മധുരമീ യാത്ര

മറ്റൊരു സ്‌കൂളിലേക്കുള്ള ഒരു പറിച്ചു നടല്‍ എന്റെ കുഞ്ഞു മനസ്സിനെ ഒരുപാട് വേനിപ്പിച്ചിരുന്നു . സ്‌കൂള്‍ പടവുകള്‍ ഇറങ്ങുമ്പോള്‍ ഒന്നുറക്കെ കരയാന്‍ പോലും കഴിയാതെ അകമേ വിങ്ങിയ ഒരുപാട് നാളുകള്‍.. ഇനി ഒരിക്കല്‍ പോലും അവിടെക്കൊരു മടക്കയാത്ര ഇല്ല എന്ന് തന്നെയായിരുന്നു എന്റെ കലാലയ ജീവിതം വരെ ഞാന്‍ കരുതിയിരുന്നത്. പക്ഷെ ആ ഓര്‍മകളെ എന്നിലേക്ക് മാടി വിളിച്ചുകൊണ്ട് ഒരിക്കല്‍ കൂടി എനിക്ക് ആ വിദ്യാലയത്തിന്റെ തിരുമുറ്റത്ത് എത്തേണ്ടി വന്നു…

അമ്മയുടെ കൈപിടിച് ആദ്യമായ് വിദ്യാലയത്തില്‍ എത്തിയ ആ ദിനം ഞാന്‍ അറിയാതെ സ്മരിച്ചുപോയ്… ഇടവപ്പാതി എന്നെയും അമ്മയെയും ഒരുപാട് നനച്ചിരുന്നു.. പുള്ളിക്കുട ചൂടി സ്‌കൂളില്‍ പോകണം എന്ന ആഗ്രഹം അച്ഛന്‍ സാധിച്ചു തന്നെങ്കിലും മഴയെ ഞാന്‍ ഒരുപാട് സ്‌നേഹിച്ചിരുന്നു. അതുകൊണ്ട് തന്നെ ആ മഴയെ ഞാന്‍ എന്നിലേക്ക് ക്ഷണിച്ചു… ക്ലാസ്സ് മുറിയില്‍ എത്തിയപ്പോള്‍ ഒരുപാട് കൂട്ടുകാര്‍, ഒരുപാട് സന്തോഷിച്ചു. പക്ഷെ ആ സന്തോഷത്തിന്റെ ആയുസ്സ് വളരെ കുറവായിരുന്നു.. ക്ലാസ്സ്മുറിയില്‍ എന്നെ തനിച്ചാക്കി അമ്മ പുറത്തേക്ക് ഇറങ്ങിയപ്പോള്‍ കോരിച്ചൊരിയുന്ന മറ്റൊരു മഴയാണ് എന്റെ കണ്ണുകളില്‍ പെയ്തിറങ്ങിയത്… പക്ഷെ എന്നെന്നും ഞാന്‍ ബഹുമാനിക്കുന്ന എന്റെ ടീച്ചര്‍ എനിക്ക് ക്ലാസ്സ് മുറിയില്‍ ഒരമ്മയുടെ സ്‌നേഹം തന്നു.. എങ്കിലും ആ ചുറ്റുപാടുമായ് പൊരുത്തപ്പെടാന്‍ ഒരുപാടു നാളുകള്‍ എനിക്ക് കാത്തിരിക്കേണ്ടി വന്നു …

സ്‌കൂള്‍ മണി മുഴങ്ങിയപ്പോള്‍ ഞാന്‍ പെട്ടെന്ന് എന്നിലേക്ക് തിരിച്ചുവന്നു.. ഓഫീസ് മുറിയുടെ പടവുകള്‍ കയറി പ്രധാനധ്യപികയെ സന്ദര്‍ശിക്കാ ന്‍ ചെന്നു… ഒരുനിമിഷം ഞാന്‍ സ്തംഭിച്ചുപോയ്. ഒരിക്കലും എന്റെ മനസ്സില്‍ നിന്ന് വാടാത്ത എന്റെ ടീച്ചറുടെ മുഖം.. ഞാന്‍ എന്റെ അമ്മയുടെ സ്ഥാനം നല്‍കി സ്‌നേഹിച്ച ടീച്ചര്‍ ഇപ്പോള്‍ അവിടുത്തെ പ്രധാനധ്യപികയായിരിക്കുന്നു … അറിയാതെ എന്റെ കണ്ണുകള്‍ നിറഞ്ഞു… ഞാന്‍ ആരെന്നു പറഞ്ഞു മുഴുവനാക്കാന്‍ ടീച്ചര്‍ കാത്തു നിന്നില്ല… മുന്‍പ് എനിക്ക് തന്ന സ്‌നേഹത്തിന്റെ തോതി ല്‍ ഒരല്പം പോലും കുറഞ്ഞിട്ടില്ല എന്ന് എനിക്ക് മനസ്സിലായ്.. ‘മോന്‍ ‘ എന്ന് ആ ടീച്ചര്‍ എന്നെ വിളിചെങ്കില്‍ ആ സ്‌നേഹം എത്രമാത്രം അഗാധമെന്നു എനിക്ക് മനസിലാക്കാവുന്നതെ ഉള്ളു….

