വായു മലിനീകരണം, ജല മലിനീകരണം, പരിസര മലിനീകരണം എന്നിവയെ പറ്റി സ്കൂളില്‍ പലപ്പോഴും പഠിച്ചിട്ടുണ്ട്, എന്നാല്‍ ഭക്ഷണ മലിനീകരണം എന്നൊന്ന് കേട്ടിട്ടില്ല. എന്നാല്‍ ഇന്ന് നമ്മുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ മലിനീകരണം നടക്കുന്നത് ഭക്ഷണത്തിലാണ്. വിത്ത് വിതയ്ക്കുമ്പോള് തുടങ്ങുന്ന കീടനാശിനി പ്രയോഗം വിളവെടുക്കുമ്പോള്‍ വരെ തുടരുന്നു. ഈ ഭക്ഷണം കഴിക്കുന്ന നമുക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍, മാരക രോഗങ്ങള്‍,കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ഇന്ന് സര്‍വ സാധാരണം ആയിക്കൊണ്ടിരിക്കുന്നു.
പച്ചകറികള്‍ ഒന്നും തന്നെ കീടനാശിനി ഇല്ലാതെ നമ്മുടെ കയ്യില്‍ എത്തുന്നില്ല. കോഴിയോ മീനോ കഴിക്കുന്നവര്‍ക്ക് ആവട്ടെ ഹോര്‍മോണ്‍ കുത്തിവെച്ച കോഴിയും ഫോര്‍മാലിന്‍ ഇട്ട മീനും ആണ് കിട്ടുന്നത്. ഇത് നമ്മുടെ നാടന്‍ ഭക്ഷണങ്ങളുടെ കാര്യം .ഇത് പോരാഞ്ഞിട്ട് പൊറോട്ട, പഫ്സ്, പോലെയുള്ള ശരീരത്തിന് ഒരു ഗുണവും ലഭിക്കാത്ത കുറേ ഭക്ഷണ സാധനങ്ങളും ഉണ്ട് മലയാളിയുടെ മെനുവില്‍. കണ്ടാല്‍ മെലിഞ്ഞ് ഇരിക്കുന്ന പല ആള്‍ക്കാരും ദിവസവും കഴിക്കുന്നത് ഇത് പോലെയുള്ള ഭക്ഷണ സാധനങ്ങള്‍ ആണ്.
തടി കൂടിയവരോട് പലരും പറയും കുറയ്ക്കു ഫുഡ് കുറക്കു വ്യായാമം ചെയ്യു എന്നൊക്കെ, എന്നാല്‍ മെലിഞ്ഞിരിക്കുന്നവര്‍ പലരും അവരുടെ ആരോഗ്യ സ്ഥിതിയെ പറ്റി ബോധാവന്മാര്‍ അല്ല. വണ്ണം കൂടിയവര്‍ തീര്‍ച്ചയായും കുറയ്ക്കണം, വ്യായാമം ചെയ്യണം, വണ്ണം ഇല്ലാത്തവരും ഈ മോശം ഭക്ഷണ രീതി മാറ്റേണ്ട സമയം കഴിഞ്ഞിരിക്കുന്നു. കീടനാശിനികള്‍ തളിച്ച പച്ചകറികള്‍ ഉപ്പു വെള്ളത്തില്‍ ഒക്കെ കഴുകി നന്നായി പാകം ചെയ്തു കഴിച്ചാല്‍ ഒരു പരിധി വരെ വിഷാംശം നീക്കാന്‍ സാധിക്കും. കോഴിയോ മീനോ വാങ്ങുമ്പോള്‍ വിശ്വാസയോഗ്യമായ കടകളില്‍ നിന്ന് വാങ്ങുക, ഫ്രഷ് ആണെന്ന് ഉറപ്പുവരുത്തുക.മൈദ പോലുള്ള പൊടികള്‍ കൊണ്ട് ഉണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കള്‍ നമ്മുടെശരീരത്തിന് വളരെ ദോഷകരമാണ്.
ടിന്നുകളില്‍ ലഭിക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ തീര്‍ത്തും ഒഴിവാക്കുക. നമ്മുടെ നാട്ടില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം പെരുകുന്നു എന്നത് ദുഖകരം ആണ്.അതില്‍ അറുപതു ശതമാനവും ഭക്ഷണത്തില്‍ നിന്നുമാണ് ഉണ്ടായിട്ടുള്ളത്.നമ്മുടെ ഭക്ഷണ രീതി എത്രത്തോളം മോശമാണ് എന്നത് ഇതില്‍ നിന്ന് വ്യക്തമാണ്.ഉപ്പും പഞ്ചസാരയും മിതമായി ഉപയോഗിക്കുക.കുട്ടികളും മുതിര്‍ന്നവരും വറുത്തതും പൊരിച്ചതും കഴിവതും ഒഴിവാക്കുക.ഇന്ന് എവിടെ നോക്കിയാലും കൊച്ചു കുട്ടികളുടെ കയ്യില്‍ ചിപ്സ് പായ്ക്ക് മാത്രമേ കാണാനുള്ളൂ.
അച്ഛനമ്മമാര്‍ മനസിലാക്കുക നിങ്ങള്‍ മക്കളെ വലിയ രോഗങ്ങളിലേക്ക് ആണ് തള്ളി വിടുന്നത്. ട്രാന്‍സ് ഫാറ്റ് അടങ്ങിയ ഈ ചിപ്സ് കാന്‍സര്‍ വിളിച്ചു വരുത്തുന്നു.കഴിവതും വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണം കുട്ടികള്‍ക്ക് കൊടുത്തു ശീലിപ്പിക്കുക. പിസ്സ,ബര്‍ഗര്‍,ഫ്രൈഡ ചിക്കന്‍ എന്നിവ ദയവു ചെയ്തു ഒഴിവാക്കു. ആരോഗ്യം ഇല്ലെങ്കില്‍ പിന്നെ എന്തുണ്ടായിട്ട് എന്തിനാണ് ? മനുഷ്യന്റെ ആരോഗ്യത്തെ കാര്‍ന്നുതിന്നുന്ന ഇത്തരം ഭക്ഷണ രീതികള്‍ നമ്മുടെ സമൂഹത്തില്‍ നിന്ന് എന്ന് നീങ്ങുന്നുവോ അന്ന് നമ്മുടെ തലമുറകള്‍ക്ക് ആരോഗ്യവും ആയുസ്സും തിരിച്ചു കിട്ടൂ.
ഇത്രയും രോഗങ്ങള്‍ വന്നിട്ടും എന്തേ ആരും പഠിക്കുന്നില്ല നാളെ നമ്മുടെ കുടുംബത്തിലും വന്നേക്കാം ഇവയൊക്കെ. ആരോഗ്യം ആണ് വേണ്ടത് നമുക്ക് പണം കൊണ്ട് രോഗങ്ങള്‍ വിളിച്ചു വരുത്തരുതേ.. ഇനി പിസ്സ കഴിക്കാന്‍ തോന്നുമ്പോള്‍ ഒന്ന് ചിന്തിക്കൂ, ഇത് വേണോ? ആരോഗ്യം വേണോ ?