Share The Article

408503_241825782627269_897767531_n

2006 മുതല്‍ ബൂലോകത്ത് സജീവമാണ് അരീക്കോടന്‍ മാഷ്.’മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍’ എന്ന ബ്ലോഗില്‍ക്കൂടി ശ്രദ്ധേയനായ മാഷ് 600 ലധികം പോസ്റ്റുകളുമായി ബൂലോകത്ത് സജീവമായി രംഗത്തുണ്ട്. കൂടുതലും സമകാലിക സംഭവങ്ങളും, നിത്യജീവിതത്തിലെ ചെറിയ ചെറിയ അനുഭവങ്ങളും ആക്ഷേപഹാസ്യത്തില്‍ക്കൂടി പറയുന്നതാണ് ഈ ബ്ലോഗിലെ ശൈലി. 2006 ല്‍ കേരളത്തില്‍ നിന്നുള്ള ബ്ലോഗര്‍മാര്‍ക്ക് കൂടുതല്‍ പ്രോല്‍സാഹനവും പ്രചാരവും നല്‍കാനായി ബ്ലോഗ് അക്കാഡമി എന്ന ബ്ലോഗേഴ്‌സ് ഗ്രൂപ്പ് നടത്തുകയും ധാരാളം ബ്ലോഗ് ശില്പശാലകള്‍ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

മോബ് ചാനല്‍.കോമിന്റെ ബെസ്റ്റ് ബ്ലോഗര്‍ അവാര്‍ഡ് 2007, സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴില്‍ കേരളത്തിലെ ഏറ്റവും നല്ല എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ 2012-13, കേരളസംസ്ഥാനത്തെ ഏറ്റവും നല്ല എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ 2012-13 (സംസ്ഥാന ഗവണ്മെന്റ് അവാര്‍ഡ്), ബെസ്റ്റ് ബ്ലഡ് ഡൊണേഷന്‍ മോട്ടിവേറ്റര്‍ അവാര്‍ഡ് 2012 (തെര്‍മോ പെന്‍പോള്‍ ലിമിറ്റഡ്), കേരളാ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ബെസ്റ്റ് ബ്ലഡ് ഡൊണേഷന്‍ മോട്ടിവേട്ടര്‍ അവാര്‍ഡ് 2012 എന്നീ പുരസ്‌കാരങ്ങള്‍ അരീക്കോടന്‍ മാഷിനെ തേടിയെത്തി .

കോഴിക്കോട് ഗവ: എഞ്ചിനീയറിംഗ് കോളേജില്‍ ജോലി ചെയ്തുവരുന്ന അരീക്കോടന്‍ മാഷ് എന്‍.എസ്.എസ് പ്രോഗാം ഓഫീസര്‍ എന്ന നിലയില്‍ സാമൂഹ്യപ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമാണ്.

മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍എന്റെ ചുറ്റിയടികള്‍…., എറണാകുളം ബ്ലോഗ് അക്കാദമി, Nurture Nature for Better Future, ഇസ്മൈല്‍ പ്ലീസ്‌..,FIFA World Cup 2010 – South Africa,  തിരഞ്ഞെടുത്ത തോന്ന്യാക്ഷരങ്ങള്‍,The Scattered Thoughts, ആബിയുടെ ലോകത്തിലൂടെ എന്നിവയാണ് ബ്ലോഗുകള്‍.

മഴവില്‍ മാഗസിന് വേണ്ടി അരീക്കോടന്‍ മാഷുമായി ഒരു നര്‍മ്മ സംഭാഷണം

മാഷേ, അസ്സലാമു അലൈകും

വ അലൈകുമുസ്സലാം

മാഷിന്റെ തലയില്‍ കാണുന്ന കഷണ്ടി മൂക്കിന്‍തുമ്പിലെ ശുണ്ഠിയുടെ സൈഡ് എഫക്റ്റ് ആണോ??

തല മൂക്കിന്റെ സൈഡില്‍ അല്ല സ്ഥിതി ചെയ്യുന്നത് എന്നതിനാല്‍ ഇത് ഒരു സൈഡ് എഫക്ട് അല്ല മാഷ് പല യാത്രകളും നടത്തിയിട്ടുണ്ട് എന്നറിയാം. അതൊക്കെ വായനക്കാര്‍ക്കായി പങ്കുവച്ചിട്ടുമുണ്ട്. അതിലധികവും ജോലിയുമായി ബന്ധപ്പെട്ട യാത്രകളായിരുന്നു. എന്നെങ്കിലും സ്വന്തം കാശ് മുടക്കി ദൂരയാത്ര ചെയ്തിട്ടുണ്ടോ??

