ഉപയോഗത്തിലൂടെ നമുക്ക് കൈമോശം വന്നുകൊണ്ടിരിക്കുന്ന യതാര്‍ത്ഥ സ്‌നേഹത്തെ അടിവരയിട്ടുവെന്ന് മാത്രം.

ബേബീസ്‌ട്രോളര്‍ ഉപയോഗത്തിലൂടെ കുഞ്ഞിനും രക്ഷിതാക്കള്‍ക്കും സംഭവിച്ച അപകടങ്ങളുടെ റിപ്പോര്‍ട്ടുകളും ചിത്രങ്ങളും നെറ്റില്‍ ക്ഷിപ്രസാധ്യം വായിച്ചെടുക്കാവുന്നതാണ്. ഓസ്‌ടേലിയയില്‍ മെട്രോ െ്രെടന്‍ കാത്തു നിന്ന യുവതിയുടെ കയ്യില്‍ നിന്ന് അപ്രതീക്ഷിതമായി ട്രോളി പിടിവിട്ടതും പാളത്തിലേക്ക് ഉരുണ്ട് നീങ്ങിയതും വാര്‍ത്തയായിരുന്നു. മൊബൈലില്‍ സംസാരിച്ചു നില്‍ക്കവേ യുവതിയുടെ കയ്യല്‍ നിന്ന് അറിയാതെ ട്രോളി ഉരുണ്ടു നീങ്ങിയെങ്കില്‍!? ഫൂട്ട്പാത്തില്‍ തനിച്ചാക്കി ഷോപ്പില്‍ പോയ യുവതി തിരിച്ചെത്തിയപ്പോള്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന കുഞ്ഞിനെയാണ് കാണുന്നത്. നിയന്തണം വിട്ടുരുണ്ട ട്രോളിയെ മറുവാഹനം ഇടിച്ചു തെറിപ്പിച്ചെങ്കില്‍!? കുഞ്ഞ് ചെയ്ത തെറ്റെന്താണ്? അവര്‍ക്കവകാശപ്പെട്ട സ്‌നേഹം എന്തിനാണ് നാം ബോധപൂര്‍വ്വം ഇല്ലാതാക്കുന്നത്.

കുഞ്ഞുങ്ങള്‍ക്ക് സ്‌നേഹം നല്‍കേണ്ട സമയത്ത് നല്‍കിയില്ലെങ്കില്‍ നമുക്ക് ലഭിക്കേണ്ട സമയത്ത് അവര്‍ നമ്മെ വൃദ്ധസദനത്തിലും റോഡരികിലും ഉപേക്ഷിക്കുന്നതിന്റെ പിന്നിലെ പൊരുളതാണ്.

ഈ ലേഖനം പത്രത്തില്‍ വന്നത് കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.