പുറത്തിറങ്ങി ഞാനെന്റെ കൊച്ചു കൂട്ടുകാരെ നോക്കി നിന്നു.. അവരുടെ കുഞ്ഞു കളികളും വഴക്കിടലും ഞാന്‍ ശ്രദ്ധിച്ചു.. ഈ നാളുകള്‍ ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന സത്യം അവര്‍ ഒരിക്കല്‍ മനസ്സിലാക്കും അന്ന് നിറ കണ്ണു കളോടെ നില്‍ക്കുന്ന എന്റെ സ്ഥാനത്ത് അവരായിരിക്കും.. ഒരിക്കല്‍ കൂടി ആ ദിനങ്ങള്‍ തിരിച്ചുകിട്ടാനായി അവര്‍ അറിയാതെ ആഗ്രഹിച്ചു പോകും..

കണ്ണുനീ ര്‍ വാര്‍ന്നു ചുവന്ന എന്റെ മിഴികള്‍ തുടച്ചു കൊണ്ട് ഞാന്‍ എന്റെ പഴയ ക്ലാസ്സ് മുറിയിലേക്ക് നടന്നു… ഹൃദയം പൊട്ടിത്തെറിച്ച വേദന.. എങ്കിലും എന്റെ കൊച്ചു കൂട്ടുകാര്‍ എനിക്ക് അല്പം സന്തോഷം പകര്‍ന്നു… അവര്‍ അവരുടെ സന്തോഷങ്ങള്‍ ഞാനുമായി പങ്കവെച്ചു… ജനല്‍ പാളിക്ക് അടുത്തു നിന്ന ചാമ്പ മരം ഞാന്‍ ശ്രദ്ധിച്ചു. മുന്‍പ് ഞാനും എന്റെ കൂട്ടുകാരും ഉച്ചഭക്ഷണ സമയം ചിലവഴിച്ചിരുന്നത് അതിനു ചുവട്ടിലായിരുന്നു.. ആ മരത്തിനു എന്നോട് എന്തൊക്കെയോ പറയാന്‍ ഉള്ളതു പോലെ എനിക്ക് അനുഭവപ്പെട്ടു… ഇവര്‍ ആ മരം ശ്രദ്ധിക്കുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല.. എന്നാലും ഇത്രയും വര്ഷം അത് അവിടെത്തനെ നിന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്ന ഒരു സത്യമാണ് …

തോളോട് തോള്‍ കൈപിടിച് നടക്കുന്ന രണ്ടു കൊച്ചു കൂട്ടുകാരെയാണ് ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചത്. ആ ദൃശ്യം എന്നെ അവനിലേക്ക് കൊണ്ടുപോയ്. ആ വിദ്യാലയ പടവുകള്‍ ഇറങ്ങുമ്പോള്‍ എനിക്ക് നഷ്ടപ്പെട്ട എന്റെ ആത്മ സുഹൃത്ത്. ആത്മ സുഹൃത്തുക്ക ള്‍ എന്ന് പറയാനുള്ള പക്വത ഞങ്ങള്‍ക്ക് ഇല്ലായിരുന്നു. എങ്കിലും എല്ലായിടത്തും ഞങ്ങള്‍ ഒരുമിച്ചായിരുന്നു… അമ്മയുടെ കൈപിടിച്ച് ആ സ്‌കൂളി ല്‍ നിന്നു വിടവാങ്ങുമ്പോ ള്‍ ഒരു യാത്രപോലും പറയാന്‍ ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു… പക്ഷെ ആ കുഞ്ഞു മനസ്സുകള്‍ ഒരുപാട് വേദനിച്ചിരുന്നു . ഇടയ്ക്കിടെ ഞാന്‍ അവനെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. എന്നെ നോക്കി നിറകന്നുകളോടെ നില്‍ക്കുന്ന അവന്റെ മുഖം ഇപ്പോഴും എന്നെ വേദനിപ്പിക്കുന്നു. അതിനു ശേഷം ഒരിക്കല്‍ പോലും ഞാന്‍ അവനെ കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല. എന്നെന്നേക്കുമായ് ആ പ്രിയ സുഹൃത്തിനെ എനിക്ക് നഷ്ടമായി.. ഒരു പക്ഷെ അവന്‍ എനിക്ക് മുന്നില്‍, എന്നോടൊപ്പം, എന്റെ ചുറ്റുവട്ടത്തു ഉണ്ടെങ്ങിലും എനിക്ക് അവനെ തിരിച്ചറിയാന്‍ കഴിയില്ല..

ഞാന്‍ ഇനിയും ഇവിടെ തിരിച്ചു വരും അല്ലെങ്ങില്‍ വിധി എന്നെ ഇവിടെ എത്തിക്കും എന്ന് എനിക്കിപ്പോള്‍ ഉറപ്പുണ്ട്… അന്ന് ഞാന്‍ ഇവിടെ നിന്നു മടങ്ങിയപ്പോള്‍ ഉണ്ടായ വേദനയുടെ ഇരട്ടി വേദന ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്നു.. ഇന്നും അവിടം വിട്ടിറങ്ങുമ്പോള്‍ ഞാന്‍ അറിയാതെ പിന്തിരിഞ്ഞു നോക്കുകയാണ് എന്റെ പ്രിയ സുഹൃത്തിന്റെ പിന്‍വിളിക്കായി …