കാശ് അടിച്ചിറക്കാന്‍ എനിക്കോ എന്റെ വല്ല്യാപ്പക്കോ പ്രസ്സ് ഇല്ലാത്തതിനാല്‍ ‘സ്വന്തം കാശ്’ മുടക്കി ഇതുവരെ യാത്ര എന്നല്ല ഒരു സംഗതിയും ചെയ്തിട്ടില്ല.

അദ്ധ്യാപകര്‍ അധികവും പിശുക്കന്മാരാണ് എന്ന് അടക്കം പറയുന്നവരോട്??

സ്വതന്ത്രമായി വിളിച്ചുപറയാന്‍ സ്വന്തമായി ഒരു വായയും, കേള്‍ക്കാന്‍ 1400 കോടി ചെവികളും ഈ ലോകത്തുണ്ടായിട്ട് തുറന്ന് പറയാതെ കുശുകുശുക്കുന്നവനല്ലേ യഥാര്‍ത്ഥ പിശുക്കന്‍? തലയില്ലാത്തവന്‍ കഷണ്ടിയുള്ളവനെ കളിയാക്കരുത് എന്നേ അവരോട് പറയാനുള്ളൂ.

ബ്ലോഗറും രാഷ്ട്രീയക്കാരും തമ്മിലുള്ള സാമ്യം?
തൊലിക്കട്ടി

ജീവിതത്തിലെ ഏറ്റവും വലിയ അമളി?
ഇതുവരെ പറ്റിയ ഒരു അമളിയും ഈ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.

അരീക്കോടനെ അരീക്കോട്ടുകാര്‍ എന്നെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടോ??
ഇലക്ഷന്‍ ബൂത്തിനകത്ത് തിരിച്ചറിയാറുണ്ട്.

താങ്കള്‍ ഒരു മന്ത്രിയായാല്‍ ആദ്യം ചെയ്യുന്നത്?
സത്യപ്രതിജ്ഞ, അത് കഴിഞ്ഞാലല്ലേ മന്ത്രിയാകൂ.

ബ്ലോഗര്‍മാര്‍ക്കും ഒരു മന്ത്രി വേണം എന്ന ആശയത്തോട്?
അഞ്ചാംമന്ത്രി തീരുമാനം തന്നെ എന്തൊക്കെ പുകിലാ ഉണ്ടാക്കിയത്. എന്നാലും ആമാശയം വിപുലീകരിക്കാനുള്ള ഈ ആശയം ആശയായി തുടരട്ടെ.

അമ്മ ദിനം, അപ്പന്‍ ദിനം, കാമുകി ദിനം, അവളെ വഞ്ചിച്ചതിനു വഞ്ചനാദിനം, അങ്ങിനെ എല്ലാത്തിനുമിപ്പോള്‍ ഓരോ ദിനങ്ങളുണ്ടല്ലോ? ബ്ലോഗേഴ്‌സ് ഡേ വേണം എന്ന നിര്‍ദ്ദേശത്തോട്?
365 ദിവസം ഉണ്ടായിട്ട് അത് മുഴുവന്‍ അമ്മയും അപ്പനും കാമുകിയും കാമുകനും മറ്റും അടിച്ചുകൊണ്ടുപോയി, പക്ഷേ ബ്ലോഗേഴ്‌സ് ഡേയുടെ പിതൃത്വം ആരും ഇതുവരെ ഏറ്റെടുത്തില്ല. ഫെബ്രുവരി 30 (നൂറ്റാണ്ടില്‍ ഒരിക്കല്‍!!)

താങ്കളോട് ഒരു ദു:ഖവാര്‍ത്തയും, ഒരു സന്തോഷവാര്‍ത്തയും അത്യാവശ്യമായി അറിയിക്കാനുണ്ട് എന്ന്പറഞ്ഞാല്‍ ആദ്യം ഏതു കേള്‍ക്കും? എന്ത് കൊണ്ട്?
ദു:ഖവാര്‍ത്ത തന്നെ. കാരണം ശേഷം സന്തോഷവാര്‍ത്ത കേട്ട് സന്തോഷം വന്നില്ലെങ്കില്‍ രണ്ട് ദു:ഖവാര്‍ത്ത അറിയിച്ചതിനുള്ള പിഴയായി കരണക്കുറ്റിക്ക് ഒന്ന് കൊടുക്കാലോ (മൂക്കിന്‍ തുമ്പിലല്ലേ ശുണ്ഠി?)

