Share The Article

01

ലേഖനം എഴുതിയത്: ഫേവര്‍ ഫ്രാന്‍സിസ്

മാധ്യമ പഠനം കഴിഞ്ഞു ഫ്രീലാന്‍സര്‍ ആയി പല ചാനലുകള്‍ക്കും പ്രോഗ്രാമുകള്‍ ചെയ്തു കൊണ്ടിരുന്ന സമയത്താണ് മലയാളത്തിലെ ഒരു പ്രമുഖ ചാനലിനു വേണ്ടി ‘ഡിജിസ്‌പേസ്’ എന്ന പേരില്‍ സിനിമയിലെ ഡിജിറ്റല്‍ ടെക്‌നോളജിയെക്കുറിച്ച് ഞാന്‍ ഒരു പരമ്പര സംവിധാനം ചെയ്യുന്നത്. ആ പരമ്പരക്ക് വേണ്ടി അന്ന് ഞാന്‍ കേരളത്തില്‍ ഉടനീളം സഞ്ചരിക്കുകയും മലയാള സിനിമയിലെ മിക്ക പ്രമുഖ സംവിധായകരെയും ടെക്‌നീഷ്യന്‍മാരെയും ഇന്റര്‍വ്യൂ ചെയ്യുകയും ചെയ്തിരുന്നു. തങ്ങളുടെ സിനിമകള്‍ ഫിലിമില്‍ ഷൂട്ട് ചെയ്തിരുന്നവരായിരുന്നു ആ സംവിധായകര്‍. ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച് സിനിമകള്‍ ഷൂട്ട് ചെയ്യുന്നതിന്റെ സാധ്യതകള്‍ ആരാഞ്ഞപ്പോള്‍ അന്ന് അതിനോട് അനുകൂലമായി സംസാരിച്ചത് രണ്ടേ രണ്ടു സംവിധായകര്‍ മാത്രമായിരുന്നു. ശ്യാമ പ്രസാദും ടീ കെ രാജീവ്കുമാറും.

സിനിമയുടെ സാങ്കേതിക വശങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ്, പുതിയ കാര്യങ്ങള്‍ പഠിക്കാനും പരീക്ഷിക്കാനുമുള്ള ആര്‍ജ്ജവം ഇവയെല്ലാം ഈ സംവിധായകരെ മറ്റുള്ളവരില്‍ നിന്നും ഇന്നും വേറിട്ട് നിറുത്തുന്നുണ്ട്. ഡിജിറ്റല്‍ ഉപയോഗിക്കുന്ന അതെ ശക്തിയില്‍ ഇപ്പോഴും 16 എം എം ഫിലിമില്‍ ഷൂട്ട് ചെയ്തു അത്ഭുതം സൃഷ്ട്ടിക്കാന്‍ കഴിവുള്ള സംവിധയകന്‍ ആണ് ശ്യാമപ്രസാദ്. അന്ന് കണ്ടു സംസാരിക്കുമ്പോള്‍ തന്റെ പുതിയ ചിത്രമായ ‘ഇവര്‍’ ഡിജിറ്റല്‍ ഫോര്‍മാറ്റി’ല്‍ ഷൂട്ട് ചെയ്താലോ എന്നായിരുന്നു രാജീവ്കുമാറിന്റെ ആലോചന.

