മനുഷ്യന്റെ സ്വാര്‍ഥത മൂലം പ്രകൃതി അനുഭവിക്കേണ്ടി വന്നിട്ടുള്ള ദുരിതങ്ങള്‍ക്ക് കൈയും കണക്കുമില്ല. നമ്മുടെ നിലനില്‍പ്പുതന്നെ നമ്മെ ചുറ്റി നില്ക്കുന്ന പ്രകൃതിയെ ആശ്രയിച്ചാണെന്ന സത്യത്തെ സൗകര്യപൂര്‍വ്വം വിസ്മരിച്ചുകൊണ്ട് വികസനത്തിന്റെ പേരില്‍ പ്രകൃതിയെയും അതിലെ സസ്യജീവ ജാലങ്ങളെയും അമിതമായി ചൂഷണം ചെയ്യുകയാണ് ആധുനിക മനുഷ്യന്. മുന്നും പിന്നും നോക്കാതെയുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനേകം പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അനേകം സസ്യജന്തു ജാലങ്ങള്‍ക്ക് വംശനാശം സംഭവിക്കുകയും ചെയ്തു. ഭക്ഷണത്തിന് വേണ്ടി മനുഷ്യന് അമിതമായി വേട്ടയാടിയത് മൂലം വംശനാശം സംഭവിച്ച ഏതാനും ജീവജാലങ്ങളെ നമ്മുക്ക് പരിചയപ്പെടാം.
ഡോഡോ
ഇന്ത്യന്‍ മഹാസമുദ്രത്തിലെ മൌറീഷ്യസ് എന്ന ദ്വീപിലായിരുന്നു ഡോഡോ എന്ന ഈ പാവത്താന്റെ വാസസ്ഥലം. 23 കിലോയോളം ഭാരം ഉണ്ടാകുമായിരുന്ന ഈ പക്ഷിക്ക് പറക്കുവാന്‍ കഴിവില്ലായിരുന്നു എന്ന് പറയാതെ തന്നെ ഊഹിക്കാവുന്നതാണ്. സ്വാഭാവിക ശത്രുക്കള്‍ ഒന്നും തന്നെ ഇല്ലാതിരുന്നതിനാല്‍ അവ ദ്വീപില്‍ ധാരാളം ഉണ്ടായിരുന്നു. ആദ്യം ഇവിടെ എത്തിയത് പോര്‍ച്ചുഗീസുകാര്‍ ആണ്. ശത്രുക്കള്‍ ഇല്ലാതിരുന്നത് കൊണ്ടാവണം വളരെ വേഗം ഈ പക്ഷികള്‍ അവരോടു ഇണങ്ങി. അവര്ക്കാണെങ്കില് സ്വര്‍ഗം കിട്ടിയ പ്രതീതിയും. ഭക്ഷണത്തിന് വേണ്ടി വേറെ എങ്ങും അലഞ്ഞുതിരിയേണ്ട കാര്യമില്ല. അങ്ങനെ, പയ്യെ ഡോഡോപ്പക്ഷികളുടെ എണ്ണം കുറഞ്ഞു വന്നു. 1681ല്‍ അവസാനത്തെ ഡോഡോപ്പക്ഷിയും കൊല്ലപ്പെട്ടു.
സ്റ്റെല്ലറുടെ കടല്‍പ്പശു
ജര്‍മ്മന്‍ പര്യവേഷകന് ആയ ജോര്‍ജ് ഡബ്ല്യൂ. സ്റ്റെല്ലര്‍ കണ്ടെത്തിയതുകൊണ്ടാണ് ഇവയ്ക്കു ഈ പേര് കിട്ടിയത്. ബെറിംഗ് കടലിടുക്കിലായിരുന്നു ഇവയെ ധാരാളമായി കാണാന്‍ കഴിഞ്ഞിരുന്നത്. പത്ത് മീറ്ററോളം നീളവും പത്ത് മെട്രിക് ടണ്‍ ഭാരവുമുണ്ടായിരുന്നു ഈ ജീവികള്‍ക്ക്. പലപ്പോഴും ജീവികളുടെ ചില സ്വഭാവ പരിമിതികള്‍ അവയുടെ നാശത്തിനു കാരണമായി ഭവിക്കാറുണ്ട്. ഡോഡോയുടെ കാര്യത്തിലും നാം അത് കണ്ടതാണ്. ഈ കടല്‍പ്പശുക്കളുടെ കാര്യത്തില്‍ അവയ്ക്ക് വെള്ളത്തിലേയ്ക്ക് ഊളിയിടുന്നത് അത്ര എളുപ്പമായിരുന്നില്ല എന്നതായിരുന്നു പ്രശ്നം. മാംസത്തിനു വേണ്ടി വന്‍ തോതില്‍ വേട്ടയാടപ്പെട്ട ഇവ, ആദ്യമായി സ്റ്റെല്ലര്‍ കണ്ടെത്തിയതിന് 30 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമായി.