ഒരു പാവം അരീക്കോട്ടുകാരന്‍ എപ്പോഴൊക്കയാണ് ക്രൂരനാവുന്നത്?
ടി.ജി രവി (പാവം ക്രൂരന്‍) ആകുമ്പോള്‍ മാത്രം.

സുഹൃത്തുക്കള്‍ ഭാരം (സോറി, പാര) ആകുന്നത് എപ്പോഴൊക്കെയാണ്?
ശമ്പളം കിട്ടുന്ന ദിവസം തന്നെ കടം ചോദിക്കുമ്പോള്‍.

നാളെയെക്കുറിച്ചുള്ള ഏറ്റവും വലിയ സ്വപ്നം.
ഇന്നുറങ്ങിയിട്ട് പറയാം. നാളെയെക്കുറിച്ചുള്ള വലിയ സ്വപ്നം ഇന്നുറങ്ങിയിട്ടല്ലേ കാണൂ.

മാഷിനു മറവി ഒരനുഗ്രഹമാകുന്നതെപ്പോള്‍?
സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് മാത്‌സിന്റെ മാര്‍ക്ക് ബാപ്പയോട് പറയുമ്പോള്‍ മറവി വല്ലാത്തൊരു അനുഗ്രഹമായിരുന്നു.

ഈ പ്രായത്തിലും പ്രസരിപ്പിന്റെ രഹസ്യം?
പ്രസരിപ്പ് എന്നാല്‍ തിളക്കം, സംശയമെന്താ.. തലയിലെ ഒന്നര ഏക്കര്‍ തരിശുഭൂമി തന്നെ (പിന്നെ 26 ആം വയസ്സില്‍ പ്രസരിപ്പല്ലാതെ തരിപ്പാണോ വേണ്ടത്?)

ഇനിയുള്ള ചോദ്യങ്ങള്‍ സീരിയസ് ആയി.

ബ്ലോഗിംഗ് ഗൗരവമായി കണ്ടു തുടങ്ങിയത് എന്നു മുതലായിരുന്നു?
2006 മുതലാണ് ഞാന്‍ ബ്ലോഗ് ചെയ്യുന്നത്. അതുവരെ പത്രങ്ങളില്‍ (മാധ്യമം & ചന്ദ്രിക) ആക്ഷേപഹാസ്യം എഴുതിയിരുന്നു. പത്രങ്ങള്‍ക്ക് അവ വേണ്ടാതായപ്പോഴും എന്റെ സൃഷ്ടിയുടെ ഉറവ തുടര്‍ന്നതിനാല്‍ ആക്‌സ്മികമായി ബൂലോകത്ത് എത്തി.

ഫേസ് ബുക്ക്, ട്വിറ്റര്‍ മുതലായ സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ കൂടുതലായി പ്രചാരത്തില്‍ വന്നപ്പോള്‍, പല നല്ല സൃഷ്ടികളും പ്രായം തികയാതെ പിറവിയെടുക്കുന്നു എന്ന് പൊതുവേ ഒരു പരാതി പറയാറുണ്ട്, എന്താണ് അഭിപ്രായം? ഇത്തരം മീഡിയകളോട് അയിത്തം കല്‍പ്പിക്കേണ്ടതുണ്ടോ?
മൈക്രോബ്ലോഗിംഗ് രംഗത്ത് സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചിട്ടുണ്ട് എന്നതില്‍ സംശയമില്ല. ഈ വിപ്ലവം തന്നെയാണ് സൃഷ്ടികള്‍ പ്രായം തികയാതെ പിറക്കാനും കാരണമായത്. ഉപയോഗിക്കുന്നവന്റെ ഔചിത്യമില്ലായ്മ കൊണ്ട് വരുന്ന കുഴപ്പങ്ങള്‍ കാരണം ഈ മീഡിയകളോട് അയിത്തം കല്‍പ്പിക്കുന്നത് കുരങ്ങിന്റെ കയ്യില്‍ മുല്ലപ്പൂമാല കണ്ടതുകൊണ്ട് ഇനി മുല്ലപ്പൂമാല വാങ്ങില്ല എന്ന് പറയുന്നതുപോലെയാണ്.