02
ഫേവര്‍ ഫ്രാന്‍സിസ്

എന്നാല്‍ ഇത് പോലെ ആയിരുന്നില്ല കണ്ടു സംസാരിച്ചതില്‍ ഭൂരിഭാഗം സംവിധായകരും. അവരെല്ലാം തന്നെ തങ്ങള്‍ ഫിലിം ക്യാമറ പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ‘കട കട’ ശബ്ദം കേട്ടില്ലെങ്കില്‍ ഉറക്കം വരാത്തവരും ഇതേ ശബ്ദം കേട്ടില്ലെങ്കില്‍ നടന്മാര്‍ക്ക് ഭാവം വരില്ലെന്ന് വിശ്വസിക്കുന്നവരും എഡിറ്റ് ചെയ്യുമ്പോള്‍ ഫിലിമില്‍ തൊട്ടില്ലെങ്കില്‍ മനസസമാധാനം നഷ്ടപ്പെടുന്നവരും ആണെന്ന് പറയുന്നതില്‍ അഭിമാനം കൊണ്ടിരുന്നു. ‘ഡിജിറ്റലോ, ഏയ് അതൊന്നും ഇവിടെ വരാന്‍ പോകുന്നില്ല’ എന്ന് ചിത്രാഞ്ജലി സ്റ്റുഡിയോയുടെ വരാന്തയില്‍ നിന്ന് കൊണ്ട് മലയാളത്തിലെ ഒരു പ്രമുഖ സംവിധയകന്‍ ആധികാരികമായി പ്രസ്താവിച്ചത് ഞാന്‍ ഇപ്പോള്‍ ഒരു ചെറു പുഞ്ചിരിയോടെ ഓര്‍ക്കുന്നു.

ലോകത്ത് ഏറ്റവും മികച്ച ഫിലിം ക്യാമറകള്‍ ഉണ്ടാക്കിയിരുന്ന ‘ആരി’ (ARRI) പോലും ‘അലെക്‌സ’ എന്ന ഡിജിറ്റല്‍ ക്യാമറ പുറത്തിറക്കി. ‘റെഡ്’,’ അലെക്‌സ’ ‘ബ്ലാക്ക് മാജിക്’ ‘ഗോ പ്രോ’ തുടങ്ങിയ നാമങ്ങള്‍ ഇന്ന് മലയാള സിനിമക്കും സുപരിചിതമാണ്. ‘സ്റ്റീന്‍ബെക്ക് എഡിറ്റിംഗ് ടേബിളു’കള്‍ അരങ്ങൊഴിഞ്ഞു. പണ്ട് തള്ളിപ്പറഞ്ഞ പലരും പിന്നെ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ സിനിമ പിടിച്ചു, അതിന്റെ ഗുണഗണങ്ങളെ വാഴ്ത്തി, പ്രൊജക്ഷന്‍ വരെ ഡിജിറ്റല്‍ ആയി.

ഫിലിം മാറി ഡിജിറ്റല്‍ ആയി, പത്രങ്ങളെല്ലാം ഓണ്‍ ലൈന്‍ എഡിഷനുകള്‍ തുടങ്ങി, സിനിമയുടെ പ്രമോഷന് വെബ് സൈറ്റുകളും, ഫേസ്ബുക്ക് പേജുകളും വന്നു. ട്രെയിലറുകള്‍ ടീ വീയിലും തിയേറ്ററിലും എത്തുന്നതിനു മുന്‍പ് യുട്യൂബില്‍ വന്നു, വാട്‌സപ്പിലൂടെ പറന്നു നടന്നു. ചില സിനിമകളുടെ പ്രചരണാര്‍ത്ഥം ഓണ്‍ലൈന്‍ ഗെയിമുകള്‍ പുറത്തിറങ്ങി.

എന്നിട്ടും മാറില്ലെന്ന് വാശി പിടിച്ച ചിലരുണ്ട്. തങ്ങള്‍ക്കു ആസ്വദിക്കാന്‍ കഴിയാത്ത സംഗീതം സംഗീതമേ അല്ല എന്ന് ധരിച്ചു വച്ചിരിക്കുന്നവര്‍. തങ്ങള്‍ക്കു വായിച്ചാല്‍ രസിക്കാത്തതൊന്നും സാഹിത്യമേ അല്ല എന്ന് ഉറച്ചു വിശ്വസിക്കുന്നവര്‍. തങ്ങള്‍ ശീലിച്ചു പഴകിയയവ നല്‍കുന്ന സുരക്ഷിതത്വം, തങ്ങള്‍ കളിച്ചു തെളിഞ്ഞ കളം നല്‍കുന്ന (അമിത)ആത്മവിശ്വാസം, പുതിയവയെക്കുറിച്ചുള്ള അറിവില്ലായ്മ, ഈ അറിവില്ലായ്മയില്‍ നിന്നുണ്ടാകുന്ന അകാരണമായ ഭയം, പുതിയ പരീക്ഷണങ്ങള്‍ കാണുമ്പോള്‍ വിറളി, വെപ്രാളം ഇവയൊക്കെയാണ് ഇത്തരക്കാരുടെ കടുത്ത നിലപാടുകളെ നിയന്ത്രിക്കുന്ന ഘടകങ്ങള്‍.