സഞ്ചാരി പ്രാവ്
ദേശാടനക്കാലത്ത് വലിയ കൂട്ടങ്ങളായി വന്ന് ദിവസങ്ങളോളം ആകാശത്തെ മറച്ച് ഇരുട്ടിനു കാരണമായിരുന്ന പക്ഷികളായിരുന്നു സഞ്ചാരി പ്രാവുകള്‍. വടക്കേ അമേരിക്കയില്‍ ആയിരുന്നു ഇവയുടെ വാസസ്ഥലം. അമേരിക്കയില്‍ യൂറോപ്യന്മാര് കുടിയേറിത്തുടങ്ങിയപ്പോള് ഭക്ഷണ ആവശ്യത്തിനായി സഞ്ചാരി പ്രാവുകളെ വന്‍തോതില്‍ വെട്ടയാടുവാന്‍ തുടങ്ങി. കൂടുതല്‍ മാംസം ആവശ്യമായി വന്നപ്പോള്‍ അവയുടെ കൂടുകള്‍ നശിപ്പിച്ചും മരങ്ങള്‍ മുറിച്ചും അവരെ പിടിക്കുവാന്‍ ആരംഭിച്ചു. 1914 സെപ്റ്റംബര്‍ 1 ന് അവസാനത്തെ സഞ്ചാരിപ്രാവും ( മാര്‍ത്ത എന്നായിരുന്നു ഈ പക്ഷിയുടെ പേര്) ചത്തൊടുങ്ങി. റേച്ചല്‍ കാഴ്സന് എഴുതിയ സൈലന്റ് സ്പ്രിംഗ് എന്ന ലോകപ്രശസ്ത പരിസ്ഥിതി പുസ്തകം ഈ പ്രശ്നം വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്.
വൂളി മാമത്ത്
ഇന്നത്തെ ആനകളുടെ പൂര്‍വികരായിരുന്നു മാമത്തുകള്‍. വൂളി മാമത്ത് അതിലൊരു ഇനം ആയിരുന്നു. കാലാവസ്ഥയില്‍ ഉണ്ടായ വ്യതിയാനം ആണ് ഇവയുടെ സമ്പൂര്‍ണ നാശത്തില്‍ കലാശിച്ചത് എന്നായിരുന്നു ഇതുവരെ നാം വിശ്വസിച്ചിരുന്നത്. എന്നാല്‍, കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൂലം എണ്ണം കുറഞ്ഞു വന്ന മാമത്തുകളെ അന്നത്തെ മനുഷ്യര്‍ വന്‍തോതില്‍ കൊന്നൊടുക്കുകയും ചെയ്തിരുന്നു എന്നാണ് ഇപ്പോള്‍ ചില ഗവേഷകര്‍ പറയുന്നത്. കാലാവസ്ഥാ പ്രശ്നങ്ങളും വേട്ടയാടലും മാമത്തുകളെ നാശത്തിലേയ്ക്ക് തള്ളിവിട്ടു.
ഈ നിര അവസാനിക്കുന്നില്ല
ചരിത്രം പരിശോധിച്ചാല്‍ ഇങ്ങനെ വംശനാശം സംഭവിച്ച ജീവിവര്‍ഗങ്ങള്‍ ഇനിയും ഒരുപാട് ഉണ്ടെന്നു മനസിലാകും. ഇപ്പോഴത്തെ സ്ഥിതിയില്‍ ഇനിയും ഒരുപാട് ജീവികള്‍ അപ്രത്യക്ഷം ആയേക്കാം. ഭാഗ്യം, നമ്മുടെ കന്നുകാലികള്‍ക്ക് മാത്രം ഈ പേടി വേണ്ടല്ലോ!!