നാഷണല്‍ സര്‍വീസ് സ്‌കീമില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഒരാള്‍ എന്ന നിലയില്‍ ഇന്നത്തെ ന്യൂ ജനറേഷന് ഇത്തരം സാമൂഹ്യ പ്രവര്‍ത്തങ്ങളില്‍ താല്‍പര്യം കുറഞ്ഞുവരുന്നു എന്ന് തോന്നിയിട്ടുണ്ടോ ?
തീര്‍ച്ചയായും തോന്നിയിട്ടുണ്ട്.1500ഓളം കുട്ടികള്‍ പഠിക്കുന്ന എന്റെ കോളേജില്‍ 100 വളണ്ടിയര്‍മാരെ തികയ്ക്കാന്‍ പെട്ട പാട് എനിക്കേ അറിയൂ. ആ നൂറില്‍ത്തന്നെ സാമൂഹ്യസേവനസന്നദ്ധതയുള്ളവര്‍ അന്‍പതില്‍ താഴെയാണ്. സ്വാര്‍ത്ഥത മനുഷ്യമനസ്സിനെ മുച്ചൂടും വിഴുങ്ങിക്കഴിഞ്ഞിരിക്കുന്നു.

ചുരുങ്ങിയ വര്‍ഷം കൊണ്ട് അറുനൂറിലധികം പോസ്റ്റുകള്‍ മാഷ് എഴുതിയിട്ടുണ്ട്. ആശയദാരിദ്ര്യമില്ലാതെ ഇത്രയും പോസ്റ്റുകള്‍ എങ്ങിനെ എഴുതാന്‍ സാധിക്കുന്നു?
ഇടത്തും വലത്തും, മുന്നിലും പിന്നിലും, താഴെയും മുകളിലും എല്ലാം എത്രയെത്ര വിഷയങ്ങള്‍ കിടക്കുന്നു. പിന്നെങ്ങനെ ആശയദാരിദ്ര്യം വരും? ഇക്കഴിഞ്ഞ ദിവസം എന്റെ മൂത്ത മകള്‍ ലുലുമോള്‍ പറഞ്ഞത്, ഉപ്പച്ചി കുറച്ചുനേരം അവരുടെ വൈകുന്നേരത്തെ കളി വീക്ഷിച്ചാല്‍ ഇഷ്ടം പോലെ പോസ്റ്റിനുള്ള ആശയങ്ങള്‍ കിട്ടും എന്നായിരുന്നു. ആശയം ഒന്നും കിട്ടിയില്ലെങ്കില്‍ ഒന്ന് കണ്ണുതുറന്ന് നോക്കിയാല്‍ മാത്രം മതി എന്നാണ് എന്റെ അഭിപ്രായം.

‘മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍’ എന്ന താണല്ലോ ബ്ലോഗ് ടൈറ്റില്‍. ഈ പേരിന്റെപിറവി എങ്ങിനെയെന്നു വിശദീകരിക്കാമോ?
എന്റെ ബ്ലോഗിന്റെ ആദ്യത്തെ ടൈറ്റില്‍ ‘അരീക്കോടന്റെ കാടന്‍ചിന്തകള്‍’ എന്നായിരുന്നു. ആക്ഷേപഹാസ്യം കൈകാര്യം ചെയ്തിരുന്ന അക്കാലത്ത് എന്റെ ചിന്ത അങ്ങനെ പോയിരുന്നതായി സ്വയം തോന്നിയതുകൊണ്ട് അങ്ങനെ ഒരു പേരിട്ടു. കൈകാര്യം ചെയ്യുന്ന വിഷയം നര്‍മ്മവും പേര് ഗൗരവം നിറഞ്ഞതും ആയപ്പോള്‍ ഒന്ന് സോഫ്റ്റ് ആക്കാന്‍ തോന്നി. എന്റെ മനസ്സില്‍ തോന്നുന്ന അക്ഷരങ്ങള്‍ കോര്‍ത്തിണക്കി വരുന്ന ചിന്തകള്‍ ആയതിനാല്‍ പേര് ‘മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍’ എന്നാക്കി മാറ്റി.