അവരുടെ മനസ്സ് ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്നത് 16 ഫ്രെയിംസ് പെര്‍ സെക്കന്‍ഡില്‍ ആണ്. പുറമേ കാണുന്ന വേഗത്തിനു യഥാര്‍ത്ഥത്തില്‍ എന്നോ അവരുടെ ഉള്ളില്‍ വേരുറച്ചുപോയ ചില അബദ്ധ ധാരണകളോളം പഴക്കമുണ്ട്. അത് കൊണ്ട് കയ്യില്‍ ഒരു സൂപ്പര്‍ബൈക്ക് കൊടുത്താലും അവര്‍ സൈക്കിള്‍ ചവിട്ടിയെ ലക്ഷ്യത്തില്‍ എത്തൂ. അതിനു ധാരാളം ന്യായീകരണങ്ങളും അവര്‍ നല്‍കും നൊസ്റ്റാള്ജിയ തൊട്ടു ഹൃദയാരോഗ്യം വരെ നീളും അവ. കാല്‍പനികരല്ലേ, അവര്‍ സൈക്കിള്‍ ചവിട്ടി തന്നെ വരട്ടെ, കരിക്ക് ചെത്തി വോഡ്ക ഒഴിച്ച് കുടിക്കട്ടെ, പോത്ത് പൂട്ട് കണ്ടു ചളിയില്‍ പുതഞ്ഞു രസിക്കട്ടെ! ഈ നിലപാടുകളില്‍ നിന്ന് പുറത്തു കടക്കാന്‍ അവര്‍ക്ക് കഴിയില്ല, കഴിയുമെങ്കിലും അവര്‍ അതാഗ്രഹിക്കുന്നില്ല, അല്ലെങ്കില്‍ അതവര്‍ അര്ഹിക്കുന്നില്ല.

ഇതേ കാരണം കൊണ്ടാണ് അവര്‍ ഇപ്പോഴും ചലച്ചിത്ര മാസികകളെയും വര്‍ത്തമാനപത്രങ്ങളെയും ടീ വീ ചാനലുകളേയും മാത്രം മാധ്യമങ്ങള്‍ ആയി കണക്കാക്കുന്നത്. തങ്ങളുടെ സിനിമകളിലെ നായകന്‍ അതിരില്ലാത്ത സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുമ്പോഴും സംവിധായകര്‍ അഭിപ്രായങ്ങള്‍ക്ക് നിയന്ത്രണം വേണം എന്ന് പ്രസ്താവന ഇറക്കുന്നത്. ഒന്ന് വിളിച്ചു പറഞ്ഞാല്‍ നല്ല നാല് വാക്ക് എഴുതുന്ന മുഖ്യധാരാ മാധ്യമപ്രവര്‍ത്തകര്‍ മാത്രമാണ് അവര്‍ക്ക് നല്ല എഴുത്തുകാരായി മാറുന്നത്. ഓണത്തിനും വിഷുവിനും വല്യ പെരുന്നാളിനും ക്രിസ്തുമസിനുമെല്ലാം ജാതി ക്വോട്ട നോക്കി താരങ്ങളെ നിരത്തേണ്ടത് കൊണ്ട് തന്നെ എല്ലാ സിനിമയും സൂപ്പര്‍ ഹിറ്റ് എന്ന് വിശേഷിപ്പിക്കേണ്ട ബാദ്ധ്യത ഉള്ള ചാനലുകളിലെ നിരൂപകരെ മാത്രം അവര്‍ സിനിമാ നിരൂപകരായി അംഗീകരിക്കുന്നത്.

മറ്റുള്ളവരെല്ലാം അവര്‍ക്ക് കക്കൂസ് എഴുത്തുകാരാകുന്നതും ഇതേ കാരണം കൊണ്ട് തന്നെയാണ്