പലരും പറയുന്ന ഒരു പരാതിയാണ് തങ്ങളുടെ രചനകള്‍ക്ക് വേണ്ടത്ര പരിഗണന ബൂലോകത്ത് നിന്നും ലഭിക്കുന്നില്ല എന്ന്. സ്വന്തം അനുഭവത്തില്‍ നിന്നും എപ്പോഴെങ്കിലും അങ്ങിനെ തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അത് എന്തുകൊണ്ടായിരിക്കും?
ഇത് ഒരു തെറ്റിദ്ധാരണ മൂലം ഉണ്ടാകുന്നതാണ് എന്നാണ് എന്റെ അഭിപ്രായം. ഒരു പോസ്റ്റ് ഇട്ടാല്‍ അതിന് നിറയെ കമന്റ് കിട്ടണം എന്ന് മനസ്സിലുള്ളവന്‍ മറ്റുള്ളവന്റെ ബ്ലോഗ് കൂടി വായിച്ച് കമന്റ് ഇടണം. മറ്റുള്ളവരെ പരിഗണിക്കുന്നവന് തീര്‍ച്ചയായും പരിഗണന കിട്ടും. ഇപ്പോള്‍ വായിക്കാന്‍ കിട്ടുന്ന സമയം വളരെ കുറവാണ്, അതില്‍ത്തന്നെ പലപ്പോഴും സിസ്റ്റം കമന്റിടാന്‍ സമ്മതിക്കില്ല. അതുകൊണ്ട് എന്റെ പോസ്റ്റുകള്‍ക്ക് ഇപ്പോള്‍ കമന്റും കുറവാണ്. പക്ഷേ എന്റെ ബ്ലോഗില്‍ ഒരുപാട് ആളുകള്‍ കയറുന്നത് സ്റ്റാറ്റിസ്റ്റിക്‌സ് വഴി ഞാന്‍ അറിയുന്നു. അത് എനിക്ക് സംതൃപ്തി നല്‍കുന്നു.

ബ്ലോഗുവഴി സമൂഹത്തിനുവേണ്ടി പ്രാക്ടിക്കലായി എന്തൊക്കെ ചെയ്യാന്‍ കഴിയും?
സമൂഹത്തിന് എന്നതിലുപരി വ്യക്തികള്‍ക്ക് വേണ്ടി ചെയ്യാന്‍ സാധിക്കും എന്നാണ് എനിക്ക് പറയാനുള്ളത്. കാരണം ബ്ലോഗ് വായിക്കുന്നവനേ ഇതിലൂടെയുള്ള ചര്‍ച്ചയും ഉപദേശങ്ങളും മറ്റും അറിയുന്നുള്ളൂ. ഓരോ വ്യക്തിയും അത് പ്രാവര്‍ത്തികമാക്കുമ്പോള്‍ അതിന്റെ ഫലം സമൂഹത്തിന്റെ ചില കോണുകളില്‍ എത്തുന്നു എന്നുമാത്രം. എന്നിരുന്നാലും മുല്ലപ്പൂവിപ്ലവം പോലെ ചില സാമൂഹികമാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ബ്ലോഗ് നല്ല മാര്‍ഗ്ഗമാണ്. ബൂലോകത്തുള്ളവര്‍ അത്തരം ചിന്തകള്‍ക്ക് മനസ്സ് കൊടുക്കുന്നവരാണ് എന്നതുതന്നെയാണ് അതിന്റെ കാരണം.

നവ ബ്ലോഗര്‍മാര്‍ക്ക് മാഷിന്റെ വക ഉപദേശം?
ബൂലോകത്തെ നന്നായി അറിയുക. കമന്റുകള്‍ക്കുവേണ്ടി മാത്രമായി സൃഷ്ടിമാറരുത്. തന്റെ കഴിവുകളെ ഉദ്ദീപിപ്പിക്കാനുള്ള ഒരു സൗജന്യമാര്‍ഗ്ഗമായി മാത്രം ഇതിനെ കാണുക. ഒപ്പം ചില നല്ല സൗഹൃദങ്ങള്‍ വളര്‍ത്താനും ശ്രദ്ധിക്കുക.

മാഷിന്റെ കുടുംബത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ എനിക്ക് കിട്ടിയ മറുപടി ഇങ്ങനെ
‘ഭാര്യ മമ്പാട് മേപ്പാടം സ്വദേശിനി ലുബ്‌ന. ബി.എഡും കഴിഞ്ഞ് അടുക്കളയില്‍ പാചകപരീക്ഷണങ്ങളില്‍ മുഴുകുന്നു. മൂത്തമകള്‍ ബ്ലോഗര്‍ കൂടിയായ ഐഷ നൌറ (എന്റെ കുത്തിവരകള്‍) ഒമ്പതാം ക്ലാസ്സില്‍, വാദി റഹ്മ ഇംഗ്ലീഷ് സ്‌കൂള്‍ കൊടിയത്തൂര്‍. രണ്ടാമത്തെ മകള്‍ ആതിഫ ജുംല, അഞ്ചാം ക്ലാസ്സ് മൂന്നാമത്തെ മകള്‍ അബിയ്യ ഫാത്തിമ (മൂന്ന് വയസ്സ്(സ്‌കൂള്‍ തീരുമാനമായിട്ടില്ല),